Image

ചുവന്ന വെളിച്ചം (ചെറുകഥ: ഷിനോ)

Published on 29 January, 2018
ചുവന്ന വെളിച്ചം (ചെറുകഥ: ഷിനോ)
വിന്‍ഡ് ഷീല്‍ഡിലൂടെ അയാള്‍ പുറത്തേക്ക് നോക്കി ചുവന്ന വെളിച്ചം തെളിഞ്ഞു നില്‍ക്കുന്നു. അല്‍പസമയത്തിനുള്ളില്‍ അതു പച്ചയായി മാറും. പരീക്ഷാദിവസങ്ങളില്‍ ഒന്നാം ബെല്ലിന് ശേഷം രണ്ടാം ബെല്ലും ചോദ്യക്കടലാസും കടന്നിരിക്കുമ്പോള്‍ തോന്നിയിരുന്ന ഭയം അയാളില്‍ അവശേഷിച്ചു. പഠിച്ചതെല്ലാം മറന്നതുപോലെ അയാളുടെ രോമങ്ങള്‍ എഴുന്നേറ്റു നിന്നു.

തീവണ്ടി എഞ്ചിന് പുറത്തായി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കൂടി നില്‍ക്കുന്നു. സെന്റ് ഓഫ് ചടങ്ങ് കഴിഞ്ഞ് ഇറങ്ങി വന്നു നില്‍ക്കുകയാണവര്‍. പുതിയ ശമ്പള സ്‌കെയിലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരുവശത്ത് നടക്കുന്നു, തങ്ങള്‍ക്കും ഈ ദിവസം വരുമെന്ന ഓര്‍മ്മയുണ്ടായ ചിലരൊക്കെ അയാളെ സഹതാപത്തോടെ നോക്കി. മീറ്റിംഗില്‍ 33 വര്‍ഷത്തെ സേവനത്തിന് ശേഷം ഈ സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന അച്ചായന് ആശംസകള്‍ നേര്‍ന്ന പ്രഭാകരന്‍ ഒരുകോണില്‍ ഒറ്റയ്ക്ക് നിന്ന് പുകവലിക്കുന്നു. ഡീസല്‍ അസിസ്റ്റന്റ് ആയി അച്ചായനൊപ്പം അയാള്‍ നടന്ന ദിവസമായിരിക്കും പ്രഭാകരന്‍ ഓര്‍ക്കുന്നത്.

കണക്കില്‍ പ്രഭാകരന് ചെറിയ പിശകു പറ്റി. മുപ്പത്തിമൂന്ന് വര്‍ഷവും ഒന്‍പത് മാസവും പതിനേഴ് ദിവസവും അയാള്‍ സേവനം ആരംഭിച്ചിട്ട് ഇനി കുറച്ചു മണിക്കൂര്‍ സേവനം കൂടി ബാക്കി.

അയാള്‍ ഓര്‍മ്മയുടെ ഓളങ്ങളിലൂടെ അല്‍പം പുറകോട്ട് നീങ്ങി. ഒരല്‍പം കൃഷി സ്ഥലവും മണ്‍ചുവരുകളും ഉള്ള വീട്ടില്‍ നിന്ന് നോക്കിയാല്‍ അങ്ങ് താഴ്‌വാരത്തിലൂടെ അട്ടപോലെ നീങ്ങിയിരുന്ന തീവണ്ടി ഒരത്ഭുദമായിരുന്നു. സ്കൂള്‍ ഉല്ലാസയാത്രയ്ക്കിടയില്‍ ആദ്യമായി തീവണ്ടിയില്‍ യാത്ര ചെയ്തപ്പോള്‍ അത് ജിജ്ഞാസയായി. ഡീസല്‍ അസിസ്റ്റന്റ് ആയി ജോലി കിട്ടിയപ്പോള്‍ അധ്യാപകനാകണം എന്നാഗ്രഹിച്ച അച്ഛനെ വേദനിപ്പിച്ചിട്ടുണ്ടാകും. അധ്യാപകനായ അദ്ദേഹത്തിന്റെ വേദനയില്‍ ചവിട്ടി തന്നെയാണ് തീവണ്ടി എഞ്ചിനിലേക്ക് കയറിയത്. പിന്നെ ഇത്ര നാളുമുള്ള യാത്രകള്‍. അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ നല്ല ഭാവിയിലേക്ക് നയിച്ചപ്പോള്‍ അയാല്‍ ലക്ഷകണക്കിന് ജീവിതങ്ങളെ ലക്ഷ്യങ്ങളിലേക്ക് നയിച്ചു. കന്യാകുമാരിക്കും പാലക്കാടിനുമിടയില്‍ എത്രവട്ടം സഞ്ചരിച്ചു.

യുവത്വത്തില്‍ പാളങ്ങള്‍ക്കുള്ള സമാന്തരത ഒരു പരിമിതി ആയിരുന്നു.

ആദ്യകാല യൂണിയന്‍ പ്രവര്‍ത്തനം, ഒരു പാട് ബന്ധങ്ങള്‍, ആത്മാര്‍ത്ഥത വാരി നല്‍കിയവരും, ശത്രുക്കളായി മാറിയ സുഹൃത്തുക്കളും അതിലുണ്ടായി. ഹൃദ്യമായ പല വ്യക്തിബന്ധങ്ങളിലൂടെ നീങ്ങിയ ജീവിതം. രണ്ടു തവണ നല്ല ജോലിക്കാരനുള്ള അവാര്‍ഡ്.... ഓര്‍ക്കുവാന്‍ ഒരുപാട് ഒരുപാട്. നാലഞ്ചു പ്രാവശ്യം അപകടത്തില്‍ പെട്ടു. രണ്ടു പ്രാവശ്യം അല്‍പം വലിയ അപകടങ്ങള്‍. പക്ഷെ എത്രയോ പ്രാവശ്യം വളരെ അത്ഭുദകരമായ രക്ഷപ്പെടല്‍. അതിനിടെ വിവാഹം..കുഞ്ഞുങ്ങള്‍..കുടുംബം...

ഇന്നോര്‍ക്കുമ്പോള്‍ കഴിഞ്ഞത് ഒരു വലിയ യാത്രയായിരുന്നുവെന്ന് വ്യക്തമാകുന്നു. റെയില്‍വെ പാതയ്ക്കിരുവശവും ഉള്ള കുന്നുകളും നദികളും തരിശു നിലങ്ങളും വ്യക്തമായി ഓര്‍മ്മയുണ്ടെങ്കിലും ജീവിത യാത്രയുടെ ഭാരം മൂലം വന്ന വഴിയിലെ പ്രധാന കാഴ്ചകള്‍ മാത്രമെ ഓര്‍മ്മയുള്ളു.

അപ്പച്ചാ,എഞ്ചിന്‍ റെഡി. ഇനി സിഗ്‌നല്‍ പച്ചയാവുകയെ വേണ്ടു. മൂത്ത മകളുടെ മകന്‍ മുത്തച്ഛന്റെ റിട്ടയര്‍മെന്റിന്റെ ഒരുക്കങ്ങളിലൂടെ ആഹ്ലാദപൂര്‍വ്വം സഞ്ചരിക്കുകയാണ്. എഞ്ചിനു മുന്‍പിലുള്ള തോരണങ്ങളും വാഴക്കൂമ്പുകളുമായി അതിരാവിലെ കൂട്ടുകാരുമൊത്ത് എത്തിയതാണവന്‍. ഇതേ ആഹ്ലാദത്തോടെ നില്‍ക്കേണ്ട രണ്ടാമത്തെ മകനെ യാത്രയിലെ ഒരു ചുവന്ന വെളിച്ചത്തില്‍ വച്ച് നഷ്ടപ്പെട്ടു. പപ്പയുടെ മൂന്നും നാലും ദിവസ ???? എന്ന് തീരുമെന്ന് പരാതിപ്പെട്ടിരുന്ന രണ്ടാമന്‍ പഠനത്തില്‍ മിഠുക്കനായിരുന്നു. മുത്തച്ഛന്റെ ആഗ്രഹം പോലെ കോളേജ് അദ്ധ്യാപകനാകണമൊഗ്രഹിച്ച രണ്ടാമന്‍ ട്യൂഷന്‍ സ്ഥലങ്ങളില്‍ സമയത്തെത്തുവാന്‍ വാങ്ങി നല്‍കിയ മോട്ടോര്‍ സൈക്കിള്‍ ബസ്സ് ചക്രങ്ങള്‍ക്കടിയില്‍ പെട്ട് നിശ്ചലമാകും വരെ ആഹ്ലാദത്തോടെ പറന്നു നടന്നു അവന്‍. പപ്പ റിട്ടയറാകുമ്പോള്‍ കാര്‍ വാങ്ങിത്തരാം എന്ന വാഗ്ദാനവുമായാണവന്‍ ആദ്യമായി മോട്ടോര്‍ സൈക്കിളിന്റെ താക്കോല്‍ വാങ്ങിയത്.

ആ ചുവന്ന വെളിച്ചത്തില്‍ യാത്ര അവസാനിപ്പിക്കാം എന്നു കരുതിയതാണ്, മകളുടെ കല്ല്യാണം കഴിഞ്ഞതിന്റെ സാമ്പത്തിക ഭാരവും ഇളയമകന്റെ പഠനവും ഒക്കെ കൊണ്ട് വീണ്ടും സാരഥ്യം തുടര്‍ന്ന്. പിന്നെയെും പത്ത് വര്‍ഷത്തോളം. ഇളയ മകനും പറക്കമുറ്റി. വേണ്ട എന്ന് പറയുമെന്നാഗ്രഹിച്ചെങ്കിലും ഗള്‍ഫിന്റെ സൗഭാഗ്യങ്ങള്‍ തേടി അവനും അകന്നു.

അച്ചായ സിഗ്‌നല്‍ റൈറ്റ്.. അസിസ്റ്റന്റ് വര്‍ഗ്ഗീസിന്റെ ശബ്ദം കേട്ടപ്പോള്‍ അയാള്‍ ഭയന്നു. എന്തൊക്കെയോ മറന്നു എന്ന തോന്നല്‍. ഫഌറ്റ് ഫോമില്‍ നിന്നും ആരൊക്കെയൊ എത്തിപ്പിടിച്ചു കൈകുലുക്കി. യാത്രാമംഗളങ്ങള്‍ നേര്‍ന്നു കൈവീശി കാട്ടി. അയാള്‍ പകരം എന്ത് കാട്ടണം എന്നോര്‍ത്തില്ല. പച്ചവെളിച്ചം മാത്രമെ അയാള്‍ കണ്ടുള്ളു.

സഞ്ചരിച്ച പാതയിലൂടെ വ്യത്യസ്തമായ ഒരനുഭവം പോലെ അയാള്‍ ട്രെയിനിനെ നയിച്ചു. ചെറുമകന്‍ കൂട്ടുകാരുമൊത്ത് എന്തൊക്കെയെ പുലമ്പുന്നു. അയാള്‍ക്ക് ഒട്ടും ശ്രദ്ധിക്കാനായില്ല. വണ്ടിയ്ക്ക് പതിവിലും വേഗം കൂടിയോ എന്ന് ഇടയ്ക്കിടെ അയാള്‍ക്ക് സംശയം തോന്നി. വഴിവക്കില്‍ നിന്ന് കുറെ കുട്ടികള്‍ കൈവീശി കാട്ടി. തന്റെ യാത്ര ചുവ വെളിച്ചത്തിലേക്കാണെന്നവരും അറിഞ്ഞിട്ടുണ്ടാകും. ഗേറ്റുകളില്‍ അക്ഷമയോടെ കാത്തു നിവര്‍ എഞ്ചിനിലെ തോരണങ്ങള്‍ കണ്ടിട്ടാവും കാലിലെ തള്ളവിരലൂന്നി ഉയര്‍ന്നു നോക്കി.

വര്‍ക്കലയില്‍ സമയത്തിന് മൂന്ന് മിനിട്ട് മുന്‍പേ വണ്ടി എത്തി.

സ്റ്റേഷന്‍ മാസ്റ്റര്‍ എത്തി ആശംസകള്‍ നല്‍കി മടങ്ങി. കാന്റീന്‍ നടത്തിപ്പുകാരന്‍ നാരായണന്‍ നായര്‍ പതിവ് പോലെ ചായയും വടയുമായെത്തി സാധാരണ പയ്യന്‍മാര്‍ ആരെങ്കിലും ആണ് എത്തിക്കുക. വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയ ഒരാത്മബന്ധം. ആഹാര സമയങ്ങളില്‍ വര്‍ക്കലയിലൂടെ കടന്നു പോയാല്‍ നായരുടെ ചായയും പലഹാരങ്ങളും പതിവാണ്.

അച്ചായ... ഇന്ന് മധുരം അല്‍പം ചേര്‍ത്തിട്ടുണ്ട് ട്ടോ... ഷുഗര്‍ കംപ്ലെയിന്റ് ഉണ്ട് എന്നു പറയാതെ തന്നെ നായര്‍ മനസ്സിലാക്കിയ നാള്‍ മുതല്‍ അച്ചായന് മധുരം കുറഞ്ഞ ചായയാണ് പതിവ്. അല്‍പ്പ സമയമെടുത്ത് ചൂടാറ്റി ചായ നുകര്‍ന്നു.എനിക്കും വയ്യാണ്ടായി ഇനി ഇപ്പോള്‍ കച്ചവടം ഒക്കെ മകനെ ഏല്‍പ്പിച്ച് വിശ്രമിക്കാനാണ് എന്റെ പരിപാടി... അകലെ തെളിഞ്ഞ് കത്തുന്ന ചുവന്ന വെളിച്ചത്തില്‍ ദൃഷ്ടിയൂന്നി ആത്മഗതം പോലെ അയാള്‍ പറഞ്ഞു. നായര്‍ക്കുള്ള കണക്ക് വല്ലതും ബാക്കിയുണ്ടോ എന്നയാള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. ഇത്ര വര്‍ഷത്തിനിടയില്‍ നായരോട് കണക്കു ചോദിച്ചിട്ടില്ല. അയാള്‍ തിരിച്ചും അങ്ങനെ തന്നെ. ശമ്പളദിവസങ്ങളില്‍ ഒരുദ്ദേശം വച്ച് കുറച്ചു പൈസ കൊടുക്കും. ഇന്നും ഒരു കണക്ക് പറച്ചില്‍ വേണ്ട എന്നോര്‍ത്ത് കൊണ്ട് ഗ്ലാസ് മടക്കി കൊടുത്തു.അപൂര്‍വ്വമായേ നായരുമായി സംസാരിക്കാറുണ്ടായിരുന്നുള്ളു എങ്കിലും വര്‍ഷങ്ങളുടെ പഴക്കമുള്ള ആ ബന്ധത്തിന് കണക്കുകളേക്കാള്‍ ഭാരമുണ്ടെന്ന് അയാള്‍ക്ക് അനുഭവപ്പെട്ടു. ഇടയ്‌ക്കൊക്കെ അച്ചായന്‍ ഇങ്ങോട്ടൊക്കെ ഇറങ്ങണം. കണ്‍പോളകള്‍ക്കുള്ളില്‍ നിറഞ്ഞു നിന്ന ജലകണികകളിലൂടെ നായര്‍ പച്ചവെളിച്ചം തെളിഞ്ഞതു കണ്ടു. എഞ്ചിന്‍ ചലിച്ചു തുടങ്ങിക്കഴിഞ്ഞപ്പോഴാണ് നായരോടൊന്നു പറഞ്ഞില്ല എന്നോര്‍ത്ത് തിരിഞ്ഞു നോക്കിയപ്പോള്‍ തിരക്കൊഴിഞ്ഞ ഫഌറ്റ്‌ഫോമില്‍ നിശ്ചലമായി നിന്ന് കൈവീശുന്ന നായരെ കണ്ടു.

നിമിഷങ്ങള്‍ മാത്രമുള്ള യാത്രാദൂരം ചെറുമകനും കൂട്ടുകാരും നിശബ്ദരായിരിക്കുന്നു. മുത്തച്ഛന്റെ കനമുള്ള നിശബ്ദതയുടെ വികാരം അവക്കും മനസ്സിലായി തുടങ്ങിയിരിക്കുന്നു. യന്ത്രത്തിന്റെ മുരള്‍ച്ച മാത്രം ബാക്കി. ആരെങ്കിലും സംസാരിച്ചിരുന്നെങ്കില്‍ എ്ന്നയാള്‍ ആഗ്രഹിച്ചു. പരവൂര്‍ കായലിന് മുകളിലൂടെ നീങ്ങിയപ്പോള്‍ ആദ്യദിവസം ആ ദൂരം താണ്ടിയത് പോലെ അയാള്‍ പേടിച്ചു. അകലം കുറഞ്ഞ പാളങ്ങളില്‍ നിന്നും വണ്ടി തെന്നി താഴേയ്ക്ക് പോകുന്നത് പോലെ തോന്നി. കായലിലെ ഓളങ്ങളുടെ ഒതുക്കിപ്പിടിച്ച ചലനങ്ങളില്‍ ഭീകരമായ അഗാധത അയാള്‍ കണ്ടു. ആദ്യകാലങ്ങളിലെന്നപോലെ അയാള്‍ കണ്ണുകള്‍ അടയ്ക്കുവാന്‍ ശ്രമിച്ചു.

കുറെ സിഗ്‌നലുകള്‍ പോസ്റ്റുകള്‍ കൂടി കടന്ന് വര്‍ഗ്ഗീസ് എല്ലാറ്റിനും റൈറ്റ് പറയുന്നുണ്ടായിരുന്നു. എഞ്ചിന്റെ വേഗത കുറയുവാനുള്ള സമയമായി. കൊല്ലം പട്ടണത്തിന്റെ പാര്‍ശ്വഭാഗങ്ങളിലൂടെയുള്ള റ വളവ്. അയാള്‍ക്ക് എന്തൊക്കെയോ ചെയ്ത് തീര്‍ക്കാന്‍ ബാക്കിയുണ്ടെന്ന് തോന്നി. അവസാന പച്ചവെളിച്ചത്തിനും വര്‍ഗ്ഗീസ് റൈറ്റ് പറഞ്ഞു. നീണ്ട് നിവര്‍ന്ന് നില്‍ക്കുന്ന ഫഌറ്റ്‌ഫോം അതിലാകെ നിറഞ്ഞു നില്‍ക്കുന്ന ജനക്കൂട്ടം. തിരുവനന്തപുരത്തേയ്ക്കുള്ള ട്രെയിന്‍ തൊട്ടടുത്ത ഫഌറ്റ്‌ഫോമിലുണ്ട്. അതിന്റെ സൈഡ് സ്റ്റാന്‍ഡില്‍ നിന്നുകൊണ്ട് ബഷീര്‍ കൈ ഉയര്‍ത്തി കാട്ടി. ബഷീറും അടുത്തമാസം റിട്ടയര്‍ ആകും.ഈ വലിയ കാലയളവില്‍ വ്യത്യസ്ത ലക്ഷ്യങ്ങളിലേക്ക് ആയിരുന്നുവെങ്കിലും ഒരേ പാളങ്ങളിലൂടെ നീങ്ങിയവര്‍. ബഷീറിക്കയുടെ കൈ ചലനത്തിന് ഒരു പട്ടാളച്ചിട്ട തോന്നി.

അങ്ങകലെയായി അയാള്‍ ചുവന്ന വെളിച്ചം തെളിഞ്ഞു കണ്ടു. അതിനു അല്‍പം മുന്‍പിലായി നരച്ച മുടിയിഴകള്‍ ഒതുക്കി ആശ്വാസത്തിന്റെയും ദുഃഖത്തിന്റെയും ഛായ നിറഞ്ഞ ചിരിയുമായി കാത്ത് നില്‍ക്കുന്ന ഭാര്യയെയും അയാള്‍ കണ്ടു.

സുഹൃത്തുക്കളുടെ സ്വീകരണത്തിന് മദ്ധ്യേ അയാള്‍ നടന്നു നീങ്ങി.

അച്ചായന്റെ കണ്ണാടി... പുറകില്‍ വര്‍ഗീസിന്റെ സ്വരം കേട്ടു. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണിന് ചെറിയ മങ്ങല്‍ തുടങ്ങിയപ്പോള്‍ ഡിപ്പാര്‍ട്‌മെന്റ് സമ്മാനിച്ച കണ്ണാടിയാണിത്. ചുവന്ന വെളിച്ചം തെളിഞ്ഞു കാണുവാന്‍ അയാള്‍ ആ വിളി കേട്ടതായി ഭാവിച്ചില്ല.

രാവിലെ പത്രം വായിക്കുവാന്‍ ഭാര്യയുടെ മൂക്കുകണ്ണട ധാരാളം. കണ്ണില്‍ തിമിരം ബാധിച്ചാലും ആ ചുവന്ന വെളിച്ചം തെളിഞ്ഞുതന്നെ കാണുമെന്ന വിശ്വാസത്തോടെ അയാള്‍ നടന്നു....


എന്റെ പ്രിയപ്പെട്ട
പപ്പയുടെ ഓര്‍മ്മക്ക് മുന്‍പില്‍ സ്‌നേഹപൂര്‍വ്വം .....

ഷിനോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക