Image

അശാന്തനെ അപമാനിച്ച അക്കാദമിയില്‍ നിന്ന് രാജി

Published on 06 February, 2018
അശാന്തനെ അപമാനിച്ച അക്കാദമിയില്‍ നിന്ന് രാജി
അശാന്തനെ അപമാനിച്ച അക്കാദമിയില്‍ നിന്ന് രാജിവെക്കുന്നു - കവിതാ ബാലകൃഷ്ണന്‍

ബഹുമാനപ്പെട്ട കേരള സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ശ്രീ.എ.കെ.ബാലന്‍ മുന്‍പാകെ, കേരള ലളിതകലാ അക്കാദമിയുടെ ഭരണസമിതിയിലെ ഒരംഗം എന്ന നിലയില്‍ നിന്നും ഞാന്‍, ഡോ.കവിത ബാലകൃഷ്ണന്‍ രാജി വയ്ക്കുന്നതായി അറിയിക്കുന്ന കത്ത് ഇതിനാല്‍ സമര്‍പ്പിച്ചുകൊള്ളുന്നു

സര്‍,

പൊതുവായ നമ്മുടെ സമൂഹജീവിതത്തില്‍ എന്ന പോലെത്തന്നെ, കലയുടെ രംഗത്തും ഒരേ നീതി എല്ലാവര്‍ക്കും കിട്ടുന്ന സ്വതന്ത്ര പൊതുവിടത്തിനായി സന്ധിയില്ലാത്ത പ്രവര്‍ത്തനമാണ് ഇടതുപക്ഷ ഗവന്മേന്‍ട് ഭരിക്കുന്ന സര്‍ക്കാര്‍ നിയോഗിച്ച ഈ ഭരണസമിതി കാഴ്ചവയ്ക്കെണ്ടത് എന്നു ഞാന്‍ കരുതുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇക്കഴിഞ്ഞ ദിവസം അശാന്തന്‍ എന്ന ചിത്രകാരന്റെ മൃതദേഹം അക്കാദമിയുടെ സ്വാതന്ത്ര്യപ്രകാരം മുന്‍ വാതിലിലൂടെ കടത്തിക്കൊണ്ടുവരാനും മുന്നിലെ പന്തലില്‍ത്തന്നെ അന്ത്യദര്‍ശനത്തിന് വയ്ക്കാനും കേരള ലളിതകലാ അക്കാദമിക്ക് കഴിഞ്ഞില്ല. 

അതിലേയ്ക്ക് മുന്‍പൊന്നും ഇല്ലാത്ത വിധം സംഘപരിവാര്‍ ശക്തികളുടെ അനുമതി വേണ്ടിവരുമെന്ന അവസ്ഥയുണ്ടായി.

 വരുംവരായ്കകളും രാഷ്ട്രീയമായ ശരികേടുകളും ആലോചിക്കാതെ അവരുമായി മദ്ധ്യസ്ഥപ്പെട്ടു. പാര്‍ശ്വത്തിലുള്ള വഴിയിലൂടെയാണ് മൃതദേഹം കടത്തിയത്. അതോടെ അശാന്തനെ മരണാനന്തരം അക്കാദമിയും അക്ഷരാര്‍ത്ഥത്തില്‍ അപമാനിച്ചു.

 വര്‍ഗ്ഗീയതയ്ക്കെതിരെയുള്ള പ്രതിരോധം ഈ നാട്ടില്‍ ദുര്‍ബലമാകുന്നുവെന്ന വളരെ തെറ്റായ അടയാളം ഇത് സമൂഹത്തില്‍ വിക്ഷേപിച്ചുകഴിഞ്ഞു. അക്കാദമി ഇക്കാര്യത്തില്‍ മതേതര ജനാധിപത്യ രാഷ്ട്രീയബോധമുള്ള പൊതുജനത്തോട് മാപ്പ് പറയേണ്ട അവസ്ഥയുണ്ട്. 

ഇങ്ങനെ ഒരു പ്രതിസന്ധി ഉണ്ടായിട്ടും, ചെയര്‍മാനോ സെക്രട്ടറിയോ കാര്യങ്ങള്‍ യഥാസമയം കൂടിയാലോചിച്ചിട്ടില്ലാത്തതിനാല്‍എക്സിക്യുട്ടീവ് മെമ്പറെന്ന നിലയില്‍ ഈ സംഭവ വികാസങ്ങളൊന്നും തന്നെ അറിയാനോ അതില്‍ വേണ്ട നേരത്ത് അഭിപ്രായം ഉന്നയിക്കാനോ എനിക്ക് അവസരം ലഭിച്ചിട്ടില്ല. ചില സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞ് ഞാന്‍ ചെയര്‍മാനെ വിളിച്ച് ചോദിച്ചിട്ടാണ് അവിശ്വസനീയമായ വിധത്തിലുള്ള ഈ വാര്‍ത്ത ഞാന്‍ സ്ഥിരീകരിച്ചത് പോലും. അപ്പോഴേക്കും കാര്യങ്ങള്‍ക്കെല്ലാം വളരെ അപമാനകരമായ പരിണതി ആയിക്കഴിഞ്ഞിരിക്കുന്നു.

ഒരു കലാകാരി എന്ന നിലയിലും കലാചരിത്ര ഗവേഷകയും എഴുത്തുകാരിയുമെന്ന നിലയിലും അക്കാദമിയുമായി അതിന്റെ എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളിലും തുടര്‍ന്നും സഹകരിച്ചു പോകാന്‍ ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്. പക്ഷെ ഈ കമ്മിറ്റിയില്‍ തുടരാന്‍ പ്രയാസമുണ്ട്. അക്കാദമി ഭരണസമിതി ഏകപക്ഷീയമായി എടുത്ത തീരുമാനവുമായി ഒരു തരത്തിലും രാഷ്ട്രീയമായി യോജിക്കാനാകാതെ വരികയും, ഇത് ഒരു ഇടതുപക്ഷ ഗവന്മേന്ടു നിയോഗിച്ച എക്സിക്യുട്ടീവ് മെമ്പര്‍ക്ക് ന്യായീകരിക്കാവുന്ന തീരുമാനമല്ലാതിരിക്കുകയും ചെയ്യുമ്പോള്‍, ഭാവിയിലും ഇത്തരം അവസ്ഥയില്‍ ഈ കമ്മിറ്റിയില്‍ ഉത്തരവാദിത്തത്തോടെയും ഉറപ്പോടെയും വിശ്വാസത്തോടെയും തുടരാനാകില്ല. ഇങ്ങനെയൊരു സാഹചര്യമുണ്ടായതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ഞാന്‍ ഈ രാജി സമര്‍പ്പിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക