Image

കന്മദപ്പൂക്കള്‍ (നോവല്‍- അധ്യായം - 2 : കാരൂര്‍ സോമന്‍)

Published on 03 February, 2018
കന്മദപ്പൂക്കള്‍ (നോവല്‍- അധ്യായം - 2 : കാരൂര്‍ സോമന്‍)
നക്ഷത്രപ്പൂക്കള്‍

നിമിഷങ്ങള്‍ അന്തംവിട്ടുനിന്ന പീറ്ററിന്റെ ശ്വാസോച്ഛാസം നിലയ്ക്കുന്നതുപോലെ തോന്നി. ഒരു നെടുവീര്‍പ്പോടെ നോക്കി. അവള്‍ പോലീസിനെ വിളിച്ചാല്‍ അകത്താക്കുക മാത്രമല്ല സമൂഹത്തില്‍ താന്‍ വളര്‍ത്തി വലുതാക്കിയ അന്തസ്സും പ്രശസ്തിയും ഇടിഞ്ഞുവീഴുകതന്നെ ചെയ്യും. അവള്‍ക്ക് പകരം ഞാനായിരിക്കും ആത്മഹത്യ ചെയ്യുക. അയാള്‍ നിമിഷങ്ങള്‍ സ്വയം നിയന്ത്രിച്ചിട്ട് പറഞ്ഞു.
""ശരി. നീ പോലീസിനെയൊന്നും വിളിക്കേണ്ട. നിനക്ക് ഇഷ്ടമില്ലെങ്കില്‍ വേണ്ട. തീര്‍ന്നല്ലോ കാര്യം.''
""ഞാന്‍ പറഞ്ഞതല്ലേ എനിക്ക് ഇഷ്ടമല്ലെന്ന്. ഞാന്‍ അത്തരത്തിലുള്ള ഒരു പെണ്ണല്ല. എന്നെ നിര്‍ബന്ധിക്കതരുത്.''
""ഞാന്‍ നിന്നെ സമ്മതിച്ചിരിക്കുന്നു. പെണ്ണായാല്‍ ഇങ്ങനെതന്നെ പ്രതികരിക്കാം.'' അയാള്‍ അഴിച്ചുമാറ്റിയിട്ട കോട്ടെടുത്ത് അണിഞ്ഞ് ടൈയും കെട്ടിയിട്ട് പറഞ്ഞു.
""ഇനിയെന്നെ യാത്രയാക്കാനെങ്കിലും വാതില്‍ക്കല്‍വരെ വന്നൂടെ. ഇനിയും മറ്റൊന്നുകൂടി പറഞ്ഞേക്കാം. നിന്റെ ഒരു കാര്യത്തിലും ഞാന്‍ ഇടപെടില്ല. നീ തരാനുള്ള പണം ജോലി ചെയ്തു തരിക. ഈ വീടിന്റെ വാടകയടക്കം. എന്താ സമ്മതമല്ലേ.'' അവള്‍ സമ്മതം നല്കി. അധര്‍മ്മം വെടിഞ്ഞ് അയാള്‍ ധര്‍മ്മത്തിലേക്ക് വന്നത് അവള്‍ക്കും സ്വീകാര്യമായിരുന്നു. പീറ്റര്‍ കതക് തുറന്ന് പുറത്തേക്കിറങ്ങി. ഒരാപത്തില്‍ നിന്ന് രക്ഷപെട്ടതിന്റെ സംതൃപ്തിയുമായി ആന്‍ പിറകെ ചെന്നു. നിശബ്ദനിമിഷങ്ങളെ തകര്‍ത്തുകൊണ്ട് താഴേക്ക് ഇറങ്ങുന്നതിന് മുമ്പും തന്നെ അയാള്‍ അവളിലേക്ക് ഒരു വന്യമൃഗത്തെപ്പോലെ ചാടിവീണു. രണ്ടുപേരും തറയിലേക്ക് മറഞ്ഞു. അവളുടെ ഉള്ളില്‍ ഭീതിയും ഭയവും നിറഞ്ഞു. രണ്ടുപേരും തറയില്‍ കെട്ടിമറിഞ്ഞു. അവളുടെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ പുറത്തേക്ക് തെറിച്ചുവീണു. അയാളത് സ്വന്തമാക്കിയിട്ട് അവളെ വലിച്ചിഴച്ച് അകത്തേക്ക് കൊണ്ടുപോയി. അയാള്‍ ധരിച്ചിരുന്ന കോട്ടും ടൈയും ദൂരേക്ക് വലിച്ചെറിഞ്ഞു. ഒപ്പം അവളുടെ കോട്ടും തുണികളും വലിച്ചുകീറി ദൂരേക്കെറിഞ്ഞു. അവള്‍ ചെറുത്തുനില്പ് ധാരാളമായി നോക്കിയെങ്കിലും ഫലം കണ്ടില്ല. അവളെ ഭയവും പരിഭ്രമവും പിടികൂടി. ആ കൈകളില്‍ അവള്‍ ഞെരിഞ്ഞമര്‍ന്നു. അവളുടെ വേദനയും ഞരക്കവും ആ മുറിയില്‍ മുഴങ്ങിനിന്നു. പൂവില്‍ നിന്നുതിര്‍ന്നു വീഴുന്ന പൂമ്പൊടിയായി അവള്‍ മാറി. ജീവിതം മാത്രമല്ല ഹൃദയവും പിടഞ്ഞുവീണ രാത്രി. അയാള്‍ വിയര്‍പ്പില്‍ കുളിച്ചിരുന്നു. അവളുടെ മുഖമാകെ രക്തനിറംപോലെയായി. ഹൃദയമാകെ ഇളകിമറിഞ്ഞു. കാമപരവശനായ പീറ്ററിന്റെ മുഖത്തേക്ക് അവള്‍ നിശ്ചലം നോക്കി. അവളുടെ കണ്ണുകളില്‍ നിന്നും കണ്ണുനീരൊഴുകിയില്ല. ഒരു സുന്ദരിയെ സ്വന്തമാക്കിയതിലുള്ള സന്തോഷമായിരുന്നു പീറ്ററിന്റെ മുഖത്ത്. അയാള്‍ കോട്ടും സ്യൂട്ടുമണിഞ്ഞ് ഒരിക്കല്‍ക്കൂടി അവളുടെ പവിഴചുണ്ടുകളില്‍ ചുംബിച്ചിട്ട് പറഞ്ഞു. ""ഇതാ നിന്റെ ഫോണ്‍. ഇനിയും വിളിക്ക് പോലീസിനെ' മൊബൈല്‍ കട്ടിലില്‍ വച്ചിട്ട് വീണ്ടും പറഞ്ഞു.
""ഞാന്‍ വീണ്ടും പറയുന്നു. എന്നെ അനുസരിച്ച് ജീവിച്ചാല്‍ നീ രക്ഷപെടും. ഞാന്‍ ചെയ്തത് ഒരല്പം ക്രൂരതയായി പോയെന്ന് എനിക്കുമറിയാം. ഞാനതിന് ക്ഷമ ചോദിക്കുന്നില്ല. കാരണം നിനക്കവേണ്ടി ധാരാളം കഷ്ടപ്പെട്ട് പണം ചിലവഴിച്ച് ഇവിടെവരെ എത്തിയതും ഞാനാണ്. അതിനുള്ള പ്രതിഫലമായി ഇതിനെ കണ്ടാല്‍ മതി. ഇപ്പോള്‍ പോകുന്നു. ഗുഡ്‌നൈറ്റ്.''
അയാളുടെ കാല്‍പ്പാടുകള്‍ കേട്ടുകൊണ്ടവള്‍ കിടന്നു.കതകടക്കുന്ന ശബ്ദവും കാതുകളില്‍ മുഴങ്ങി. ജീവിതത്തില്‍ ആദ്യമായി വിറച്ചുനിന്ന നിമിഷങ്ങള്‍. അവള്‍ മുകളിലേക്കുയര്‍ന്ന് മുട്ടുമടക്കി കൈകളില്‍ മുഖം താഴ്ത്തിയിരുന്നു. ശരീരമാകെ നിര്‍ജ്ജീവമായിരുന്നു. കീറിപ്പറിഞ്ഞ തുണികളിലേക്ക് വിഷാദത്തോടെ നോക്കി. ഒരു വന്യമൃഗം കാട്ടിയ ക്രൂരതയാണ് തന്നോടും കാട്ടിയത്. ഈ രാജ്യത്തേക്ക് രാജകീയമായ വരവേല്പ് നല്കിയത് ഈ ശരീരത്ത് മേയാനാണെന്ന് അറിഞ്ഞിരുന്നില്ല. അയാള്‍ ക്രിസ്മസ് രാത്രി ഈ നിലാവുള്ള രാത്രി ശരിക്കും ആസ്വദിച്ചാണ് പോയത്. എന്താണ് സ്‌നേഹവും സഹായവും ഭയാനകമാകുന്നത്. അവളുടെ സമൃദ്ധമായ മുടി അഴിഞ്ഞുലഞ്ഞ് മുഖത്തേക്ക് ചിതറിക്കിടന്നു. ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന ഒരു ചിത്രത്തിലേക്ക് അവള്‍ നിര്‍ന്നിമേഷം നോക്കി. ധാരാളം കുഞ്ഞാടുകള്‍ മേയുന്നു. അതെ അവരും പച്ചപ്പു തേടി വന്നവരാണ്. താനും അവരിലൊരാളാണ് പച്ചപ്പുല്ല് തേടി വന്നവള്‍. സ്വന്തം നാട്ടില്‍ ലഭിക്കാത്ത സൗഭാഗ്യങ്ങളാണ് ഇവിടെയുള്ളത്. ഒരിക്കലും പ്രതീക്ഷിച്ചതല്ല ഇവിടെ വരുമെന്ന്. വീടിനുമുകളില്‍ കിടന്ന മഞ്ഞു കൂടാരങ്ങള്‍ താഴേക്ക് ഉരുകിയൊലിച്ചുവന്നു. തന്റെ മനസ്സും അതുപോലെ ഉരുകുകയാണ്. ശരീരത്തിന്റെ ഓരോ അവയവങ്ങളും വേദനിക്കുന്നുണ്ട്. അയാള്‍ വിതച്ചതാണ് കൊയ്‌തെടുക്കുന്നത്. ആ വേദന സഹിക്കാതെ പറ്റില്ല. അവള്‍ തേങ്ങി. ചുണ്ടുകള്‍ വിതുമ്പി വിറച്ചു. എന്തിനാണ് തേങ്ങിക്കരയുന്നത്? ഇവിടെ ആസ്വാസമരുളാന്‍ അനുകമ്പ പകരാന്‍ ആരുമില്ലെന്നറിയില്ലേ? മഞ്ഞിനുമുകളില്‍ വെളിച്ചം വിതറുന്ന നിലാവിനെ നോക്കൂ. പുരുഷനും സ്ത്രീയുടെ മുകളില്‍ മിന്നിത്തിളങ്ങുകയാണ്. ഒരു വാക്കുപോലും ഉച്ചരിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. തൊണ്ട വരണ്ടിരുന്നു. ഓര്‍ക്കുന്തോറും കണ്ണുകള്‍ നിറഞ്ഞൊഴുകി. അവള്‍ കണ്ണുകള്‍ തുടച്ചു.എല്ലാ ദുഃഖവും കടിച്ചിറക്കി ചഞ്ചലമായ മിഴികളോടെ അവള്‍ ജീവിതത്തെ നോക്കി. മുഖത്തേക്കു വീണുകിടന്ന മുടിയിഴകള്‍ മാറ്റിയിട്ടു.കണ്ണുകളില്‍ എന്തെന്നില്ലാത്ത ഗാംഭീര്യം നിഴലിച്ചു. മനസ്സു പറഞ്ഞു. താനും തഴച്ചുവളര്‍ന്നു കിടക്കുന്ന പച്ചപ്പുല്ലുകള്‍ തേടി വന്നവളാണ്. മേഞ്ഞു നടക്കുന്ന ഒരു കുഞ്ഞാട്. എന്നെയും എന്റെ കുടുംബത്തെയും മരണത്തില്‍നിന്നു ജീവിതത്തിലേക്ക് കൊണ്ടുവന്നത് പീറ്ററാണ്. അയാള്‍ പറയുന്നതുപോലെ ജീവിച്ചാല്‍ ജീവിതത്തിന്റെ നേര്‍രേഖ തെളിയാതിരിക്കില്ല. ജീവിതത്തെ മാറ്റിമറിക്കുന്നത് ഇങ്ങനെയുള്ള അനുഭവങ്ങളാണ്. എന്നെ ഈ മെത്തയിലേക്ക് വലിച്ചിഴച്ച് സ്വന്തമാക്കിയത് സ്‌നേഹവാത്സല്യത്തോടെയല്ലെന്ന് പറയാനൊക്കുമോ? തീര്‍ച്ചയായും അയാള്‍ പറഞ്ഞതാണ് ശരി. നീയും നിന്റെ കുടുംബവും രക്ഷപെടണമെങ്കില്‍ ഞാന്‍ പറയുന്നത് അനുസരിക്കുക. ആവാക്കുകള്‍ കാതുകള്‍ക്ക് ഇമ്പം പകരുന്നതായി തോന്നുന്നു. മനസ്സില്‍ അത്യധികമായ ആനന്ദം നല്കുന്നു. പുറത്ത് അതിശൈത്യം കാറ്റിന് അകമ്പടിയായി സഞ്ചരിക്കുന്ന ശബ്ദം കാതുകളിലുണര്‍ന്നു. അവള്‍ക്ക് ഒരുപോള കണ്ണടക്കാനായില്ല. ഈ സമയം പീറ്റര്‍ കൂര്‍ക്കം വലിച്ചുറങ്ങുകയായിരിക്കും. അവളും അവളുടെ മോഹങ്ങളുമായി ഉണര്‍ന്നിരുന്നു. മഞ്ഞ് കാറ്റ് ജനാലകളില്‍ ആഞ്ഞടിക്കുന്നുണ്ട്. അവള്‍ ചിന്തകളില്‍ മുഴുകി. ആ മനസ് സഞ്ചരിച്ചത് സ്വന്തം ജന്മനാട്ടിലേക്കായിരുന്നു.
കട്ടപ്പന കുറവിലങ്ങാട്ടുള്ള ഒരു പാവപ്പെട്ട കുടുംബം. അഞ്ചുസെന്റ് വസ്തുവില്‍ ഒരു ചെറിയ വീട്. പിതാവ് ഏലിയാസ് ഔസേപ്പ് പാറമടയിലാണ് ജോലി. തലയില്‍ ഒരു മുടിപോലുമില്ല. ആന്‍സിയാണ് മൂത്തത്. ആന്‍ എന്നു വിളിക്കും. ഇളയത് മൂന്ന് സഹോദരിമാരാണ്. ആന്‍സിക്ക് പത്ത് വയസ്സുള്ളപ്പോഴാണ് അമ്മ സാറാമ്മ പകര്‍ച്ചപ്പനിയായി മഞ്ഞപ്പിത്തം പിടിച്ചാണ് മരിച്ചത്. അമ്മക്ക് പനി കൂടിയപ്പോള്‍ ആശുപത്രിയില്‍ കാണിക്കാന്‍ പോയതാണ്. അമ്മക്കൊപ്പം താനാണ് കൂട്ടിന് പോയത്. പകര്‍ച്ചപ്പനിയും മഞ്ഞപ്പിത്തവും ഡങ്കിപ്പനിയും ബാധിച്ചവര്‍ ആശുപത്രിയില്‍ ധാരാളമുണ്ടായിരുന്നു. ഡോക്ടര്‍ അമ്മയുടെ മേല്‍ ഒരു കുറ്റമാരോപിച്ചു. വീടിനുചുറ്റും മാലിന്യങ്ങള്‍കൂടി മഴവെള്ളവുമായി കൂടിച്ചേര്‍ന്നാല്‍ കൊതുക് പെരുകും, അസുഖങ്ങള്‍ കൂടും. ചിലപ്പോള്‍ മരണവുമുണ്ടാകും. അമ്മ പറഞ്ഞു. "ഇല്ല ഡോക്ടറേ, എന്റെ വീടും പരിസരവും വളരെ വൃത്തിയായിട്ടാ കിടക്കുന്നെ. റോഡരുകിലൊക്കെ മാലിന്യങ്ങള്‍ പ്ലാസ്റ്റിക്കിലൊക്കെ കുന്നുകൂടി കിടക്കാറുണ്ട്". ഉടനെ ഡോക്ടര്‍ പറഞ്ഞു എന്തുചെയ്യാം. നമ്മുടെ തലവിധി. വെറുതെ കുറെ ഭരണാധിപന്‍മാര്‍.ഈ മഹാമാരികളെ തടയാന്‍ ഒരു മാര്‍ഗ്ഗവുമില്ല. പ്രതിരോധ കുത്തിവയ്പിനുള്ള മരുന്നുമില്ല. എന്തായാലും രക്തമൊന്ന് ചെക്ക് ചെയ്യ്" സാറാമ്മ രക്തം കൊടുത്തു. റിസല്‍റ്റ് കണ്ടപ്പോള്‍ ഡോക്ടര്‍ പറഞ്ഞു "ഇത് മഞ്ഞപ്പിത്തമാണ്. ഇവിടെ കിടക്കാതെ പറ്റില്ല." അവര്‍ അനുസരിച്ചു. ആശുപത്രി കിടക്കകള്‍ എല്ലാം രോഗികളെക്കൊണ്ടു നിറഞ്ഞിരുന്നു. അതില്‍ പനി ബാധിച്ചു കിടക്കുന്ന കുട്ടികളെ കണ്ടപ്പോള്‍ ആന്‍സിക്ക് വിഷമവും അമ്പരപ്പും തോന്നി. ആ വാര്‍ഡ് നിറയെ രോഗികള്‍ തറയിലും വരാന്തയിലും കിടക്കുന്നുണ്ട്.
ഒന്നു നടന്നു നീങ്ങാന്‍പോലും ബുദ്ധിമുട്ടുള്ള വാര്‍ഡില്‍ അമ്മയെ എവിടെയാണ് കിടത്തുക. ഒടുവില്‍ ഒരു കതകിന്റെ കോണിലായി ഇരിക്കാനൊരു ഇരിപ്പിടം കിട്ടി. രോഗങ്ങള്‍ തടയാനോ രോഗികള്‍ക്ക് കിടക്കാനോ യാതൊരു സംവിധാനവും ഇല്ലാത്ത ആശുപത്രി സംവിധാനങ്ങള്‍. പണമുള്ളവര്‍ ഡോക്ടറെ വീട്ടില്‍പ്പോയി കണ്ടു.
സ്കൂളില്‍ പോകാതെ അമ്മയെ ശുശ്രൂഷിക്കാനും വീട്ടു കാര്യങ്ങള്‍ ചെയ്യാനും അവള്‍ തയ്യാറായി. ഇളയ കുട്ടികളെ സ്കൂളിലേക്ക് തയ്യാറാക്കി വിടുന്നതിലും അച്ഛന് ചോറും കറികളും കൊടുത്തുവിടുന്നതിലും അമ്മക്ക് കൊണ്ടു കൊടുക്കുന്നതിലും അവള്‍ വളരെ ശ്രദ്ധിച്ചു. അച്ഛന്‍ പാറമടയില്‍ നിന്ന് ജോലികഴിഞ്ഞ് അമ്മയെ കാണാനെത്തും. ഫാര്‍മസിയില്‍ പോയി മരുന്നുവാങ്ങും. ആ സമയം അവള്‍ വീട്ടിലേക്ക് പോകും. അച്ഛന്‍ അമ്മക്ക് കൂട്ടിരിക്കും. രാത്രിയില്‍ കഞ്ഞിയുമായി അനുജത്തിമാരെ കൂട്ടി ആശുപത്രിയില്‍ വരും. വീടും ആശുപത്രിയുമായി ഒരു കിലോമീറ്റര്‍ ദൂരമുണ്ട്. നടന്നാണ് പോകുന്നത്.രാത്രിയാകുമ്പോള്‍ അച്ഛനും മക്കളും വീട്ടിലേക്ക് മടങ്ങി വരും. അവര്‍ ഒന്നിച്ചിരുന്ന് അമ്മയുടെസൗഖ്യത്തിനായി മാതാവിനോട് പ്രാര്‍ത്ഥിക്കും.അവരുടെ പ്രാര്‍ത്ഥന ഒരു ദൈവങ്ങളും ചെവിക്കൊണ്ടില്ല. ഏഴാം ദിവസം ഒരു ഞായറാഴ്ച സാറാമ്മ പെണ്‍മക്കളെ അനാഥരാക്കി ഈ ലോകത്തോട് യാത്ര പറഞ്ഞു.
കണ്ണുനീരോടെ ദിനങ്ങള്‍ മുന്നോട്ടും പോയി. അയല്‍ക്കാരൊക്കെ അവരുടെ സങ്കടത്തില്‍ പങ്കു ചേര്‍ന്നുച. വീടിന്റെ ഉത്തരവാദിത്വം ആന്‍സിയുടെ തലയിലായി. വീട്ടുജോലികളും പഠിത്തവും അവള്‍ ഒന്നിച്ചുകൊണ്ടുപോയി. അമ്മയുടെ മരണം ഒരു വെള്ളിടിയായി അവളില്‍ ജ്വലിച്ചുനിന്നു. അതോര്‍ത്ത് അവള്‍ ധാരാളം കരഞ്ഞു.
അതേസമയം അനുജത്തിമാര്‍ക്ക് സാന്ത്വനം പകരാന്‍ അവള്‍ മറന്നതുമില്ല. അവളെക്കാള്‍ മൂന്നും രണ്ടും വയസിന് ഇളയതാണ് നീനയും നിമ്മിയും നീതുവും. അവര്‍ വളരുന്തോറും അവള്‍ അവര്‍ക്കൊരു അമ്മയായി മാറുകയായിരുന്നു. അവള്‍ പ്രായപൂര്‍ത്തിയായതറിഞ്ഞ് അയല്‍ക്കാരില്‍ ചിലര്‍ ഏലിയാസുമായി പെണ്‍കുട്ടികളുടെ ഭാവിയെപ്പറ്റി സംസാരിച്ചു. അതോടെ ഏലിയാസിന്റെ മനസ്സ് കൂടുതല്‍ സംഘര്‍ഷമായി.
എല്ലാവരുടെയും നിര്‍ബന്ധപ്രകാരം ഏലിയാസ് ഒരു വിധവയെ വിവാഹം കഴിച്ചു. പേര് റീനാമ്മ. അതിന് അയാളെ പ്രേരിപ്പിച്ചത് പെണ്‍കുട്ടികളുടെ ഭാവിയാണ്. രണ്ടാനമ്മയാണെങ്കിലും ഒരു അമ്മയുടെ തണല്‍ അവര്‍ക്ക് ലഭിക്കുമല്ലോ എന്നായിരുന്നു അയാളുടെ ചിന്ത. രണ്ടാനമ്മയാകട്ടെ കുട്ടികളുടെ ഒരു കാര്യത്തിലും ശ്രദ്ധിച്ചില്ല. ഭര്‍ത്താവ് വീട്ടില്‍ വരുമ്പോള്‍ മാത്രം അവരോട് അതിരറ്റ സ്‌നേഹവും ഭര്‍ത്താവ് ഇല്ലാത്ത സമയങ്ങളില്‍ അവരെ ചീത്തവിളിക്കുകയും ഇളയ നിമ്മിയെഅടിക്കുകയും ചെയ്തു. അനിയത്തിമാരെ ചീത്തവിളിക്കുമ്പോഴും അടിക്കാനെത്തുമ്പോഴും തടസ്സം നില്ക്കുന്നത് ആന്‍സിയാണ്. രണ്ടാനമ്മയുടെ പരാതി അനുജത്തിമാര്‍ വീട്ടുജോലിയൊന്നും ചെയ്യുന്നില്ല എന്നതാണ്. കഴിക്കാറാകുമ്പോള്‍ വന്നിരിക്കും.
റീന ദേഷ്യപ്പെട്ട് ചോദിക്കും ""ഞാനെന്താ നിങ്ങടെ വേലക്കാരിയാ? സമയത്തും കാലത്തും വെച്ച് വിളമ്പിത്തരാന്‍. ഇത് നല്ല കൂത്ത്''
""എന്റെ കുഞ്ഞമ്മേ എന്താ ഇങ്ങനെ. ആരു പറഞ്ഞു കുഞ്ഞമ്മ ഞങ്ങടെ വേലക്കാരിയാണെന്ന്. ഞാന്‍ കുഞ്ഞമ്മയെ സഹായിക്കുന്നില്ലേ?''
''നീ ഒരുത്തിയാ പിള്ളാരെ വഷളാക്കുന്നത്. പെണ്‍പിള്ളാരാ. അത് മറക്കണ്ട.''
"അവര്‍ കൊച്ചു പിള്ളാരല്ലെ. അവര്‍ പഠിക്കട്ടെ.''
എന്തെങ്കിലും ജോലി ചെയ്യുമ്പോഴൊക്കെ റീന കുട്ടികളുടെ മേല്‍ കുറ്റങ്ങള്‍ കണ്ടുപിടിക്കുകയും ആര്‍ക്കും മനസ്സിലാകാത്ത രീതിയില്‍ പിറുപിറുക്കുകയും ചെയ്യുമായിരുന്നു. കുഞ്ഞമ്മ എല്ലാം ചെയ്യുന്നത് തന്നിഷ്ടത്തിനാണ്. അതില്‍ ആന്‍സിക്കും വിഷമമുണ്ട്. കുഞ്ഞമ്മ എന്താ ഇങ്ങനെ? ആഴ്ചയില്‍ രണ്ടുംമൂന്നും ദിവസം റീന സ്വന്തം വീട്ടിലേക്ക് അപ്പനോടുപോലും പറയാതെ പോകാറുണ്ട്. ഒരുദിവസം ഏലിയാസ് പൊട്ടിത്തെറിച്ചു.
ഞാന്‍ നിന്നെ കല്യാണം കഴിച്ചത് ഈ പിള്ളാരെ പൊന്നുപോലെ നോക്കാനാ. നീ ഇങ്ങനെ പോയാലേ എന്റെയും എന്റെ പിള്ളാരുടെയും കാര്യം ആരു നോക്കും.''
അപ്പനും കുഞ്ഞമ്മയുമായി ഇതിനെച്ചൊല്ലി പലപ്പോഴും വാക്കുതര്‍ക്കം ഉണ്ടായിട്ടുണ്ട്. കുട്ടികള്‍ ശങ്കയോടെ നോക്കി. അപ്പനില്ലാത്തപ്പോള്‍ പലതും വീട്ടിനുള്ളില്‍ നടന്നിട്ടുണ്ട്. അതൊന്നും ഇതുവരെ അപ്പനോട് പറഞ്ഞിട്ടില്ല. കാരണം അപ്പ മക്കളെ അതിരറ്റ സ്‌നേഹവാത്സല്യത്തോടെയാണ് വളര്‍ത്തുന്നത്. കുഞ്ഞമ്മ മക്കളെ തല്ലിയെന്നറിഞ്ഞാല്‍ അപ്പ വെറുതെയിരിക്കില്ല. അതൊരുപക്ഷെ കുടുംബകലഹകത്തിന് കാരണമാകും. കുറെ നാളായി ആന്‍സിയുടെ മനസ്സിലും എന്തോ ഒക്കെ സംശയമുണ്ട്. കുഞ്ഞമ്മ ആരെ കാണാനാണ് പോകുന്നത്? ഒരു ഉത്തരവാദിത്വമുള്ള ഭാര്യ ഇഷ്ടമുള്ളപ്പോള്‍ വരിക ഇഷ്ടമുള്ളപ്പോള്‍ പോകുക അത് ഒരു ഭര്‍ത്താവും അംഗീകരിക്കുന്ന കാര്യമല്ല. ഇനിയും കുഞ്ഞമ്മക്ക് ഞങ്ങളെ ഉപേക്ഷിച്ചു പോകാനുള്ള ആഗ്രഹമുണ്ടോ? ഏലിയാസ് ആകെ അസ്വസ്ഥനായിരുന്നു.റീനയുടെ മുഖത്ത് യാതൊരു മാറ്റവുമുണ്ടായില്ല. റീനയും വിട്ടുകൊടുത്തില്ല. ''എനിക്ക് അപ്പനും അമ്മയും ഉണ്ട്. രണ്ടുപേരും മരുന്നും മന്ത്രവുമായി കഴിയുന്നവരാ. രണ്ട് ആണ്‍മക്കളാണെങ്കില്‍ ദൂരെയാ. ഞാനാ പിന്നെ ഉള്ളത്.എനിക്കവരെ നോക്കാതിരിക്കാന്‍ പറ്റില്ല. അത് നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ അതങ്ങ് പറഞ്ഞേക്ക്. ഞാനീ ബന്ധമങ്ങ് ഒഴിഞ്ഞേക്കാം.''
പെട്ടെന്ന് ആന്‍സി റീനയുടെഅടുത്തു വന്നു പറഞ്ഞു
''എന്താ കുഞ്ഞമ്മേ ഈ പറയുന്നത്. ബന്ധമൊഴിയാനോ? കുഞ്ഞമ്മ പോകുന്നതീ അപ്പനൊന്നും പറയില്ല. വീട്ടിലെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം.'' റീന ദേഷ്യപ്പെട്ട് അകത്തേക്ക് പോയി.
ഏലിയാസിന്റെ മുഖം മ്‌ളാനമായി. ആന്‍സി അടുത്ത് ചെന്ന് പറഞ്ഞു.
""അപ്പാ ഇതൊക്കെ മറ്റുള്ളവരറിഞ്ഞാല്‍ നാണക്കേടാ.''
മകളുടെ പക്വമായ വാക്ക് കേട്ട് ഏലിയാസിന്റെ മനസ്സൊന്നു തണുത്തു. മകളുടെ തലയില്‍ തലോടിയിട്ട് പറഞ്ഞു.
""മോള് പറയുന്നതും ശരിയാ. എന്നുകരുതി മിണ്ടാതിരിക്കണോ?''
വേഷം മാറിവന്ന റീനാമ്മ ഉച്ചത്തില്‍ പറഞ്ഞു.
""ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം. അപ്പനും മക്കളും കൂടി എന്നെ ഇവിടെ തളച്ചിടാന്‍ നോക്കേണ്ട. എന്റെ സ്വാതന്ത്ര്യത്തില്‍ മറ്റൊരാള്‍ കൈ കടത്തുന്നത് എനിക്കിഷ്ടമല്ല.''
അവളുടെ വാക്കുകേട്ട് ദേഷ്യമടക്കിനിന്ന ഏലിയാസ് പറഞ്ഞു.
""നീ എന്തു ഭ്രാന്തും ഇവിടെനിന്ന് വിളിച്ചുപറയരുത്. നിന്നെ ആരാ ഇവിടെ തളച്ചിട്ടേ. നിന്റെ ഇഷ്ടത്തിനല്ലേ നീ എല്ലാം ചെയ്യുന്നേ. വെറുതെ തലയീ ചൊറിയല്ലേ.''
""അതിന് തലയില്‍ ചൊറിയാന്‍ തല മൊട്ടയല്ലേ.''
""ഛീ.. നിറുത്തെടീ.'' ഏലിയാസ് മുന്നോട്ടുവന്നത് ആന്‍സി തടഞ്ഞു.
""എന്താ അപ്പാ ഇത്? കുഞ്ഞമ്മ പോകാനിറങ്ങിയതല്ലേ. പിന്നെ എന്തിനാ ഓരോന്ന് പറഞ്ഞ് വഴക്കുണ്ടാക്കുന്നേ.''
""അതേടീ. പോകാന്‍ തന്നെയാ ഇറങ്ങിയേ. ഇനിയും എനിക്ക് ഇഷ്ടമുള്ളപ്പോ വരും. ഓ ഒരപ്പനും മക്കളും.'' കളിയാക്കുംവിധം പറഞ്ഞിട്ട് റീനാമ്മ മുന്നോട്ട് നടന്നു. ഏലിയാസിന്റെ മുഖത്ത് എന്തെന്നില്ലാത്ത പകയും വിദ്വേഷവും കണ്ടു. നീന അകത്ത് വന്നിട്ട് അപ്പനെ സമാധാനിപ്പിച്ചിട്ട് പറഞ്ഞു.
""കുഞ്ഞമ്മ പൊക്കോട്ട്. ഞങ്ങള് ഇവിടുത്തെ ജോലിയൊക്കെ ചെയ്‌തോളാം. ഞങ്ങക്ക് ചെയ്യാവുന്ന ജോലിയേ ഉള്ളൂ. അപ്പന്‍ വിഷമിക്കേണ്ട.'' ഏലിയാസ് മക്കളോടായി പറഞ്ഞു.
""നിങ്ങള്‍ മൂന്നുപേരും താമരക്കുളത്ത് അമ്മാച്ചന്റെ മകന്റെ കല്യാണത്തിന് പോണം.''
""അപ്പോള്‍ അപ്പന്‍ വരുന്നില്ലേ?''
""പിന്നെ ഞാന്‍ വരാതെ നിങ്ങളെ ഒറ്റക്ക് വിടുമോ?''
""നിന്റെ അമ്മക്ക് അവന്‍ ഒരേഒരു ആങ്ങളയാ.''
""എന്നാലും മാവേലിക്കര താമരക്കുളത്തിന് ഇവിടുന്ന് ഒത്തിരി ദൂരമല്ലേ. അപ്പന്‍ ഇത്ര ദൂരത്തിലുള്ള അമ്മയെ എങ്ങനെയാ കണ്ടത്?''
""അതൊക്കെ വലിയ കഥയാ. അന്ന് ഞാന്‍ ചെങ്ങന്നൂര്‍ പാറമടയിലാ ജോലി. എന്റെ ഒപ്പം ജോലി ചെയ്ത ഒരാള്‍ അവിടുന്നാ കല്യാണം കഴിച്ചെ. കല്യാണം കൂടാന്‍ ഞാനും പോയിരുന്നു. അവിടെ നിന്റെ അമ്മ സാറയും ഒണ്ടായിരുന്നു. നിങ്ങളെപ്പോലെ സുന്ദരിയായിരുന്നു നിങ്ങടെ അമ്മയും. അവിടെ നിന്നാണ് കല്യാണത്തിലെത്തിയത്.'' അവര്‍ അപ്പന്റെ വാക്കുകള്‍ കാതോര്‍ത്തിരുന്നു.
""അമ്മ നമ്മളെ എത്രവേഗത്തിലാണ് വേര്‍പിരിഞ്ഞത് അല്ലേ അപ്പാ.''
""എല്ലാം നമ്മുടെ വിധി. എത്രയോ കുഞ്ഞുങ്ങള്‍ അമ്മയില്ലാതെ അച്ഛനില്ലാതെ ജീവിക്കുന്നു. എത്രയോ കുട്ടികള്‍ അനാഥരായി കഴിയുന്നു. പിന്നെ ഓര്‍ക്കുമ്പോഴുള്ള വിഷമം. അവളും എന്റൊപ്പം പാറമടയില്‍ ഒത്തിരി കഷ്ടപ്പെട്ടവളാ. പാവം. വയ്യാതെ വന്നപ്പോള്‍ പിന്നെ ആടുകളെ വളര്‍ത്തി വലുതാക്കി വിറ്റു.
""അമ്മയ്ക്കുണ്ടായ കഷ്ടപ്പാടുകള്‍ എന്റെ മക്കള്‍ക്കുണ്ടാകരുതെന്ന ഒറ്റ ആഗ്രഹമേ ഈ അപ്പനുള്ളൂ. നിങ്ങള്‍ പഠിച്ച് മിടുക്കരായി കണ്ടിട്ട് വേണം ഈ അപ്പന് കണ്ണടക്കാന്‍.''
""ഞങ്ങള്‍ നല്ലപോലെ പഠിക്കും അപ്പാ.'' ആന്‍സി അപ്പനെ കെട്ടിപ്പിടിച്ചു. അവള്‍ക്കൊപ്പം നീനയും നിമ്മിയും ചേര്‍ന്നു. അപ്പന്റെ കൈക്കുള്ളില്‍ ഒരമ്മയുടെ സ്‌നേഹവും അവര്‍ അനുഭവിച്ചു. അവരുടെ മുകളിലൂടെ പഞ്ചവര്‍ണ്ണക്കിളികള്‍ ചിറകടിച്ചു പറന്നു. പെണ്‍മക്കളുടെ വളര്‍ച്ചയില്‍ ആന്റണി വളരെ ഭയക്കുകയും സന്തോഷിക്കുകയും ചെയ്തു. അവരുടെ അമ്മ ഒപ്പമില്ലെന്നോര്‍ത്തപ്പോള്‍ ആ കണ്ണുകള്‍ തുളുമ്പി വന്നു.

(തുടരും)...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക