Image

വേണമെങ്കില്‍ എന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിക്കോളു; മോദിസര്‍ക്കാരിനെ വിമര്‍ശിച്ച്‌ യശ്വന്ത്‌ സിന്‍ഹ

Published on 07 February, 2018
വേണമെങ്കില്‍ എന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിക്കോളു; മോദിസര്‍ക്കാരിനെ വിമര്‍ശിച്ച്‌ യശ്വന്ത്‌ സിന്‍ഹ
 


ന്യൂദല്‍ഹി: ബി.ജെ.പിക്കുള്ളിലെ അരാജകത്വ പ്രവണതകള്‍ അവസാനിപ്പിക്കുന്നതുവരെ പാര്‍ട്ടിയില്‍ തുടരുമെന്ന്‌ മുന്‍ കേന്ദ്രമന്ത്രി യശ്വന്ത്‌ സിന്‍ഹ. താന്‍ ബി.ജെ.പിയില്‍ നിന്ന്‌ രാജി വയ്‌ക്കുന്ന പ്രശ്‌നമില്ലെന്നും വേണമെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കാവുന്നതാണ്‌ എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.


പാര്‍ട്ടിക്കുള്ളിലെ വിവിധ വിഷയങ്ങളുന്നയിച്ച്‌ പ്രധാനമന്ത്രിയെ കാണാന്‍ അവസരം ചോദിച്ചെങ്കിലും ഇതുവരെ അതിന്‌ അനുവാദം ലഭിച്ചില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ഇതാണ്‌ രാഷ്ട്രീയ മഞ്ച്‌ എന്ന്‌ സംഘടന രൂപീകരിക്കാന്‍ കാരണമായതെന്ന്‌ യശ്വന്ത്‌ സിന്‍ഹ ചൂണ്ടിക്കാട്ടി.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്‌ പ്രകടന പത്രികയുമായി യോജിക്കുന്ന രീതിയിലല്ല മോദി സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട്‌ പോകുന്നത്‌. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നയങ്ങളെ തിരുത്താനാണ്‌ താന്‍ പോരാട്ടം നടത്തുന്നതെന്നാണ്‌ യശ്വന്ത്‌ സിന്‍ഹ പറഞ്ഞത്‌.

മോദി സര്‍ക്കാരിന്റെ നിലപാടുകളെ നിരന്തരം വിമര്‍ശനങ്ങള്‍ക്ക്‌ വിധേയമാക്കുന്ന സിന്‍ഹ പാര്‍ട്ടിയില്‍ നിന്നും താന്‍ രാജി വയ്‌ക്കുമെന്ന്‌ നേരത്തേ പ്രഖ്യാപിച്ചിരുന്നു. താന്‍ നടത്തിയ പ്രസ്‌താവനകളുടെ പേരില്‍ പാര്‍ട്ടി എന്തു നടപടിയെടുത്താലും അതിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മറ്റ്‌ പാര്‍ട്ടികളുമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമോ എന്ന ചോദ്യത്തിന്‌ എല്ലാകറികളിലും ഉപയോഗിക്കാന്‍ കഴിയുന്ന ഉരുളക്കിഴങ്ങിനെപ്പോലെയാണ്‌ താനെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക