Image

അഭയ കൊലക്കേസില്‍ കെ.ടി മൈക്കിള്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഹൈകോടതി

Published on 07 February, 2018
അഭയ കൊലക്കേസില്‍ കെ.ടി മൈക്കിള്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഹൈകോടതി
കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ക്രൈം ബ്രാഞ്ച് മുന്‍ എസ്.പി കെ.ടി മൈക്കിള്‍ വിചാരണക്ക് നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഹൈകോടതി. എന്നാല്‍, വിചാരണ തുടരുന്നതില്‍ തടസമില്ലെന്നും ഹൈകോടതി വ്യക്തമാക്കി. തെളിവുകള്‍ നശിപ്പിച്ചതിന് നാലാം പ്രതിയാക്കിയ നടപടിക്കെതിരെ കെ.ടി. മൈക്കിള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. കേസ് ഈ മാസം 27ന് ഹൈകോടതി വീണ്ടും പരിഗണിക്കും.

ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കിയതെന്ന് മൈക്കിള്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. അഭയയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന സമയത്ത് അന്വേഷണ ഉദ്യോഗസ്ഥന്റെ മേലുദ്യോഗസ്ഥന്‍ മാത്രമായിരുന്നു താന്‍. അന്വേഷണത്തിന്റെ ഭാഗമായി അഭയയുടെ വസ്ത്രം, ശിരോവസ്ത്രം, സ്വകാര്യ ഡയറി എന്നിവ ശേഖരിച്ചിരുന്നു. അഭയയുടെ മരണം ആത്മഹത്യയാണെന്ന ലോക്കല്‍ പൊലീസിന്റെ കണ്ടെത്തല്‍ ക്രൈംബ്രാഞ്ച് ശരിവെക്കുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നത്.

വര്‍ഗീസ് പി. തോമസായിരുന്നു സി.ബി.ഐയുടെ അന്വേഷണ ഉദ്യോഗസ്ഥന്‍. കൈവശമുള്ള എല്ലാ രേഖകളും വിവരങ്ങളും ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് കൈമാറി. എന്നാല്‍, വസ്ത്രങ്ങള്‍ അടക്കമുള്ള തെളിവുകള്‍ 1992 ജൂലൈ ആറിന് നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പാതിവഴിയില്‍ അന്വേഷണത്തില്‍ നിന്ന് പിന്മാറിയ വര്‍ഗീസ് പി. തോമസ് തനിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു. അഭയയുടെ മരണം കൊലപാതകമാണെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. കൊലപാതകക്കേസിലെ തെളിവുകള്‍ നശിപ്പിക്കല്‍ ഗൗരവമേറിയ സംഭവമാണ്.

തുടരന്വേഷണം ആവശ്യപ്പെട്ട് താന്‍ നല്‍കിയ ഹരജി സി.ബി.ഐ പ്രത്യേക കോടതി തള്ളി. ഇതിനെതിരെ അപ്പീല്‍ നല്‍കിയപ്പോള്‍ ഹൈകോടതിയാണ് തുടരന്വേഷണം നടത്താന്‍ സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയത്. കേസില്‍ സി.ബി.ഐ നല്‍കിയ അധിക കുറ്റപത്രം തനിക്കെതിരെയും ആരോപണം ഉന്നയിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ. സാമുവല്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തില്‍ തന്നെ പ്രതിയാക്കാനാവില്ലെന്നും മൈക്കില്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

1992 മാര്‍ച്ച് 27ന് കോട്ടയത്ത് പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം കാണപ്പെട്ടത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 മാര്‍ച്ച് 29ന് സി.ബി.ഐ ഏറ്റെടുത്തു. പ്രതികളെ സഹായിക്കാന്‍ വേണ്ടി തെളിവ് നശിപ്പിച്ച കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ വി.വി. അഗസ്റ്റിന്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ. സാമുവല്‍ എന്നിവരെ സി.ബി.ഐ പ്രതിയാക്കി കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ മരണപ്പെട്ടതിനാല്‍ ഇപ്പോള്‍ കേസില്‍ മൂന്ന് പ്രതികളാണ്. ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. (Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക