Image

കുവൈറ്റില്‍ വിദേശികളുടെ മാതാപിതാക്കള്‍ക്ക്‌ അനുവദിച്ചിരുന്ന കുടുംബവീസ നിര്‍ത്തലാക്കി

Published on 16 March, 2012
കുവൈറ്റില്‍ വിദേശികളുടെ മാതാപിതാക്കള്‍ക്ക്‌ അനുവദിച്ചിരുന്ന കുടുംബവീസ നിര്‍ത്തലാക്കി
കുവൈറ്റ്‌: വിദേശികളുടെ മാതാപിതാക്കള്‍ക്ക്‌ അനുവദിച്ചിരുന്ന കുടുംബവീസ കുവൈറ്റ്‌ താത്‌കാലികമായി നിര്‍ത്തിവച്ചു. വിദേശികളില്‍ പലരും മാതാപിതാക്കളെ കുവൈറ്റില്‍ കൊണ്‌ടുവരുന്നത്‌ സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനു വേണ്‌ടിയാണെന്ന്‌ കണെ്‌ടത്തിയ സാഹചര്യത്തിലാണിതെന്ന്‌ കുടിയേറ്റ വിഭാഗം മേധാവി ബ്രിഗേഡിയര്‍ തലാല്‍ മാറാഫി വെളിപ്പെടുത്തി. ഇതുസംബന്ധിച്ച നിര്‍ദേശം ബന്ധപ്പെട്ട കുടിയേറ്റ വിഭാഗം കേന്ദ്രങ്ങള്‍ക്ക്‌ ലഭിച്ചതായും അദ്ദേഹം അറിയിച്ചു.

കുടുംബ സന്ദര്‍ശന വീസയിലെത്തുന്ന വിദേശികളുടെ മാതാപിതാക്കളെക്കുറിച്ച്‌ ആഭ്യന്തര മന്ത്രാലയം വിശദമായ പഠനം നടത്തിവരികയാണ്‌. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ തിരക്ക്‌ കുറയ്‌ക്കുന്നത്‌ സംബന്ധിച്ചും പ്രത്യേക സമിതി പഠനം നടത്തുന്നുണ്‌ട്‌. വാര്‍ഷിക ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ തുക വര്‍ധിപ്പിച്ച്‌ സ്വകാര്യ ആശുപത്രിയിലേക്ക്‌ കൂടുതല്‍ പേരെ ആകര്‍ഷിക്കണമെന്ന നിര്‍ദ്ദേശം സംബന്ധിച്ച്‌ സമിതി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ തൊഴില്‍ത്തര്‍ക്കം ഉടലെടുക്കുന്ന സാഹചര്യത്തില്‍ തൊഴിലാളിക്ക്‌ മൂന്നു മാസം കാലാവധിയുള്ള താത്‌കാലിക വീസ അനുവദിക്കുമെന്ന്‌ ബ്രിഗേഡിയര്‍ തലാല്‍ മാറാഫി പറഞ്ഞു. സാമൂഹിക തൊഴില്‍ മന്ത്രാലയത്തിന്‌ ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലായിരിക്കുമിത്‌. നിയമതടസം കൂടാതെയും തൊഴിലുടമയുടെ ചൂഷണത്തിനിരയാകാതെയും കുവൈറ്റില്‍ തുടരാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക