Image

ഒരു അനശ്വര സ്മൃതിയുടെ സപ്തതി (ഡി. ബാബു പോള്‍)

Published on 30 January, 2018
ഒരു അനശ്വര സ്മൃതിയുടെ സപ്തതി (ഡി. ബാബു പോള്‍)
മഹാത്മാഗാന്ധി അന്ത്യശ്വാസം വലിച്ചിട്ട് എഴുപത് സംവത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹം അന്ന് അന്തരിച്ചത് അദ്ദേഹത്തിന്റെ ഭാഗ്യം എന്നാണ് പറയേണ്ടത്. ഒന്നാലോചിച്ചാല്‍ ഭാരതത്തിനും അത് തന്നെ ആണ് നന്നായത് എന്നും പറയാം.

ആദ്യത്തെ പ്രസ്താവന ആദ്യം വിശദീകരിക്കാം. മഹാത്മാഗാന്ധി പൂര്‍ണ പുരുഷായുസ് തികയ്ക്കാന്‍ മോഹിച്ച ആളാണ് എന്ന് നമുക്കറിയാം. ആ മോഹം സാക്ഷാല്‍ക്കൃതമായെങ്കില്‍ 1989ല്‍ ആണ് അദ്ദേഹം കാലഗതി അടയുമായിരുന്നത്. എങ്കില്‍ ഗാന്ധിജി മൂന്ന് വ്യാഴവട്ടക്കാലം എങ്കിലും വിനോബാ ഭാവയെപ്പോലെ പാര്‍ശ്വവല്‍ക്കൃതനായോ സര്‍ക്കാരിന് അനഭിമതനായി വീട്ടുതടങ്കലില്‍ വിശ്രമിക്കുന്ന മുനിവര്യനായോ കഴിയേണ്ടിവരുമായിരുന്നു.

സാമ്പത്തിക രംഗത്ത് കേന്ദ്രീകൃതമായ ആസൂത്രണത്തിന് നെഹ്‌റു ഒരുമ്പെട്ടപ്പോള്‍ മുതല്‍ പ്രശ്‌നം തുടങ്ങുമായിരുന്നു. ആദ്യം ഭാരതീയന്‍, പിന്നെ ഹിന്ദു/മുസ്ലിം/സിഖ്/ക്രിസ്ത്യാനി എന്ന് പ്രഖ്യാപിച്ചിരുന്ന ഗാന്ധിജി ഒരു പൊതു സിവില്‍ കോഡിന് വേണ്ടി വാദിക്കുമായിരുന്നില്ലേ? മഹാത്മജി മരിച്ച് ഒരു വ്യാഴവട്ടം തികയുന്നതിന് മുന്‍പാണ് കേരളത്തില്‍ വിമോചന സമരവും ഈയെമ്മസിന്റെ പിരിച്ചുവിടലും ഉണ്ടായത്. ഗാന്ധിജി സെക്രട്ടേറിയറ്റ് നടയില്‍ നവഖാലിയും മറ്റും ഓര്‍ക്കുക നിരാഹാര സത്യഗ്രഹം നടത്തുമായിരുന്നില്ലേ? ഭാരതീയ ജീവിതത്തിന്റെ ഏത് മുഖം കണക്കിലെടുത്താലും ഗാന്ധിജിക്ക് സര്‍ക്കാരിനൊപ്പമോ കാലത്തിനൊപ്പമോ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല എന്ന് കാണാം. പീലാത്തോസ് കുരിശില്‍ തറച്ചില്ലായിരുന്നുവെങ്കില്‍ വൃദ്ധനായ ക്രിസ്തു മസാദയില്‍ ആത്മാഹുതി ചെയ്ത യഹൂദന്മാര്‍ക്ക് നേതൃത്വം കൊടുക്കുമായിരുന്നോ റോമാ ചക്രവര്‍ത്തി ടൈറ്റസിനോട് സന്ധി ചെയ്യുമായിരുന്നോ എന്ന് ചോദിക്കുമ്പോലെയാണ് ഇതൊക്കെ എന്നറിയാം. എങ്കിലും പറയാതെ വയ്യ, 1948ല്‍ ജീവിതത്തോട് വിട പറയാന്‍ കഴിഞ്ഞത് മഹാത്മജിയുടെ സൗഭാഗ്യം തന്നെയാണ്.

ഇനി രണ്ടാമത്തെ കാര്യം. മഹാത്മാ ഗാന്ധിയെ ഇന്ന് നാം വിഗ്രഹവല്‍ക്കരിച്ചിരിക്കുകയാണ്. അങ്ങനെ അദ്ദേഹത്തെ ആരാധിക്കുന്നവര്‍ പോലും പറയുമെന്ന് തോന്നുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതിയില്‍ മഹാത്മജി പറഞ്ഞതെല്ലാം അക്ഷരംപടി പ്രാവര്‍ത്തികമാക്കിക്കൊണ്ട് ഒരു ആധുനിക രാഷ്ട്രത്തിന് മുന്നേറാന്‍ ആകുമായിരുന്നു എന്ന്: യേശുക്രിസ്തു റോമന്‍ കത്തോലിക്കാ സഭയിലെ അംഗമായി റോമില്‍ താമസിക്കുകയായിരുന്നെങ്കില്‍ മാര്‍പ്പാപ്പയ്ക്ക് വത്തിക്കാനില്‍ സ്വൈര്യമായി കിടന്നുറങ്ങാന്‍ കഴിയുമായിരുന്നില്ല. ഏത് ഫ്രാന്‍സിസ് ആയാലും.

അതിനര്‍ത്ഥം സഭ ക്രിസ്തുവിനെ പൂര്‍ണ്ണമായി നിരാകരിച്ചു എന്നോ നിരാകരിക്കണം എന്നോ അല്ല. ക്രിസ്തു പറഞ്ഞുതന്ന കാലാതീത സത്യങ്ങള്‍ കാലാനുസൃതമായി പരാവര്‍ത്തനം ചെയ്യുകയാണ് സഭയുടെ ദൗത്യം. അതുപോലെ മഹാത്മജിയുടെ ആശയങ്ങള്‍ കാലാനുസൃതമായി പ്രയോഗിക്കാന്‍ കഴിയണം.

മഹാത്മജി ചര്‍ക്കയില്‍ നൂല്‍ നോറ്റു. അത് ഒരു പ്രതികരണവും ഒരു മാതൃകയും ആയിരുന്നു. ഭാരതത്തിന്റെ ദേശീയത, നമ്മുടെ പൈതൃകത്തോടുള്ള ആദരവ്, ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച് നമുക്ക് നല്‍കിയ വസ്ത്രങ്ങള്‍ അവര്‍ നമ്മെ ചൂഷണം ചെയ്തതിന്റെ ബാക്കി പത്രമാണ് എന്ന തിരിച്ചറിവ് ഒരു ജോലിയും മോശമല്ല എന്ന സന്ദേശം, എന്നിങ്ങനെ എന്തെല്ലാം ആണ് ആ ഒരു ആശയത്തിലൂടെ മഹാത്മജി നമുക്ക് നല്‍കിയത്? ആ സത്യം തിരിച്ചറിയാതെ മ്യാന്‍മറിലെ പട്ടാള ഭരണം ചെയ്തതുപോലെ ബ്രിട്ടീഷുകാര്‍ വരുന്നതിന് മുന്‍പുള്ള യുഗത്തിലേക്ക് മടങ്ങിപ്പോകണം എന്നതാണ് ചര്‍ക്കയുടെ സന്ദേശം എന്ന് വ്യാഖ്യാനിക്കരുത്.

വ്യവസായ വിപ്‌ളവം ഒരുക്കിയ അവസരം നഷ്ടപ്പെട്ടവരാണ് നാം. അതുകൊണ്ട് ആധുനിക വ്യവസായങ്ങള്‍ വേണ്ട എന്നല്ലല്ലോ പറയേണ്ടത്. വ്യവസായ വിപ്‌ളവത്തിന്റെ ഗുണഭോക്താക്കളായ രാഷ്ട്രങ്ങളുടെ അനുഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അവര്‍ക്കൊപ്പം എത്താന്‍ തവളച്ചാട്ടം നടത്തുകയായിരുന്നു ചരിത്രം നമുക്ക് നിര്‍ണ്ണയിച്ചു നല്‍കിയ കര്‍ത്തവ്യം. ജവഹര്‍ലാല്‍ നെഹ്‌റു സ്വാതന്ത്ര്യത്തിന്റെ ആദ്യ നാളുകളില്‍ ചെയ്തത് അതാണ്. ശക്തമായ ഒരു വ്യാവസായികാടിസ്ഥാനം അങ്ങനെ ഭാരതത്തിന് കൈവന്നു.

അന്ന് സോവിയറ്റ് മാതൃക എന്ന പേരില്‍ അതിനെ വിമര്‍ശിച്ചവരുണ്ട്. സ്വന്തമായി കാര്‍ ഉണ്ടാക്കാതെ അമേരിക്കന്‍ കാറുകള്‍ കൊണ്ട് തെരുവീഥികള്‍ അലങ്കരിച്ച പാകിസ്ഥാന്‍ തിരഞ്ഞെടുത്തതാണ് ശരിയായ വഴി എന്ന് ചിന്തിച്ചവരും ഉണ്ട്, എന്നാല്‍ നമ്മുടേതായിരുന്നു ശരിയായ വഴി എന്ന് കാലം തെളിയിച്ചു.

മഹാത്മജി ജീവിച്ചിരുന്നുവെങ്കില്‍ ഭിലായ് പ്‌ളാന്റിന്റെ ഉദ്ഘാടന ദിവസം ''ഇതല്ല വികസനം' എന്ന് ഒരു എഡിറ്റോറിയല്‍ എഴുതുമായിരുന്നുവോ? ഏതായാലും ഒന്നുറപ്പാണ്:ഗാന്ധിജി വിഭാവനം ചെയ്ത നടപടിക്രമങ്ങളില്‍ അത്തരം പരിപാടികള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ നെഹ്‌റുവിന്റേത് ഗാന്ധിജിയെ ഉപേക്ഷിക്കുന്ന നടപടി ആയിരുന്നില്ല. ഭാരതത്തിന്റെ സ്വയം പര്യാപ്തത ഗാന്ധിജിയുടെ സ്വപ്നം ആയിരുന്നു. ആ കാലാതീതാശയത്തിന്റെ കാലാനുസൃതമായ ആവിഷ്കാരമാണ് നെഹ്‌റു നിര്‍മ്മിച്ചത്.

കാലം അവിടെയും നിലച്ചില്ല. ഇന്ന് സൂര്യാസ്തമയോന്മുഖ വ്യവസായങ്ങള്‍ സണ്‍സെറ്റ് ഇന്‍ഡസ്ട്രീസ് എന്ന് വിവരിക്കപ്പെടുന്നവ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ അനിവാര്യം ആയിരുന്നത് പോലെ തന്നെ അനിവാര്യമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ വ്യവസായങ്ങളും. അതുകൊണ്ട് ഗാന്ധി കാണാത്തതാണ് നെഹ്‌റു ചെയ്തത് എന്നത് പോലെ തന്നെ പ്രധാനമാണ് നെഹ്‌റു നിറുത്തിയിടത്ത് നമുക്ക് നിറുത്താനാവുമായിരുന്നില്ല എന്ന തിരിച്ചറിവും.<യൃ />
അതായത് ഭാരതം ഗാന്ധിയെ അവഗണിക്കുകയോ നിരാകരിക്കുകയോ അല്ല ചെയ്തത്, രാഷ്ട്രപിതാവിന്റെ സ്വപ്നത്തിന് കാലാനുസൃതമാനം നല്‍കുകയായിരുന്നു.

മഹാത്മജി സ്വതന്ത്ര ഭാരതത്തെ ഇന്നും സ്വാധീനിച്ചുകൊണ്ടിരിക്കുന്ന മേഖലകള്‍ ഉണ്ട്.
അഹിംസ അപ്രായോഗികമാണ് എന്ന് തോന്നിയേക്കാം. എന്നാല്‍ ഇന്നും നമ്മുടെ പൊതുജീവിതത്തില്‍ മഹാത്മജിയുടെ സ്വാധീനത വ്യക്തമായി വരച്ചിടുന്നത് അദ്ദേഹത്തിന്റെ അഹിംസ, സത്യഗ്രഹം എന്നീ ആശയങ്ങളാണ്. ഭഗത് സിംഗിനോട് ഗാന്ധിജി പറഞ്ഞതാണല്ലോ ഹിംസ ഹിംസയെ ജനിപ്പിക്കുമെന്ന്. കാശ്മീര്‍ താഴ്&്വംിഷ;വരയിലും നക്‌സലൈറ്റുകള്‍ വിഹരിക്കുന്ന പ്രദേശങ്ങളിലും നാം കാണുന്നത് മഹാത്മജിയുടെ ദര്‍ശനത്തെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ്. അതേ സമയം ഭാരത വര്‍ഷത്തിലെ മിക്ക ഇടങ്ങളിലും നമ്മുടെ പൊതു ജീവിതത്തിന്റെ മിക്ക തലങ്ങളിലും നാം അനുദിനം കാണുന്നത് സമാധാനപരമായ പ്രതിഷേധങ്ങളാണ്. ഇത് വ്യക്തമായ ഒരു ഗാന്ധിയന്‍ സ്വാധീനമാണ് എന്ന് കാണാന്‍ കഴിയും.

ഗാന്ധിജിയുടെ സ്വാധീനത വ്യക്തമായി പ്രതിഫലിക്കുന്ന മറ്റൊരു മണ്ഡലം പരിസ്ഥിതി സംരക്ഷണമാണ് എന്ന് തോന്നുന്നു. അത് ഗാന്ധിജി കണ്ടെത്തിയ പുതുപുത്തന്‍ ആശയം ഒന്നും അല്ല. ഇന്ന് ലോകവും ഭാരതവും അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മഹാത്മജി നേരിട്ടറിഞ്ഞതുമല്ല. എന്നാല്‍ മനുഷ്യന്‍ പ്രകൃതിയെ സ്‌നേഹിക്കണം എന്നും പ്രകൃതിയുമായി സമരസപ്പെട്ട് ജീവിക്കണം എന്നും ഗാന്ധിജി വിശ്വസിച്ചു. ഭാരതം മറക്കാതെ സൂക്ഷിക്കുന്ന ഒരു ഗാന്ധിയന്‍ ആശയമാണ് അത്.

രാഷ്ട്രീയത്തിലെന്നല്ല ഏത് ജീവിതവ്യവഹാരത്തിലും നേതൃ സ്ഥാനത്തിരിക്കുന്നവര്‍ സ്ഥലകാല പരിമിതികള്‍ക്കതീതമായി ഗാന്ധിജിയില്‍ നിന്ന് പഠിക്കേണ്ട രണ്ട് സംഗതികള്‍ കൂടെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ ഗാന്ധിവിചാരം ഉപസംഹരിക്കാം.

ഒന്ന് : അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന് തിരിച്ചറിയാനുള്ള കഴിവാണ്. മറ്റേത്, നേതാക്കന്മാരെ വാര്‍ത്തെടുക്കാനുള്ള കഴിവും.

സ്വന്തം ആശ്രമത്തില്‍ ബാപുജി ഏകാധിപതിയെ പോലെ ആണ് പെരുമാറിയത്. താന്‍ പിടിച്ച മുയലുകള്‍ക്കെല്ലാം ആ വളപ്പില്‍ കൊമ്പുണ്ടായിരുന്നു എന്ന് മാത്രം അല്ല കൊമ്പുകളുടെ എണ്ണം കൃത്യം മൂന്ന് തന്നെ ആയിരന്നു എന്നും ശഠിച്ച ഏകാധിപതി.

പൊതു ജീവിതത്തില്‍ അതായിരുന്നില്ല സമീപനം. ടാഗോറും ഗാന്ധിയും തമ്മില്‍ അഭിപ്രായഭേദങ്ങള്‍ ഉണ്ടായിരുന്നു. ഗാന്ധി ഫലഭൂയിഷ്ഠമായ ഗോതമ്പുവയലും ടാഗോര്‍ ചേതോഹരമായ പനിനീര്‍പ്പൂന്തോട്ടവും ആണ് എന്ന് പറഞ്ഞത് ലൂയി ഫിഷര്‍ ആണെന്ന് തോന്നുന്നു. ചര്‍ക്കയിലൂടെ മോചനം എന്നത് ടാഗോറിന് സ്വീകാര്യമായിരുന്നില്ല. കവി സ്വപ്നജീവിയാണ് എന്ന് ഗാന്ധിയും കരുതി. എന്നാല്‍അവരുടെ ബന്ധത്തെ നിര്‍വചിച്ചത് പരസ്പര സ്‌നേഹവും ആദരവും ആയിരുന്നു,

അംബേദ്കറും ഗാന്ധിജിയും തമ്മിലുള്ള ബന്ധത്തിലും ഇത് കാണാം. ടാഗോറുമായി ഉണ്ടായതിനെക്കള്‍ ശബ്ദമുഖരിതമായിരുന്നു അംബേദ്കറുമായുള്ള മതഭേദം. ആ വിവാദത്തിന്റെ അടിത്തറ കൂടുതല്‍ മൗലികവും ആയിരുന്നു. ദളിതരുടെ വ്യതിരിക്ത വ്യക്തിത്വം സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തില്‍ അപ്രസക്തമാണ് എന്ന് കരുതുന്നയാളും ഹിന്ദുമതത്തിലെ വര്‍ണ്ണ വ്യവസ്ഥയില്‍ ദളിത വിമോചനം തീര്‍ത്തും അസാധ്യമാണ് എന്ന് കരുതുന്നയാളും തമ്മില്‍ ഉള്ള തര്‍ക്കം ആയിരുന്നുവല്ലോ അത്. എന്നാല്‍ അവിടെയും അംബേദ്കറെ വ്യക്തിപരമായി ആദരവോടെ കാണാന്‍ ഗാന്ധിജിക്ക് കഴിഞ്ഞിരുന്നു.

രണ്ടാമത്തെ സംഗതി നേതാക്കളെ വാര്‍ത്തെടുക്കാന്‍ ഗാന്ധിജിക്ക് ഉണ്ടായിരുന്ന കഴിവാണ്. നെഹ്‌റുവിനോ പട്ടേലിനോ അംബേദ്കര്‍ക്കോ ടാഗോറിനോ ഒന്നും അത് കഴിഞ്ഞില്ല. അവര്‍ക്ക് ഒന്നുകില്‍ സുഹൃത്ത് അല്ലശങ്കില്‍ ശത്രു എന്ന മട്ടിലുള്ള ബന്ധങ്ങളാണ് ഉണ്ടായിരുന്നത്. ഗാന്ധിജി അങ്ങനെ ആയിരുന്നില്ല. മോട്ടിലാലിന്റെ മകനും ബിലാത്തിയില്‍ പഠിച്ചവനും ആയ നെഹ്‌റു, ഭാരതീയതയുടെ പ്രതീകമായിരുന്ന ഉരുക്കുമനുഷ്യന്‍ പട്ടേല്‍, ബുദ്ധിരാക്ഷസനും ദീര്‍ഘവീക്ഷണപടുവും യൗവനത്തില്‍ തന്നെ ജ്ഞാന വൃദ്ധനും ആയിരുന്ന രാജഗോപാലാചാരി ഇവരെയൊക്കെ ഒപ്പം കൊണ്ടുനടന്ന് അവരിലെ നേതൃത്വ സിദ്ധികള്‍വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

രാഷ്ട്രം ഗാന്ധിജിയുടെ ഓര്‍മ്മ വീണ്ടും പുതുക്കുമ്പോള്‍ മഹാത്മാഗാന്ധിയെ എം.ജി. ആക്കി ചുരുക്കുന്ന വര്‍ത്തമാനകാല സമൂഹത്തിന് ആ ജീവിതത്തില്‍ നിന്ന് പഠിച്ചെടുക്കാനുള്ള പാഠങ്ങള്‍ ഇനിയും ബാക്കിയാണ് എന്ന് പറഞ്ഞു നിറുത്താം.
Join WhatsApp News
George Neduvelil, Florida 2018-02-04 22:53:47

 

പ്രിയപ്പെട്ട ബാബു പോൾ,

പലർക്കും അറിയാവുന്ന, എന്നാൽ അറിയില്ലെന്ന് നടിക്കുന്ന ചില കേവല സത്യങ്ങൾ താങ്കൾ വിളിച്ചു പറഞ്ഞിരിക്കുന്നു.

   വിനോബാ ഭാവയെപ്പോലെ തഴയപ്പെടുക!. സർക്കാറിന്‌ താൽപര്യമുള്ള സർക്കസ് കളിക്കാത്തതിന് ഗാന്ധിജി വീട്ടുതടങ്കലിൽ കഴിയേണ്ടി വരുക!. മൗനവ്രതം അവലംബിച്ചു വർത്തിക്കുക!. സ്വാതന്ത്ര്യത്തിൻറെ ആദ്യ പതിറ്റാണ്ടുകളിലെ ദേശസ്നേഹികൾ അത്‌ സഹിക്കുമായിരുന്നില്ല!. നെഹ്രുവിനെപ്പറ്റി S.K പാട്ടീൽ പറഞ്ഞത് ഇവിടെ പ്രസക്തമാണ്: "Nehru is a big banyan tree under which nothing can grow properly".

   യേശുക്രിസ്തുവിനെപ്പറ്റി താങ്കൾ പറഞ്ഞതും എത്രയോ പരമാർത്ഥം. ക്രിസ്തു റോമിൽ ജീവിച്ചിരുന്നെങ്കിൽ, മതനിന്ദവിചാരണക്കോടതി (holy inquisition) അദ്ദേഹത്തെ സകല പങ്കപ്പാടുകൾക്കും വിധേയമാക്കിയശേഷം ചുട്ടുചാമ്പലാക്കിയേനെ. എന്തിന്, ഇന്ന് യേശുക്രിസ്തു കേരളത്തിലെങ്ങാനും വന്ന് പണ്ട് പറഞ്ഞ കാര്യങ്ങളെങ്ങാനും മിണ്ടിപ്പോയാൽ:മെത്രാന്മാരും ധ്യാനഗുരുക്കളും, അവരുടെ തൊഴി കൊള്ളുമ്പോൾ തൊഴുന്ന അടിമകളായ കുറെ വിശ്വാസികളും ചേർന്ന്, അദ്ദേഹത്തെ പള്ളിയുടെ പരിലാണനത്തിൽ പരിലസിക്കുന്ന വിശുദ്ധ കൊട്ടേഷൻ സംഘത്തിന് ഏൽപ്പിച്ചു കൊടുത്തതു തന്നെ!. ഫ്രാൻസിസ് പാപ്പാ കേരളത്തിൽ കാലുകുത്തിയാലും തഥൈവ.                 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക