Image

എഴുത്തുകാരനായും ചലച്ചിത്രകാരനായും തമ്പി ആന്റണി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍

അനില്‍ പെണ്ണുക്കര Published on 07 February, 2018
എഴുത്തുകാരനായും ചലച്ചിത്രകാരനായും തമ്പി ആന്റണി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍
ഇന്ന് കോഴിക്കോട് ആരംഭിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എഴുത്തുകാരനായും , അഭിനേതാവായും അമേരിക്കന്‍ മലയാളി എഴുത്തുകാരനും , നിര്‍മ്മാതാവും, നടനുമായ തമ്പി ആന്റണി പങ്കെടുക്കുന്നു. കെ എല്‍ എഫിനോടനുബന്ധിച്ചു നടത്തുന്ന സാഹിത്യ ചര്‍ച്ചകളിലും ,ചലച്ചിത്ര സംവാദത്തിലും തമ്പി ആന്റണി പങ്കെടുക്കും.ഫെബ്രുവരി ഒന്പതിന് ഉച്ചയ്ക്ക് ചലച്ചിത്ര മേളയോടനുബന്ധിച്ചു നടക്കുന്ന 'സിനിമയും സെന്‍സര്‍ഷിപ്പും 'എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ ബീനാ പോള്‍, തമ്പി ആന്റണി , വി .കെ പ്രകാശ്, പ്രതാപ് ജോസഫ്, സനല്‍കുമാര്‍ ശശിധരന്‍ തുടങ്ങിയവര്‍ സംസാരിക്കും. ചലച്ചിത്ര നിരൂപകന്‍ പ്രേം ചന്ദ് മോഡറേറ്റര്‍ ആയിരിക്കും 

'സിനിമയിലെ മാറുന്ന കാഴ്ചകള്‍, കാഴ്ചപ്പാടുകള്‍' എന്ന വിഷയത്തെ മുന്‍നിര്‍ത്തി ചലച്ചിത്രോത്സവത്തിന്റെ ക്യൂറേറ്ററായ ബീനാ പോള്‍, ദീദി ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രമുഖ നടിമാരായ രേവതിയും പത്മപ്രിയയും പങ്കെടുക്കും.വെള്ളിത്തിരയില്‍ 4 ദിവസങ്ങളിലായി 17 ചിത്രങ്ങളുടെ പ്രദര്‍ശനമാണ് നടക്കുന്നത്. ദ സീസണ്‍ ഇന്‍ ക്വിന്‍സി ഫോര്‍ പോര്‍ട്ടറേറ്റ്സ് ഒഫ് ജോണ്‍ ബെര്‍ഗര്‍, ഏദന്‍ ഗാര്‍ഡന്‍ ഡിസൈര്‍, വെല്‍വെറ്റ് റെവലൂഷന്‍, വിസാരണൈ, ലവിയാതന്‍ , ഐ ഡാനിയല്‍ ബ്ലേക്ക് തുടങ്ങി നിരവധി ചിത്രങ്ങളാണ് ചലച്ചിത്രപ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ലോകോത്തര സിനിമകളുടെ പ്രദര്‍ശനവും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദി- 'വെള്ളിത്തിര' യില്‍ നടക്കുമ്പോള്‍ സിനിമാസ്വാദകര്‍ക്കുമുന്നില്‍ ചര്‍ച്ചകളും സജീവമാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് തമ്പി ആന്റണി Eeമലയാളിയോട് പറഞ്ഞു.

'ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായി മാറിക്കഴിഞ്ഞ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പില്‍ പങ്കെടുക്കുവാന്‍ സാധിച്ചതില്‍ സന്തോഷവും അദ്ദേഹം മറച്ചു വച്ചില്ല.ലോകോത്തരനിലവാരം പുലര്‍ത്തുന്ന ഒരുപാട് എഴുത്തുകാരെ നമ്മുടെ ശ്രേഷ്ഠഭാഷ ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട്. എന്നാല്‍ സാഹിത്യത്തിനായി ഒരു ഉല്‍സവം അടുത്തകാലം വരെ നമുക്ക് ഉണ്ടായിരുന്നില്ല. എന്തും ഏതും ആഘോഷമാക്കുന്ന മലയാളിയുടെ കാര്യത്തില്‍ ഒരു സാഹിത്യോല്‍സവം ആരംഭിക്കാന്‍ ഒരുപാട് വൈകിയെങ്കിലും ആരംഭിച്ചപ്പോള്‍ അതൊട്ടും നിരാശപ്പെടുത്തിയില്ല. 

മലയാളത്തിന്റെ സ്വന്തമായി മാറിയ കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോക മലയാളത്തിന് തന്നെ അഭിമാനമാണ് .മലയാളത്തിലെ മുന്‍നിര എഴുത്തുകാരടക്കം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള സാഹിത്യപ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പുതു തലമുറ മുതല്‍ മുതിര്‍ന്ന തലമുറയിലെ എല്ലാ എഴുത്തുകാരെയും കാണുവാനും ,പരിചയപ്പെടുവാനും സാധിക്കുന്നതില്‍ സന്തോഷം.എഴുത്തുകാരോടും കലാകാരന്മാരോടും അത്യന്തം ആദരവ് പുലര്‍ത്തുന്ന കോഴിക്കോട്ടെ മണ്ണില്‍ വന്നു നില്‍ക്കുവാന്‍ സാധിക്കുന്നത് സന്തോഷം .അത് എഴുത്തിന്റെ പേരില്‍ ആകുമ്പോള്‍ അതിലും സന്തോഷം .അദ്ദേഹം പറഞ്ഞു.'

ഡി സി ബുക്‌സ് പുറത്തിറക്കിയ തമ്പി ആന്റണിയുടെ വാസ്‌കോഡഗാമ ,ഭൂതത്താന്‍ കുന്ന് എന്നി പുസ്തകങ്ങള്‍ പുസ്തകോത്സവത്തിന്റെ ബെസ്റ്റ് സെല്ലറുകളില്‍ ഇതിനോടകം ഇടം പിടിച്ചു കഴിഞ്ഞു.വാസ്‌കോഡ ഗാമ രണ്ടാം പതിപ്പിന് തയാറെടുക്കുകയാണിപ്പോള്‍ .

2018 ഫെബ്രുവരി 8 മുതല്‍ 11 വെര കോഴിക്കോട് ബീച്ചില്‍ വച്ചാണ് നടക്കുന്നത്. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകിട്ട് 9 മണി വരെ ഒരേ സമയം 5 വേദികളിലായി തുടര്‍ച്ചയായി ചര്‍ച്ചകളും സംവാദങ്ങളും നടക്കും. സാഹിത്യം, കല, സമൂഹം, ശാസ്ത്രം, മതം, വിദ്യാഭ്യാസം, പ്രസാധനം, ചലച്ചിത്രം, നാടകം, ദളിത്, സ്ത്രീ, ചരിത്രം, രാഷ്ട്രീയം, മാധ്യമം, ഡിജിറ്റല്‍ മീഡിയ, പരസ്യം, വിദേശകാര്യം, യാത്ര തുടങ്ങി വിവിധ വിഭാഗങ്ങളിലായി 250 ലേറെ സെഷനുകള്‍ ഉണ്ടായിരിക്കും. എഴുത്തോല, അക്ഷരം, തൂലിക, വാക്ക്, വെള്ളിത്തിര എന്നിങ്ങനെയാണ് അഞ്ചു വേദികള്‍ക്ക് നാമകരണം ചെയ്തിട്ടുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക