Image

ഗാന്ധിസ്മരണ (കവിത: ഡോ.ഇ.എം. പൂമൊട്ടില്‍)

Published on 06 February, 2018
ഗാന്ധിസ്മരണ (കവിത: ഡോ.ഇ.എം. പൂമൊട്ടില്‍)
(നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി കൊല്ലപ്പെട്ടിട്ട് എഴുപതു വര്‍ഷങ്ങള്‍ പിന്നിടുന്നു. ഗാന്ധിജിയുടെ സ്മരണയില്‍ രചിച്ച ഈ കവിത നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.)

ഭാരതം കേണീടുന്നു ഗാന്ധി തന്‍ സ്മരണയില്‍
ധീരനാം മഹാത്മാവിന്‍ ദാരുണാന്ത്യമോര്‍ക്കവെ
എങ്കിലും നിറയുന്നു ആനന്ദാശ്രു കണ്‍കളില്‍
എന്നുമാ നേതാവിന്റെ ധന്യജീവിതമോര്‍ത്ത്!

എത്ര ദീര്‍ഘയാത്രകള്‍, എത്രയോ പ്രഭാഷണം
എത്രയോ സത്യാഗ്രഹം ചെയ്തുതാന്‍ ഇന്ത്യയ്ക്കായി
എത്രയോ ജയില്‍വാസം, എത്ര പീഡനങ്ങളും,
എത്ര താഡനങ്ങളും സഹിച്ചു രാജ്യത്തിനായ്!

ഭാരതം വളരുന്നു, പെരുകുന്നു നേതാക്കള്‍
ഗാന്ധിതന്‍ സ്മരണയും ദൂരെയായ് മറയുന്നു
പാരതന്ത്ര്യത്തിന്‍ പാശം മുറിച്ചാ നേതാവിനെ
ഭാരതത്തിന്‍ മക്കളേ, വിസ്മരിക്കാനാവുമോ!
അക്രമരാഹിത്യവും സൗമ്യ സംവാദങ്ങളും
തന്നൊരാ സ്വാതന്ത്ര്യവും മറന്നീടാനാവുമോ!

ഗാന്ധിതന്‍ ആദര്‍ശവും സ്വാശ്രയ ശീലങ്ങളും
കാലങ്ങള്‍ കഴിയവെ വിസ്മരിക്കുന്നേവരും,
ഏറെനാള്‍ പോയീടിലും ഭാരതീയര്‍ക്കാവുമോ
തേജസാ മുഖത്തിലെ പുഞ്ചിരി മറക്കുവാന്‍!
ഏറെനാള്‍ പോയീടിലും മര്‍ത്ത്യനു കഴിയുമോ
സ്‌നേഹമാ ഹൃദയത്തിന്‍ നന്മകള്‍ മറക്കുവാന്‍!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക