Image

മഴയനക്കങ്ങളില്‍ ഒരു ഗീഥ (ഡോ. നന്ദകുമാര്‍ ചാണയില്‍)

Published on 30 January, 2018
 മഴയനക്കങ്ങളില്‍ ഒരു ഗീഥ (ഡോ. നന്ദകുമാര്‍ ചാണയില്‍)

എന്റെ ചെറുപ്പത്തില്‍, ചങ്ങമ്പുഴ, കവിത്രയങ്ങള്‍, ജി, വൈലോപ്പിള്ളി, പി, കുഞ്ഞുണ്ണിമാഷ് എന്നീ കവികളുടെ കവിതകള്‍ കേട്ടും, വായിച്ചു രസിച്ചും മനഃപാഠമാക്കി വളര്‍ന്നുവന്ന ഞാന്‍ ആധുനികവും അത്യാധുനികവുമായ കവിതാ ലോകത്തെ വളരെ അമ്പരപ്പോടെയാണ് വീക്ഷിക്കാനിട വന്നത്. പല അത്യന്താധുനിക കവിതകള്‍ വായിക്കാനിട വന്നെങ്കിലും എന്റെ ശുഷ്കമായി വരുന്ന ബുദ്ധിമണ്ഡലത്തില്‍ അവ തങ്ങിനിന്നില്ല; പ്രത്യേകിച്ചും ആദ്യവായനകളില്‍. 

പിന്നെ, ഏറ്റവും ശ്രമകരമായി അനുഭവപ്പെട്ടത്, വരികള്‍ക്കിടയില്‍ പറയാതെ പറയുന്ന ആശയങ്ങളും അവയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹാര്‍ത്ഥങ്ങളും, വ്യംഗ്യ ഭാഷയും അപഗ്രഥിച്ചെടുക്കുന്നതിലുമാണ്. പഴഞ്ചന്‍ ശൈലിയും രീതിയും പരിചയിച്ചു വന്ന മസ്തിഷ്കം  ആധുനികതയുമായി പൊരുത്തപ്പെടാന്‍ പറ്റാത്തതിലുള്ള ബലഹീനതയാകാം. 

ഇപ്പോള്‍ ആധുനിക, ഉത്തരാധുനിക, അത്യന്താധുനിക കവിതകളെ പിന്നിട്ട് കവിതാപ്രസ്ഥാനം പൊതു കവിത, സമകാലിക കവിത, സൈബര്‍ കവിത എന്നിടം വരെ എത്തി നില്ക്കുകയാണ്. ഒരു വസ്തുത സുതാര്യമായി വേറിട്ടുനില്‍ക്കുന്നു. പഴയ കാലഘട്ടത്തില്‍, കവിതാലോകം അഭ്യസ്തവിദ്യരായ ചുരുക്കം ചിലരുടെ വിഹാര രംഗമായി വിലസിയിരുന്നെങ്കില്‍, പുതിയ കാലഘട്ടത്തില്‍ അത് സാര്‍വ്വജനകീയമായിരിക്കുന്നു. 

പലരാഷ്ട്രങ്ങളിലേയും നാമമാത്ര ജനായത്തഭരണം പോലല്ല കേട്ടോ. തത്ഫലമായി കവിതാ സാഹിത്യലോകത്ത് ഒരു ബഹുസ്വരത ലഭ്യമായിട്ടുണ്. അതിനാല്‍ ഈ തലമുറയ്ക്ക് പല പല വിഷയങ്ങളിലും ആശയങ്ങളിലും സര്‍വ്വതതന്ത്ര സ്വതന്ത്രരായി രംഗപ്രവേശനം ചെയ്യാനുള്ള അവസരം തരമായി. അതോടൊപ്പം തന്നെ ഒരു കാലത്ത് ഗോപ്യമാക്കി വച്ച് പറയാന്‍ അറച്ചിരുന്നതോ, മടിച്ചിരുന്നതോ ആയ അശ്ലീലച്ചുവയുള്ള എന്നു ധരിച്ചിരുന്ന വാക്കുകളും, സൂചകകങ്ങളും, ആശയങ്ങളും ഒട്ടും മറകൂടാതെ സംവദിക്കാനുള്ള പ്രാപ്തി കൈവരിച്ചു. 

ഇത്രയും ആമുഖമായി പറയാനൊരുങ്ങിയത് ഞാനൊരു കരകേറാക്കയത്തിലിറങ്ങി എന്ന തോന്നലു കൊണ്ടാണ്. 2017 ഒക്‌ടോബര്‍ ആദ്യവാരം ന്യൂയോര്‍ക്കില്‍ വെച്ചു നടന്ന ലാനാ സമ്മേളനത്തിനിടെ, സുപ്രസിദ്ധ ആധുനിക കവി (കവയിത്രി എന്ന പദം കാലഹരണപ്പെട്ടല്ലോ; അല്ലേ) ശ്രീമതി ഗീത രാജന്‍, അവരുടെ ‘മഴയനക്കങ്ങള്‍’ എന്ന കവിതാസമാഹാരം എനിക്കു തന്നപ്പോഴാണ് എന്റെ കര്‍ത്തവ്യത്തില്‍ എനിക്കനുഭവപ്പെട്ട ക്ലിഷ്ടത ബോധ്യമായത്. എന്റെ എളിയ ബുദ്ധിയില്‍ ഉദിച്ച വിശകലനവും കവി ഉദ്ദേശിച്ചതും തമ്മില്‍ ഘടക വിരുദ്ധമായി വല്ല പരാമര്‍ശവും ഉണ്ടെങ്കില്‍ കവിയും വായനക്കാരും എന്നോടു പൊറുക്കൂ.

ഗീത രാജന്‍ കവിതകള്‍, മുഖ്യധാരയിലും പ്രവാസ മലയാളി പ്രസിദ്ധീകരണങ്ങളിലും തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടു, പ്രശസ്തി ആര്‍ജ്ജിച്ച വ്യക്തിയാണ്. ഗീതയുടെ കവിത വായിക്കുമ്പോഴറിയാം ജനിച്ചു വളര്‍ന്ന ജന്മഭൂമിയുമായുള്ള ഗൃഹാതുരത്വത്തില്‍ നിന്നും മുക്തയല്ലെന്നും അതേസമയം പറിച്ചുനടപ്പെട്ട പ്രവാസ സമ്പ്രദായമായ വടക്കനമേരിക്കന്‍ സംസ്ക്കാരവുമായി  ഇഴുകിച്ചേര്‍ന്നിരിക്കുകയാണെന്നും. ‘മഴയനക്കങ്ങള്‍’ എന്ന ആദ്യ കവിതയിലെ ‘കണ്ണുകളില്‍ നിറഞ്ഞ നിലാവില്‍ ചെമ്പക പൂവിന്‍ മണം പരന്നൊഴുകാന്‍ തുടങ്ങിയതും’, ‘വാല്‍നക്ഷത്രം അടയാളപ്പെടുത്തുന്നതിലെ’, ‘മനസ്സിന്റെ ചായ്പില്‍ പതുങ്ങി കിടക്കും മയില്‍പ്പീലി തുണ്ടിനെ‘! ‘ചെമ്പകം മണക്കുന്ന സ്വപ്നങ്ങളുടെ രാവിനെ’ എന്നീ വരികള്‍ ഗൃഹാതുരത്വമുണര്‍ത്തുന്നതിന്റെ സാക്ഷ്യമല്ലേ? ‘ഓണക്കാഴ്ച’യാകട്ടെ നഖശിഖാന്തം ഗൃഹാതുരത്വം മുറ്റിനില്‍ക്കുന്നു.

‘അപ്പോഴും ഭൂമി കറങ്ങിക്കൊണ്ടിരുന്നു’-വിലെ, അമ്മയെ മോഡല്‍ ആക്കിയതുകൊണ്ടായിരിക്കും ചേച്ചിയും ബോയ്ഫ്രണ്ടിനോടൊപ്പം കറങ്ങി നടക്കുന്നത്, പരാമര്‍ നിറച്ച ബ്രാണ്ടിക്കുപ്പി, ‘കറുത്ത സുന്ദരി’ക്ക് ഡേറ്റിംഗ്, മീറ്റിംഗിലൂടെ പതിമൂന്നാം വയസ്സില്‍ ഗര്‍ഭഭാരം പേറേണ്ടി വന്നത് എന്നീ പരാമര്‍ശങ്ങള്‍ ഇവിടത്തെ ചിലരുടെ പെരുമാറ്റ രീതികളേയും ഓര്‍മ്മിപ്പിക്കുന്നു.

സാഹിതീസപര്യയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളുടെ രചനകളില്‍, ഞാന്‍ അനുഭവിച്ചറിഞ്ഞ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ അനുരണനങ്ങള്‍ ദര്‍ശിക്കുക അസാധാരണമല്ല. ആ കോണിലൂടെ വീക്ഷിക്കുമ്പോള്‍, 50 കവിതകളുള്ള ഈ സമാഹാരത്തിലെ മിക്ക കവിതകളിലും ഏകാന്തതയും വ്യഥയും സ്ഥായി ആയ ചേതോവികാരങ്ങളായി തോന്നി. എന്തുകൊണ്ടോ ഏകാന്തത പലപ്പോഴും അനുഭവിക്കാനിട വന്നതു കൊണ്ടുള്ള കവിയുടെ ഒറ്റപ്പെടലിന്റെ ഉപോല്‍പ്പന്നമാണോ ഈ വ്യഥ?

ആദ്യ കവിതയില്‍, ആമുഖമില്ലാത്ത പുസ്തകം മറിച്ചു മറിച്ചു വായിക്കുന്നതിനിടെ, സ്മൃതിയുടെ ആഴക്കടലിലേക്ക് പൂഴ്ത്താന്‍ ശ്രമിച്ച് ഒളിപ്പിച്ചുവെച്ചിരുന്ന ഓര്‍മ്മകള്‍ പ്രക്ഷുബ്ധമായ കടലിലെ തിരമാലകള്‍ അലയടിച്ചു തുടങ്ങവേ, കെട്ടുപൊട്ടിച്ച് ഒരഗ്നിയായ് കത്തിപ്പടര്‍ന്നതും മറ്റും, സംക്ഷിപ്ത വര്‍ണ്ണനയിലൂടെ ഹൃദയാര്‍ജ്ജവമാക്കിയിട്ടുണ്ട്. കഥാപാത്രം ചോദിക്കുന്നു, ‘ഇനിയും എങ്ങിനെയാണ് നിന്നെ വിവര്‍ത്തനം ചെയ്യുന്നതെ’ന്ന്. ഈ സൂചകത്തിലൂടെ ഒരുപാടു കാര്യങ്ങള്‍ പറയാതെ പറഞ്ഞുവെക്കുന്നുണ്ട്.

അകന്നകന്നും വളഞ്ഞുപുളഞ്ഞും പോകുന്നൊരു തീവണ്ടിപ്പാതപോലെ നീണ്ടുപോകുന്ന ജീവിതയാത്രയിലും മുറിച്ചുകടക്കാനോ, കുതിച്ചുചാടാനോ കഴിയായ്കയില്ല, മറിച്ച് അങ്ങിനെ ചെയ്താലുള്ള ഭവിഷ്യത്താണ് ആ ആവേഗത്തെ തടുക്കുന്നത്. ശുഭാപ്തിവിശ്വാസത്തോടെ ആംഭിച്ച ജീവിതത്തിന്റെ ആദ്യയാമങ്ങളില്‍ കുടുംബചിത്രം സ്വീകരണമുറിയില്‍ പ്രദര്‍ശിപ്പിക്കാന്‍ വ്യഗ്രത കാണിച്ചു. പക്ഷേ കാലാന്തരേണ ചിതലരിച്ചുപോകുന്ന രാത്രികള്‍, ചുവരിലെ ആണിയില്‍ തൂങ്ങുന്ന ചില്ലുകൂട്ടിലെ അന്നത്തെ സന്തുഷ്ടകുടുംബത്തെ നോക്കി പരിഹസിക്കുന്ന ഒരു പ്രതിച്ഛായകവി ‘ജീവിതം പരിഭാഷപ്പെടുത്തുമ്പോള്‍’ എന്ന കവിതയില്‍ അനുവാചകന് വരച്ചുകാണിക്കുന്നില്ലേ?

ശീര്‍ഷക കവിതയില്‍ മിതമായ വാക്കുകളില്‍ ഒരു ഇരുണ്ടരാത്രിയെ വായനക്കാരന് പരിചയപ്പെടുത്തുന്നു. അങ്ങിനെ പ്രതീക്ഷയോടെ വായനയ്ക്കും എഴുത്തിനുമായി തേച്ചുമിനുക്കി സൂക്ഷിച്ചൊരു രാത്രിയില്‍ പിറക്കാനിരിക്കുന്ന കവിതകള്‍, വെളിച്ചം കാണാതെ ഒളിച്ചോടി. മഴയെ കാറ്റടിച്ചുകൊണ്ടുപോകുന്നതുപോലെ, വിരുന്നുവന്ന രാത്രി നിദ്രയെ പറപറത്തിയതായും കവി കേഴുന്നു.

ആഴങ്ങളിലേക്കൊരു വാതില്‍ സുനാമിയുടെ രുദ്രതാണ്ഡവം ബിബോദ്യോതുകങ്ങളിലൂടെ ഭംഗിയായി വര്‍ണ്ണിക്കുന്നു. കടല്‍ കാണുമ്പോഴൊക്കെ കവിയുടെ മനം മഥിക്കുന്ന ദാരുണമായ ഓര്‍മ്മകള്‍ നമ്മുടെ മനസ്സുകളേയും ഇളക്കി മറിക്കുന്നു. തിരകളിലൂടെ അലഞ്ഞുനടന്നു ഇണയെ തേടുന്ന ഒറ്റച്ചെരുപ്പ് നല്ലൊരു പ്രതീകാത്മകവര്‍ണ്ണനയാണ്. ആഴിയുടെ മടിത്തട്ടിലേക്ക് കുടുങ്ങിപ്പോയ ഒരുപാട് മോഹങ്ങള്‍ താലോലിച്ച് മല്ല നാളെകളെ സ്വപ്നം കണ്ടിരുന്നവരുടെ തേങ്ങലുകളും രോദനങ്ങളും കവിയുടെ ലോലമനസ്സ് ആവാഹിച്ചെടുത്തതായി വായനക്കാരനും അനുഭവപ്പെടും.

‘നിന്റെ ആഴങ്ങളിലേക്ക് എത്തിപ്പെടാന്‍

വല്ലാതെ ഞാന്‍ കൊതിച്ചത്....

എന്നില്‍ ഒരു കടല്‍ തന്നെ

ഒളിഞ്ഞ് കിടക്കുന്നത്

കൊണ്ടായിരുന്നു!

ഉദാത്തമായ ഈ ഭാവനയ്ക്ക് അഭിനന്ദനങ്ങള്‍ കവി മനസ്സില്‍ നിലക്കാതെ ചെയ്തുകൊണ്ടിരിക്കുന്നത് പേമാരി ആയതുകൊണ്ടാവാം ചാറ്റുമഴ പോലും വലിയ ചലനങ്ങളായി രൂപാന്തരം പ്രാപിച്ച് ‘മഴയനക്കങ്ങള്‍ക്ക്’ ജന്മം കൊടുത്തത്.

ഏകാന്തത, ദയ, മ്ലാനത എന്നീ ദാരുണ വികാരങ്ങള്‍ക്കിടയിലും ഹാസ്യരസം ഇടക്കിടെ തലപൊക്കുന്നുണ്ട്. ‘അപ്പോഴും ഭൂമി കറങ്ങിക്കൊണ്ടിരുന്നു’, ‘സൂക്ഷിക്കണേ പെണ്ണേ’ എന്നീ കവിതകള്‍ ഹാസ്യരസപ്രദാനങ്ങളാണ്.

‘അരികിലെത്തുന്ന ദൂരം’, ‘സുഖമുള്ള നോവുകള്‍’, ‘അണച്ചുപിടിക്കാവുന്ന സ്വന്തം’ എന്നീ കവിതകള്‍ വിപരീതാര്‍ത്ഥ പദപ്രയോഗങ്ങള്‍ കൊണ്ട് (ഉദാഹരണം വാക്കുകളില്ലാത്ത വാചാലത) ചിന്തിപ്പിക്കുന്ന ദര്‍ശനങ്ങളുടെ ഒരു മാസ്മരിക വലയം തന്നെ സൃഷ്ടിച്ചിട്ടുണ്ട് കവി.

‘കാലം മായ്ക്കാത്ത മുറിവുകളി’ല്‍ തീവ്രവാദത്തിന്റെ വിശദാംശമേറ്റുകൊഴിഞ്ഞു വീഴുന്ന നിഷ്കളങ്കരായവരുടെ ദയനീത ആര്‍ദ്രതയോടെ ചിത്രീകരിച്ചിട്ടുണ്ട്.

ഓട്ടിസം എന്ന അസ്വാസ്ഥ്യം ബാധിച്ച കുട്ടികളെപ്പറ്റി എന്റെ പ്രവര്‍ത്തനമേഖലയില്‍ കണ്ടുമുട്ടിയിരിക്കാം. (സാന്ദര്‍ഭികമായി പറയട്ടെ, ഈ ലേഖകനും അങ്ങിനെയുള്ള കുട്ടികളുമായി ഇടപഴകാനുള്ള അവസരം ലഭിച്ചിട്ടുണ്ട്). ഈ കുട്ടികളുടെ ഇടയില്‍ ബുദ്ധിശാലികളേയും അല്ലാത്തവരേയും കണ്ടുമുട്ടുക പതിവാണ്. ‘ചൂണ്ടക്കാരന്റെ നിശ്ചലതയും വേട്ടക്കാരന്റെ വേഗതയും വന്നുപോകുന്നവനില്‍ അടയാളമൊന്നും ശേഷിപ്പിക്കാത്ത ഋതുക്കള്‍ പോലെ’! സങ്കടപ്പുഴകള്‍ നീന്താതെ സന്തോഷത്തിന്റെ കുന്നുകള്‍ കയറാതെ എന്നുള്ള വരികള്‍, അവക്കപ്പുറമുള്ള അര്‍ത്ഥതലങ്ങലില്‍ വ്യാപരിച്ചുകിടക്കുന്നു. ഇത്തരക്കാരില്‍ സങ്കടവും സന്തോഷവും ഒരുപക്ഷേ ഈ വികാരങ്ങളുടെ തീവ്രത ഒന്നും ശേഷിപ്പിക്കാതെ വന്നും പോയുമിരിക്കാം എന്നായിരിക്കും വിവക്ഷ.

‘കാഴ്ചക്കപ്പുറ’ത്തില്‍ ‘പൂക്കാത്ത കൊമ്പത്ത് പ്രതീക്ഷയുടെ മൊട്ടായി വിടരുന്ന’ അപൂര്‍വ്വകാഴ്ചയും കവി കാണിച്ചുതരുന്നു. ‘കാലം തെറ്റി പിറക്കുന്നവര്‍’ എന്ന കവിതയില്‍ കാലത്തിനുപോലും അപഭ്രംശം പറ്റിയോ, എന്നു തോന്നുമാറുള്ള ആത്മാക്കളെ കാണുമ്പോള്‍, കവിഹൃദയത്തിലും (നമ്മളിലും) വിശ്വാസത്തിന്റെ പട്ടട കത്തി എരിയുന്നു. കേവലം ഒമ്പതു വരികളുള്ള ‘മൂര്‍ച്ചയേറിയ’ എന്ന ഹ്രസ്വകവിത ‘മനഃസാക്ഷിയറ്റു പോയൊരു സമൂഹമനസ്സി’നു നേരെ വാചാലമായിത്തന്നെ തൂലികത്തുമ്പിലൂടെ കൂര്‍ത്തു മൂര്‍ച്ചയേറിയ ശരങ്ങള്‍ തൊടുത്തുവിടുന്നുണ്ട് നമ്മുടെ പ്രിയകവി.

‘കൊഴിഞ്ഞുപോകും നേരം... (ഫാള്) എന്ന കവിതയില്‍, ശിശിരാഗമനത്തോടെ, പൂവിന്റെ വര്‍ണ്ണാഭയും സൗന്ദര്യവും കൊഴിഞ്ഞുപോകുന്നതുകൊണ്ട് വിഹ്വലയായ അമ്മയുടെ വേദന വളരെ ലളിതമായി കവി ആവിഷ്ക്കരിച്ചിട്ടുണ്ട്. ‘വീണപൂവി’ലെ ‘ശ്രീഭൂവിലസ്ഥിരമസംശയമിന്നു പുനരങ്ങു കിടപ്പിതോര്‍ത്താല്‍’ എന്ന ആശാന്റെ വരികള്‍ ഓര്‍മ്മയിലെത്തുന്നു.

‘അമ്മയെ വായിച്ചറിഞ്ഞനാള്‍’ വായിക്കുന്നവര്‍ സ്ത്രീപുരുഷഭേദമന്യേ, ആകുലചിത്തരായ് മാതൃസ്‌നേഹം ഊട്ടിയുറപ്പിക്കാന്‍ പ്രചോദിതരായേക്കും. ‘ചിതല്‍ക്കാടുകള്‍’ പറയുന്ന ‘ചുക്കിച്ചുളിഞ്ഞ ചിതല്‍ക്കാടുകളി’ല്‍ സ്വസ്ഥത തിന്നുതീര്‍ക്കുന്ന സ്വാര്‍ത്ഥതകള്‍ എന്ന വരികള്‍ക്കിടയില്‍ ഒരുപാട് വായിക്കാനുണ്ട്, അറിയാനുണ്ട്.

ആക്ഷേപം, ഏകാന്തത, പ്രണയം, മഴ, ദയ, രോഷം, ഹാസ്യം എന്നീ ഭാവങ്ങളൊക്കെ ഈ കവിതാസമാഹാരത്തില്‍ സമൃദ്ധമാണ്. ഭാഷ ലളിതമെങ്കിലും, അദമ്യമാണ് ആശയഗാംഭീര്യം. കവിക്ക് ഈ ലേഖകന്റെ അനുമോദനങ്ങള്‍!!!

ശ്രദ്ധിക്കാനിടവന്ന ഒരു കാര്യം ചൂണ്ടിക്കാണിച്ചില്ലെങ്കില്‍, അത് കവിയോടു ചെയ്യുന്ന ഒരു കൃത്യവിലോപമായിരിക്കുമെന്ന് കരുതി കുറിക്കട്ടെ. (ദോഷൈക ദൃക് അല്ല കേട്ടോ). പലയിടത്തും കൂട്ടക്ഷരം വേണ്ടിടത്ത് ഇല്ലാതെ പോയതും, വേണ്ടാത്തിടത്ത് ഉള്ളതും ആയി വന്നുപോയിട്ടുണ്ട്. നോട്ടപ്പിശക് ആകാനേ തരമുള്ളൂ.

പ്രതിഭാശാലിയായ ഈ കവിക്ക് എല്ലാവിധ മംഗങ്ങളും നേരുന്നു. ഉത്തരോത്തരം ഉത്തമങ്ങളായ കവിതകള്‍ രചിക്കാന്‍ സരസ്വതീ ദേവി കടാക്ഷിക്കട്ടെ, എന്ന പ്രത്യാശയോടെ വിരമിക്കട്ടെ.

***********

Join WhatsApp News
Sudhir Panikkaveetil 2018-01-30 21:41:31
ആസ്വാദനം പുസ്തകപരിചയം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ഇ മലയാളി നൽകിയ സമ്മാനത്തിനര്ഹനായ ഡോക്ടർ നന്ദകുമാർ ഇ മലയാളിക്ക് അഭിമാനിക്കാൻ വക നൽകുന്നു ഈ പുസ്തകാവലോകനത്തിലൂടെ.  ശ്രീമതി ഗീത രാജനും ഡോക്ടർ നന്ദകുമാറിനും അഭിനന്ദനങ്ങൾ. 
Amerikkan Mollaakka 2018-01-31 14:46:02
ഡോക്റ്ററെ, ആധുനിക കവികളെക്കുറിച്ച് എഴുതാൻ നിങ്ങളെ കഴിഞ്ഞേ ആളുള്ളൂ.
ഇ മലയാളി നിങ്ങൾക്ക് തന്ന അവാർഡ്
ഇനിയും എല്ലാവരിൽ നിന്നും കിട്ടട്ടെ. മുബാറക്ക് . ഡോക്ടർ ബിരുദമുള്ള ഹരികുമാറിന്റെ കവിതകളെക്കുറിച്ച്  നിങ്ങൾ എഴുതണം. ഞമ്മന്റെ കരളേ, ഹരിയുടെ പൊരുളെ മുത്താണ് ഇജ്ജ്  ഞമ്മക്ക്. ഹരി എന്നാൽ പടച്ചോൻ എന്നും അർത്ഥമുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക