Image

എരിതീയില്‍ ജനം, ചിരിതൂകി ഭരണം (ജോര്‍ജ് കള്ളിവയലില്‍)

ഡല്‍ഹി ഡയറി/ജോര്‍ജ് കള്ളിവയലില്‍ Published on 31 January, 2018
എരിതീയില്‍ ജനം, ചിരിതൂകി ഭരണം (ജോര്‍ജ് കള്ളിവയലില്‍)
പെട്രോള്‍ വിലയ്ക്കു തീ പിടിച്ചു. ഇങ്ങനെ പോയാല്‍ നൂറിന്റെ ഒരു നോട്ട് കൊടുത്ത ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങേണ്ടി വരുന്ന കാലം അകലെയാകില്ല. സര്‍ക്കാരുകളുടെ തീവെട്ടിക്കൊള്ളയാണ്. പാവം ജനം എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് എടുത്തെറിയപ്പെടുന്നു. അരിയും പയര്‍വര്‍ഗങ്ങളും പച്ചക്കറികളും പാലും മുട്ടയും മത്സ്യ, മാംസാദികളും അടക്കം നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടി. പാചകവാതകത്തിനും മയമില്ലാതെ വില കൂട്ടി. 

വിദ്യാഭ്യാസം മുതല്‍ ഭവന നിര്‍മാണം വരെ എന്തിനും ഏതിനും ചെലവ് വളരെ ഉയര്‍ന്നു. സാധാരണക്കാരുടെയും കര്‍ഷകരുടെയും ഇടത്തരം തൊഴിലാളികളുടെയും വരുമാനം കൂടുന്നുമില്ല. കര്‍ഷക ലക്ഷങ്ങളുടെ വരുമാനം ഗണ്യമായി കുറയുകയും ചെയ്തു. വ്യവസായികള്‍, വലിയ ബിസിനസുകാര്‍, വന്‍കിട വ്യാപാരികള്‍ എന്നിവര്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വലിയ കമ്പനികളുടെ ജീവനക്കാരുടെയും മാത്രമാണ് വരുമാനം കൂടിയത്. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരും കര്‍ഷകരും തൊഴിലാളികളും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാകാതെ കടുത്ത പ്രതിസന്ധിയിലാണ്. 

ജനസേവനത്തിനായി ഭരണത്തിലെത്തിയവര്‍ പക്ഷേ കണ്ണില്‍ ചോരയില്ലാതെ സാധാരണക്കാരായ ജനകോടികളുടെ ചോര ഊറ്റിക്കുകയാണ്. കൊതുകുകളെ പോലെ. വിലക്കയറ്റത്തില്‍ ഇപ്പോള്‍ തന്നെ പൊറുതി മുട്ടുന്ന ജനത്തിന് നേര്‍ക്കുള്ള കൊടുംക്രൂരതയാണ് പെട്രോളിന്റെയും ഡീസലിന്റെയും നിത്യേനയുള്ള വില കൂട്ടല്‍. നല്ല ദിനങ്ങള്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരും കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരുമെല്ലാം പക്ഷേ ജനത്തെ കൂടുതല്‍ പിഴിയുകയാണ്. ജനജീവിതം ദുസഹമാക്കുകയും ചെയ്യുന്നു.

നികുതിയില്‍ മുക്കി പിഴിയുന്നു
----------------------------
ദിവസവും വില കൂട്ടി ചതിച്ച സര്‍ക്കാരുകള്‍ എരിതീയില്‍ വീണുരുകുന്ന ജനത്തെ നോക്കി ചിരിക്കുകയാകും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോളിയം ഉത്പന്നങ്ങളിന്മേല്‍ വില്‍പന വിലയുടെ 45 മുതല്‍ 52 ശതമാനം വരെയാണ് നികുതിയിനത്തില്‍ പിഴിയുന്നത്. രാജ്യത്താകെ ഏകീകൃത ചരക്കു സേവന നികുതി (ജിഎസ്ടി) വാഗ്ദാനം ചെയ്ത സര്‍ക്കാരുകള്‍ പെട്രോളിയത്തിന്റെ കാര്യത്തില്‍ കൊടുംവഞ്ചനയാണ് ജനത്തോട് ചെയ്തത്. പെട്രോളിനും ഡീസലിനും വില കൂടുമ്പോള്‍ രാജ്യത്താകെ വിലക്കയറ്റവും ജനജീവിതം കൂടുതല്‍ ദുരിതവുമാകും.

ജിഎസ്ടിയില്‍ പരമാവധി 28 ശതമാനം നികുതിയാണ് നിജപ്പെടുത്തിയത്. എന്നാല്‍, പെട്രോളും ഡീസലും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി 52 ശതമാനം വരെ നികുതി ചുമത്തുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിക്കുകയും ചെയ്തു. അല്ലെങ്കില്‍ ജനത്തിന്റെ മേല്‍ കുതിര കയറുന്നതില്‍ പാര്‍ട്ടികളും സര്‍ക്കാരുകളും എക്കാലവും മല്‍സരിക്കുന്നു. ഫലത്തില്‍, രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കഴിഞ്ഞ മൂന്നു വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. 

2014 ജൂലൈ ഒന്നിനു ശേഷം ആദ്യമായാണ് പെട്രോള്‍ വില റിക്കാര്‍ഡ് കയറ്റം കയറിയത്. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 80 രൂപയോളമായി. ഇന്നലെ 79.44 രൂപയാണ് ഉപഭോക്താക്കള്‍ നല്‍കേണ്ടി വന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.57 രൂപയാണ്. ഡല്‍ഹിയില്‍ 71.56, ബംഗളൂരുവില്‍ 72.68, ചണ്ഡിഗഡില്‍ 68.82, ഭൂവനേശ്വറില്‍ 70.42, ഷിംലയില്‍ 71.73 രൂപ എന്നിങ്ങനെ വ്യത്യസ്ഥമാണ് പെട്രോളിന്റെ ചില്ലറ വില്‍പന വില.

അയലത്തെ വില അതിശയിപ്പിക്കും
-------------------------------
കഴിഞ്ഞ ജൂലൈ ഒന്നിനു ശേഷം മാത്രം പെട്രോള്‍ ലിറ്ററിന് 8.47 രൂപയാണ് വില കൂട്ടിയത്. ഡീസല്‍ വിലയും അഞ്ചു രൂപയോളം കൂട്ടി. അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍, ദക്ഷിണ- കിഴക്കനേഷ്യന്‍ രാജ്യങ്ങളായ മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയവയേക്കാള്‍ വളരെ കൂടിയ നിരക്കാണ് ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും ഈടാക്കുന്നത്.
പെട്രോള്‍ വിലയിലെ മായാജാലത്തിനു പിന്നില്‍ അന്താരാഷ്ട്ര വിലയിലെ അന്തരത്തേക്കാളേറെ സര്‍ക്കാരുകളുടെ പകല്‍ കൊള്ള്യയാണ്. ഇന്ത്യയിലേതിലും പകുതി വിലയ്ക്കാണ് മലേഷ്യയില്‍ പെട്രോള്‍ വില്‍ക്കുന്നത്, ലിറ്ററിന് വെറും 32.19 രൂപയാണ് കഴിഞ്ഞയാഴ്ച മലേഷ്യയിലെ പെട്രോള്‍ വില. ഡീസല്‍ വിലയിലും ഇന്ത്യയിലേതിനേക്കാള്‍ 46 ശതമാനം കുറവുണ്ട്. മലേഷ്യയില്‍ ലിറ്ററിന് 31.59 രൂപയ്ക്കാണ് ഡീസല്‍ വില്‍ക്കുന്നത്. ഇന്തോനേഷ്യയിലും ഇന്ത്യയേക്കാള്‍ യഥാക്രമം 43, 26 ശതമാനം വില കുറവാണ്.
പാക്കിസ്ഥാനില്‍ പോലും ഇന്ത്യയേക്കാള്‍ 40 ശതമാനത്തിലേറെ വില കുറവാണ് പെട്രോളിന്. ലിറ്ററിന് 42.14 രൂപയാണ് പാക്കിസ്ഥാനിലെ പെട്രോള്‍ വില. ഡീസല്‍ വിലയിലും 18 ശതമാനം കുറവുണ്ട്. അമേരിക്ക അടക്കം ലോകരാജ്യങ്ങില്‍ കൂടുതലും പെട്രോള്‍ വില ഇന്ത്യയിലേതിനേക്കാള്‍ ഗണ്യമായ കുറവിലാണ് വില്‍ക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ 70 ഡോളറിനടുത്ത് മാത്രമേ ഉള്ളൂ. 2008 ജനുവരിയില്‍ ബാരലിന് 148 ഡോളര്‍ ആയിരുന്ന വിലയിലും പകുതിയിലേറെ കുറവാണിത്. 2011 മുതല്‍ 2013 വരെ 110 മുതല്‍ 124 ഡോളര്‍ വരെയായിരുന്നു വില. നൂറു ഡോളറില്‍ താഴ്ന്നിട്ടേയില്ല. എന്നാല്‍ എന്‍ഡിഎ സര്‍ക്കാരിന് വലിയ ആശ്വാസമായിരുന്നു അധികാരത്തിലെത്തിയതു മുതലുള്ള ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ്. 2014 നവംബര്‍ മുതല്‍ ബാരലിന് വില 50 ഡോളറില്‍ താഴെയായി. 2015 അവസാനത്തോടെ വില 32 ഡോളര്‍ വരെ തകര്‍ന്നു.

ജനത്തിനു കൈയെത്താത്ത വിലയിടിവ്
-----------------------------------
ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് 2015-16 സാമ്പത്തിക വര്‍ഷം നാലു ലക്ഷം കോടി രൂപയോളം (64 ബില്യണ്‍ ഡോളര്‍) കുറഞ്ഞു. 2014-15ല്‍ പോലും 112.7 ബില്യണ്‍ ഡോളര്‍ (6,87,416 കോടി രൂപ) ആയിരുന്ന ചെലവാണ് പിറ്റേ വര്‍ഷം 54.4 ബില്യണ്‍ ഡോളറായി (4,18,931 കോടി രൂപ) ചുരുങ്ങിയത്. 2013-14ല്‍ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി വില ശരാശരി 105.52 ഡോളര്‍ ആയിരുന്ന വിലയാണ് 2015-16ല്‍ ശരാശരി 46.17 ഡോളര്‍ ആയി കുത്തനെ ഇടിഞ്ഞത്.
തുടര്‍ച്ചയായ രണ്ടു വര്‍ഷക്കാലം വളരെ കുറഞ്ഞുനിന്ന ശേഷമാണ് ഇപ്പോഴത്തെ 70 ഡോളറിലേക്കു വില കൂടിയത്. ഒപെക് രാജ്യങ്ങളും റഷ്യയും ഈ വര്‍ഷം ഉത്പാദനം കൂട്ടാനിടയില്ല. അതിനാല്‍ ക്രൂഡ് ഓയില്‍ വില ഇനിയും അല്‍പം കൂടി ഉയര്‍ന്നേക്കാം. എന്നാല്‍ അമേരിക്ക എണ്ണ ഉത്പാദനം കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അങ്ങിനെ വന്നാല്‍ വില വലിയ തോതില്‍ ഉയരുകയുമില്ല.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ രണ്ടു വര്‍ഷത്തോളം തുടര്‍ന്ന വലിയ വിലയിടിവിന്റെ ആനുകൂല്യം ജനത്തിനു കൈമാറാന്‍ മോദി സര്‍ക്കാര്‍ തയാറായില്ല. മറിച്ച് പല തവണയായി നികുതി കുത്തനെ കൂട്ടി കേന്ദ്ര ഖജനാവിലേക്ക് ലക്ഷക്കണക്കിന് കോടി രൂപയാണ് നേടിയത്. 2016-17 സാമ്പത്തിക വര്‍ഷം മാത്രം പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയിലൂടെ മാത്രം കേന്ദ്രത്തിന് കിട്ടിയത് 2.67 ലക്ഷം കോടി രൂപയാണെന്ന് വിവരാവകാശ രേഖ വെളിപ്പെടുത്തി.

കൊള്ളയില്‍ കുതിച്ചത് കോര്‍പറേറ്റുകള്‍
-----------------------------------
നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തിലെത്തിയ ശേഷമുള്ള മൂന്നു വര്‍ഷം കൊണ്ട് 4.3 ലക്ഷം ലക്ഷം കോടി രൂപയുടെ വരുമാനമാണ് പെട്രോളിയം നികുതിയിലൂടെ കേന്ദ്രം നേടിയത്. യുപിഎ സര്‍ക്കാരിന്റെ അവസാന വര്‍ഷമായ 2013ല്‍ 98,602 കോടി രൂപയായിരുന്ന നികുതി വരുമാനമാണ് 2015-16ല്‍ 2,03,825 കോടിയും കഴിഞ്ഞ വര്‍ഷം 2.67 ലക്ഷം കോടിയുമായത്. 2013-14 മുതല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ മൂന്നു വര്‍ഷം കേന്ദ്രം നികുതിയായി പിരിച്ചെടുത്തത് 4,30,914 കോടി രൂപയാണ്. 2016-17ല്‍ പെട്രോളില്‍ നിന്ന് 66,318 കോടിയും ഡീസലില്‍ നിന്ന് 1,24,266 കോടിയുമാണ് വരുമാനം.

വലിയ ധൂര്‍ത്തിനു ശേഷവും രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളും റിലയന്‍സ് സ്വകാര്യ എണ്ണക്കമ്പനിയും ലക്ഷക്കണക്കിന് കോടി രൂപയുടെ ലാഭമാണ് നേടിയത്. കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഏറ്റവും ലാഭം നേടിയ പൊതുമേഖലാ സ്ഥാപനം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ്. അതുവരെ ലാഭത്തില്‍ മുമ്പനായിരുന്ന എണ്ണ പ്രകൃതി വാതക കോര്‍പറേഷനായ ഒഎന്‍ജിസിയെ ആണ് ഐഒസി മറികടന്നത്.
2016-17ല്‍ ഇന്ത്യന്‍ ഓയില്‍ നേടിയ അറ്റാദായം 19,106.40 കോടി രൂപയാണ്. ലാഭത്തില്‍ 70 ശതമാനം വര്‍ധന! ഒഎന്‍ജിസിയേക്കാള്‍ 17,900 കോടി രൂപ കൂടുതല്‍. ദോഷം പറയരുതല്ലോ, മോദിയുടെ സുഹൃത്ത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് ഇതേ വര്‍ഷം നേടിയ അറ്റാദായം 29,901 കോടിയായി കൂടി. തുടര്‍ച്ചയായ മൂന്നാം വര്‍ഷം റിലയന്‍സ് ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും ലാഭം നേടുന്ന കമ്പനിയായി തിളങ്ങുന്നത്.

ജനം നരകിക്കുമ്പോഴും ഇന്ത്യന്‍ ഓയിലും ഭാരത് പെട്രോളിയവും ഹിന്ദുസ്ഥാന്‍ പെട്രോളിയവും ലാഭം കൊയ്യുന്നതു പാവം പൗരന്മാരുടെ പോക്കറ്റടിച്ചാണ്. അതിലേറെ ലിയ റിലയന്‍സ് വമുതലാളിയുടെ വരുമാനവും ലാഭവും കുത്തനെ കൂടുന്നതാകും ഭരണക്കാര്‍ക്ക് അന്ധമായി ഓശാന പാടുന്നവര്‍ക്ക് സന്തോഷം. അംബാനിയും അഡാനിയുമെല്ലാം ശതകോടികളുടെ രൂപ ലാഭം നേടുമ്പോഴാണല്ലോ ഭരണ പാര്‍ട്ടിയുടെയും നേതാക്കളുടെയും പോക്കറ്റ് വീര്‍ക്കുകയെന്നതാണ് ആശ്വാസം.

മുറിവില്‍ മുളക് പോലെ
------------------------
മുന്‍ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ പതിവായി തെരുവിലിറങ്ങി സമരം ചെയ്ത സുഷമ സ്വരാജ്, നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി അടക്കമുള്ളവര്‍ ഇന്ന് ഭരണത്തിലിരുന്ന് സര്‍ക്കാരിന്റെ കൊള്ളയെ ന്യായീകരിക്കുന്നതാണ് നിര്‍ഭാഗ്യകരം. അക്കാലത്ത് നികുതി കുറച്ച് ജനങ്ങളെ സഹായിച്ച അവസരങ്ങളുമുണ്ട്. എന്നിട്ടും ഹര്‍ത്താലുകളും സമരങ്ങളും പരമ്പരയായി നടത്തിയ കേരളത്തിലെ സിപിഎമ്മുകാരും ബിജെപിക്കാരും പഴയതൊക്കെ മറന്നു. പ്രതിപക്ഷത്തെത്തിയിട്ടും ജനകീയ പ്രശ്നത്തില്‍ ഗൗരവമായി പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കും കഴിയുന്നില്ല.

സാവധാനം വിഷം നല്‍കുന്നതു പോലെയാണ് ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടിയ നടപടി. ആഗോള വിപണിയില്‍ 150 ഡോളറോളം വില ഉയര്‍ന്നപ്പോള്‍ ലിറ്ററിന് ഒന്നോ, രണ്ടോ രൂപ കൂട്ടിയിരുന്നത് മനസിലാക്കാം. എന്നിട്ടും ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ വാഹന പണിമുടക്കും കേരളത്തില്‍ നിരവധി ഹര്‍ത്താലുകളും നടത്തിയവരാണ് ഇപ്പോള്‍ കേരളത്തിലും കേന്ദ്രത്തിലും അധികാരത്തിലിരിക്കുന്നത്.

ജനരോഷം സുനാമിയാകും
-------------------------
പെട്രോളിയം നികുതി കൂട്ടിയത് രാജ്യവികസനത്തിനാണെന്നും ജനങ്ങളെ സഹായിക്കാനാണെന്നും സര്‍ക്കാര്‍ അനുകൂലികള്‍ ഇപ്പോള്‍ വാദിക്കുന്നത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. ദുരിതത്തില്‍ കഴിയുന്ന ജനത്തിന്റെ മുറിവില്‍ മുളകു തേയ്ക്കുന്നതിനു തുല്യമാണത്. ജനങ്ങളുടെ ക്ഷേമം ആകണം ജനകീയ സര്‍ക്കാരിന്റെ മുഖ്യലക്ഷവും കടമയും. 

പെട്രോളിനും ഡീസലിനും ചുമത്തുന്ന അധിക നികുതി ഉടന്‍ വെട്ടിച്ചുരുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വന്‍കിട കോര്‍പറേറ്റുകളുടെയും മുതലാളിമാരുടെയും പോക്കറ്റുകള്‍ വീര്‍ക്കുകയും സാധാരണക്കാരെ വീണ്ടും വീണ്ടും ചൂഷണം ചെയ്യുകയും ചെയ്യുന്നതിന് ഒരു ന്യായവുമില്ല. ചുവരെഴുത്തു മനസിലാക്കി നികുതി കുറച്ച് പെട്രോള്‍, ഡീസല്‍ വില കുറച്ചില്ലെങ്കില്‍ ജനം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു. ജനരോഷത്തിന്റെ സുനാമി വരാതെ തിരുത്തലുകള്‍ക്ക് സര്‍ക്കാരുകള്‍ വേഗം തയാറാകട്ടെ.

വിവിധ രാജ്യങ്ങളിലെ പെട്രോള്‍, ഡീസല്‍ വില
(ഇന്ത്യയുടേത് തിരുവനന്തപുരത്തെ വില)

രാജ്യം പെട്രോള്‍ ഡീസല്‍
----------------------------------
ഇന്ത്യ 75.42 67.79

പാക്കിസ്ഥാന്‍ 42.14 46.93

ശ്രീലങ്ക 53.47 39.69

നേപ്പാള്‍ 61.24 46.24

ഭൂട്ടാന്‍ 62.21 56.05

ബംഗ്ലാദേശ് 69.91 51.05

മലേഷ്യ 32.19 31.59

ഇന്തോനേഷ്യ 40.58 43.36

Join WhatsApp News
Ponmelil Abraham 2018-01-31 20:59:20
Middle class is being squeezed by the ruling government on petroleum and allied products.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക