Image

നമുക്കും വേണം സ്മാര്‍ട്ട്‌ഫോണ്‍ പൂട്ട് (പകല്‍ക്കിനാവ്- 89: ജോര്‍ജ് തുമ്പയില്‍)

Published on 03 February, 2018
നമുക്കും വേണം സ്മാര്‍ട്ട്‌ഫോണ്‍ പൂട്ട് (പകല്‍ക്കിനാവ്- 89: ജോര്‍ജ് തുമ്പയില്‍)
ന്യൂവാര്‍ക്കിലെ വെസ്റ്റ്‌സൈഡ് ഹൈസ്ക്കൂളില്‍ നിന്നൊരു വാര്‍ത്തയാണ് ഈ കുറിപ്പിന് ആധാരം. ഇവിടെ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരേയുള്ള ചില പ്രതിഷേധങ്ങള്‍ നടക്കുന്നു. എന്നാല്‍ അതൊന്നും കണ്ടില്ലെന്നു നടിച്ച് അധികൃതര്‍ മുന്നോട്ടു പോകുന്നു. ഫോണുമായി സ്കൂൡലെത്തുന്ന കുട്ടികള്‍ക്ക് ചാരനിറത്തിലുള്ള ഒരു പൗച്ച് നല്‍കുകയാണ് ചെയ്യുന്നത്. ഇതിലേക്ക് ഫോണ്‍ കടത്തി ലോക്ക് ചെയ്തു പ്രിന്‍സിപ്പലിന്റെ മുറിയില്‍ സൂക്ഷിക്കുന്നു. ആരെങ്കിലും ഫോണ്‍ കൊണ്ടു വന്നിട്ടുണ്ടോ എന്നറിയാന്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയുമുണ്ട്. കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന കണ്ടെത്തല്‍ നിലനില്‍ക്കേയാണ് ഇപ്പോള്‍ സ്കൂളിലേക്കു പലരും ഫോണുമായി വരുന്നത്. ഓരോരുത്തര്‍ക്കും രണ്ടും മൂന്നു ഫോണുള്ള കാലത്ത്, ഇതു തടയുക എന്നതാണ് വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നു പ്രിന്‍സിപ്പല്‍ പറയുന്നു.

ഓരോ കുട്ടിക്കും നല്‍കുന്ന ചാര നിറത്തിലുള്ള പൗച്ചിന് ഒരു പ്രത്യേകതയുണ്ട്. ഇതിനുള്ളില്‍ ഫോണ്‍ നിക്ഷേപിച്ചു കഴിഞ്ഞാല്‍ പിന്നെ ഫോണ്‍ പ്രവര്‍ത്തിക്കുകയില്ല. തിരികെയെടുത്താല്‍ മാത്രമേ ഫോണ്‍ പ്രവര്‍ത്തനക്ഷമമാകൂ. യോണ്ടര്‍ എന്ന കമ്പനിയാണ് ഇപ്പോള്‍ ഇത്തരം പൗച്ചുകള്‍ പുറത്തിറക്കിയിരിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്‌ക്കോയിലുള്ള ഈ കമ്പനിയുടെ പ്രാരംഭ ദശയിലുള്ള നിരീക്ഷണമാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. ന്യൂവാര്‍ക്ക് സ്കൂളില്‍ നടത്തിയ ഈ പരീക്ഷണം വിജയിച്ചതോടെ, പല സ്കൂളുകളും തങ്ങളെ സമീപിച്ചു തുടങ്ങിയെന്ന് കമ്പനി ഉടമസ്ഥന്‍ ഗ്രഹാം ഡുഗോനി പറയുന്നു. തുടക്കത്തില്‍ ഈ പരിപാടിയോടു പൊരുത്തപ്പെടാന്‍ കുട്ടികള്‍ക്ക് വലിയ വിഷമമായിരുന്നുവെങ്കിലും ഇപ്പോള്‍ അവര്‍ സ്കൂള്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് മറന്നു തുടങ്ങിയിരിക്കുന്നുവത്രേ.

സെല്‍ഫോണില്ലാതെ ജീവിക്കാന്‍ പറ്റാത്ത ഒരു കാലത്താണ് നാമെല്ലാരും. സ്കൂളുകളിലെ ഈ നയം വീടുകളിലേക്കും വ്യാപിപ്പിച്ചാല്‍ കൂടുതല്‍ ഗുണകരമാകുമെന്നു ഗ്രഹാം പറയുന്നു. ഒരു സാധാരണ സെല്‍ ഫോണ്‍ ഉപഭോക്താവ് പ്രതിദിനം 2617 തവണ ഫോണ്‍ ഉപയോഗിക്കുന്നുണ്ടത്രേ. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താവ് ഇതിന്റെ രണ്ടിരട്ടിയോളം വരുമെന്നാണ് അവരുടെ കണ്ടെത്തല്‍. അതായത്, 5400 തവണ പ്രതിദിനം ഒരാള്‍ സ്മാര്‍ട്ട് ഫോണില്‍ സ്പര്‍ശിക്കുന്നുണ്ടത്രേ. ഇത് ഉയര്‍ത്തുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ ഏറെയാണ്. ഇതു മറികടക്കാന്‍ തങ്ങളുടെ പൗച്ച് ഏറെ പ്രയോജനപ്രദമായിരിക്കുമെന്നും അവര്‍ അവകാശപ്പെടുന്നു.

എന്തായാലും, കുട്ടികളില്‍ നിന്നും സ്മാര്‍ട്ട് ഫോണുകള്‍ മാറ്റി നിര്‍ത്തുന്നത് ഏറെ ഗുണകരമാണ്. അവരുടെ ബുദ്ധിവികാസത്തെ ബാധിക്കുമെന്നു മാത്രമല്ല, ആരോഗ്യ-സാമൂഹിക പ്രതിസന്ധികളിലേക്കും അവരെ ഇതു തള്ളിവിടുമെന്നതിനു തര്‍ക്കമില്ല. കൂട്ടുകാരോടൊപ്പം കളിച്ച് നടക്കേണ്ട പ്രായത്തില്‍ മൊബൈല്‍ ഫോണിന്റെ ചെറിയ സ്ക്രീനിനുള്ളില്‍ കുട്ടിയുടെ ലോകം ഒതുങ്ങുകയാണ് ഇപ്പോള്‍. ചെറിയ പ്രായത്തില്‍ തന്നെ ലോകത്തെ അടുത്തറിയാനും സമൂഹത്തോട് അടുത്തിടപഴകാനും കുട്ടി പഠിക്കണം. കണ്ടും കേട്ടും അനുഭവിച്ചുമാണ് ഒരു കുട്ടി വളരേണ്ടത്. അല്ലെങ്കില്‍ നാല് ചുമരുകള്‍ക്കുള്ളില്‍ അവന്റെ ചിന്തകളും ചുരുങ്ങിപ്പോകും. മാതാപിതാക്കളില്‍ പലരും കുട്ടികള്‍ക്ക് വീഡിയോ ഗെയിം കളിക്കാന്‍ അമിതമായി പ്രോത്സാഹിപ്പിക്കാറുണ്ട്. ഇവര്‍ തന്നെയാണ് ഫോണ്‍ സ്കൂളുകളിലേക്ക് കുട്ടിയുടെ കൈയില്‍ കൊടുത്തു വിടുന്നതും. വീടിന് പുറത്തിറങ്ങി ഓടിച്ചാടി നടക്കേണ്ട പ്രായത്തില്‍ അവനെ മുറിക്കുള്ളില്‍ തളച്ചിടണോ? ചെറുപ്രായത്തില്‍ കുട്ടികള്‍ കളിച്ചുവളരണം. സാമൂഹികമായ ഇടപെടലുകളാണ് ആവശ്യം.

കുട്ടികളുടെ കളിയെ നിസാരവത്ക്കരിക്കേണ്ടതില്ല. കളി ശാരീരികമായി ഫിറ്റാക്കുക മാത്രമല്ല ചെയ്യുന്നത്, പത്ത് മിനിറ്റ് കളിക്കുമ്പോള്‍ പോലും അത് തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കും. പതിവായി വീഡിയോ ഗെയിം കളിക്കുന്ന കുട്ടികളില്‍ ആത്മഹത്യാപ്രവണത, വിഷാദം, പഠനത്തില്‍ പിന്നോക്കം നില്‍ക്കുക, പെരുമാറ്റവൈകല്യങ്ങള്‍ എന്നിവയുണ്ടാകും. ഇവയുടെ അമിതോപയോഗം ശരീരത്തിന്റെ സ്വാഭാവികനിലയെ തകരാറിലാക്കും. പല കുട്ടികളും പകല്‍ ഫോണ്‍ ഉപയോഗിക്കുന്നവരും കുറവല്ല. രാത്രിയിലെ മൊബൈല്‍ ഉപയോഗം കാഴചവൈകല്യത്തിനിടയാക്കും. മാതാപിതാക്കളാണ് ഇക്കാര്യത്തില്‍ പരിധി നിശ്ചയിക്കേണ്ടത്.

കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ കൊടുക്കുന്നത് താന്‍ നിയന്ത്രിക്കാറുണ്ടെന്ന് മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ ഗേറ്റ്‌സ് പറയുന്നത് ഇതിനോടു ചേര്‍ത്തു വച്ചു വായിക്കണം. ലോകത്തിലെ ഏറ്റവും വലിയ സോഫ്‌റ്റ്വെയര്‍ കമ്പനി സ്ഥാപകന് കുട്ടികള്‍ ടെക്‌നോളജി ഉപയോഗിക്കണം എന്നതില്‍ ഭിന്നാഭിപ്രായം ഇല്ല. സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതില്‍ സ്വന്തം മക്കള്‍ക്ക് ഒരു നിശ്ചിത പ്രായം വരെ ബില്‍ ഗേറ്റ്‌സ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു എന്നാണ് അദ്ദേഹം തന്നെ വിശദീകരിച്ചത്. എല്ലാത്തിനും ഞങ്ങളൊരു സമയം നിശ്ചയിച്ചിരുന്നു. അതിനുശേഷം സ്ക്രീന്‍ ടൈം അനുവദിച്ചിരുന്നില്ല. വേണ്ടുവോളം സമയം ഉറങ്ങാന്‍ അതവര്‍ക്ക് സഹായകരമായിരുന്നു. സാങ്കേതിക വിദ്യകളെ മികച്ച രീതിയില്‍ എങ്ങനെ ഉപയോഗിക്കാം എന്ന് നിങ്ങള്‍ എപ്പോഴും നോക്കണം. ഹോംവര്‍ക്ക്, സുഹൃത്തുക്കളുമായുള്ള സമ്പര്‍ക്കം എന്നീ കാര്യങ്ങള്‍ക്കൊപ്പം എവിടെയാണ് അത് അധികമുള്ളതെന്നും നോക്കണം. ഭക്ഷണ സമയത്ത് ഞങ്ങള്‍ ടേബിളില്‍ സെല്‍ഫോണുകള്‍ വെക്കാറില്ല. ബ്രിട്ടീഷ് ടാബ്ലോയ്ഡ് ആയ ഡെയ്‌ലി മിററിന് നല്‍കിയ അഭിമുഖത്തിലാണ് ബില്‍ ഗേറ്റ്‌സിന്റെ തുറന്നുപറച്ചില്‍. പ്രമുഖ ന്യൂറോ സര്‍ജനും കാന്‍സര്‍ ചികില്‍സരംഗത്തെ അതികായനുമായ ഡോ. വിനി ഖുറാന തലച്ചോറില്‍ അര്‍ബുദം (ബ്രെയിന്‍ ട്യൂമര്‍) ബാധിക്കുന്നതിന് മൊബൈല്‍ ഫോണ്‍ കാരണമാകുമെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ തറപ്പിച്ചു പറയുന്നു. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തലച്ചോറില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് 11 വ്യത്യസ്ത പഠനങ്ങളെ അടിസ്ഥാനമാക്കി സ്വീഡനിലെ ഒര്‍ബേറോ സര്‍വകലാശാലയിലെ പ്രൊഫ. കെജല്‍ മില്‍ഡും പറയുന്നു. ഇനി പറയൂ, നമ്മുടെ കുട്ടിക്ക് മൊബൈല്‍ ഫോണ്‍ ആവശ്യമുണ്ടോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക