Image

പ്രണയാക്ഷരങ്ങളുടെ കൊയ്ത്തുകാരന്‍: സുധീര്‍ പണിക്കവീട്ടിലിന്റെ അക്ഷരക്കൊയ്ത്ത്: (ജ്യോതിലക്ഷ്മി നമ്പ്യാര്‍ തയ്യൂര്‍)

ജ്യോതിലക്ഷ്മി നമ്പ്യാര്‍ തയ്യൂര്‍ Published on 30 January, 2018
പ്രണയാക്ഷരങ്ങളുടെ കൊയ്ത്തുകാരന്‍: സുധീര്‍ പണിക്കവീട്ടിലിന്റെ  അക്ഷരക്കൊയ്ത്ത്:  (ജ്യോതിലക്ഷ്മി നമ്പ്യാര്‍ തയ്യൂര്‍)
 ശ്രീ സുധീര്‍ പണിക്കവീട്ടിലിന്റെ 'അക്ഷരക്കൊയ്ത്ത് ' എന്ന കവിതാ സമാഹാരം ഇയ്യിടെ വായിക്കാന്‍ അവസരം ലഭിച്ചു.  ആധുനികതയുടെ അതിപ്രസരത്തിലൂടെ ഇന്ന് കാവ്യലോകം കടന്നുപോകുമ്പോള്‍, അതില്‍ നിന്നും വ്യത്യസ്ഥമായി രചിക്കപ്പെട്ട ഇതിലെ കവിതകള്‍ ഒരു എളിയ വായനക്കാരിയുടെ മനസ്സില്‍ സൃഷ്ടിച്ച വികാരങ്ങളെ ഇവിടെ അക്ഷരങ്ങളിലൂടെ പ്രകടിപ്പിയ്ക്കുന്നു. ഇതിനെ ഒരു നിരൂപണം എന്ന് വിളിയ്ക്കാമോ എന്നറിയില്ല.

വൃത്ത നിബദ്ധമായി അലങ്കാരങ്ങളും ഉപമങ്ങളും ചേര്‍ത്ത് വ്യാകരണം തെറ്റിക്കാതെ എഴുതിയ ലക്ഷണമൊത്ത കവിതകള്‍ ഒരു കാലത്ത് മലയാളത്തില്‍ ഉണ്ടായിരുന്നു.  അങ്ങനെ നിയമങ്ങള്‍ അനുസരിച്ച് ചിട്ടപ്പെടുത്തുന്ന കവിതകള്‍, താളലയത്തോടെ ആലപിയ്ക്കാനും കഴിയുന്നു.  ഇന്നും അവക്കുള്ള പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. എന്നാല്‍ ശ്രീ സുധീര്‍ തന്റെ കവിതകളില്‍ ഇത്തരം ലക്ഷണങ്ങള്‍ക്കൊന്നുംത്തന്നെ വളരെയധികം പ്രാധാന്യം നല്‍കാതെതന്നെ വായനക്കാര്‍ക്ക് മതിയായ ലയവും, താളവും ചേര്‍ന്ന വായനാസുഖം നല്‍കികൊണ്ട് തന്റെ മനസ്സില്‍ ഓരോസാഹചര്യത്തിലും ഓടിവന്ന കവി ഭാവനകള്‍ പെറുക്കിയെടുത്ത്, 
ഈ കവിതാസമാഹാരത്തിന്റെ പേരില്‍ ('അക്ഷരക്കൊയ്ത്ത്') നിന്നും വ്യക്തമാകുന്നതുപോലെ കൊയ്തു വച്ചിരിക്കുന്നു.. കവിതയുടെ ലക്ഷണങ്ങളെ കുറിച്ചൊന്നും ബോധവാന്മാരല്ലാത്ത സാധാരണ മനുഷ്യന്, അവന്റെ ഭാഷയില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടുതന്നെ  അവര്‍ക്ക് വളരെ രുചിയേറുന്ന വിഭവം തന്നെയാണ് 'അക്ഷരക്കൊയ്ത്ത്'
വിവിധ വിഷയങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ മനസ്സില്‍ സുലഭമായി ഓടിവരുന്ന കവിതാ ശകലങ്ങള്‍ പാറക്കെട്ടുകള്‍ താണ്ടി ആര്‍ത്തുല്ലസിച്ച് വരുന്ന വെള്ളച്ചാട്ടം പോലെ അനസ്യൂതം ഒഴുകുമ്പോള്‍ അതിന്റെ കുളിര്‍മ അനുഭവിച്ച് കൊണ്ട് വായനക്കാര്‍ അതിലെ വരികള്‍ മൂളാന്‍ ശ്രമിക്കുന്നു.  പ്രകൃതിയുടെ, സമൂഹത്തിന്റെ വ്യത്യസ്ഥ മുഖഭാവങ്ങള്‍ കടലാസില്‍ വളരെ ലളിതമായി പകര്‍ത്തപ്പെട്ടപ്പോള്‍ അവിടെ ഒരു കാവ്യസ്പര്‍ശം നമുക്ക് അനുഭവപ്പെടുന്നു. 

'മാണ്‍പെഴും ആണ്‍കുയില്‍ പാടുന്ന പാട്ടിലും..' എന്ന് തുടങ്ങുന്ന മനോഹരമായ വരികള്‍ നിരത്തി എഴുതിയ അദ്ദേഹത്തിന്റെ 'ഉപാസന' എന്ന കാവ്യത്തില്‍ തന്നെ അദ്ദേഹം ഇത് സ്പഷ്ടമാക്കുന്നു  പ്രകൃതി സൗന്ദര്യത്തെ ഒരു കൊച്ചു കുട്ടിയെപ്പോലെ ആസ്വദിയ്ക്കുവാനുള്ള അദ്ദേഹത്തിന്റെ അഭിരുചിയും, ഓരോ മനുഷ്യനും ഇനിയും തിരിച്ചുകിട്ടിയുരുന്നെങ്കില്‍ എന്നാഗ്രഹിയ്ക്കുന്ന ബാല്യകാല സ്മരണകളും, കുസൃതിയും, ചെപ്പില്‍ കാത്തുവച്ച വളപ്പൊട്ടുകള്‍പ്പോലെ അദ്ദേഹം 'കുട്ടിക്കാല സ്മരണകള്‍' 'ഓര്‍മ്മയില്‍ ഒരു ബാല്യം' എന്ന കവിതകളിലൂടെ നമ്മെ നിരത്തികാണിയ്ക്കുന്നു.  മുത്തശ്ശി കഥകളും, പഴങ്കഥകളും പഴയകാലത്തെക്കുറിച്ച് നമുക്ക് പറഞ്ഞുതരാറുള്ള നമ്മുടെ മുത്തശ്ശിമാരും, പഴയ ആളുകളും നമ്മുടെ മനസ്സില്‍ ഓരോ സന്ദര്‍ഭത്തിലും ഒരു താരതമ്യം പോലെ ഓടിവരാറുണ്ട്. ഇവിടെ 'ഞങ്ങളുടെ കോമളം വല്യമ്മ' എന്ന കാവ്യസൗന്ദര്യം  ആസ്വദിയ്ക്കുന്ന ഓരോരുത്തരിലും  താന്‍ മനസ്സില്‍ സ്മരിയ്ക്കുന്ന പഴയ ആളുകളെ കുറിച്ചുള്ള, അവരുടെ കാലത്തെകുറിച്ചുള്ള  ഓര്‍മ്മ നാമറിയാതെ തുളുമ്പുന്നു.
ജീവിത യാഥാര്‍ഥ്യത്തിന്റെ കറുത്ത നിഴല്‍ വീഴുന്ന പല സാഹചര്യങ്ങളും എടുത്തുകാണിയ്ക്കുമ്പോള്‍ പലര്‍ക്കും അത് കയ്പ്പായി  അനുഭവപ്പെടുന്നു. സമൂഹത്തില്‍ നടന്നുകൊണ്ടിരിയ്ക്കുന്ന  അസമത്വങ്ങള്‍,   ആളുകളെ വിഡ്ഡികളാക്കുന്ന ചില മനുഷ്യ കോമാളികള്‍ എന്നിവരെ ഹാസ്യത്തില്‍, നര്‍മ്മത്തില്‍ പൊതിഞ്ഞു എഴുനേറ്റു നിര്‍ത്തി ഓരോ മനുഷ്യന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുന്ന കുഞ്ചന്‍ നമ്പ്യാരുടെ 'ഓട്ടന്‍തുള്ളല്‍'എന്ന കലാരൂപം ഇന്നും നിലനില്‍ക്കുന്നു. അതുപോലെ ഇവിടെ കവി നമ്മുടെ ചുറ്റിലും നടക്കുന്ന അന്യായങ്ങളെയും അസമത്വങ്ങളെയും ഹാസ്യത്തില്‍ മുക്കി മനുഷ്യ മനസ്സില്‍ നിറയ്ക്കാന്‍  നടത്തിയ ശ്രമവും വിജയിച്ചതായി പല കവിതകളിലും വ്യക്തമാണ്. ഒരു 'മണ്ണാങ്കട്ട പറഞ്ഞ കഥ' എന്ന കാവ്യത്തിലൂടെ മനുഷ്യന്റെ അനുകരണ സ്വഭാവത്തെ എടുത്തതുകാണിയ്ക്കുന്നു.  ഒന്നിനും വ്യക്തമായ അഭിപ്രായങ്ങളില്ലാത്ത മലയാളിയ്ക്കുതന്നെ പാരയാകുന്ന മലയാളിയെ 
'മലയാളി' എന്ന കാവ്യത്തിലൂടെ 
'എല്ലാവര്‍ക്കുമൊപ്പം  മൂളാമോ ...
.നേരില്‍ കണ്ടാല്‍ മുത്താമോ...
കാണാത്തപ്പോള്‍ കുത്താമോ..' 
തുടങ്ങിയ വരികളിലൂടെ തൊലിയുരിഞ്ഞു കാണിയ്ക്കുന്നു. വാഴ്ത്തിപ്പാടി കാര്യം നേടുന്ന സമൂഹത്തെപ്പറ്റി 'ദുരവസ്ഥ' എന്ന കാവ്യത്തില്‍ 
 മുഖസ്തുതി പാടുന്നോര്‍......
കണ്ടാലോ കാലിലും വീഴുന്നവര്‍..
സ്വന്തം അഭിപ്രായമില്ല്‌ലാത്തോര്‍ …….'

എന്നീ വരികളിലൂടെ എടുത്ത് കാണിയ്ക്കപ്പെടുന്നു. സാഹിത്യമോഷണം  എന്ന കലയുമായി മുന്നോട്ട് കുതിച്ചുകയറുന്ന പ്രശസ്ത സാഹിത്യകാരന്മാരെ 'കവിത അമേരിക്കയില്‍',    അക്ഷരക്കൊയ്ത്ത്, മോഷണം എന്നീ കാവ്യത്തിലൂടെ പൊളിച്ചടക്കുന്നു  'ഈച്ച', 'സുരാസുര മത്സരം ഓണമെന്നദിവസം', 'ഞാന്‍ പാലാക്കാരന്‍', 'ഉണ്ണുണ്ണിയുടെ പഴക്കുല'  എന്നി നിരവധി ഹാസ്യ കവിതകളും നമുക്ക് ഈ പുസ്തകത്തിലൂടെ ആസ്വദിയ്ക്കാം. അതും കൂടാതെ പ്രവാസി മലയാളികളുടെ ചില സാഹിത്യ സംഘടനകളുടെ വികാസങ്ങളെക്കുറിച്ചും നര്‍മ്മം കലര്‍ത്തി 'പ്രിയ സഖി ലാനേ കേള്‍ക്കു', 'ഫൊക്കാനയോട്' വായനക്കാര്‍ക്കായി കാഴ്ച്ച വച്ചിരിയ്ക്കുന്നത് ശ്രദ്ധേയമാണ്. വാര്‍ദ്ധക്യം മനസ്സാല്‍ വരിയ്ക്കുന്ന അറുപതാം പിറന്നാള്‍ ആഘോഷിയ്ക്കുന്നവര്‍ക്ക് കഴിഞ്ഞ ജീവിതത്തിലേയ്ക്ക് ഒരു മനോഹരമായ തിരിഞ്ഞു നോട്ടവും, മനസ്സുനിറയെ ആശംസകളുമായി 'അര്‍ദ്ധവിരാമം' എന്ന കവിതയിലൂടെ എത്തുന്ന കവി,   കവികള്‍ക്കും, കലാകാരന്മാര്‍ക്കും പ്രായമൊരു വിലങ്ങുതടിയല്ല എന്ന വ്യത്യസ്ത ചിന്തയുമായി എത്തുന്നു.    'ചന്ദ്രക്കല തൊടും വാനവീഥിയില്‍ ഓരോ താരവും, ഭൂമിക്കായി  വെളിച്ചം വീശും രാവില്‍, തങ്ങളില്‍ അവരെന്തോ മിണ്ടുകയാണോ, മിഴി ചിമ്മുന്നു അവരും ഈ ദിവസം ഓര്‍ക്കുന്നുണ്ടോ? എന്ന് കവി  ചോദിച്ചുപോകുന്നു. പ്രണയം ഇത് ഒരു ആണിനോട് പെണ്ണിനോ മറിച്ചോ മാത്രം തോന്നുന്ന വികാരമല്ല. ഒരു കലാകാരന്, ഒരു കവി ഹൃദയത്തിനു തന്റെ ചുറ്റിലും കാണുന്ന സൗന്ദര്യത്തിനോട് പ്രണയമെന്ന വികാരം തോന്നാം. ഇവിടെ കവി കാഴ്ച്ച വയ്ക്കുന്ന പ്രണയ കാവ്യങ്ങളും, താന്‍ ആസ്വദിയ്ക്കാന്‍ ഇടയായ, തന്റെ കണ്ണിനാനന്ദം പകര്‍ന്ന ചുറ്റിലുമുള്ള സൗന്ദര്യം തന്നെ. കവി ഇങ്ങനെ പാടുന്നു. 'കാവ്യാനുഭൂതിയില്‍ പൂണ്ടുപൂണ്ടങ്ങനെ, കാവ്യാംഗനയെ പ്രണയിച്ചിരുന്നു ഞാന്‍' ഈ നിറഞ്ഞു തുളുമ്പുന്ന പ്രണയം പലപ്പോഴും കവിയിലെ കാമമെന്നവികാരത്തെ തൊട്ടുണര്‍ത്തി, ഏതു പ്രായത്തിലുള്ളവര്‍ വായിച്ചാലും ഇതെന്നെകുറിച്ചായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്ന, തോന്നിപ്പോകുന്ന വികാരനിര്‍ഭരമായ കാവ്യങ്ങള്‍ക്കു ജന്മം നല്‍കി. 'പ്രിയമുള്ളവള്‍' എന്ന കാവ്യത്തിലെ 'മാനസേശ്വരീ നിന്റെ സൗന്ദര്യ സാമ്രാജ്യത്തില്‍.. എന്ന് തുടങ്ങി  'കാത്ത് നില്‍ക്കയാണെന്റെ മോഹന പ്രതീക്ഷകള്‍  എന്നീ മനോഹരമായ വരികളില്‍  അവസാനിയ്ക്കുന്ന  കാവ്യം ഏതൊരു മനുഷ്യനിലും  പ്രണയമെന്ന വികാരത്തെ തട്ടിവിളിയ്ക്കുന്നതാണ്. ഇതില്‍ നിന്നും വ്യത്യസ്തമായി കവിതയോടു തനിയ്ക്ക് തോന്നുന്ന പ്രണയം തന്റെ യൗവനത്തെ തന്നെ വാടികൊഴിയാതെ നിലനിര്‍ത്തുന്നു എന്ന പുതിയ ഒരു അനുഭൂതിയും 'കവിതേ, കന്യകേ' എന്ന കവിതയിലെ 
'കവിതാനുരാഗിയെന്നരികിലുണ്ടെങ്കില്‍ ഞാന്‍
പ്രേമിച്ച് പ്രേമിച്ച് ഞാനുംഅവളുമീ ലോകം 
പറുദീസയാക്കി മറിച്ചിടും
ചുംബനലോല നീ കാവ്യാംഗനയെന്റെ
 ചാരത്ത് വന്നിരുന്നൊന്നു ചിരിയ്ക്കുക' 

എന്ന വരികളിലൂടെ നമ്മിലെ ഓരോ കവികള്‍ക്കുമായി സമ്മാനിയ്ക്കുന്നു. അക്ഷരക്കൊയ്ത്തില്‍ നമ്മള്‍ പ്രണയാക്ഷരങ്ങളുടെ കൊയ്ത്തുകാരനായ കവിയെ കാണുന്നു.
'അനുഭൂതി', 'സ്‌നേഹ ദീപ്തി',  'കൂടിക്കാഴ്ച', 'തിരുവോണ രാത്രിയില്‍', 'പ്രിയമാനസാ നീ വാ' എന്നീ മറ്റു പല കാവ്യങ്ങളും മനുഷ്യനിലെ പ്രണയ ദാഹത്തെ ഉത്തേജിപ്പിയ്ക്കുന്നവയാണ്. വാക്കുകളാകുന്ന കുര്‍ത്ത ശരങ്ങള്‍ കൊണ്ട് ജീവിത സത്യങ്ങളെ മനുഷ്യന് മുന്നില്‍ നിരത്തപ്പെട്ട കാവ്യങ്ങളും ഈ കവിതാ സമാഹാരത്തിന്റെ പ്രത്യേകതയാണ്. 'കൊതിയോടെ കാത്തിരിപ്പു' എന്ന കവിതയില്‍ കൗമാരത്തില്‍ തന്റെ ജീവിത പങ്കാളിയെ കുറിച്ചോരോ സ്വപനം കാണുന്ന മനുഷ്യന്, പ്രത്യേകിച്ചും ഒരു പെണ്ണിന്  സാഹചര്യത്തിന്റെ  സമ്മര്‍ദ്ദത്താല്‍ തന്റെ പ്രതീക്ഷനളുടെ ചട്ടകൂട്ടില്‍ വരാത്ത ഒരു ജീവിത പങ്കാളിയുമായി ജീവിതം പങ്കിടേണ്ടിവരികയും, പിന്നീട് താന്‍ ആഗ്രഹിച്ച സ്വഭാവത്തെ കണ്ടുമുട്ടുമ്പോള്‍ ബന്ധങ്ങളാകുന്ന ബന്ധനകളില്‍ തളയ്ക്കപ്പെട്ടു  അനങ്ങാനാകാതെ വിലപിയ്ക്കുന്ന മനസ്സിന്റെ നൊമ്പരത്തെ അതേ വികാരത്തോടെ തന്നെ എടുത്തുകാണിയ്ക്കുന്നു. ജാതികോമരങ്ങള്‍ തമ്മില്‍ കടിപിടി കൂടുമ്പോള്‍ അതിന്റെ പേരില്‍ നിസ്സഹായമായി മരണം കൈവരിയ്ക്കുന്ന മനുഷ്യജന്മങ്ങളുടെ വിലാപം 'ഒരു വെളിച്ചപ്പാടിന്റെ മരണം' എന്ന കാവ്യത്തിലൂടെ നമ്മെ ചിന്തിപ്പിയ്ക്കുന്നു സ്ത്രീ സമത്വം, സ്ത്രീകള്‍ക്ക് മുന്‍ഗണന എന്നെല്ലാം പ്രസംഗിച്ചു നടക്കുന്ന സമൂഹത്തിന്റെ നാലുകെട്ടില്‍ ഇന്നും ചിലര്‍ സ്ത്രീത്വത്തോട് കാണിയ്ക്കുന്ന അവഗണന 
'വിറ്റഴിയുന്നോര്‍ ഞങ്ങള്‍ ജീവിത കമ്പോളത്തില്‍
ഭാര്യയായും മാംസദാഹശമനിയായും
പുത്രനെ പ്രസവിയ്ക്കും അമ്മമാരാണെങ്കിലും 
സംശയ നിഴലില്‍ നിന്നനങ്ങാന്‍ വയ്യാത്തവര്‍
കര്‍ഷകര്‍ പൂട്ടും ഏറു കാളയെപ്പോലെ ഞങ്ങള്‍ 
ചാട്ട വാറടി കൊണ്ട് നിലങ്ങള്‍ ഉഴുന്നവര്‍ '

'സ്ത്രീ' എന്ന കാവ്യത്തിലെ  ശക്തമായ ഈ വരികളിലൂടെ പ്രതികരിയ്ക്കുന്നു.  
ആഘോഷ തിമര്‍പ്പില്‍ മതിമര്‍ന്നു തന്റെ കടമ മറന്നു ആഹ്‌ളാദിക്കുന്ന മനുഷ്യന് ഒരു വീണ്ടുവിചാരമാണ് 'പിറന്നാള്‍ സന്ദേശം' എന്ന കാവ്യം.
ചരിത്രത്തിലെ അനശ്വരമായ ചില വ്യക്തിത്വത്തെ വരും തലമുറയ്ക്ക് സ്മരിയ്ക്കാന്‍ തന്റെ കാവ്യങ്ങളെ ഒരു ഉപകാരണമാക്കിയതായും 'ഓര്‍മ്മകളില്‍ ശ്രീ തകഴി' , 'അമ്മ തെരേസ്സ' എന്നീ കാവ്യങ്ങളില്‍ നിന്നും വ്യക്തമാണ്. 

വേണ്ടപ്പെട്ടവര്‍ എന്നും നമ്മുടെ അരികില്‍ ഉള്ളപ്പോള്‍ മനസ്സിലായില്ലെങ്കിലും അവര്‍ അരികിലില്ല     എന്ന്  തോന്നുമ്പോള്‍, ചില പ്രത്യേക സാഹചര്യങ്ങളില്‍ അവര്‍ക്കായുള്ള നൊമ്പരം 'ഒരു നെഞ്ചുവേദനയുടെ കഥ' എന്ന കാവ്യത്തില്‍ വാക്കുകളിലൂടെ എടുത്തുകാണിയ്ക്കുന്നു.  

ചില സമയങ്ങള്‍, ചില സാഹചര്യങ്ങള്‍ നമ്മളില്‍ പകരുന്ന നിരാശ, വിരക്തി എന്നീ വികാരങ്ങളെ എടുത്തുകാണിയ്ക്കാന്‍ 'അവതാരലക്ഷ്യം', 'ഏകാന്തത', 'പ്രേമവ്യഥ' എന്നീ കാവ്യ ശകലങ്ങള്‍ കവി ഉപയോഗപ്പെടുത്തിയിരിയ്ക്കുന്നു  
ചുരുക്കത്തില്‍, 76 കാവ്യങ്ങള്‍ അടങ്ങുന്ന 'അക്ഷരക്കൊയ്ത്ത്' എന്ന ഈ കാവ്യസമാഹാരത്തിലെ ഓരോ കാവ്യങ്ങള്‍ക്കും അതിന്റേതായ സൗരഭ്യവും, രുചിയും ഉണ്ട്. വളരെ ചുരുങ്ങിയ എന്റെ ഈ അക്ഷരങ്ങളിലൂടെ അക്ഷരക്കൊയ്ത്ത് എന്ന കാവ്യസമാഹാരത്തിന്റെ  ആസ്വാദന സുഖം, അല്ലെങ്കില്‍ അതിന്റെ വിശാലമായ ഭാവനാലോകം  പൂര്‍ണ്ണമായി പകരാന്‍ വാക്കുകള്‍ അപര്യാപ്തങ്ങളാണ്. ശ്രീ സുധീര്‍ പണിക്കവീട്ടിലിന്റെ ഈ കാവ്യ സമാഹാരത്തിലൂടെയുള്ള ഏതാനും മണിക്കൂറുകളുടെ യാത്ര ഓരോ വായന പ്രേമികള്‍ക്കും വ്യത്യസ്ഥമായ ഒരു അനുഭൂതി തന്നെയാകുമെന്ന വാഗ്ദാനത്താല്‍ ഞാനീ വരികള്‍ സഹൃദയസമക്ഷം സമര്‍പ്പിക്കുന്നു. പ്രണയാക്ഷരങ്ങളുടെ കൊയ്ത്തുകാരന് കാവ്യാംഗനയോടുള്ള ഈ പ്രണയം തുടരാനും, ഇനിയും ഒരുപാട് കാവ്യസമാഹാരങ്ങള്‍ക്കു ജന്മം നല്‍കാനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.


കോപ്പികള്‍ക്ക് : sudhirpanikkaveetil@gmail.com
പ്രണയാക്ഷരങ്ങളുടെ കൊയ്ത്തുകാരന്‍: സുധീര്‍ പണിക്കവീട്ടിലിന്റെ  അക്ഷരക്കൊയ്ത്ത്:  (ജ്യോതിലക്ഷ്മി നമ്പ്യാര്‍ തയ്യൂര്‍)
Join WhatsApp News
Vayanakaaran 2018-01-30 10:08:57
പുസ്തകം വായിക്കാൻ മോഹിപ്പിക്കുന്ന നിരൂപണം. ശ്രീ വേ റ്റവും പുസ്തകത്തിലെ പ്രണയത്തെപ്പറ്റി എഴുതിയിരുന്നു. എന്നാൽ ഒരു അമേരിക്കൻ മലയാളി എന്ന നിലയിൽ പുസ്തകം കാശു കൊടുത്ത് വാങ്ങാൻ താൽപ്പര്യമില്ല. ഇ_മലയാളിക്ക് ഈ പുസ്തകത്തിലെ ഓരോ കവിതകൾ വീതം പ്രസിദ്ധീകരിക്കാമോ.?വായിക്കാൻ ഇഷ്ടമുള്ള എന്നാൽ പുസ്തകം വാങ്ങിക്കാൻ കാശു മുടക്കാൻ മനസ്സില്ലാത്ത എന്നെപോലുള്ളവർക്ക് അത് സഹായകമാകും. ശ്രീമതി നമ്പ്യാർ,  താങ്കളുടെ ഭാഷയും അമ്പലത്തിൽ നിന്നും നേദിച്ച് കിട്ടുന്ന പ്രസാദം  പോലെ മധുരതരം. ഒരു അമ്പലവാസി സ്പർശം.
P R Girish Nair 2018-01-30 23:02:43
കവിതയെ കാമിനിയാക്കിയ കവി സുധിർ സാറിന് എല്ലാവിധ ആശംസകൾ. ആർക്കും വായിച്ചാൽ മനസിലാകുന്ന മനോഹരമായ കവിതകൾ ആണ് സാഹിത്യ പ്രേമികൾക്കായി കൊയ്തു ഇട്ടിരിക്കുന്നത് എന്നു നിരൂപണത്തിലൂടെ മനസിലായി. നിരൂപണം വളരെ ഭംഗിയായിരിക്കുന്നു.  അപ്പോൾ കവിത സമാഹാരം എത്ര മികവുറ്റതായിരിക്കും എന്നു  ഊഹിക്കാവുന്നതാണല്ലോ.

ശ്രീമതി ജ്യോതിലക്ഷ്‌മി നിരൂപണത്തിലും തൻ്റെ കഴിവ് പ്രകടമാക്കിയിരിക്കുന്നു. എല്ലാവിധ ആശംസകളും.

Amerikkan Mollaakka 2018-01-31 14:40:13
അസ്സലാം അലൈക്കും ഇ മലയാളി !! നിങ്ങടെ എയ്ത്തുകാരും നിരൂപകരും ബല്ലാത്ത പഹയന്മാർ തന്നെ. ഒന്നും മനസ്സിലാകാത്ത കവിത , എഴുതുന്നവർക്ക് ഒരു അവാർഡ്
കൊടുക്കുന്ന കാര്യം ആലോസിക്കണം. ഇവിടത്തെ ആധുനിക കവികൾ ഒന്നിച്ച് കൂടി കൂവ്വണം. ശക്തനായ കവിയും ലേഖകകനുമായ    ജയൻ വർഗീസിനെ ജഡ്ജിയായി നിയമിച്ചാൽ
സത്യസന്ധമായി അദ്ദ്ദേഹം ആധുനികനെ കണ്ട് പിടിച്ച് തരും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക