Image

പി. പരമേശ്വരന്‍: എതിരാളികളും ആദരിക്കുന്ന ദാര്‍ശനികന്‍, എഴുത്തുകാരന്‍, കവി

പി. ശ്രീകുമാർ Published on 27 January, 2018
പി. പരമേശ്വരന്‍: എതിരാളികളും ആദരിക്കുന്ന  ദാര്‍ശനികന്‍, എഴുത്തുകാരന്‍, കവി
പി പരമേശ്വരന് പത്മവിഭൂഷന്‍

ആദിശങ്കരന്റെ അദ്വൈതബോധവും സ്വാമി വിവേകാനന്ദന്റെ സമരാത്മകതയും ശ്രീനാരായണ ഗുരുദേവന്റെ അനുകമ്പയും മഹര്‍ഷി അരവിന്ദന്റെ ആത്മജ്ഞാനവും കാറല്‍ മാര്‍ക്‌സിന്റെ അപഗ്രഥന പാടവവും ഭിന്നമാത്രകളില്‍ സ്വാംശീകരിച്ച ഒരാള്‍ ധ്യാനനിര്‍ഭരമായ മനസ്സും കര്‍മനിരതമായ ശരീരവും ആശയങ്ങളുടെ അക്ഷയസ്രോതസ്സായ ബുദ്ധിയും നല്‍കി ജഗദീശ്വന്‍ കനിഞ്ഞനുഗ്രഹിച്ച മഹാത്മാവ് .

ദേശീയത എന്ന സങ്കല്‍പ്പത്തിന് ഭാവനയുടെ ചിറകുകള്‍ നല്‍കിയ കവി, ആദര്‍ശം മുഖമുദ്രയാക്കിയ ആര്‍എസ്എസ് പ്രചാരകന്‍, ആധുനിക കേരളം കണ്ട അതുല്യസംഘാടകന്‍, ഹിന്ദുത്വ ചിന്തയുടെ കേരളത്തിലെ ഏറ്റവും ശക്തമായ വക്താവ്, മാതൃഭാഷയായ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും അയത്‌നലളിതമായും ആധികാരികമായും ആകര്‍ഷകമായും ഒരുപോലെ എഴുതാനും പ്രസംഗിക്കാനും കഴിയുന്നയാള്‍,സര്‍വോപരി ഹിന്ദുത്വ ദര്‍ശനത്തിന്റെ സൈദ്ധാന്തികന്‍...അവസാനിപ്പിക്കാന്‍ കഴിയാത്തതാണ് പി.പരമേശ്വര്‍ജിക്ക് നല്‍കാവുന്ന വിശേഷണങ്ങള്‍.ഇവയോരൊന്നും മറ്റാരെക്കാളും ഈ മഹാമനീഷി അര്‍ഹിക്കുന്നു.

ആലപ്പുഴ ചേര്‍ത്തലയിലെ മുഹമ്മയില്‍ ചാരമംഗലം എന്ന ഗ്രാമത്തില്‍, താമരശ്ശേരിയില്‍ പരമേശ്വരന്‍ ഇളയതിന്റെയും സാവിത്രി അന്തര്‍ ജനത്തിന്റെയും ഇളയമകനായി 1926 ലായിരുന്നു ജനനം. കന്നിമാസത്തിലെ തിരുവോണനാളില്‍. ധര്‍മ്മനിഷ്ഠമായ അന്തരീക്ഷമായിരുന്നു വീട്ടില്‍. മുടങ്ങാതെ ജപവും കൃത്യമായി പൂജയും ഒക്കെ നടന്നിരുന്നു.

ഓര്‍മ്മവച്ച കാലം മുതല്‍ സംസ്‌കൃതവും അക്ഷരശ്ലേകവും കേട്ടാണ് കുട്ടിക്കാലം ചിലവിട്ടത്. ചുറ്റുപാടുമുള്ള കുട്ടികളെ ജേഷ്ഠന്മാരായ വാസുദേവനും കേശവനും സംസ്‌കൃതം പഠിപ്പിച്ചിരുന്നു. സിദ്ധരൂപവും അമരകോശവും അന്നേ പരിചയിച്ചിരുന്നു. അച്ഛന്‍ കവിത ചൊല്ലും അത്താഴം കഴിഞ്ഞ് ഒരുമിച്ചിരുന്നുള്ള അക്ഷരശ്ലോകവും പതിവായിരുന്നു.

കമ്മ്യൂണിസത്തിന്റെ സ്വാധീനം ഗ്രാമത്തില്‍ ശക്തമായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയായി കെ.കെ.കുമാരനായിരുന്നു ഏറ്റവും അടുത്ത സുഹൃത്ത്.

പ്രാഥമിക വിദ്യാഭ്യാസം . അച്ഛനായിരുന്നു ആദ്യക്ഷരം കുറിപ്പിച്ചത്. പ്രാഥമിക വിദ്യാഭ്യാസം കായിക്കര ആര്‍.എല്‍.പി സ്‌കൂള്‍, ചേര്‍ത്തല ഗവണ്‍മെന്റ് സൂക്കൂള്‍ എന്നിവിടങ്ങളില്‍. ഈ സമയത്താണ് വയലാര്‍ രാമവര്‍മ്മ സഹപാഠിയായി വരുന്നത്. അദ്ദേഹവുമായി ആത്മാര്‍ത്ഥമായ സൗഹൃദബന്ധവും നിലനിര്‍ത്തി. കവിതയെഴുത്തിലായിരുന്നു ആദ്യകമ്പം. ചേര്‍ത്തലയില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ കവിതാമത്സരത്തില്‍ കൊളുകൊണ്ട വേമ്പനാട് എന്നവിശഷയത്തില്‍ ഒന്നാം സ്ഥാനം നേടി. രണ്ടാംസ്ഥാനം വയലാര്‍ രാമവര്‍മ്മയ്ക്കും.

ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവല്‍ എഴുതിയ നാഗമയ്യയുടെ പേരിലുള്ള ഉപന്യാസമത്സരത്തില്‍ ഒന്നാം സമ്മാനം നേടി. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് എഫ് എ. (ഫെലോ ഓഫ് ആര്‍ട്ട്സ്) പരീക്ഷയ്ക്കുള്ള രണ്ടുവര്‍ഷ കോഴ്സിന് തേര്‍ഡ് ഗ്രൂപ്പില്‍ ചങ്ങനാശ്ശേരി എസ്. ബി. കോളേജില്‍ ചേര്‍ന്നു. എല്ലാ വിഷയങ്ങളിലും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെത്തി് .എം.എ ബിരുദത്തിന് തുല്യമായ ബിഎ ഓണേഴ്സിന് ഒന്നാംസ്ഥാനവും സ്വര്‍ണമെഡലും നേടി.

ചെറുപ്പംമുതല്‍ ആദ്ധ്യാത്മകതയുടേയും ദേശസ്നേഹത്തിന്റെയും സംയുക്ത പരിണയം മനസ്സില്‍ ഉണ്ടായിരുന്നു. ആഗമനാനന്ദസ്വാമിയുമായുള്ള അടുപ്പവും സഹവാസവും ആദ്ധ്യാത്മികതയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. വിവേകാനന്ദരാമകൃഷ്ണ ദര്‍ശനങ്ങളോടായിരുന്നു കൂടുതല്‍ താല്‍പ്പര്യം.പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് കല്‍ക്കട്ട ബേലൂല്‍മഠം ആഗമാനന്ദസ്വാമിയോടൊപ്പം സന്ദര്‍ശിച്ചിരുന്നു. ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിലേക്ക് പോകാന്‍ സാധ്യതയും പ്രേരണയും ഉണ്ടായിരുന്നു.ആഗമാനന്ദനൊപ്പം വിദ്യാര്‍ത്ഥിജീവിതകാലത്തുതന്നെ ഭാരതതീര്‍ത്ഥാടനം നടത്തിയ പരമേശ്വര്‍ജി രാമകൃഷ്ണമിഷനില്‍നിന്ന് ദീക്ഷ സ്വീകരിച്ചു.

ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ പഠിക്കുമ്പോള്‍ അവിടെ യംങ്മെന്‍ അസോസിയേഷന്‍ എന്ന ഒരു സംഘടന രൂപീകരിച്ചിരുന്നു. അസോസിയേഷന്റെ പരിപാടിക്ക് എം പി മന്മഥനെ വിളിച്ചു. എന്‍ എസ് എസ് കോളേജിന്റെ വാര്‍ഡനായിരുന്നു അന്ന് അദ്ദേഹം. ശിവജിയുടേയും റാണാപ്രതാപന്റേയും ചിത്രത്തില്‍ രക്തമാലചാര്‍ത്തി പ്രതിജ്ഞ എടുക്കുന്ന സംഘടന വടക്കേ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹിന്ദുക്കളുടെ നന്മക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേര് രാഷ്ട്രീയ സ്വയം സേവക സംഘം എന്നാണെന്നും മന്മഥന്‍ പ്രസംഗത്തില്‍ പറഞ്ഞു.

തുടര്‍ന്ന് പെരുന്നയില്‍ നടന്നിരുന്ന ശാഖയില്‍ പോയി. സംഘത്തെ അറിഞ്ഞിട്ടോ സ്വയംസേവകനെന്ന നിലയിലോ ആയിരുന്നില്ല അത്. ആ നിലയില്‍ പങ്കെടുക്കുന്നത് തിരുവനന്തപുരത്തെ ശാഖയിലാണ്. ഇപ്പോള്‍ സംസ്‌കൃതിഭവന്‍ നില്‍ക്കുന്നിടത്തായിരുന്നു ശാഖ. പിന്നീട് പ്രചാരകന്മാരായി മാറിയ എം എ കൃഷ്ണന്‍, പി നാരായണന്‍, പ്രകൃതി ചികിത്സയുടെ വക്താവായിരുന്ന വര്‍മ്മ , ബൊക്കാറോ സ്റ്റീല്‍ പ്ളാന്റിന്റെ ജനറല്‍ മാനേജരായി മാറിയ കുമാരസ്വാമി എന്നിവരൊക്കെ ഈ ശാഖയിലെ സ്വയംസേവകരായിരുന്നു.

സംഘത്തിന്റെ രണ്ടാമത്തെ സംര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറെ കാണാനിടയായത് വഴിത്തിരിവായി. തമിഴ്നാട്ടിലെ ആറ്റൂരില്‍ നടന്ന ക്യാമ്പില്‍ വെച്ചാണ് ഗുരുജിയെ ആദ്യം കാണുന്നത്. ഗുരുജിയുടെ വാക്കുകള്‍ കേട്ടപ്പോള്‍, ഇതുതന്നെയല്ല വിവേകാനന്ദന്‍ പറഞ്ഞത് എന്ന ചിന്ത വന്നു. വിവേകാന്ദന്‍ ഉണര്‍ത്തിവിട്ട പ്രേരണ പ്രയോഗികമാക്കുന്നത് സംഘപ്രവര്‍ത്തമാണെന്ന വിചാരം ശക്തമായി. ആഗമാനന്ദസ്വാമിയില്‍ നിന്ന് ഗുരുജിയിലേക്കുള്ള മാറ്റമായിരുന്നു അത്.

ഗാന്ധി വധത്തെത്തുടര്‍ന്ന് സംഘത്തെ നിരോധിച്ചപ്പോള്‍ ജയിലില്‍ പോകേണ്ടിവന്നു. തുടര്‍ന്ന് ആര്‍ എസ് എസ് പ്രചാരകനായി. ചങ്ങനാശ്ശേരിയിലും കൊല്ലത്തും നിയോഗിക്കപ്പെട്ടു. മുഖ്യമന്ത്രിയും എസ് എന്‍ ഡി പി യോഗം സെക്രട്ടറിയുമൊക്കെയായിരുന്ന ആര്‍ ശങ്കര്‍ ഉള്‍പ്പെടെ പ്രമുഖരെ ശാഖയില്‍ കൊണ്ടുവന്നു.പിന്നീട് പ്രവര്‍ത്തനമേഖല കോഴിക്കോട് കേന്ദ്രീകരിച്ച് മലബാറിലേക്ക് മാറ്റി. ഇക്കാലത്താണ് ഇപ്പോള്‍ ദേശീയതയുടെ മാധ്യമാവിഷ്‌കാരമായി മാറിയിരിക്കുന്ന 'കേസരി' വാരിക തുടക്കം കുറിച്ചത്.

'കേസരി'യുടെ പത്രാധിപരായി
1958 ല്‍ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി. ഒമ്പത് വര്‍ഷം ആ പദവിയില്‍ തുടര്‍ന്നു. 1967 ല്‍ കോഴിക്കോട് ചേര്‍ന്ന ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തില്‍ ദേശീയ സെക്രട്ടറിമാരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെടുകയും അഞ്ചാറുവര്‍ഷം കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനുമായി. ഈ പദവിയിലിരിക്കെയാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും അതില്‍ പ്രതിഷേധിച്ച് അറസ്റ്റുവരിച്ചതും തടവനുഭവിച്ചതും.

ജയില്‍മോചിതനായശേഷം ജനസംഘം ലയിച്ച് ജനതാപാര്‍ട്ടി രൂപീകൃതമായതോടെ കക്ഷിരാഷ്ട്രീയത്തോട് എന്നേക്കുമായി വിടപറഞ്ഞു. ദീനദയാല്‍ ഉപാധ്യായയുടെ ഓര്‍മയ്ക്കായി സ്ഥാപിക്കപ്പെട്ട ദല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് തുടര്‍ന്ന് പ്രവര്‍ത്തിച്ചത്.1982ല്‍ തിരിച്ചെത്തിയതുമുതല്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടര്‍ എന്ന ചുമതല വഹിക്കുന്നു. ഒപ്പം കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തിന്റെ അധ്യക്ഷപദവിയും.

കമ്മ്യൂണിസ്റ്റാശയങ്ങള്‍ക്കൊപ്പം ഇടതുപക്ഷ രാഷ്ട്രീയത്തെയും അടുത്തറിഞ്ഞ പരമേശ്വരന്‍ സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ചെറുചലനങ്ങള്‍പോലും സൂക്ഷ്മമായി വീക്ഷിച്ചു. സോവിയറ്റ് യൂണിയനിലെ ഇരുമ്പുമറ തകര്‍ന്ന് അപ്രിയസത്യങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ടും മുഖംതിരിച്ചുനിന്ന ഇടതുപക്ഷ ബുദ്ധിജീവികളുടെ കാപട്യം പി പരമേശ്വരന്‍ തുറന്നുകാട്ടി. ഒടുവില്‍ സ്റ്റാലിനിസ്റ്റ് സ്വേച്ഛാധിപത്യത്തില്‍നിന്ന് മിഖായേല്‍ ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയനെ പുറത്തുകൊണ്ടുവന്നപ്പോള്‍ പരമേശ്വരന്റെ പ്രവചനങ്ങളാണ് ശരിവയ്ക്കപ്പെട്ടത്.

'ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളും' എന്ന പുസ്തകത്തിലൂടെ ഗോര്‍ബച്ചേവിന്റെ ആശയങ്ങളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയതും പരമേശ്വരനായിരുന്നു. ഇ.എം.എസ്.നമ്പൂതിരിപ്പാട് പലപ്പോഴും തന്റെ സൈദ്ധാന്തിക എതിരാളിയായി കണ്ടത് പരമേശ്വരനെയായിരുന്നു. ഇഎംഎസ് ഉന്നയിക്കുന്ന വാദഗതികള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയതോടൊപ്പം അദ്ദേഹത്തെ ഉത്തരംമുട്ടിക്കുന്ന മറുചോദ്യങ്ങളും പരമേശ്വരന്‍ ഉന്നയിച്ചുപോന്നു. ശങ്കരദര്‍ശനത്തെക്കുറിച്ചുള്ള സംവാദം ഇതിലൊന്നായിരുന്നു.

ഗ്രന്ഥകാരനെന്ന നിലയ്ക്ക് അദ്വിതീയമാണ് പരമേശ്വര്‍ജിയുടെ സ്ഥാനം. ആശയസമരത്തിന്റെ ശക്തമായ ആയുധങ്ങളും മാറ്റത്തിന് വഴിമരുന്നിടുന്നവയുമാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍. ഹിന്ദുധര്‍മവും ഇന്ത്യന്‍ കമ്മ്യൂണിസവും, സ്വാമി വിവേകാനന്ദനും കാറല്‍ മാര്‍ക്സും, മാര്‍ക്സില്‍നിന്ന് മഹര്‍ഷിയിലേക്ക് എന്നീ ഗ്രന്ഥത്രയങ്ങള്‍ മാര്‍ക്സിസത്തിന്റെ ജയാപജയങ്ങള്‍ പരിശോധിച്ച് ബദല്‍ നിര്‍ദ്ദേശിക്കുന്നു.

ഭ്രാന്താലയത്തില്‍നിന്ന് തീര്‍ത്ഥാലയത്തിലേക്ക്, ശ്രീനാരായണ ഗുരുദേവന്‍ നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്നിവ കേരളത്തിന്റെ സാമൂഹ്യപരിഷ്‌കരണങ്ങള്‍ക്കു നേര്‍ക്കുപിടിച്ച കണ്ണാടിയാണ്. ഹാര്‍ട്ട്ബീറ്റ്സ് ഓഫ് ഹിന്ദു നേഷന്‍, ഭാരതം ഗതിയും നിയതിയും എന്നിവ ഭാവിഭാരതത്തിന്റെ രൂപരേഖ വരച്ചുകാട്ടുന്നു.

സ്വാമി വിവേകാനന്ദനെ സോഷ്യലിസ്റ്റാക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോഴാണ് വിവേകാനന്ദനും മാര്‍ക്സും എന്ന മാസ്റ്റര്‍പീസ് (ഇംഗ്ലീഷിലും മലയാളത്തിലും) പിറവിയെടുത്തത്. ശ്രീനാരായണ ഗുരുദേവനെ ദേശീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന പരമേശ്വര്‍ജിയുടെ പുസ്തകത്തിലൂടെയാണ് കേരളത്തിനുപുറത്തുള്ളവര്‍ ആ മഹാത്മാവിന്റെ മഹത്വം ശരിയായി അറിഞ്ഞത്. അരവിന്ദദര്‍ശനത്തെ പരിചയപ്പെടുത്തുന്ന മഹര്‍ഷി അരവിന്ദന്‍ ഭാവിയുടെ ദാര്‍ശനികന്‍, ദിശാബോധത്തിന്റെ ദര്‍ശനം തുടങ്ങിയവയാണ് മറ്റ് ഗ്രന്ഥങ്ങള്‍.

പരമേശ്വര്‍ജിയെന്ന കവിയെക്കുറിച്ച് മലയാളത്തിന്റെ മഹാകവി അക്കിത്തം തൃശൂരിലെ ജന്മാഷ്ടമി പുരസ്‌കാര സമര്‍പ്പണവേളയില്‍ പ്രഖ്യാപിച്ചത് സ്വാമി വിവേകാനന്‍, നാരായണഗുരു. പി. പരമേശ്വരന്‍ എന്നിവര്‍ ഒരേ ശ്രേണിയില്‍ തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന കവികളാണെന്നാണ്. എന്റെ ഈ വാക്കുകള്‍ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. പക്ഷേ ലോകം നാളെ അത് ഇങ്ങനെ തന്നെ വിലയിരുത്തുമെന്ന് അക്കിത്തം കൂട്ടിച്ചേര്‍ത്തു.

വ്യത്യസ്തമായ പ്രശ്നങ്ങളോട് പ്രതികരിക്കുന്ന നൂറുകണക്കിന് ലേഖനങ്ങളും നിരവധി ലഘുലേഖകളും പരമേശ്വര്‍ജിയുടെ തൂലികയില്‍നിന്ന് പിറവിയെടുത്തിട്ടുണ്ട്.

ആദര്‍ശങ്ങളിലും വിശ്വാസങ്ങളിലും അണുവിടപോലും വിട്ടുവീഴ്ച ചെയ്യാതെ ഇടതുപക്ഷാധിപത്യമുള്ള കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തില്‍ തന്റേതായ ഒരിടം കണ്ടെത്തിയ പരമേശ്വരന്‍ പ്രവര്‍ത്തിച്ച പ്രസ്ഥാനങ്ങളില്‍ മാത്രമല്ല പൊതുസമൂഹത്തിന്റെ കൂടി ആദരവും അംഗീകാരവും അദ്ദേഹം സ്വന്തമാക്കി.

അംഗീകാരങ്ങള്‍ നിരവധിയാണ് പരമേശ്വര്‍ജിയെ തേടിയെത്തിയിട്ടുള്ളത്. ഹനുമാന്‍ പൊദ്ദാര്‍ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, ഹിന്ദു ഓഫ് ദ ഇയര്‍ പുരസ്‌കാരം, വിദ്യാധിരാജ ദര്‍ശന പുരസ്‌കാരം, ജന്മാഷ്ടമി പുരസ്‌കാരം, പത്മശ്രീ, കേരള സാഹിത്യ അക്കാദമി എന്‍ഡോവ്മെന്റ് അവാര്‍ഡ്, ആര്‍ഷസംസ്‌കാര പരമശ്രേഷ്ഠ പുരസ്‌കാരം എന്നിവ ഇവയില്‍പ്പെടുന്നു  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക