Image

പരിമിതിയും പ്രതിഭയും (തൊടുപുഴ കെ ശങ്കര്‍, മുംബൈ)

Published on 08 February, 2018
പരിമിതിയും പ്രതിഭയും (തൊടുപുഴ കെ ശങ്കര്‍, മുംബൈ)
പരിമിതിയേറെയുണ്ടെന്നു ധരിച്ചെന്തേ,
പരിതപിച്ചീടുന്നു സോദരാ,നീ!
പരിഭവിച്ചീടേണ്ട, നാളെ നീപാരെങ്ങും
പരിലസിക്കേണ്ടൊരു സൂനമല്ലേ?

തുള്ളിപ്പറക്കുവാനാവും തനിയ്ക്കുമെ
ന്നുള്ളൊരു സത്യമറിഞ്ഞിടാതെ,
കോഴിക്കുഞ്ഞുങ്ങള്‍ തന്‍കൂടെക്കഴിയുമ്പോ
ളൂഴിയില്‍ തന്‍കഴിവോര്‍ത്തിടാതെ,

ആവലോടോര്‍ത്തോര്‍ത്തുനാളാകെ ദുഖിക്കും
പാവംപരുന്തിന്‍ കുഞ്ഞല്ലയോ നീ?
തന്നിലെ ശക്തികള്‍കാണ്മാന്‍ കഴിയാതെ
മന്നിലെങ്ങും വാഴുന്നെത്രയോ പേര്‍!

ഉള്‍ക്കണ്ണുപായിച്ചൊന്നുള്ളില്‍ നാം നോക്കുകില്‍
ഉണ്ടാകുമേതേലും സല്‍ഗുണങ്ങള്‍!
എന്തേലുമുദ്ദേശമില്ലാതെയീശ്വരന്‍
എന്തിനേകേണമീ മര്‍ത്യജന്മം?

സ്വന്തംപ്രതിഭകളെന്തെന്നറിയാതെ
സന്തപിച്ചിങ്ങിനിരുന്നിടല്ലേ!
സടകുടഞ്ഞെത്രയും വേഗമുണര്‍ന്നൊരു
സിംഹത്തേപ്പോല്‍ മിത്രാ,ഗര്‍ജ്ജിക്ക നീ!
.......................
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക