Image

പ്രകാശം പരത്തുന്ന കഥയുമായി സ്‌ട്രീറ്റ്‌ ലൈറ്റ്‌

Published on 29 January, 2018
പ്രകാശം പരത്തുന്ന കഥയുമായി സ്‌ട്രീറ്റ്‌ ലൈറ്റ്‌


മലയാളത്തില്‍ നിരവധി സിനിമകള്‍ക്ക്‌ ക്യാമറ ചലിപ്പിച്ചിട്ടുള്ള ഷംദത്ത്‌ സൈനുദ്ദീന്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്‌ത ചിത്രമാണ്‌ സ്‌ത്രീറ്റ്‌ ലൈറ്റ്‌. കൊച്ചി നഗരത്തില്‍ പുലര്‍ച്ചെ നടക്കുന്ന ഒരു മോഷണവും അതിനെ കുറിച്ച്‌ ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥനായ ജെയിംസ്‌(മമ്മൂട്ടി) അന്വേഷിക്കാന്‍ എത്തുന്നതുമാണ്‌ കഥയുടെ സാരം. പല കൈവഴികള്‍ ഒരു സ്ഥലത്ത്‌ ഒരുമിക്കുന്നതുപോലെ പല തരത്തിലുള്ള ആളുകളുടെ ജീവിതം ഈ കഥയുമായി കൂട്ടിയിണക്കിയിട്ടുണ്ട്‌. ജെയിംസിന്റെ കേസ്‌ അന്വേഷണം വിജയകരമായി പൂര്‍ത്തിയാകുന്നത്‌ ഈ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടാണ്‌.

നഗരത്തിലെ ജൂവലറി ഉടമ (ജോയ്‌ മാത്യു)യുടെ വീട്ടില്‍ നിന്നും അഞ്ചു കോടി രൂപ വിലയുള്ള വജ്രമാല മോ,ണം പോകുന്നു. ജെയിംസിന്റെ അമ്മാവന്‍ കൂടിയാണ്‌ ഈ ജൂവല്ലറി ഉടമ. ഇത്രയും വില പിടിപ്പുള്ള മാല വാങ്ങുന്നതിന്റെ വരുമാന രേഖകള്‍ കാണിക്കാന്‍ സാധിക്കാത്തതിനാല്‍ കേസെടുക്കാന്‍ നിവൃത്തിയില്ല എന്ന്‌ ജെയിംസ്‌ പറയുന്നു. അതുകൊണ്ട്‌ മോഷണം സംബന്ധിച്ച്‌ അനൗദ്യോഗിക അന്വേഷണം നടത്താനാണ്‌ അയാളുടെ തീരുമാനം.

കൊച്ചിക്കാരായ സച്ചിനും(ധര്‍മ്മജന്‍) രാജും(ഹരീഷ്‌ കണാരന്‍) പിന്നെ തമിഴനായ മുരുകനു(സ്റ്റണ്ട്‌ സില്‍വ)മാണ്‌ മോഷണത്തിന്റെ പിന്നിലെന്ന്‌ ജെയിംസ്‌ കണ്ടെത്തുന്നു. സച്ചിനും രാജും അല്ലറ ചില്ലറ മോഷണങ്ങളും പിടിച്ചു പറിയുമായി നടന്ന്‌ ജീവിക്കുന്നവരാണ്‌. അടുത്ത കാലത്താണ്‌ അവര്‍ മുരുകന്റെ കൂടെ കൂടിയത്‌. 

വലിയ മോഷണങ്ങള്‍ നടത്തുന്ന അന്തര്‍ സംസ്ഥാന മോഷ്‌ടാവാണ്‌ അയാള്‍. ജ്യൂവല്ലറി ഉടമയുടെ ഭാര്യയുടെ അഞ്ചു കോടി രൂപ വിലവരുന്ന വജ്രമാല മോഷ്‌ടിക്കുന്നത്‌ ഇങ്ങനെ വേഗത്തില്‍ പണമുണ്ടാക്കാനാണ്‌. കുറ്റകൃത്യത്തില്‍ മുരുകന്‍ ഉണ്ടെന്നു മനസിലാക്കിയതോടെ മോഷണ മുതല്‍ കണ്ടെടുക്കുക എന്നതിനപ്പുറം ജെയിംസ്‌ എന്ന പോലീസ്‌ ഉദ്യോഗസ്ഥന്‌ മറ്റൊരു ലക്ഷ്യവും കൂടി നിറവേറ്റാന്‍ ഒരുങ്ങുന്നു.

മോഷ്‌ടിച്ച വജ്രമാലയുമായി നാടു വിടാന്‍ ഒരുങ്ങിയ മൂവരേയും ജെയിംസും കൂട്ടരും പിന്തുടരുന്നു. തുടര്‍്‌ സച്ചിന്‍ മാല നഗരത്തിലെ തന്റെ സുഹൃത്തിന്റെ ബാഗു കടയില്‍ ഒളിപ്പിക്കുന്നു. കോളനിയില്‍ താമസിക്കുന്ന ദരിദ്രനായ മണി എന്ന കുട്ടിക്ക്‌ നല്ല സ്‌കൂള്‍ യൂണിഫോം ഇല്ലാത്തതു കൊണ്ട്‌ സ്‌കൂളില്‍ നിന്നും എന്നു കളിയാക്കലുകള്‍ നേരിടേണ്ടി വരുന്നു. സ്‌പൈഡര്‍മാന്റെ പടമുള്ള ഒരു നല്ല സ്‌കൂള്‍ ബാഗു വാങ്ങാന്‍ അവന്‍ അടുത്തുള്ള ഒരു സര്‍വീസ്‌ സ്റ്റേഷനില്‍ വണ്ടി കഴുകാന്‍ പോകുന്നുണ്ട്‌. അങ്ങനെ കിട്ടിയ പൈസ കൊണ്ട്‌ അവന്‍ ഒരു ബാഗു വാങ്ങുന്നു. ഈ ബാഗിലായിരുന്നു സച്ചിന്‍ മാല ഒലിപ്പിച്ചു വച്ചിരുന്നത്‌. 
ഒടുവില്‍
മാല ജെയിംസിന്റെ കൈകളില്‍ തന്നെ എത്തിച്ചേരുന്നു. അതോടൊപ്പം ഡ്യൂട്ടിക്കിടയില്‍ തന്റെ സഹപ്രവര്‍ത്തരെ നിഷ്‌ക്കരുണം വധിച്ച മുരുകനെ കണ്ടെത്തി ജെയിംസ്‌ അയാളോട്‌ പ്രതികാരം ചെയ്യുന്നു. മോഷണ മുതല്‍ തിരിച്ചു നല്‍കാതെ അതിന്റെ വില കൊണ്ട്‌ നിരവധി ആളുകള്‍ക്ക്‌ പുതുജീവന്‍ നല്‍കുകയാണ്‌ അയാള്‍.

ജെയിംസായി എത്തിയ മമ്മൂട്ടിയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ്‌ തന്നെയാണ്‌ ചിത്രത്തിന്റെ ഹൈലൈറ്റ്‌. ഗ്‌ളാമര്‍ ലുക്കിലാണ്‌ മമ്മൂട്ടി എത്തുന്നത്‌. മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്റെ അതിമാനുഷ പ്രകടനങ്ങളൊന്നും ചിത്രത്തില്‍ കൊണ്ടു വരാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടില്ല. അത്യാവശ്യം വിയര്‍പ്പൊഴുക്കി തന്നെയാണ്‌ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യിച്ചിട്ടുളളതും. മമ്മൂട്ടിക്കൊപ്പം ധര്‍മ്മജനും ഹരീഷും സൗബിനുമെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.

ആക്ഷന്‍-കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ കോമഡി മുഴുവനായി ധര്‍മ്മജനും ഹരീഷും സൗബിനും ഏറ്റെടുത്തു. പ്രേക്ഷകനെ ചിരിപ്പിക്കുന്ന നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ട്‌. മണിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആദിഷ്‌ പ്രവീണും മികച്ചു നിന്നു. 

മണിയുടെ മാതാപിതാക്കളായി എത്തിയവരും സ്വാഭാവിക അഭിനയം കാഴ്‌ച്ച വയ്‌ക്കുന്നതില്‍ മികച്ചു നിന്നു. സ്റ്റണ്ട്‌ സില്‍വയുടെ പ്രകടനമാണ്‌ ചിത്രത്തില്‍ കൈയ്യടി നേടുന്ന മറ്റൊന്ന്‌. സ്റ്റണ്ടില്‍ മാത്രമല്ല, അഭിനയത്തിലും താന്‍ കേമനാണെന്ന്‌ സില്‍വ തെളിയിച്ചു.

പല വഴികളിലൂടെ സഞ്ചരിക്കുന്ന വജ്രമാല ജെയിംസിന്റെ കൈകളില്‍ കൃത്യമായി വന്നു ചേരുന്ന വിധം തികഞ്ഞ സ്വാഭാവികതയോടെ അവതരിപ്പിക്കാന്‍ സംവിദായകന്‍ ഷംദത്തിനു കഴിഞ്ഞു. അദ്ദേഹത്തിന്റെ സഹോദരന്‍ ഷാദത്താണ്‌ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്‌. ആദര്‍ശ്‌ എബ്രഹാം ഒരുക്കിയ സംഗീതവും ചിത്രത്തിനു മുതല്‍ക്കൂട്ടാണ്‌. 

തമാശയും കൊച്ചു പിണക്കങ്ങളും പാവപ്പെട്ടവരുടെ ആഗ്രഹങ്ങളും അവ സാക്ഷാത്‌ക്കരിക്കാനുള്ള പരിശ്രമങ്ങളും പ്രണയവും ആക്ഷനും എല്ലാമുള്ള ഒരു ചിത്രമാണിത്‌. സ്‌ട്രീറ്റ്‌ ലൈറ്റ്‌ പ്രേക്ഷകനെ നിരാശപ്പെടുത്തില്ല എന്നത്‌ സത്യമാണ്‌.




































































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക