Image

കവി കുരീപ്പുഴയെ അധിക്ഷേപിച്ച്‌ കെ. സുരേന്ദ്രന്‍

Published on 06 February, 2018
കവി കുരീപ്പുഴയെ അധിക്ഷേപിച്ച്‌ കെ. സുരേന്ദ്രന്‍
കോഴിക്കോട്‌: ആര്‍.എസ്‌.എസ്‌ ആക്രമണത്തിന്‌ ഇരയായ കവി കുരീപ്പുഴ ശ്രീകുമാറിനെ അധിക്ഷേപിച്ച്‌ കെ. സുരേന്ദ്രന്‍. പ്രശസ്‌തനാവാനും പുസ്‌തകങ്ങള്‍ വിറ്റുപോകാനും വേണ്ടി ആര്‍.എസ്‌.എസ്‌ ആക്രമണ ഭീഷണിയുണ്ടെന്ന്‌ വരുത്തിത്തീര്‍ക്കാനുള്ള കുരീപ്പുഴയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നാണ്‌ കെ. സുരേന്ദ്രന്‍ പറയുന്നത്‌.

'കുരീപ്പുഴ ഇന്നുമുതല്‍ ആഗോളപ്രശസ്‌തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന പുസ്‌തകങ്ങളൊക്കെ എളുപ്പത്തില്‍ വിററു തീരും. മിനിമം ആറുമാസത്തേക്ക്‌ എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കും. കര്‍ണ്ണാടകയില്‍ ഒരുത്തന്‍ സിനിമയെല്ലാം പൂട്ടിപ്പോയിട്ടും എന്നും മോദിയെ ചീത്ത വിളിച്ച്‌ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്‌ ഇവിടേയും മാതൃകയാക്കാവുന്നതാണ്‌.' എന്നു പറഞ്ഞാണ്‌ കെ. സുരേന്ദ്രന്റെ അധിക്ഷേപം.

എഴുത്തുകാരന്‍ പെരുമാള്‍ മുരുകനെതിരെയുള്ള സംഘപരിവാര്‍ ആക്രമണവും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുമെല്ലാം പബ്ലിസിറ്റി സ്റ്റണ്ടായി വ്യാഖ്യാനിച്ചുകൊണ്ടാണ്‌ സുരേന്ദ്രന്‍ ഇങ്ങനെ പറയുന്നത്‌.

'അജ്ഞാതനായ ഒരാള്‍ ടെലിഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി എന്നു പറഞ്ഞാണ്‌ പെരുമാള്‍ മുരുകന്‍ എഴുത്തുനിര്‍ത്തല്‍ വിളംബരം നടത്തിയത്‌. പിന്നെ പ്രതിഷേധമായി ബഹളമായി മോദി മറുപടി പറഞ്ഞേ അടങ്ങൂ എന്നായി ജീവിതത്തില്‍ ഇതാരാണെന്നു പോലും അറിയാത്തവരും അദ്ദേഹത്തിന്റെ കൃതികളിലൊന്നുപോലും കണ്ടിട്ടില്ലാത്തവരും ആര്‍. എസ്‌. എസിന്റെഫാസിസത്തിനെതിരെ സാഹിത്യസമ്മേളനങ്ങളും പുരസ്‌കാരം മടക്കലും.

തന്റെ നാട്ടിലെ പെണ്ണുങ്ങള്‍ പലരും രാത്രിയില്‍ ക്ഷേത്രങ്ങളിലെ ഉല്‍സവത്തിനുപോകുന്നത്‌ വ്യഭിചരിക്കാനാണെന്ന്‌ മുരുകന്‍ പറഞ്ഞതാണ്‌ പ്രകോപനത്തിനു കാരണമായത്‌. മുരുകന്റെ നാട്ടില്‍ ആര്‍. എസ്‌. എസും ബി ജെ പിയും കഷായത്തില്‍ കൂട്ടാന്‍ പോലുമില്ല. അവസാനം പോലീസ്‌ കേസ്സായി അന്വേഷണമായി. ഒരിടത്തും ആര്‍. എസ്‌. എസുമില്ല ബി. ജെ. പിയുമില്ല.

ആര്‍. എസ്‌. എസിനെ പിടിക്കാനായില്ലെങ്കിലും മുരുകന്‍ എഴുതിയതും ആരും തിരിഞ്ഞുനോക്കാതെ കെട്ടിക്കിടന്നിരുന്നതുമായ ചവറുകള്‍ പലതും വിററുപോയി. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന എഴുത്തുകാരനുമായി. പ്രശസ്‌തനാവാനും കെട്ടിക്കിടക്കുന്ന പുസ്‌തകങ്ങള്‍ വിററഴിക്കാനുമുള്ള എളുപ്പ വഴി താന്‍ മോദിയുടെ വിമര്‍ശകനാണെന്നും എനിക്ക്‌ ആര്‍. എസ്‌. എസ്‌ ആക്രമണ ഭീഷണിയുണ്ടെന്നും വരുത്തിത്തീര്‍ക്കുക എന്നതാണ്‌. ' സുരേന്ദ്രന്‍പറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക