Image

കവി ഹരിയുടെ ആത്മഹത്യ (കവിത: പി.ഹരികുമാര്‍)

Published on 30 January, 2018
കവി ഹരിയുടെ ആത്മഹത്യ (കവിത: പി.ഹരികുമാര്‍)
കവി ഹരി
മുംബൈ നഗരത്തിലെ
ഇടപ്പള്ളി ക്രീക്കിന്റെ ആഴത്തിലേക്ക്
ചാടുകയാണുണ്ടായത്.

2

കൂലിവേലക്കാരനായിരുന്നു.
നാളുകളായി
കവിതയെഴുതണമെന്ന്
അസ്വസ്ഥനായിരുന്നു.

തന്റെ കൊതി കുത്തരി ചോറും
അമ്മയുടെ രാസ്‌നാദിയും
ഭാര്യയ്ക്ക് വെളിച്ചെണ്ണയും
കുട്ടികളുടെ പ്രിയ പിസയും
നഗരത്തില്‍
ദുഷ്ക്കരമെന്നതായിരുന്നു
പ്രധാന പ്രമേയം.

വാര്‍ഷിക, മാസിക,
ആഴ്ച, ദിനപ്പത്രങ്ങളിലെ
പാറാവുകാര്‍
കടത്തിയില്ല.
അപ്പൊഴാണ്,
മതിലും, ഭിത്തിയുമില്ലാത്ത
' എന്തൊക്കെയുണ്ട്?'എന്ന
നിമിഷപ്പത്രത്തില്‍
നേരിട്ടെഴുതാന്‍
അനുമതി ലഭിച്ചത്.
കവിത അണപൊട്ടി.
പ്രതികരണങ്ങള്‍ സുനാമിയായി.

'വെറും വായനക്കാര്‍ ' (വെറും.വാ)
എന്ന മുന്‍കൂര്‍ ജാമ്യത്തോടെ നിരൂപകര്‍
തങ്ങളുടെ
പോസ്റ്റ് മെറ്റാമോഡേണ്‍
ഫോറിന്‍ ടവലില്‍
ഹരി ഛര്‍ദ്ദിച്ചുവെന്ന് കേസ് കൊടുത്തു.
വെറും.വാ നേതാക്കള്‍
56 വെട്ടിയും, ചര്‍ക്കയിലിട്ടു കറക്കിയും,
താമര വളയം കൊണ്ട് വരിഞ്ഞുമുറുക്കിയും,
ചന്ദ്രക്കലകൊണ്ട് കോറി മുറിച്ചും,
വെറും.വാ മുതിര്‍ന്നവര്‍
വിഷമവൃത്തത്തിലിട്ട് ചുഴറ്റിയും
പ്രതിരോധിച്ചു.

മറ്റ് ഹരിമാര്‍ മാത്രം ഒപ്പം നിന്ന്
ട്രേഡ് യൂണിയനുവേണ്ടി
കവികളോട് കേണു.

"കക്കാന്‍ പഠിച്ചാല്‍
നില്‍ക്കാന്‍ പഠിക്കണ''മെന്ന്
നഗരകവികള്‍ വലിഞ്ഞു.
''എഴുതാനായാല്‍
മുറിയാനാകണ''മെന്ന്
യുവകവികള്‍ ആഹ്വാനിച്ചു.

വെറും.വാ വായനക്കാര്‍ മാത്രം
'എന്നെക്കുറിച്ചാണല്ലൊ' എന്ന്
അനുകമ്പ വിചാരിച്ചു.

ഹതാശനായി ഹരി
ഇടപ്പള്ളി ക്രീക്കിലേക്ക് ചാടി.

3

ആത്മഹത്യയറിഞ്ഞ്
മേല്‍പ്പറഞ്ഞവരെല്ലാം കരഞ്ഞു.
ക്രീക്കില്‍ വെള്ളം നിറഞ്ഞു.
വെള്ളത്തിലെ ഉപ്പും കവിഞ്ഞു.

4

എല്ലാമടങ്ങിയപ്പോള്‍
കവി ഹരി
കുത്തരിയും, രാസ്‌നാദിയും,
വെളിച്ചെണ്ണയും, പിസയും വാങ്ങി
വീട്ടിലെത്തി.
ക്രീക്കിന്റെ ത്രിശങ്കുവില്‍ വെച്ച്
കുടുംബ വിലാപം കേട്ട്
ആത്മഹത്യയില്‍ നിന്ന്
പിന്‍ വാങ്ങിയതായിരുന്നു.

5

കുടുംബത്തിന്റെ
നിര്‍ബന്ധപ്രകാരം
കവി ഹരി
മേലില്‍
നിമിഷപ്പത്രത്തിലെഴുതില്ലെന്ന് പ്രതിജ്ഞയെടുത്തു;
(നിമിഷനേരത്തേക്ക് മാത്രം!)
Join WhatsApp News
നാരദന്‍ 2018-01-31 06:35:52
ഹരി ഹരി ഹരിശ്രീ 
നേര്‍ ബുദ്ദി തോന്നട്ടെ 
വല്ലവരും തല്ലി  ഓടിക്കുന്നതിലും
നല്ലതല്ലേ അത്മഹത്യ .
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക