Image

കൊളോണ്‍ ഇന്ത്യന്‍ കമ്യൂണിറ്റി നവദന്പതികളെയും ജൂബിലേറിയന്മാരെയും അനുമോദിച്ചു

Published on 31 January, 2018
കൊളോണ്‍ ഇന്ത്യന്‍ കമ്യൂണിറ്റി നവദന്പതികളെയും ജൂബിലേറിയന്മാരെയും അനുമോദിച്ചു

കൊളോണ്‍:കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ വിശുദ്ധരായ ചാവറ കുറിയാക്കോസ് ഏലിയാസച്ചന്റെയും ഏവുപ്രാസ്യമ്മയുടെയും തിരുനാള്‍ ആഘോഷിച്ചു. ആഘോഷത്തോടനുബന്ധിച്ച് 2017 ല്‍ വിവാഹിതരായ നവദന്പതികളെയും കുടുംബജീവിതത്തിന്റെ ജൂബിലി (10,35,40) നിറവിലെത്തിയ ദന്പതികളെയും അനുമോദിച്ചു. 

ജനുവരി 21 ന് കൊളോണ്‍ ബുഹ്‌ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ.ജോണ്‍ ലൂയീസ് സിഎംഐ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കി. കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ സഹകാര്‍മികനായി. ജോയി കാടന്‍കാവിലിനൊപ്പം കമ്യൂണിറ്റിയിലെ മൂന്നാം തലമുറക്കാരും അള്‍ത്താര ശുശ്രൂഷികളായി. യൂത്ത്‌കൊയറിലെ ജിസില്‍ കടന്പാട്ടിന്റെ ഗാനാലാപനം ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി. 

ദിവ്യബലിമധ്യേ നവദന്പതികളും ജൂബിലേറിയന്മാരും കത്തിച്ച മെഴുകുതിരികള്‍ അള്‍ത്താരയില്‍ സ്വയം പ്രതിഷ്ഠിച്ച് ജീവിതത്തെ ദൈവത്തിനു സമര്‍പ്പിച്ചു പാര്‍ഥിച്ചു.നൊയസില്‍ താമസിക്കുന്ന പെരുന്പാവൂര്‍ പുല്ലുവഴി സ്വദേശി ജോര്‍ജ് കോട്ടേക്കുടി വരച്ച ചാവറയച്ചന്റെ ചിത്രം കമ്യൂണിറ്റിക്കു സമ്മാനമായി നല്‍കിയത് ഇഗ്‌നേഷ്യസച്ചന്‍ വെഞ്ചരിച്ചു. 

ദിവ്യബലിക്കുശേഷം നവദന്പതികളെയും വിവാഹ ജീവിതത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നവരെയും ഇഗ്‌നേഷ്യസച്ചന്‍ വെളുത്ത റോസാപുഷ്പം നല്‍കി ആദരിച്ചു. തുടര്‍ന്നു നവദന്പതികള്‍ കേക്ക് മുറിച്ച് മധുരം പങ്കുവച്ചു. പരിപാടികള്‍ക്ക് കമ്യൂണിറ്റിയുടെ കോഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി, കമ്മിറ്റിയംഗങ്ങളായ തോമസ് അറന്പന്‍കുടി, ആന്റു സഖറിയ, ഷീബ കല്ലറയ്ക്കല്‍, ഗ്രിഗറി മേടയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസന്‍, ആഹന്‍ എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി. കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം 1969 ലാണ് ആരംഭിച്ചത്. ഏതാണ്ട് എഴുനൂറ്റിയന്‍പതിലേറെ കുടുംബങ്ങള്‍ കമ്യൂണിറ്റിയില്‍ അംഗങ്ങളായുണ്ട്. കഴിഞ്ഞ പതിനേഴു വര്‍ഷമായി ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ കമ്യൂണിറ്റി ചാപ്‌ളെയിനായി സേവനം ചെയ്യുന്നു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക