Image

ഗ്രീന്‍ കാര്‍ഡിനു 70 വര്‍ഷം കാത്തിരിപ്പ്: പ്രതിഷേധവുമായി എസ്.ഐ.ഐ.എ

സെബാസ്റ്റ്യന്‍ ആന്റണി Published on 05 February, 2018
ഗ്രീന്‍ കാര്‍ഡിനു 70 വര്‍ഷം കാത്തിരിപ്പ്: പ്രതിഷേധവുമായി എസ്.ഐ.ഐ.എ
ന്യൂ ജേഴ്സി: നിലവിലെ യു എസ് കോണ്‍ഗ്രസും വൈറ്റ് ഹൗസ് ഭരണകൂടവും കുടിയേറ്റ നിയമ പരിഷ്‌കരണത്തിന്റെ അടുത്ത ഘട്ടത്തെ കുറിച്ച് പദ്ധതിയിടുമ്പോള്‍, ഗ്രീന്‍ കാര്‍ഡിനു 70 വര്‍ഷം കാത്തിരിക്കേണ്ട സ്ഥിതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്  സ്‌കില്‍ഡ് ഇമിഗ്രന്റ്സ് ഇന്‍ അമേരിക്ക (എസ്.ഐ.ഐ.എ) സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മയും ചര്‍ച്ചകളും സംഘടിപ്പിക്കുന്നു. യു എസ് തലസ്ഥാനത്ത് ഒത്തുചേരുന്ന എസ്.ഐ.ഐ.എയുടെ 500-ഓളം അംഗങ്ങള്‍ യു എസ് കോണ്‍ഗ്രസ് പ്രതിനിധികളും സെനറ്റര്‍മാരുമായി ദിവസം മുഴുവന്‍ നീളുന്ന കൂടിക്കാഴ്ചകളും ചര്‍ച്ചകളുമാണ് പദ്ധതിയിട്ടിട്ടുള്ളത്.

യു എസിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നാലാം തവണ ഒത്തുകൂടുന്ന ഇവര്‍ വാഷിങ്ടണ്‍ ഡി.സിയിലെ നേതാക്കള്‍ക്ക് വ്യക്തമായ ഒരു സന്ദേശമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത് - തൊഴില്‍ അധിഷ്ഠിത ഗ്രീന്‍ കാര്‍ഡ് അപേക്ഷാ കുടിശിക ഉടന്‍ തീര്‍പ്പാക്കുക. സെനറ്റര്‍ ഓറിന്‍ ഹാച്ച് മുന്നോട്ടുവയ്ക്കുന്ന ഇമിഗ്രേഷന്‍ ഇന്നവേഷന്‍ (ഐ-സ്‌ക്വയേര്‍ഡ്) നിയമത്തെ ഹാര്‍ദ്ദവമായി പിന്തുണയ്ക്കുന്ന ഇവര്‍ ഇതിന് ഇരു പാര്‍ട്ടികളുടേയും പിന്തുണ നേടിയെടുക്കാനുള്ള ശ്രമത്തിലുമാണ്. അതുവഴി ഈ നിയമം എത്രയും വേഗം നടപ്പാക്കിയെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആരോഗ്യരംഗത്തു നിന്നുള്ള പ്രൊഫഷണലുകള്‍, ഗവേഷകര്‍, എഞ്ചിനിയര്‍മാര്‍, സാങ്കേതിക രംഗത്തുനിന്നുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കൊപ്പം, എച്ച്-4 വിസ ആഗ്രഹിക്കുന്ന കുട്ടികള്‍, ജീവിത പങ്കാളികള്‍ (എച്ച് -4 ഇഎഡി) തുടങ്ങിയവരെല്ലാം ഈ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു. കാരണം പുതിയ പ്രഖ്യാപനം ഇവരെയെല്ലാം ബാധിക്കുന്നതാണ്. അമേരിക്കയിലുള്ള ദശലക്ഷ കണക്കിന് വരുന്ന ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഇവര്‍ അമേരിക്കയെ സ്വന്തം നാടായി കണ്ട് പരിചരിക്കുന്നവരാണ്. വിവിധ തരത്തില്‍ സാമ്പത്തിക നിക്ഷേപങ്ങളും വൈകാരിക ബന്ധങ്ങളുമാണ് ഇവര്‍ ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. ഈ നാട്ടില്‍ എത്തിയ അന്നു മുതല്‍ ഇവിടുത്തെ സമ്പദ് വ്യവസ്ഥയിലേക്കും സമൂഹ പുരോഗതിക്കും വേണ്ടി പ്രയത്നിക്കുന്ന സമൂഹമാണിവര്‍. പുതിയ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ ഇവര്‍ തങ്ങളുടെ മുഴുവന്‍ സമ്പാദ്യവും വിട്ടെറിഞ്ഞ് രാജ്യത്തു നിന്ന് പുറത്തു പോവാന്‍ നിര്‍ബന്ധിതരാവും. നിലവില്‍ ഒരു ജോലി മാറ്റമോ, ജോലിയിലെ സ്ഥാനക്കയറ്റം സ്വീകരിക്കലോ രാജ്യത്തിന് പുറത്തേക്ക് ഒരു യാത്രയോ പോലും ഇവര്‍ക്ക് പേടി സ്വപ്നമാണ്.

ഇതോടൊപ്പം പ്രതിഷേധക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ കാണാനുള്ള സൗകര്യവും അപ്പര്‍ സെനറ്റ് പാര്‍ക്കില്‍ (റസല്‍ സെനറ്റ് ബില്‍ഡിങ്ങിന് എതിര്‍വശം) ഒരുക്കിയിട്ടുണ്ട്. ഉയര്‍ന്ന നൈപുണ്യമുള്ളവരായ ഈ കുടിയേറ്റക്കാരെയും അവരുടെ പങ്കാളികളേയും മക്കളേയും കാണുന്നതിനും പ്രശ്നത്തിന്റെ ഗൗരവം അറിയുന്നതിനും അവ പരിഹരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിനുമായി എല്ലാ മാധ്യമ പ്രവര്‍ത്തകരേയും ഇവിടേക്കു സ്വാഗതം ചെയ്യുന്നു.

എസ്.ഐ.ഐ.എ

കഴിഞ്ഞ എഴുപതിലേറെ വര്‍ഷങ്ങളായി തൊഴില്‍ അധിഷ്ഠിത ഗ്രീന്‍കാര്‍ഡ് പ്രതിസന്ധിയില്‍ കുടുങ്ങി കിടക്കുന്നവരുടെ ഒരു ഗ്രൂപ്പാണ് സ്‌കില്‍ഡ് ഇമിഗ്രന്റ്സ് ഇന്‍ അമേരിക്ക അഥവാ എസ്.ഐ.ഐ.എ. ഒരു ഫേസ്ബുക്ക് കൂട്ടായ്മയായി ഈ സംഘത്തില്‍ ഇന്ന് വിവിധ മേഖലകളില്‍ നിന്നായി 153000 അംഗങ്ങളുണ്ട്. ആരോഗ്യരംഗത്തു നിന്നുള്ള പ്രൊഫഷണലുകള്‍, ഗവേഷകര്‍, എഞ്ചിനിയര്‍മാര്‍, വിവിധ വ്യവസായ മേഖലകളില്‍ നിര്‍ണായക ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ഈ ഗ്രൂപ്പിലുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://7monthsvs70years.siia.us എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Tel: ഷിജോ ജോസഫ് (850-485-8719)
ഗ്രീന്‍ കാര്‍ഡിനു 70 വര്‍ഷം കാത്തിരിപ്പ്: പ്രതിഷേധവുമായി എസ്.ഐ.ഐ.എ ഗ്രീന്‍ കാര്‍ഡിനു 70 വര്‍ഷം കാത്തിരിപ്പ്: പ്രതിഷേധവുമായി എസ്.ഐ.ഐ.എ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക