Image

പ്രവാസികളുടെ നെഞ്ചില്‍ കുത്തുന്ന കഠാര ആകരുത് രാഷ്ട്രീയക്കാരുടെ മക്കള്‍ പ്രമാണിത്തം (ജയ് പിള്ള)

Published on 08 February, 2018
 പ്രവാസികളുടെ നെഞ്ചില്‍ കുത്തുന്ന കഠാര ആകരുത് രാഷ്ട്രീയക്കാരുടെ മക്കള്‍ പ്രമാണിത്തം (ജയ് പിള്ള)
മക്കള്‍ ചെയ്ത കൂട്ട് കച്ചവടങ്ങളുടെയും, സോഷ്യലിസ്റ്റ് പ്രവര്‍ത്തനങ്ങളുടെയും, കോര്‍പ്പറേറ്റ് ബന്ധങ്ങളിലൂടെയും, വെട്ടിപ്പുകളുടെയും കണക്കുകള്‍ നിരത്തി രക്ഷ നല്‍കുന്ന ഒരു സര്‍ക്കാര്‍ ആണ് നമുക്ക് ഇന്ന് ഉള്ളത്. പാവങ്ങളുടെ വിയര്‍പ്പിന്റെ അംശം പറ്റി വളര്‍ന്ന പാര്‍ട്ടിയിലെ മുന്‍ നിര നേതാക്കളുടെ മക്കള്‍ മാഹാത്മ്യം ഇന്ന് പ്രവാസികളില്‍ തൊഴില്‍ സ്ഥാപനങ്ങളില്‍ ഭീതി പരത്തുന്നു.

2.5 മില്യണ്‍ മലയാളികള്‍ ഗള്‍ഫ് മേഖലയില്‍ വിവിധ ജോലികള്‍ ചെയ്തു ജീവിക്കുന്നു.ഇവരില്‍ വളരെ കുറച്ചു പേര്‍ മാത്രം വന്‍ ബിസിനെസ്സ് സാമ്രാജ്യങ്ങള്‍ കെട്ടി പടുത്തിട്ടുണ്ട്.വളരെ തുശ്ചമായ വേതനം കൈപറ്റി തൊഴിലാളി ക്യാംപുകളില്‍ കഴിയുന്ന മലയാളികള്‍ക്കും,നിരവധി ചെറു സ്ഥാപനങ്ങള്‍ മലയാളികള്‍ക്ക് വിട്ടു കൊടുത്തു കൊണ്ട് കേവലം ചെറിയ തുക പ്രതിഫലം മാത്രം വാങ്ങി വിശ്വാസ്യത പുലര്‍ത്തുന്ന അറബികള്‍ ആണ് ഗള്‍ഫ് മേഖലയില്‍ കൂടുതലും.

തയ്യല്‍ കടകള്‍,ബാര്‍ബര്‍ ഷോപ്പുകള്‍, ടയര്‍ പഞ്ചര്‍ കട, എ സി റിപ്പയറിങ്, ഇലക്ട്രിക്കല്‍ വയറിങ്, തുണിക്കടകള്‍, ഹാര്‍ഡ്വെയറുകള്‍, ഹവെസ് െ്രെഡവര്‍മാര്‍,  ക്യാഷ് കൗണ്ടര്‍ സ്റ്റാഫുകള്‍, സെയില്‍സ് മാന്‍,..... അങ്ങിനെ പൊരിയുന്ന വെയിലില്‍ രാവും പകലും പണിയെടുത്തു   ,നിയമങ്ങള്‍ക്കു അനുസൃതമായി കച്ചവടത്തില്‍ നിന്നും കിട്ടുന്ന നല്ലൊരു പങ്കും അറബിക്ക് നല്‍കുന്നവര്‍ ആണ് ഭൂരിഭാഗം പേരും. വല്ലപ്പോഴും ഒക്കെ കുടുംബാങ്ങങ്ങളെ കാണുവാന്‍ എത്തുന്ന പ്രവാസി മലയാളികളില്‍ ഏറെയും. ചിലര്‍ തോട്ടങ്ങളിലും, നിര്‍മ്മാണ മേഖലയിലും ജോലി ചെയ്യുന്നു. ഇവരെല്ലാം ഒരു സ്‌നേഹത്തിന്റെയും, വിശ്വാസത്തിന്റെയും, ദീനിന്റെയും എല്ലാം ഉള്ള അലിഖിത വിശ്വാസങ്ങള്‍, മാനസീക ബന്ധങ്ങള്‍ ഇവയുടെ ഉറപ്പില്‍ മാത്രമാണ് കഴിഞ്ഞ നാലര പതിറ്റാണ്ടുകള്‍ ആയി അറബ് നാട്ടില്‍ കഴിയുന്നതും, സ്വന്തം സഹോദരങ്ങളെ പോലെ അറബികള്‍ കാണുന്നതും.

കേരളത്തില്‍ നിന്നുള്ള 2.5 മില്യണ്‍ ജനങ്ങളില്‍ ഡോക്ടര്‍, നേഴ്‌സ്, ഫാര്‍മസി, എഞ്ചിനീയര്‍, മാനേജര്‍മാര്‍, ഐടി, മികച്ച അക്കയന്റന്റുകള്‍, ടീച്ചര്‍മാര്‍,... എത്ര പേരുണ്ട്? എത്ര വമ്പന്‍ കച്ചവടക്കാറുണ്ട്? കൂടിപ്പോയാല്‍ വെറും 20 ശതമാനം മാത്രം. ഇവരില്‍ വിരലില്‍ എണ്ണാവുന്ന ആള്‍ക്കാരുടെ മാത്രം തീന്‍ മേശകളില്‍ വട്ടമിട്ടിരിക്കുന്ന വി ഐ പി കള്‍ ആണ് കേരളത്തിലെ പ്രമുഖരും, അവരുടെ മക്കളും പുതു സംരംഭകര്‍ ആയ ചെക്ക് കേസ് പ്രതികളും. ബാക്കിയുള്ള 95 ശതമാനത്തില്‍ അധികം പ്രവാസി മലയാളികള്‍ നാട്ടിലെ സ്വന്തം കുടുംബാങ്ങങ്ങള്‍ക്കു വേണ്ടി നാടും വീടും, ബന്ധുക്കളെയും ഉപേക്ഷിച്ചു കൊടും ചൂടില്‍, അറബി നാട്ടിലെ കര്‍ക്കശമായ നിയമങ്ങളില്‍ മാത്രം ഒതുങ്ങി സത്യവും, നേരും, ബന്ധങ്ങളും ഇപ്പോഴും പാലിക്കുന്നവരും, മനസ്സില്‍ സൂക്ഷിക്കുന്നവരും ആണ്. അത് അനുസരിച്ചു മാത്രം ദിനങ്ങള്‍ എണ്ണുന്നവര്‍ ആണ്.

ചെറുപ്പ കാലവും മുഴുവന്‍ അധികാരത്തിന്റെ അപ്പ കഷണമ് കടിച്ചു പറിച്ചു, യാതൊരു പദവികളില്‍ പോലും നിഷ്പക്ഷമായി ചിന്തിക്കുകയോ, പ്രവര്‍ത്തിക്കുകയോ ചെയ്യാത്ത രാഷ്ട്രീയക്കാരുടെ മക്കള്‍ ഗള്‍ഫ് മേഖലകളില്‍ കൂടി കടന്നു കൂടി പതിറ്റാണ്ടുകള്‍ ആയി മലയാളികള്‍ ഉയര്‍ത്തി കൊണ്ടുവന്ന വിശ്വാസ്യതയെ ചോദ്യം ചെയ്യരുത് എന്ന് ഒരു അപേക്ഷയുണ്ട്. നിങ്ങള്‍ കച്ചവടം നടത്തുകയോ വണ്ടി ചെക്ക് കൊടുക്കുകയോ, നിശാ ക്ലബുകളിലും, കാര്‍ ഓട്ട മത്സരങ്ങളും ഒക്കെ പങ്കുകാര്‍ ആയി നാട്ടില്‍ തന്നെ കഴിയൂ.., എന്തിനാണ് അത്താഴ പഷ്ണിക്കാരുടെ പള്ളയ്ക്കടിക്കുന്നത് ? പകലന്തി കൊടുചൂടില്‍ പണിയെടുത്ത അറ്റങ്ങള്‍ കൂട്ടി മുട്ടിക്കാന്‍ പാട് പെടുന്ന, പാവങ്ങളുടെ, നാടും കുടുംബവും ഉപേക്ഷിച്ചു മലയാള നാടിനു ഓരോ വര്‍ഷവും കോടിക്കണക്കിനു വിദേശ നാണ്യ വിനിമയം നടത്തുന്നതില്‍ അണി ചേര്‍ന്ന പാവപ്പെട്ട പ്രവാസികളുടെ നെഞ്ചില്‍ ചുവപ്പു കൊടികള്‍ തറക്കുന്നു.

ഗള്‍ഫ് മേഖലയില്‍ ചെറിയ കച്ചവടങ്ങള്‍ ചെയ്തു അറബിയ്ക്ക് ഓരോ ആഴ്ചയും, മാസവും ഒക്കെ വരുമാനത്തിന്റ നല്ലൊരു ശതമാനം കഫാലത്ത് കൊടുത്തു കഴിയുന്ന പാവപ്പെട്ട വരുടെ മേലുള്ള വിശ്വാസ്യത തകര്‍ക്കുന്നു.

പ്രിയ രാഷ്ട്രീയ പ്രമാണികളോട് ഒരു അപേക്ഷയുണ്ട് നിങ്ങളുടെ മക്കളെ ഉല്ലസിക്കാന്‍ വിടണം എങ്കില്‍, നിങ്ങള്‍ക്ക് ബിനാമി കച്ചവടങ്ങള്‍ ചെയ്യണം എങ്കില്‍ അത് നാട്ടില്‍ തന്നെ കായല്‍ നികത്തിയതോ, വനം കൈയ്യേറിയതോ ഒക്കെ ആയി നിരവധി റിസോര്‍ട്ടുകള്‍ ഉണ്ടല്ലോ, അവിടെ ആയാല്‍ പോരെ. മസ്കറ്റിലും, ദുബായിലും,  ബഹ്‌റിനിലും, കുവൈറ്റിലും ഒക്കെ വന്നു പാവപ്പെട്ടവരുടെ അത്താഴം മുട്ടിക്കണോ? ഇത്രയും പറയുന്നതില്‍ ഒരു രാഷ്ട്രീയ നേതാവോ, പ്രവര്‍ത്തകനോ പ്രതിക്ഷേധിക്കേണ്ട 

അതിനുള്ള കാരണം ഇതാണ്. ഗള്‍ഫ് മേഖലയിലെ അറബ് ഇഗ്‌ളീഷ് പത്രങ്ങളില്‍ യു എ ഇ പൗരനെ കേരളത്തിലെ പൊളിറ്റിക്കല്‍ ലീഡറിന്റെ മകന്‍ പറ്റിച്ചു എന്നും, ഒത്തു തീര്‍പ്പിനു ഡല്‍ഹി മുതല്‍ തിരുവനന്തപുരം വരെ കയറി ഇറങ്ങിയിട്ട് ഫലം കണ്ടില്ല എന്നും, പേടിപ്പിച്ചു തുരത്തി എന്നും ഒക്കെ വാര്‍ത്തകള്‍ വരുമ്പോള്‍ ഓരോ നിമിഷവും നിങ്ങള്‍ രാഷ്ട്രീയക്കാര്‍ തകര്‍ക്കുന്നത് ഓരോ പ്രവാസിയുടെ മേലും ഓരോ അറബ് സ്‌പോണ്‍സര്‍മാര്‍ പുലര്‍ത്തി വന്ന വിശ്വാസം ആണ്.

സോഷ്യലിസവും, കോര്‍പ്പറേറ്റും തമ്മിലുള്ള അവിശുദ്ധതയുടെ കഠാര നിങ്ങള്‍ കുത്തിയിറക്കിയത് പാവപ്പെട്ട പ്രവാസിയുടെ നെഞ്ചില്‍ മാത്രം ആണ്. വിദേശത്തു മക്കളെ കച്ചവടത്തിനയക്കുന്ന ഓരോ മലയാളി രാഷ്ട്രീയ നേതാക്കളും പാര്‍ട്ടി പിരിവിനു കൈനീട്ടുന്നതിനു മുന്‍പ് ഗള്‍ഫാര്‍ മുഹമ്മദാലിയുടെയും, യൂസഫ് അലിയുടെയും, അറ്റ്‌ലസ് രാംചന്ദ്രന്റെയും, ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കിംജിയുടെയും, സഫീറിന്റെയുംഒക്കെ ചരിത്രം കൂടി ഒന്നു പഠിക്കുന്നത് നന്നായിരിക്കും.

പകലന്തി പണിയെടുക്കുന്ന സാധാരണ പ്രവാസികളുടെ നെഞ്ചില്‍ കുത്തുന്ന കഠാര ആകരുത് രാഷ്ട്രീയക്കാരുടെ മക്കള്‍ പ്രമാണിത്തം എന്ന് അടിവരയിടുന്നു
 പ്രവാസികളുടെ നെഞ്ചില്‍ കുത്തുന്ന കഠാര ആകരുത് രാഷ്ട്രീയക്കാരുടെ മക്കള്‍ പ്രമാണിത്തം (ജയ് പിള്ള)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക