Image

താമരശേരി ചുരം കടന്നാല്‍ വയനാട്; വശ്യ മോഹനം പ്രക്രുതി (ഋതുഭേദങ്ങൾ - കോരസൺ)

Published on 07 February, 2018
താമരശേരി ചുരം കടന്നാല്‍ വയനാട്; വശ്യ മോഹനം പ്രക്രുതി (ഋതുഭേദങ്ങൾ - കോരസൺ)
'വെള്ളാനകളുടെ നാട്' എന്ന സിനിമയില്‍ കുതിരവട്ടം പപ്പു അനശ്വരമാക്കിയ ഒരു സംഭാഷണം ആണ് താമരശ്ശേരി ചുരത്തെപ്പറ്റി ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. കോഴിക്കോടുനിന്നും വയനാടിന് പോകുമ്പോള്‍ ഏതാണ്ട് അമ്പതു കിലോമീറ്റര്‍ ദൂരത്താണ് താമരശ്ശേരി ചുരം സ്ഥിതിചെയ്യുന്നത്. റോഡ് നന്നാക്കാനുള്ള റോഡ് റോളര്‍ െ്രെഡവറായിട്ടാണ് കുതിരവട്ടം പപ്പു അഭിനയിച്ചത്. കുത്തനെ താഴേക്ക് പോകുന്ന ഹെയര്‍പിന്‍ വളവുകളിലൂടെ ബ്രേക്ക് നഷ്ട്ടപ്പെട്ട റോഡ് റോളര്‍ ഓടിച്ചു പോയ വീരസാഹസീകതയാണ് പപ്പുവിന്റെ രസകരമായ ഡയലോഗ്. അടിവാരത്തുനിന്നും ലക്കിടി വരെയുള്ള 12 കിലോമീറ്റര്‍ പാമ്പുപോലെ വളഞ്ഞു കിടക്കുന്ന നിരയുടെ ഇരുഭാഗത്തും നയനാനന്ദകരമായ കാഴ്ചയാണ് മാറി മാറി വന്നുകൊണ്ടിരിക്കുന്നത്. ചുരത്തിലേക്കുള്ള കയറ്റവും ഇറക്കവും അതി സാഹസീകമായ അനുഭവമാണ് സമ്മാനിച്ചത്. പശ്ചിമ ഘട്ടത്തെ തഴുകി പറന്നു പോകന്ന മൂടല്‍ മഞ്ഞും, അതിനിടയില്‍ കൂടി പ്രത്യക്ഷപ്പെടുന്ന സൂര്യകിരണങ്ങളും, താഴെ ഉറുമ്പ് പോലെ നിരനിരയായി കയറിഇറങ്ങുന്ന വാഹനങ്ങളും ഒരിക്കലും മറക്കാനാവാത്ത ദ്ര്യശ്യ വിരുന്നു തന്നെയാണ്.

'ലക്കിടിയില്‍ എത്തിയാല്‍ പിന്നെ വയനാടിലേക്കു പ്രവേശിക്കുകയായി. ദക്ഷിണ ഇന്ത്യയിലെ ചിറാപുഞ്ചി എന്ന് അറിയപ്പെട്ടിരുന്ന ലക്കിടി നിബിഡമായ വനസമ്പത്തു തന്നെ ആണ്. വന്യമൃഗങ്ങള്‍ സമൃദ്ധമായി വിഹരിച്ചിരുന്ന ഈ വനത്തിലൂടെ ഉള്ള കുറുക്കുപാത ആദിവാസികള്‍ക്ക് മാത്രമേ അറിയാന്‍ കഴിഞ്ഞിരുന്നുള്ളൂ. ആദിവാസി മൂപ്പന്‍ കരിന്തണ്ടന്‍ ഹൃദിസ്ഥമാക്കി വച്ചിരുന്ന ഈ കുറുക്കുവഴി ബ്രിട്ടീഷ് എഞ്ചിനീയര്‍ മനസ്സിലാക്കിയെടുത്തു. ഈ വഴി കണ്ടുപിടിച്ച നേട്ടം മറ്റാര്‍ക്കും പകുത്തുകൊടുക്കാന്‍ അയാള്‍ തയ്യാറായില്ല. കരിന്തണ്ടനെ അനുനയിപ്പിച്ചു മലയുടെ മുകളില്‍ കൊണ്ടുപോയി വധിച്ചു എന്നാണ് പറയപ്പെടുന്നത്. താമരശ്ശേരി ചുരം നിര്‍മ്മിക്കപ്പെട്ടതിനു ശേഷം അപകടങ്ങളുടെ ഒരു വലിയ നിരതന്നെയാണ് ഉണ്ടായിക്കൊണ്ടിരുന്നത്. കരിന്തണ്ടന്റെ പ്രേതം വാരി വിതച്ച അപകട മരണങ്ങള്‍ യാത്രക്കാരില്‍ ഭീതി ഉണര്‍ത്തിക്കൊണ്ടിരുന്നു. വളരെ സാഹസികമായി കരിന്തണ്ടന്റെ പ്രേതത്തെ ബന്ധിച്ചു ഒരു ആല്‍ മരത്തില്‍ ചങ്ങലക്കുതളച്ചു. അതിനു ചുവട്ടില്‍ കരിന്തണ്ടന്റെ നാമത്തില്‍ ‘ചങ്ങല മുനീശ്വരന്‍ കോവില്‍’ എന്ന ഒരു പ്രതിഷ്ഠയും നടത്തി. ഈ ചങ്ങല മരം അവിടെ കാണാം , അതിലുള്ള ചങ്ങല മരത്തോടൊപ്പം വളരുന്നു എന്നാണ് പറയപ്പെടുന്നത്. ലക്കിടിയിലുള്ള 'ചങ്ങലയിട്ട മരം' ഒന്ന് ശ്രദ്ധിക്കാതെ പോകാന്‍ പറ്റില്ല.

'മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ ' എന്ന ചിത്രത്തില്‍ ഇത്തരം ഒരു കോവിലിന്റെ പശ്ചാത്തലം കാണാന്‍ സാധിക്കും. കുറവന്‍റെ ആത്മാവിനെ തളച്ചിട്ട മരത്തില്‍ എവിടേയോ കുറത്തിയുടെ തേങ്ങല്‍ കേള്‍ക്കാമെന്നും അവിടേക്കു ജീവനുള്ള ആത്മാക്കളെ മരണത്തിലൂടെ ക്ഷണിക്കും എന്നും ഉള്ള ഒരു കഥയാണ് ആ ചിത്രത്തില്‍ കോറി ഇട്ടിരിക്കുന്നത്. ചുരത്തിലൂടെ പോയ കാറിനു ബ്രേക്ക് നഷ്ടപ്പെടുകയും കോവിലില്‍ ചെന്ന് ഇടിച്ചു മരണം സംഭവിക്കുന്നതുമായ നിഗുഢമായകഥ. കുറെയേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്, താമരശ്ശേരി റോഡ് ഇത്രയും വികാസം പ്രാപിക്കാതിരുന്ന കാലത്തെ ഓര്‍മ്മകള്‍ ടീമിനു നേതൃത്വം വഹിച്ച ശ്രീ. ബെന്നി ഫ്രാന്‍സിസ് പറഞ്ഞുകൊണ്ടേയിരുന്നു. അന്ന് അദ്ദേഹം വയനാടില്‍ കൃഷി ഉദ്യോഗസ്ഥനായി സേവനം അനുഷ്ഠിക്കുക ആയിരുന്നു. ബുള്ളറ്റില്‍ സുഹൃത്തിനോടൊപ്പം പോകുന്ന വഴി കാട്ടാന പുറകെ ഓടിവന്നതും, തൊട്ടു തൊട്ടില്ല എന്ന അവസ്ഥയില്‍ നിന്നും പിറകിലിരുന്ന സുഹൃത് രക്ഷപ്പെട്ടതും ഓര്‍മ്മപ്പെടുത്തി; നിഗൂഢത നിറഞ്ഞ യാത്രയെ അത് തീവ്രമാക്കികൊണ്ടിരുന്നു. ബൈക്കിന്റെ പിറകില്‍ ഉണ്ടായിരുന്ന സുഹൃത്തിന്റെ ഷര്‍ട്ടില്‍ കാട്ടാനയുടെ തുമ്പിക്കയ്യില്‍ നിന്നും ഒലിച്ചിറങ്ങിയ ദ്രാവകം കൂടി ഉണ്ടായിരുന്നു എന്ന്കൂടി പറഞ്ഞപ്പോള്‍ നടുങ്ങാതിരിക്കാനായില്ല.

ചുരം ഇറങ്ങി തിരികെ വരുമ്പോള്‍ ഉണ്ടായ അനുഭവം വിവരണാതീതമാണ്. യാത്രയുടെ തിരിച്ചുപോക്കില്‍ ഉണ്ടായ സംഭവം ആണെങ്കില്‍ക്കൂടി അത് ഇവിടെത്തന്നെ പറയുന്നതാണ് ഉചിതമെന്നു തോന്നുന്നു. ഒന്‍പതു തിരുവുകളില്‍ രണ്ടെണ്ണം കഴിഞ്ഞപ്പോള്‍ എന്തോ ഒരു മണം ശ്രദ്ധിച്ചു, ഒപ്പം എന്തോ വലിയ ഒരു ശബ്ദവും ഇടക്ക് കേള്‍ക്കാന്‍ തുടങ്ങി. സന്തോഷ് പൊടുന്നനെ എഴുനേറ്റു പുറത്തേക്കു നോക്കി. അവിടെ വളെരെപ്പേര്‍ പാര്‍ക്ക് ചെയ്തു ചുരത്തിന്റെ മനോഹര ദ്ര്യശ്യം ആസ്വദിക്കുകയും ചിത്രങ്ങള്‍ എടുക്കയും ചെയ്യുക ആയിരുന്നു. ഏതായാലും െ്രെഡവര്‍ സുരേഷ് വണ്ടി ഒരു സൈഡിലേക്ക് ഒതുക്കി, ഒരു വലിയ ശബ്ദത്തോടെയാണ് വണ്ടി നിന്നത്. ഞങ്ങള്‍ വെളിയിലേക്കു ഇറങ്ങി ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങി, സുരേഷ് വണ്ടിയുടെ ബോണറ്റ് തുറന്നു ശബ്ദം വന്ന കാരണം നോക്കുകയായിരുന്നു. സുരേഷിന്റെ മുഖം കണ്ടപ്പോള്‍ എന്തോ പന്തികേട് തോന്നി, വണ്ടിക്കു ബ്രേക്ക് കുറഞ്ഞു തുടങ്ങിയിരിക്കുന്നു, ഇനിയും കുത്തനെയുള്ള ഇറക്കമാണ്, 20 സീറ്റുള്ള വലിയ വണ്ടിയാണ്, ഇറക്കം ഗിയര്‍ മാത്രം ഉപയോഗിച്ചു പോകണം. ഏതായാലും കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളും ഇക്കാര്യം തല്‍ക്കാലം അറിയണ്ട എന്ന് സിനിലാല്‍ പറഞ്ഞു. നേര്‍ത്ത ഇരുവരിപ്പാതയില്‍ പുറകില്‍നിന്നുള്ള വാഹനങ്ങളുടെ ഹോണ്‍ അടി ശ്രദ്ധിക്കാതെ പതുക്കെ സുരേഷ് വണ്ടി മുന്നോട്ടു നീക്കി. എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാന്‍ പാകത്തില്‍ ഹാന്‍ഡ് ബ്രേക്കില്‍ കൈ പിടിച്ചു ബെന്നിയും ഇരുന്നു. അതുവരെ ഉണ്ടായ എല്ലാ സന്തോഷങ്ങളും അലിഞ്ഞു ഇല്ലാതെയായി, സര്‍വ ഈശ്വരന്മാരെയും ധ്യാനിച്ച് കണ്ണുകള്‍ അടച്ചു ഇരുന്നു.

മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തിലെ ദ്രശ്യങ്ങള്‍ മനസ്സിലൂടെ കടന്നു പോയി. ലക്കിടിയില്‍ ചങ്ങല മരത്തിനു അടുത്തുനിന്നു ചിത്രങ്ങള്‍ എടുത്തതും, കരിന്തണ്ടനെക്കുറിച്ചു തമാശ പൊട്ടിച്ചതും ഒരു കൊള്ളിമീന്‍ പോലെ തിണിര്‍ത്തുവന്നു. കരിന്തണ്ടന്റെ ആത്മാവ് കൂടെ പോരുന്നോ എന്നും അറിയാതെ ചിന്തിച്ചുപോയി.എന്തായാലും സുരേഷിന്റെ െ്രെഡവിംഗ് പാടവം കൊണ്ട് അത്ഭുതകരമായി, ബ്രേക്ക് ഇല്ലാതെ താമരശ്ശേരി ചുരം നിരങ്ങി ഇറങ്ങി, വണ്ടി നിരത്തിനരികെ പാര്‍ക്ക് ചെയ്തു. കണ്ണ് തുറന്നപ്പോള്‍ ഒരായിരം വെള്ളരിപ്രാവുകള്‍ ഒന്നിച്ചു പറന്നുയര്‍ന്ന അനുഭവമായിരുന്നു.

അന്ന് ഞായറാഴ്ച്ച ആയിരുന്നതിനാല്‍ ഒട്ടുമിക്ക കടകളും അടഞ്ഞുകിടന്നു. കോഴിക്കോട്ടേക്ക് എത്താന്‍ അന്‍പതോളം കിലോമീറ്റര്‍ ബാക്കി. സമയം അഞ്ചുമണി, ഒരു പരിചയവും ഇല്ലാത്ത നാട്. അടുത്ത ചായക്കടയില്‍ ടീമിനെ ഇരുത്തി കടക്കാരനോട് തിരക്കിയപ്പോഴാണ് ചന്ദ്രനെ പരിചയപ്പെടുത്തിയത്. ചന്ദ്രന്‍ മെക്കാനിക് ആണെങ്കിലും യാദൃച്ഛികമായി അവിടെ എത്തിപ്പെട്ടതായിരുന്നു. വണ്ടിയുടെ ഡയനാമോയും പണിമുടക്കിയിരിക്കുന്നു, അത് റിപ്പയര്‍ ചെയ്യാതെ യാത്ര മുന്നോട്ടു പോകാനാവില്ല. ചന്ദ്രന്‍ ആരെക്കെയോ ഫോണില്‍ വിളിച്ചു തിരക്കിക്കൊണ്ടിരുന്നു. ഭാഗ്യത്തിന് അടുത്ത ഒരു സ്‌റ്റോപ്പില്‍ ഒരു ഓട്ടോ ഇലക്ട്രിക്കല്‍ കട പകുതി തുറന്നു കിടക്കുന്നതു ശ്രദ്ധിച്ചു. കട അടവായിരുന്നതിനാല്‍ അയാള്‍ എന്തോ അത്യാവശ്യ കാര്യത്തിന് എത്തിയതാണ്. പക്ഷെ സഹായിക്കാന്‍ തയ്യാറായില്ല. ഉടനെ തന്നെ ചന്ദ്രന്‍ അവിടേക്കു വിളിച്ചു, ഇതുപോലെ ഒരു പ്രശ്‌നവുമായി ഒരു വണ്ടി എത്തുന്നു എന്ന് അറിയിച്ചു, ചന്ദ്രന്‍ സ്കൂട്ടറില്‍ പാഞ്ഞു എത്തി ചില മണിക്കൂറുകള്‍ കൊണ്ടു പരിഹാരം ഉണ്ടാക്കി അങ്ങനെ യാത്ര തുടരാനായി. അവിടെ കാവല്‍ മാലാഖയെപ്പോലെ എത്തിയ ചന്ദ്രനെ ഒരിക്കലും മറക്കാന്‍ കഴിയില്ല. ജീവിതത്തിലെ സന്നിഗ്ദ്ധമായ സന്ദര്‍ഭങ്ങളില്‍ ഇത്തരം നന്മ നിറഞ്ഞ മനുഷ്യരുടെ ഇടപെടലുകളാണ് ദൈവ സാന്നിധ്യമായി അനുഭവപ്പെടുക.

കോഴിക്കോട്ടു നിന്നും താമരശ്ശേരി വഴി അടിവാരം വരെ, പ്രകൃതിയും മനുഷ്യനും നിരന്തരം സമരസപ്പെടുന്നതിന്റെ വിരല്‍ പാടുകളാണ് കാണാനുള്ളത്. കുടിയേറ്റ ഭൂമിയില്‍ ഏദന്‍തോട്ടം നട്ടു പിടിപ്പിക്കുന്ന മനുഷ്യന്റെ ദിവ്യനിയോഗം; അവിടെയെല്ലാം കാടുകളോടൊപ്പം ചെറിയ നഗരങ്ങള്‍ നിര്‍മ്മിച്ച് കൊണ്ടേയിരിക്കുന്നു. കോടഞ്ചേരിയും പുതുപ്പാടിയും അതിന്റെ ഉത്തമ ഉദാഹരണങ്ങള്‍ ആണ്. ചുരം കയറി ലക്കിടി വഴി വൈത്തിരിയില്‍ എത്തുമ്പോഴേക്കും പ്രകൃതിയുടെയും മനുഷ്യന്റെയും ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധിക്കാതെ പോകില്ല. പ്രകൃതിയോട് മല്ലടിച്ചും ചുംബിച്ചും പണിതുയര്‍ത്തിയ ഉപവനകളും സങ്കേതങ്ങളും ആധുനിക സൗകര്യങ്ങളോടെ ഉള്ള സ്കൂളുകളും കോണ്‍വെന്റുകളും ആശുപത്രികളും ഉത്തര കേരളത്തക്കുറിച്ചു മനസ്സില്‍ ഉണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ അപ്പാടെ മാറ്റി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഷൈനിയെ പിറകിലിരുത്തി ഈ വനമദ്ധ്യത്തിലൂടെ ബൈക്ക് ഓടിച്ചു പോയ കാര്യം ബെന്നി ഓര്‍മ്മിച്ചു. കല്‍പ്പറ്റ, മീനങ്ങാടി വഴി സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിയപ്പോള്‍ സങ്കല്‍പ്പങ്ങളുടെ മാറാപ്പു താനേ വീണു ഉടഞ്ഞു.

വയലുകളുടെ നാടായ വയനാട്ടില്‍ ഇന്നുള്ള ഏറ്റവും വലിയ പട്ടണമാണ് സുല്‍ത്താന്‍ ബത്തേരി. സമുദ്ര നിരപ്പില്‍നിന്നും 930 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാല്‍ ഇവിടുത്തെ കാലാവസ്ഥ വളരെ സുഖകരമാണ്. ടിപ്പു സുല്‍ത്താന്റെ ആയുധങ്ങളുടെ ബാറ്ററി സൂക്ഷിച്ചു വച്ചിരുന്ന സ്ഥലമായതിനാലാണ് ഇതിനു സുല്‍ത്താന്‍ ബാറ്ററി എന്ന് പേരായതും പിന്നെ അത് സുല്‍ത്താന്‍ ബത്തേരി ആയതും.

കുലശേഖര രാജവംശകാലത്ത്, ഒന്‍പതാം നൂറ്റാണ്ടില്‍, ഇവിടെ സ്ഥാപിതമായ ഗണപതി ക്ഷേത്രം ആയിരുന്നു ഈ പ്രദേശത്തെ പ്രധാന ശ്രദ്ധാകേന്ദ്രം. അങ്ങനെ ഇവിടം ‘ഗണപതിവട്ടം’ എന്ന് അറിയപ്പെട്ടിരുന്നു. ടിപ്പുവിന്റെ പടയോട്ടത്തില്‍ ഈ ക്ഷേത്രം തകര്‍ക്കപ്പെടുകയും, ഇതിന്റെ കല്‍ഭിത്തികള്‍ കോട്ട പണിയാനായി കൊണ്ടുപോകയുമാണ് ഉണ്ടായത്. പിന്നെ കാലങ്ങള്‍ കുറെ മാറിപ്പോയപ്പോള്‍ കരമൊഴിവായി കിട്ടിയ സ്ഥലത്തു പുതിയ ഗണപതികോവില്‍ നിര്‍മ്മിക്കയായിരുന്നു. ഇതിനു മതമൈത്രിയുടെ കഥകളും പറയാനുണ്ട്. ഇപ്പോഴത്തെ ക്ഷേത്രം നഗരമദ്ധ്യത്തുതന്നെ സ്ഥിതി ചെയ്യുന്നു. ഏതാണ്ട് ഈ കാലയളവില്‍ തന്നെ പണിയിക്കപ്പെട്ട ജൈനക്ഷേത്രം കല്ലുകളുടെ മാസ്മര ഭാവം ഇന്നും തുടിച്ചു നില്‍ക്കുന്ന, സുന്ദര ശില്‍പ്പകൊട്ടിലാണ്.

എല്ലാ ആധുനീക സൗകര്യങ്ങളും ഉള്ള ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് സുല്‍ത്താന്‍ ബത്തേരി ഇന്ന്. മുന്തിയ ഹോട്ടലുകളും ഭക്ഷണ ശാലകളും പ്രധാനപ്പെട്ട എല്ലാ ബ്രാന്‍ഡഡ് ഉപകരണങ്ങളും ഇവിടെ സുലഭമാണ്. ബെന്നിയുടെ സുഹൃത്തുക്കളായ ഡോക്ടര്‍ പോജി , ഡോക്ടര്‍ പോള്‍, മാത്യൂസ്, അവരുടെ കുടുംബങ്ങള്‍ ഒക്കെ ഞങ്ങളെ സന്ദര്‍ശിക്കാന്‍ എത്തി. അവരൊക്കെ കലാകാലങ്ങള്‍ ആയി ആ ദേശത്തിന്റെ ഭാഗമായി മാറി. അവര്‍ അംഗങ്ങള്‍ ആയിട്ടുള്ള കണ്‍ട്രി ക്ലബ്ബ്‌ഹൌസിലാണ് താമസം ക്രമീകരിച്ചിരുന്നത്. അമേരിക്കയിലെ തന്നെ ഇടത്തരം ക്ലബ്ബ്ഹവുസുകളോടു കിട പിടിക്കത്തക്ക രീതിയിലുള്ള സംവിധാനങ്ങള്‍ അതിശയിപ്പിച്ചു. നാല് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കുറവിലങ്ങാട്ടുനിന്നും കുടിയേറിയ പോളിന്റെ പിതാവ് ഇന്നും മരിക്കാത്ത ഓര്‍മ്മകള്‍ പങ്കിട്ടു. ഇടതൂര്‍ന്ന കാപ്പിത്തോട്ടങ്ങള്‍, കുരുമുളക് , ചോദിച്ചതെല്ലാം ഭൂമി നല്‍കി. ഒക്കെ കയറി അങ്ങ് കൃഷി ചെയ്തു തുടങ്ങുകയായിരുന്നു. ഒന്നും നഷ്ട്ടമായില്ല. കുറച്ചു സമ്പാദ്യവും കൂടുതല്‍ അധ്വാനിക്കുന്ന മനസ്സുമായി എത്തിയവര്‍ക്കെല്ലാം ഒരിക്കലും പിന്നെ പുറകോട്ടു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

കുടിയേറ്റക്കാര്‍ കൂടെ കൊണ്ടുവന്ന അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും തനിമ നഷ്ടപ്പെടാതെ അവര്‍ അവിടെ നിലനിര്‍ത്തി. ബത്തേരിയിലെ ആദ്യത്തെ കോഓപ്പറേറ്റീവ് സൊസൈറ്റി, കോളേജ് തുടങ്ങി ആ നാടിന്‍റെ ജീവനാഡിയായി നിലനിന്ന മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ മത്തായി നൂറനാല്‍ അച്ചനെപ്പറ്റി പരാമര്‍ശിക്കാതെ ആധുനിക ബത്തേരിയുടെ ചരിത്രം പൂര്‍ണ്ണമാവുകയില്ല. ഏറ്റവും വലിയ മലമുകളില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന മലങ്കര കത്തോലിക്കാ സഭയുടെ സെന്റ് തോമസ് കത്തീഡ്രല്‍ ശ്രദ്ധിക്കപ്പെടും.

അസംപ്ഷന്‍ കത്തോലിക്കാ ദേവാലയവും മസ്ജിദുകളും ഓരോ കാലഘട്ടത്തിന്റ്‌റെ ഓര്‍മ്മകളും പേറി തലയുയര്‍ത്തി നില്‍ക്കുന്നു. നഗര മദ്ധ്യത്തിലൂടെ രാത്രിയില്‍ പോകുമ്പോള്‍ നിശാഗന്ധിപ്പൂക്കളുടെ മാസ്മരിക സൗരഭ്യം എവിടുന്നോ മൂക്കില്‍ അരിച്ചു കയറി. മുസ്ലിം സെമിത്തേരിയില്‍ നിന്നും വരുന്ന സുഗന്ധം ആ നഗരത്തെ സുരഭിലമാക്കികൊണ്ടിരിക്കുന്ന പ്രത്യേകതയാണ് എന്ന് ബെന്നി സൂചിപ്പിച്ചു. ആ സുഗന്ധം നിഗൂഢമായി പിന്തുടരണേ എന്ന് അറിയാതെ കൊതിച്ചുപോയി.

കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു വളരെ വൃത്തിയോടും ഭംഗിയോടും നഗരം സൂക്ഷിച്ചിരിക്കുന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. വലിയ പാറകള്‍ ഒക്കെ ഇന്ന് പകുതി പൊട്ടിച്ച അവസ്ഥയിലാണ്. നരവംശ ശാസ്ത്രത്തിനു മുതല്‍ കൂട്ടുന്ന ഇടക്കല്‍ ഗുഹയും, ചേതോഹരമായ ആരണ്യവും , അലകള്‍ ഉയര്‍ത്തുന്ന മലകളും മാലിന്യം ഇല്ലാത്ത പുഴകളും ചേര്‍ന്ന ഈ സ്വപ്നഭൂമിക ഇങ്ങനെ തന്നെ നിലനില്‍ക്കണേ എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചു.

വന്യത തുടിച്ചു നില്‍ക്കുന്ന കുറുവ ദ്വീപ് ഉറവുകളിലേക്കു തിരികെ പോക്കലാണെന്നു തോന്നാം. പ്രകൃതിയുടെ ശൈശവാവസ്ഥയും മാലിന്യം കലരാത്ത ശുദ്ധതയും ഇവിടെ പരിരക്ഷിച്ചിരിക്കുന്നു. മുളംചങ്ങാടത്തിലൂടെ അക്കര കടന്നാല്‍ കുറെ ഏറെ നേരം വനത്തിലൂടെ സഞ്ചരിച്ചു വേണം അടുത്ത ദ്വീപിലേക്ക് കടക്കാന്‍. ചെറുതും വലുതമായ അനേകം ദ്വീപുകള്‍ 950 ഏക്കറില്‍ പരന്നു കിടക്കുന്നു. കുറച്ചു ഭാഗത്തേക്ക് മാത്രമേ കടന്നുപോകാന്‍ അനുവാദം ഉള്ളൂ. അതും ഓരോ ദിവസത്തെയും സന്ദര്‍ശകരെ നിശ്ചിത എണ്ണത്തില്‍ നിയന്ത്രിച്ചിരിക്കുന്നു. കാവേരി നദിയുടെ പോഷകനദിയായ കബനീനദി ഇവിടെ ചുറ്റി ഒഴുകുന്നു. പച്ച നിറത്തില്‍ ശുദ്ധമായി പാറകളിലൂടെ നേര്‍ത്ത ചലനങ്ങളില്‍ ഒഴുകിവരുന്ന ഈ ജലശ്രോതസ് അവിശ്വസനീയമായ കാഴചയാണ് സമ്മാനിക്കുന്നത്. വര്‍ഷങ്ങളായി മണ്ണില്‍നിന്നും വീണു കിടക്കുന്ന മരച്ചില്ലകള്‍ക്കിടയിലൂടെ ചെറു ചലനങ്ങളോടെ ശാന്തമായി ഒഴുകി നീങ്ങുന്ന നീരുറവകള്‍,അവയില്‍ അരിഞ്ഞു നടക്കുന്ന ജീവന്റെ ആദ്യ സ്പുരണങ്ങള്‍, അനേകം ചെറു ജീവികള്‍ , ജലത്തിന് മുകളിലൂടെ കാലുയര്‍ത്തി നടന്നുപോകുന്ന വെള്ളത്തിലാശാന്മാര്‍ !!! കൊതിതീരില്ല അവിടെ നോക്കി നില്‍ക്കാന്‍. ഭൂമിയിലെ ജൈവ ലോകം മുഴുവന്‍ ഒരു ഒറ്റ ജീവിയെപ്പോലെ പെരുമാറുന്ന ഒന്നാണെന്നും ഓരോ ജീവിയും തമ്മില്‍ തമ്മില്‍ അതിതീവ്രമായ തരത്തില്‍ ബന്ധിതമാണെന്നും എന്നും ഉള്ള 'ഗായ ഹൈപ്പോതെസിസ്' (കടപ്പാട് 'സീറോ' മാതൃഭൂമി വീക്കിലി) ഓര്‍ക്കാതിരുന്നില്ല.

ഉറപ്പില്ലാത്ത, വഴുവഴുപ്പന്‍ പാറകളിലൂടെ അക്കരെ വരെ നടന്നു പോകാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അതി സാഹസീകമാണ് ആ യാത്ര. ഞങ്ങളും കൈ കോര്‍ത്തുപിടിച്ചു ഒരു തീവ്ര ശ്രമം നടത്താതിരുന്നില്ല. കൂട്ടത്തില്‍ അനിയും ഹാനായും ക്രിസ്റ്റലും അക്കരെ പോയി തിരിച്ചു വന്നു. അല്ലിയും ലിസിയും നദി മദ്ധ്യത്തിലുള്ള ഒരു വഴുവഴുപ്പന്‍ പാറയില്‍ ഒരുവിധം കയറിപറ്റി, ഇറങ്ങിപ്പോരാന്‍ നന്നേ പാടുപെടേണ്ടിവന്നു. ഞങ്ങള്‍ കാടിന്റെ സൗന്ദര്യം ആവോളം നുകര്‍ന്നു അവിടെയൊക്കെ ചിത്രങ്ങള്‍ പിടിച്ചു നടന്നു.

1975 ല്‍ അടിയന്തിരാവസ്ഥയുടെ നാളുകളില്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത "കബനി നദി ചുവന്നപ്പോള്‍ " എന്ന ചിത്രം ഈ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞത്. ഒരു കാലത്തു നക്‌സല്‍ബാരി പ്രസ്ഥാനം സജീവമായി നിലയുറപ്പിച്ച പുല്‍പ്പള്ളി ഇവിടെനിന്നും അത്ര ദൂരത്തല്ല. എഴുപതുകളില്‍ കേരളത്തിന്റെ ദിശതന്നെ മാറ്റിമറിച്ച നക്‌സല്‍ബാരിപ്രസ്ഥാനം, നക്‌സല്‍ നേതാവ് വര്‍ഗീസിന്റെ വധം, ഒക്കെ ഈ കാടുകളിലാണ് അരങ്ങേറിയിരുന്നത്. 1968 ല്‍, അരീക്കാട് വര്ഗീസ്, ഫിലിപ്പ് എം പ്രസാദ് , അജിത തുടങ്ങിയ നക്‌സല്‍ നേതാക്കള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയ പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷന്‍ ആക്രമണം, വയനാട് എന്ന പേര് ആഗോള ഭൂപടത്തില്‍ അടയാളപ്പെടുത്തുകയായിരുന്നു. ചൂഷണങ്ങള്‍ക്കെതിരെ ശബ്ദമില്ലാത്തവരുടെ പടവാളായി ഇറങ്ങിപ്പുറപ്പെട്ട ചില നല്ല മനസ്സുകള്‍ ഈ വനത്തില്‍ പിച്ചി ചീന്തപ്പെട്ടു എന്നത് കേരളത്തിന്റെ ഒരു കരിപിടിച്ച ചരിത്രം. ആയുധങ്ങള്‍ കൊണ്ടുള്ള അക്രമ പ്രതിരോധങ്ങള്‍ക്കു പകരം ആശയങ്ങളുടെ തീവ്രമായ പ്രതിരോധമായിരുന്നു പിന്നീട് കേരളത്തിലുള്ള കമ്മ്യൂണിസ്‌റ് പ്രസ്ഥാനങ്ങളുടെ വളര്ച്ച എന്നും പറയാതെ വയ്യ.

കേരളത്തെ പിടിച്ചുലച്ച ‘മുത്തങ്ങ സംഭവും’ ഈ ചുറ്റുപാടില്‍ തന്നെയാണ്. ആശയങ്ങള്‍ ആവിഷ്ക്കരിക്കാന്‍ കാടിനോളം മറ്റു ഏതു സ്ഥലമാണ് ഭൂമിയില്‍ ഉള്ളത്? കാടിന്റെ നേര് എന്നും നാടിന്‍റെ നാട്യത്തിനു ഭീഷണി ആയിരുന്നല്ലോ. വയനാട്‌മൈസൂര്‍ റോഡില്‍ കാട്ടാനകള്‍ കൂട്ടമായി നടക്കുന്നത് കാണുകയുണ്ടായി. രാത്രിയില്‍ വന്യജീവികളുടെ വിഹാരത്തിനു തടസ്സമില്ലാതെ റോഡ് അടച്ചിടുകയാണ് പതിവ്. ആദിവാസികള്‍ അവരുടെ പാരമ്പര്യ വേഷത്തില്‍ ഇടയ്ക്കു വിറകും മറ്റും ശേഖരിച്ചു പോകുന്നതും കാണാമായിരുന്നു.

വയനാടിന്റെ തീവ്രത ഉള്‍ക്കൊണ്ടുകൊണ്ട് 1972 ല്‍, മലയാളത്തിന്റെ എന്നത്തേയും പ്രിയങ്കരിയായ കഥയെഴുത്തുകാരി പി .വത്സല രചിച്ച 'നെല്ല്' എന്ന നോവല്‍ രാമൂകാര്യാട്ടിന്റെ കൈയ്യില്‍ 1974 ല്‍ ചലച്ചിത്രം ആയി. ബാലുമഹീന്ദ്രയുടെ ക്യാമറക്കണ്ണുകള്‍ തിരുനെല്ലിയുടെ ഭംഗി അപ്പാടെ ഒപ്പിയെടുക്കുകയായിരുന്നു. 'കാട് കറുത്തകാട്, മനുഷ്യനാദ്യം പിറന്നവീട്', 'നീല പൊന്മാനേ' തുടങ്ങിയ അനശ്വരഗാനങ്ങള്‍ സലീല്‍ചൗധരിയുടെ മാന്ത്രിക കൈകളില്‍ നിന്നും ലതാ മങ്കേഷ്കറും, മന്നാഡെയും, യേശുദാസും പാടിയതിനു ശേഷം അത്തരമൊരു മേളനം മലയാളത്തില്‍ പിന്നെ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം.

ഒന്‍പതാം നൂറ്റാണ്ടില്‍ ചേരരാജാവായിരുന്ന ഭാസ്കര രവിവര്‍മ്മയുടെ കാലത്തു തന്നെ സൈനീകതന്ത്രപരമായ ഒരു പ്രധാനപ്പെട്ട സ്ഥലമായിരുന്നു തിരുനെല്ലി. വളരെ കാലങ്ങള്‍ക്കുമുമ്പുതന്നെ പാപനാശിനിയും, പ്രിതൃദര്‍പ്പണ ആചാരങ്ങളും കൊണ്ട് തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായിരുന്ന തിരുനെല്ലിക്ഷേത്രം ഇവിടെയാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരേ മുഷ്ടിയുയര്‍ത്തിയ പഴശ്ശിരാജാ നേതൃത്വം നല്‍കിയ ഗറില്ലാ യുദ്ധം ഈ കാടുകളില്‍ നിന്ന് തന്നെയായിരുന്നു.

അങ്ങനെ ചരിത്രവും ഐതീഹ്യങ്ങളും, കേട്ടുകേഴ്‌വികളും പുരാണവും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന പൂങ്കാവനമാണ് വശ്യമായ ഈ പുണ്യ ഭൂമിക.

കര്‍ണാടകയിലെ ഗുണ്ടല്‌പെട്ടു ജില്ലയില്‍ സമുദ്രത്തിനു 1450 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗോപാലസ്വാമിബേട്ട ക്ഷേത്രത്തിലേക്കുള്ള യാത്ര അവിസ്മരണീയമായ അനുഭവമാണ്. കണ്ണെത്താത്ത ദൂരത്തിലുള്ള കൃഷിഭൂമിക്കിടയിലൂടെ മണ്‍പാതയിലും കുറച്ചു ടാര്‍ ചെയ്ത പാതയിലുമായി ഏറെ നേരം പോയി വേണം ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കില്‍ എത്താന്‍. കുറച്ചു ദൂരം ചെന്ന് വണ്ടി പാര്‍ക്ക് ചെയ്തശേഷം സര്‍ക്കാര്‍ വണ്ടിയില്‍ മാത്രമേ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. അത്യന്തം നയനാനന്ദകരമാണ് ഇരു ഭാഗങ്ങളിലും ഉള്ള കാഴ്ച. കടുവയും പുലിയും അടങ്ങിയ വന്യമൃഗങ്ങള്‍ സ്വൈര്യ വിഹാരം ചെയ്യുന്ന സംരക്ഷിത വനഭൂമിയിലാണ് 1315 എ. ഡി. കാലഘട്ടത്തില്‍ കല്ലുകൊണ്ടുള്ള ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്.

ഭാരിച്ച കല്ലുകള്‍ ഇവിടെ എത്തിച്ചു മനോഹരമായി പണിതെടുത്ത ഈ ക്ഷേത്രം വളരെക്കാലം പൂജകള്‍ ഒന്നും ഇല്ലാതെ കിടക്കുകയായിരുന്നു. ഇപ്പോള്‍ വിശ്വാസികളുടെയും സഞ്ചാരികളുടെയും സാന്നിദ്ധ്യം കൊണ്ട് വളരെ സജീവമാണ് അവിടം. ചെല്ലുന്നവര്‍ക്കു ഒക്കെ ഭക്ഷണവും പായസവും അവിടെ കൊടുക്കുന്നുണ്ട്. പാറക്കെട്ടില്‍ കിളിര്‍ത്തുവന്ന ഒരു ചെടിയില്‍ ചെറിയ തുണിസഞ്ചികള്‍ കെട്ടിത്തൂക്കി ഇട്ടിരിക്കുന്നത് കണ്ടു. വിശ്വാസികളുടെ പ്രാര്‍ഥനകളും അപേക്ഷകളും ആ വൃക്ഷത്തില്‍ സമര്‍പ്പിച്ചിരിക്കയാണ്. കാറ്റില്‍ ആരുടെയൊക്കെയോ അടച്ചുവച്ച പ്രതീക്ഷകള്‍ ആ ചില്ലകളില്‍ കിടന്നു ആടി യുലയുന്നുണ്ടായിരുന്നു; എന്നെങ്കിലും എവിടെയെങ്കിലും അവ പൂര്ണമാകാതെ പോകില്ല. നിഗൂഢമായ രഹസ്യങ്ങള്‍ നിറഞ്ഞ ഈ വന്യതയുടെ നടുവില്‍ നില്‍ക്കുമ്പോള്‍ വല്ലാത്ത ഒരു അനുഭൂതിയാണ് ഉണ്ടാകുന്നത്.

ക്ഷേത്രത്തിനു ചുറ്റും നടന്നുള്ള കാഴ്ച ഒരിക്കലും മനസ്സില്‍ നിന്ന് മായാതെ നില്‍ക്കും. ഊട്ടി മലകളും വീരപ്പന്‍ ഒളിച്ചിരുന്ന സത്യമംഗലം ചന്ദനക്കാടുകളും ഒക്കെ ഇവിടെ നിന്നാല്‍ കാണാം. സഹ്യ പര്‍വ്വതത്തിന്റെ നിറുകയില്‍ കയറി നിന്ന് ആത്മീയ ചൈതന്യത്തോടെ നോക്കുമ്പോള്‍, സ്വര്‍ഗ്ഗസീമകള്‍ ഉമ്മവയ്ക്കുന്ന സ്വപ്നമാണോ ഇത് എന്ന് തോന്നാതിരിക്കില്ല. ദൂരെ നാലുപാടും നിന്ന് നീലത്തിരമാലകള്‍ അടിച്ചു ഉയര്‍ന്നു വരുന്നതുപോലെ പര്‍വതങ്ങളുടെ നിരകള്‍, വന്യമൃഗങ്ങള്‍ നിറഞ്ഞ പെരും കാട്ടിനുള്ളില്‍ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ കരിങ്കല്‍ കോട്ടയ്ക്കുള്ളില്‍ അമ്മവയറിനുള്ളിലെന്നപോലെ ഉള്ള സുരക്ഷിതത്വം, പുറത്തെ ശുദ്ധ നൈര്‍മല്യത്തില്‍ ഇരു കൈകളും തുറന്നു കണ്ണുകള്‍ അടച്ചു പ്രകൃതിയോട് അലിഞ്ഞു ചേരാനുള്ള നിമിഷങ്ങള്‍, ധന്യമാണ്, പുണ്യമാണ്, ശാന്തിയാണ്, നിര്‍വൃതിയാണ്,പൂര്‍ണമാണ്.

തിരികെ പോരുമ്പോള്‍, വയലേലകളുടെ ഇരുവശങ്ങളിലും സൂര്യകാന്തി പൂക്കള്‍ നിറഞ്ഞു നിന്ന ഒരു യാത്ര ബെന്നി അനുസ്മരിച്ചു.

കബനീനദിയുടെ ശാഖയായ കരമനത്തോടില്‍ പണിതുയര്‍ത്തിയ ബാണാസുര സാഗര്‍ ഡാം, ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ ഏറ്റവും വലിപ്പം കൂടിയതുമായ ഏര്‍ത്തു ഡാമാണ്. മഹാബലിയുടെ മകനായ ബാണാസുരന്‍റെ പേരില്‍ വിളിക്കപ്പെട്ട പര്‍വതകൂട്ടങ്ങള്‍ക്കിടയിലൂടെ പിടിച്ചു നിര്‍ത്തപ്പെട്ട ജലാശയം മനോഹരമായ കാഴ്ച്ചതന്നെയാണ്. ഡാം പണിതുയര്‍ത്തിയപ്പോള്‍ പുതിയ ദീപുകള്‍ രൂപപ്പെടുകയും ചെറു മനുഷ്യവാസ കേന്ദ്രങ്ങള്‍ വെള്ളത്തിനടിയില്‍ മുങ്ങിപ്പോവുകയും ചെയ്തതാണ്. കടലിനടിയില്‍ ഒളിച്ചിരിക്കുന്ന മൈനാഗ പര്‍വ്വതത്തിനു ഇനിയും ചിറകു മുളച്ചാല്‍ എന്തായിത്തീരും എന്ന് വെറുതെ ഒരു കുസൃതി തോന്നാതിരുന്നില്ല. ഡാമിലെ ജലാശയത്തിലൂടെയുള്ള ബോട്ട് യാത്ര അവിസ്മരണീയമാണ്. ചന്ദ്രപ്രതലത്തിലെ 'സീ ഓഫ് ട്രാന്‍ക്വിലിറ്റി', അഥവാ 'ഏകാന്തതയുടെ അപാരതീരം' എന്താണെന്ന് മനസ്സില്‍ കുറിച്ചിടാനായി. അത്ര ശാന്തമാണ് ആ ജലാശയം.

അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന കുട്ടികള്‍ പല രാജ്യങ്ങളും, വിനോദ സഞ്ചാര കേന്ദ്രങ്ങളും കണ്ടിട്ടുണ്ട് അതുകൊണ്ടു സ്വന്തം നാടിനെ ഒന്ന് അവര്‍ക്കു പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യവും യാത്രക്ക് ഉണ്ടായിരുന്നു. അത് വിഫലമായില്ല എന്ന് മനസ്സിലായപ്പോള്‍ വീണ്ടുമൊരിക്കല്‍ കൂടി കേരളത്തില്‍ ഇത്തരം യാത്രക്ക് പോകണം എന്ന് ഞങ്ങള്‍ തീര്‍ച്ചയാക്കി. ഞങ്ങള്‍ എത്തിയ വിമാനത്തില്‍ വളരെയേറെ വിദേശികള്‍ ഉണ്ടായിരുന്നിട്ടുകൂടി, ടൂറിസത്തിനു വന്‍ സാധ്യതയുള്ള ഈ സ്ഥലത്തു ഒരു വിദേശി സഞ്ചാരിയെപ്പോലും കാണാന്‍ സാധിച്ചില്ല എന്നത് അതിശയിപ്പിക്കാതിരുന്നില്ല. എന്തേ നമ്മുടെ കേരളടൂറിസം മാര്‍ക്കറ്റിംഗ് സംവിധാനങ്ങള്‍, ഇത്രയും ലോക നിലവാരമുള്ള ഈ സ്‌പോട്ടില്‍ ശ്രദ്ധിക്കാത്തത് എന്ന് ചിന്തിക്കാതിരുന്നുമില്ല.
താമരശേരി ചുരം കടന്നാല്‍ വയനാട്; വശ്യ മോഹനം പ്രക്രുതി (ഋതുഭേദങ്ങൾ - കോരസൺ)
Join WhatsApp News
Kirukkan Vinod 2018-02-07 12:56:50
Excellent writing and photos. keep it up
Sudhir Panikkaveetil 2018-02-07 10:57:16
വളരെ രസകരമായ യാത്രാനുഭവം. ഇനിയും കൂടുതൽ വിവരങ്ങളുമായി ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 
Vayanakaaran 2018-02-07 20:25:00
ശ്രീ ആൻഡ്രുസ്സിന്റെ കമന്റിലെ പദപ്രയോഗം ശ്രദ്ധിക്കുക ."കാരാതെ".  ഇപ്പോൾ മോഷണത്തിന്റെ കാലമാണ്."കാരു" എന്നൊക്കെ വായിച്ച് ആകെ ആശയകുഴപ്പമുണ്ടാകാം. ഓൺലൈനിൽ എഴുതുമ്പോൾ കോപ്പിറൈറ്റ് എടുത്തു വയ്ക്കുക. 
american malayalee 2018-02-08 10:21:26

കാട് കറുത്ത കാട് എന്ന ഗാനം നീലപ്പൊന്മാൻ എന്ന ചിത്രത്തിലേതാണ്‌.നെല്ല് എന്ന ചിത്രത്തിലെ ഗാനങ്ങൾ ചെമ്പാ ചെമ്പാ(മന്നാഡെ & പി .ജയചന്ദ്രൻ)കാട് കുളിരുണ് (പി.സുശീല )കദളി കാങ്കദളി(ലത മങ്കേഷ്‌കർ ),നീലപൊന്മാനേ (യേശുദാസ് )എന്നിവയാണ്.   


George Thumpayil 2018-02-08 13:09:47
Great narration Korason. Good job
കോരസൺ 2018-02-08 21:12:50
 ശ്രീമാൻമാർ  സുധീർ പണിക്കർവീട്ടിൽ, ആൻഡ്രൂസ് ചെറിയാൻ , ജോർജ് തുമ്പയിൽ , വായനക്കാരൻ , വിനോദ് , നിങ്ങളുടെ വിലപ്പെട്ട ആശംസകൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. നേരിട്ട് സന്തോഷം അറിയിച്ചവരോടും നന്ദി. എഴുത്തുകാരന് ഇത്തരം ഒരു പ്രോത്സാഹനം വളരെ വിലപ്പെട്ടതാണ്. കാര്യങ്ങൾ ചൂണ്ടിക്കാണിച്ച 'അമേരിക്കൻ മലയാളിക്കു ഒരു ബിഗ് സല്യൂട്ട് ! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക