Image

പ്രതിഷേധത്തിന്റെ കറുപ്പ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ (ജോര്‍ജ് തുമ്പയില്‍ -പകല്‍ക്കിനാവ്- 88)

Published on 27 January, 2018
പ്രതിഷേധത്തിന്റെ കറുപ്പ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ (ജോര്‍ജ് തുമ്പയില്‍ -പകല്‍ക്കിനാവ്- 88)
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരവേദി, അത് റെഡ് കാര്‍പ്പറ്റ് ആയാലും അല്ലെങ്കിലും എന്നും ഫാഷന്റെ അവസാന വാക്കായാണ് അറിയപ്പെടുന്നത്. എന്നാല്‍, ആ വേദിയിലെ വസ്ത്രങ്ങളുടെ നിറങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. കറുപ്പ്, പ്രതിഷേധത്തിന്റെ പ്രതീകം. ഫാഷന്‍ വേദിയില്‍ എന്തിനു പ്രതിഷേധം? അത് അറിയപ്പെടാത്ത ഒരു കഥയാണ്. ഇന്നും തുടരുന്ന പ്രതിഷേധത്തിന്റെ കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്, തങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങളിലൂടെ. സ്ത്രീകള്‍ സാധാരണയായി ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ ധരിക്കുന്നത് കറുത്ത ഡിസൈനര്‍ ഡ്രസ് ആണെങ്കില്‍ പുരുഷന്മാര്‍ തങ്ങളുടെ വസ്ത്രങ്ങളില്‍ എവിടെയെങ്കിലും, അതു ചിലപ്പോള്‍ ടൈ ആയാകാം, കറുപ്പിന്റെ ഒരു അംശത്തെ കാലങ്ങളായി നിലനിര്‍ത്താറുണ്ട്. 

ഫാഷന്‍ പ്രതിഷേധം അമേരിക്കയില്‍ പുത്തരിയല്ല, എന്നാല്‍ ഗോള്‍ഡന്‍ ഗ്ലോബ് പോലെയുള്ള വേദിയിലെ പ്രതിഷേധത്തിന്റെ അലയൊലികള്‍ ലോകമെമ്പാടും എത്തുന്നുവെന്നതു കൊണ്ടാണ് ഇന്നും സെലിബ്രിറ്റികള്‍ ഇവിടം തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കാന്‍ ഉപയോഗിക്കുന്നത്. ഓരോ കാലത്തും ഓരോ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നുവെന്നതും മറ്റൊരു കാര്യം. പതിറ്റാണ്ടുകളായി തുടരുന്ന ലിംഗ, വംശീയ അസമത്വത്തിനെതിരേയുള്ള പ്രതിഷേധമാണ് ഇത്തവണത്തെ പ്രശ്‌നം. ഇക്കാര്യത്തില്‍ തങ്ങളുടെ പിന്തുണ വ്യക്തമാക്കിയാണ് അവാര്‍ഡ് നിശ നടന്ന ബവര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന 75-ാം ഗോള്‍ഡന്‍ ഗ്ലോബില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞത്. 

ചരിത്രത്തില്‍ ഇങ്ങനെ പ്രതിഷേധത്തിന്റെ വസ്ത്രധാരണ കഥകള്‍ പലതുണ്ട്, അതില്‍ പ്രധാനം, ബ്രിട്ടീഷ് വനിതാ സാമൂഹിക രാഷ്ട്രീയ സംഘടനയായ വുമണ്‍സ് സോഷ്യല്‍ ആന്‍ഡ് പൊളിറ്റിക്കല്‍ യൂണിയനു നേതൃത്വം നല്‍കിയ എമ്മേലിന്‍ ലോറന്‍സ്, 1908 ല്‍ പ്രതിഷേധക്കാരോട് വെള്ള വസ്ത്രം മാത്രം ആവശ്യപ്പെട്ടതാണ്. നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പാണിതെന്ന് ഓര്‍ക്കണം. പ്രതീക്ഷയുടെയും അന്തസ്സിന്റെയും നിറമായി അന്നു കണക്കിലെടുത്തത് പച്ചയാണ്. അതു കൊണ്ട് പ്രതിഷേധത്തിന്റെ സ്വരമായി വെള്ള നിറത്തെയാണ് അവര്‍ തെരഞ്ഞെടുത്തത്. 

 തങ്ങളുടെ റാലിയില്‍ പങ്കെടുക്കാനെത്തുന്നവരോട് വെള്ള നിറത്തിലുള്ള വസ്ത്രമണിയാന്‍ അവര്‍ ആവശ്യപ്പെട്ടു. 30,000 സ്ത്രീകളുടെ അസാധാരണമായ കൂടിച്ചേരല്‍ സൃഷ്ടിച്ച വിഷ്വല്‍ ഇംപാക്റ്റ് ആയിരുന്നു ഫെമിനിസത്തിന്റെ ആദ്യ വരവ് അറിയിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വനിതയായി 1969 ല്‍ ഷില്ലി ചിഷോം വെളുത്ത വസ്ത്രം ധരിച്ചെത്തിയപ്പോള്‍ മുതല്‍ വീണ്ടും വെള്ളവസ്ത്രം ഒരു യൂണിഫോം ഡ്രെസ് കോഡായി മാറി.

 പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഹിലരി ധരിച്ച വെള്ളവസ്ത്രങ്ങളുടെ നീണ്ട ശ്രേണിയെക്കുറിച്ച് ഓര്‍ത്തു നോക്കൂകു. 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റന്റെയും അവരുടെ അനുയായികളുടെയും പ്രിയങ്കരമായ വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളെ ലോകം കണ്ടത്, പ്രതീക്ഷയുടെ ശുഭസൂചനയെന്ന വിധത്തിലാണ്. 

ട്രംപിന്റെ തിരഞ്ഞെടുപ്പിനുശേഷം, ഫാഷിസ്റ്റ് പ്രതിഷേധത്തിന്റെ പുതിയ ഫെമിനിസ്റ്റ് രൂപമാണ് ജനിച്ചത്. വനിതാ മാര്‍ച്ചിലെ ഒരു ചിഹ്നമായി പലപ്പോഴും കറുപ്പു മാറി. ആത്യന്തികമായി വെര്‍ച്വല്‍ ചലനത്തെ നിര്‍വ്വചിക്കാന്‍ സഹായിച്ച അതേ അടിസ്ഥാന തത്ത്വമായ ദൃശ്യ ഐക്യം സൃഷ്ടിക്കുകയായിരുന്നു എല്ലായിടത്തും. അതു ഗോള്‍ഡന്‍ ഗ്ലോബിലും എത്തിയെന്നു മാത്രം. ഓരോ കാലത്തും ഓരോ പ്രതിഷേധമാണ് ഇവിടെ കാണാനാവുക. എല്ലാവരും ഒരേ വസ്ത്രം ധരിക്കുക, ഒരേ വിഷയത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നതു മാത്രമാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. 

വിഷയങ്ങള്‍ മാറിക്കൊണ്ടിരിക്കുമെങ്കിലും ഉപയോഗിക്കുന്ന നിറത്തിനു മാത്രം മാറ്റമുണ്ടാവുകയില്ല. റെഡ് കാര്‍പ്പറ്റിലൂടെ നടന്നു കയറുന്ന സുന്ദരിയായ സെലബ്രിറ്റിയുടെ വസ്ത്രത്തിന്റെ നിറം പോലും ഈ കറുപ്പില്‍ തന്നെ നിലകൊള്ളും. ഹോളിവുഡിലെ അവാര്‍ഡ് സീസണു തുടക്കംകുറിക്കുന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവേദിയില്‍ ഇത്തവണ മുഴങ്ങിയത് ലിംഗ അസമത്വത്തിനും ലൈംഗികാതിക്രമങ്ങള്‍ക്കും എതിരായ ശബ്ദമായിരുന്നു.

ഹോളിവുഡില്‍ താമസിക്കുന്നതും യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനു പുറത്തുള്ള വാര്‍ത്താമാധ്യമവുമായി ബന്ധമുള്ളതുമായ ഏകദേശം 90 അന്തര്‍ദ്ദേശീയ മാധ്യമപ്രവര്‍ത്തകരുടെ വോട്ടുകളെ അടിസ്ഥാനമാക്കി എല്ലാ വര്‍ഷവും ജനുവരിയില്‍ നല്‍കുന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഓരോ വര്‍ഷത്തെയും ആദ്യത്തെ പുരസ്‌ക്കാരമാണ്. ചലച്ചിത്രടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ നല്‍കുന്ന പുരസ്‌കാരമാണ് ഇത്. ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടക്ക് ഗ്രേറ്റര്‍ ലോസ് ഏഞ്ചലസ് പ്രദേശത്ത് ഏഴ് ദിവസത്തേക്കെങ്കിലുമുള്ള പ്രദര്‍ശനത്തിനായി റിലീസ് ചെയ്ത ചിത്രമാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്.

ഷെയ്പ് ഓഫ് വാട്ടര്‍ എന്ന ചിത്രത്തിലൂടെ ഗില്ലെര്‍മോ ഡെല്‍ ടോറോ മികച്ച സംവിധായകനായി മാറിയ വര്‍ഷമാണിത്. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് 'ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിംഗ്, മിസൗറി' കരസ്ഥമാക്കി. കോമഡി വിഭാഗത്തില്‍ 'ലേഡി ബേഡാണു' മികച്ച ചിത്രം. മകളുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ഏതറ്റംവരെയും പോകാന്‍ തയാറാകുന്ന അമ്മയുടെ കഥ പറയുന്ന ത്രീ ബില്‍ബോര്‍ഡിലെ പ്രകടനം ഫ്രാന്‍സെസ് മക്‌ഡോര്‍മന്റിനെ മികച്ച നടിയാക്കി. 'ദ ഡാര്‍കസ്റ്റ് അവറി'ല്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ അവതരിപ്പിച്ച ഗാരി ഓള്‍ഡ്മാനാണ് മികച്ച നടന്‍. മൊത്തം നാലു പുരസ്‌കാരങ്ങളുമായി ത്രീ ബില്‍ബോര്‍ഡ്‌സ് അവാര്‍ഡ് നിശയില്‍ തിളങ്ങി. 

സെസില്‍ ബി ഡെമില്‍ വാര്‍ഷിക അവാര്‍ഡിന് ഓപ്ര വിന്‍ഫ്രെ അര്‍ഹയായി. ആദ്യമായിട്ടാണ് ഈ പുരസ്‌കാരം ആഫ്രിക്കന്‍ വംശജയ്ക്കു ലഭിക്കുന്നത്. ലൈംഗികാരോപണങ്ങള്‍ ഹോളിവുഡിനെ പിടിച്ചു കുലുക്കിയ സിനിമാ സീണായിരുന്നു ഇത്തവണത്തേത്. പ്രമുഖ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റെയിനെതിരേ 70 സ്ത്രീകള്‍ ആരോപണം ഉന്നയിച്ചു. ആ പ്രതിഷേധം കൂടി കറുപ്പില്‍ പ്രതിഫലിച്ചു എന്നു വേണം പറയാന്‍... 
പ്രതിഷേധത്തിന്റെ കറുപ്പ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ (ജോര്‍ജ് തുമ്പയില്‍ -പകല്‍ക്കിനാവ്- 88)
DZakota Johnson
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക