Image

ഒടുവില്‍ പത്മാവതിനെ അംഗീകരിച്ച്‌ കര്‍ണിസേന

Published on 03 February, 2018
 ഒടുവില്‍ പത്മാവതിനെ  അംഗീകരിച്ച്‌ കര്‍ണിസേന
മുംബൈ: ഒടുവില്‍ കര്‍ണിസേനയും അത്‌ പറഞ്ഞു, പത്മാവത്‌ രജപുതിനെ വാഴ്‌ത്തുന്ന ചിത്രം തന്നെ. സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന്‌ ചൂണ്ടിക്കാട്ടി ഒരു വര്‍ഷം നീണ്ട പ്രതിഷേധങ്ങള്‍ക്ക്‌ ശേഷമാണ്‌ ഇപ്പോള്‍ സിനിമയെ അംഗീകരിച്ചുകൊണ്ട്‌ കര്‍ണിസേന രംഗത്തെത്തിയത്‌.

ചിത്രം രജപുതിനെ മഹത്വവത്‌ക്കരിക്കുന്നതാണെന്നും അതുകൊണ്ട്‌ തന്നെ സിനിമയ്‌ക്കെതിരായ എല്ലാ പ്രതിഷേധങ്ങളും അവസാനിപ്പിക്കുകയാണെന്നും കര്‍ണിസേന അറിയിച്ചു.

'കര്‍ണിസേനയുടെ ദേശീയ പ്രസിഡന്റ്‌ സുഖ്‌ദേവ്‌ സിങ്ങും മറ്റ്‌ അംഗങ്ങളും സിനിമ കണ്ടു. ചിത്രം രജപുതിനെ വാഴ്‌ത്തുന്നതാണെന്ന്‌ മനസിലായി. മാത്രമല്ല ഓരോ രജപുത്രരും ഈ സിനിമ അഭിമാനത്തോടെ കണ്ടിരിക്കും. അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയുമായുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലില്ല. അതുകൊണ്ട്‌ തന്നെ ചിത്രത്തിനെതിരായ എല്ലാ പ്രതിഷേധവും അവസാനിപ്പിക്കുകയാണ്‌. മാത്രമല്ല മധ്യപ്രദേശ്‌, രാജസ്ഥാന്‍, ഗുജറാത്ത്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിത്രം റീലീസ്‌ ചെയ്യാനുള്ള സഹായങ്ങള്‍ തങ്ങള്‍ ചെയ്യാം' കര്‍ണിസേനയുടെ മുംബൈ തലവന്‍ യോഗേന്ദ്ര സിങ്‌ ഖട്ടാര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

2016 ജനുവരിയില്‍ ചിത്രത്തിന്റെ സെറ്റില്‍ വെച്ച്‌ സംവിധായകന്‍ സഞ്‌ജയ്‌ ലീലാ ബന്‍സാലിയെ ആക്രമിച്ചുകൊണ്ടായിരുന്നു കര്‍ണിസേന ചിത്രത്തിനെതിരായ തങ്ങളുടെ പ്രതിഷേധം ആരംഭിച്ചത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക