Image

മനസ്സിന്റെ താളം തെറ്റുമ്പോൾ ( ഡോ. സിജോ അലക്‌സ്)

Published on 09 February, 2018
മനസ്സിന്റെ താളം തെറ്റുമ്പോൾ ( ഡോ.  സിജോ അലക്‌സ്)
മാധ്യമപ്രവർത്തകനായ ഹരിപ്രസാദ് കലാരംഗത്തും സജീവമായിരുന്നു. കടുത്ത മത്സരം നിലനിൽക്കുന്ന മേഖലയിൽ ഏഴുവർഷത്തെ ശ്രമഫലമായി തന്റേതായ കയ്യൊപ്പിടാൻ സാധിച്ച സമയത്താണ് വിഷാദരോഗം അയാളെ പിടികൂടിയത്. സുഹൃത്ത് ബിനീഷിനൊപ്പം എന്നെക്കാണാൻ വന്നപ്പോൾ രോഗത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണ രോഗിക്കുണ്ടെന്നത് എന്നെ അത്ഭുതപ്പെടുത്തി. വിഷാദരോഗത്തെക്കുറിച്ച് ചാനൽ ചർച്ചയിൽ സംസാരിക്കാൻ വേണ്ടി റെഫർ ചെയ്തസമയത്ത് ആ വില്ലൻ തന്നെ കീഴ്പ്പെടുത്തുമെന്ന് കരുതിയില്ലെന്ന മുഖവുരയോടെ ഹരി തന്റെ കഥ പറഞ്ഞു തുടങ്ങി : 

" ഗർഭാവസ്ഥയിൽ തന്നെ സ്വന്തം അച്ഛനെ നഷ്ടപ്പെട്ട എനിക്ക് ബാല്യത്തിലെ ഓർമ്മ അമ്മയുടെ കണ്ണീരും രണ്ടാനച്ഛന്റെ പീഡനങ്ങളും മാത്രമാണ്. 'അമ്മ മരിച്ചതോടെ എല്ലാം സഹിച്ചവിടെ നിൽക്കേണ്ടതില്ലെന്ന ബോധ്യത്തോടെ ഡിഗ്രി പൂർത്തിയാക്കിയ ഞാൻ ചെന്നൈക്ക് വണ്ടികയറി. കലാകാരന്മാരായ ഒരുകൂട്ടം ചെറുപ്പക്കാരെ പരിചയപ്പെട്ടത് ജീവിതത്തിൽ വഴിത്തിരിവായി.   എന്റെ കഴിവുകൾ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ആ സുഹൃത്‌വലയം , സ്ഥിര വരുമാനം എന്നനിലയിൽ ഒരു ലോക്കൽ ചാനലിൽ ജോലിയും ശരിയാക്കി. 

രണ്ടുവർഷം കൊണ്ടുഞാൻ തമിഴിലെ  ഒരു പ്രമുഖ ചാനലിൽ കയറിപ്പറ്റി. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിരുന്നില്ല. മലയാളി കൂടിയായ   അനുപമയെ പരിചയപ്പെട്ടത് അവിടെവെച്ചാണ്. ജീവിതത്തിൽ സ്നേഹം എന്താണെന്നറിയാൻ ഭാഗ്യമില്ലാതിരുന്ന ഞാൻ അനുവിലൂടെയാണത്  അറിഞ്ഞത്. സഹപ്രവർത്തകർക്കെല്ലാം ഞങ്ങളുടെ ബന്ധം അറിയാമായിരുന്നു. എന്തോ അത്യാവശ്യമാണെന്ന് പറഞ്ഞ് നാട്ടിൽ പോയി തിരികെ എത്തിയ അനു പഴയതുപോലെ എന്നോട് മിണ്ടാതെയായി. അത്രത്തോളം ഇഷ്ടത്തിലായിരുന്ന ഒരാൾ  മനഃപൂർവം നമ്മളെ ഒഴിവാക്കുമ്പോൾ സാമാന്യ ബുദ്ധിയുള്ളവർക്ക് മനസിലാകുമല്ലോ. എനിക്കത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ജോലിസ്ഥലമാണെന്ന് പോലും ചിന്തിക്കാതെ എന്താണവൾക്ക് പറ്റിയതെന്ന് മനസിലെ ദേഷ്യം മുഴുവൻവെച്ച് ഞാൻ ചോദിച്ചു . കൂടുതലായൊന്നും പറയാതെ അനു തന്റെ രാജിക്കത്ത് ഏൽപ്പിച്ച് ആ പടിയിറങ്ങി. ഞാൻ കാരണമാണവൾ ജോലി വേണ്ടെന്നു വെച്ചതെന്ന കുറ്റബോധം ഒന്നിലും ശ്രദ്ധ പതിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് വഴിമാറി. അതെന്റെ ഓഫിസിലെ പെർഫോമൻസിനെ വരെ ബാധിച്ചു. മീറ്റിംഗുകൾക്കുപോലും സമയം പാലിക്കാതെയായി. അത്യാവശ്യങ്ങൾക്കുപോലും ലീവ് എടുക്കാതിരുന്ന ഞാൻ ജോലിക്കുപോകാതെ ആയതോടെ അധികൃതർ 'ഷോ കോസ് ' നോട്ടീസ് അയച്ചു. അതിന് മറുപടികൊടുക്കാതിരുന്നതോടെ എന്റെ ജോലി പോയി. 

അങ്ങനെയിരിക്കെ ഒരുദിവസം അവളുടെ വിവാഹം കഴിഞ്ഞെന്നറിഞ്ഞു. ചിരിച്ചമുഖത്തോടെ ഭർത്താവിനൊപ്പം നിൽക്കുന്ന ഫോട്ടോസും കൂടി കണ്ടപ്പോൾ അവളെന്നെ ഒഴിവാക്കിയതാണെന്ന് മനസിലായി.  ദിവ്യാനുരാഗം ഒന്നും അല്ലാതിരുന്ന സ്ഥിതിക്ക് അവളെയും ഓർത്ത് എന്റെ ജീവിതം കളയേണ്ടല്ലോ... ഇതെല്ലാം അറിയാമെങ്കിലും മനസ്സ് പഴയ ചിട്ടകളിലേക്ക് മടങ്ങി വരുന്നില്ല. തനിയെ ഡ്രൈവ് ചെയ്യാൻ ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണ് ഒപ്പം ഒരാളെ കൂട്ടിയതുപോലും. 

ഒന്നിനും ഒരുത്സാഹമില്ല. രാത്രി  മണിക്കൂറുകളോളം ഉറക്കം വരാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഗുളിക കഴിക്കാതെ ഉറങ്ങാൻ കഴിയാത്ത സ്ഥിതി. ഞാൻ എന്തുചെയ്യണം ഡോക്ടർ?

രോഗത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ളതുകൊണ്ടുതന്നെ കൗൺസിലിംഗിന്റെ ആവശ്യം പോലും ഹരിക്കില്ല. അകാരണമായി പോലും വിഷാദരോഗം പിടിപെടാം. സിനിമകൾ മെഗാഹിറ്റായി നിന്ന സമയത്ത് ബോളിവുഡ് താരം ദീപിക പദുക്കോണിനുപോലും ഈ അവസ്ഥ ഉണ്ടായിട്ടുണ്ട്. 


"ഉറക്കഗുളിക കഴിക്കുന്നതങ്ങ് നിർത്തിക്കോ...നല്ല പാട്ടൊക്കെ കേട്ട്‌ ഇഷ്ടമുള്ള പുസ്തകങ്ങൾ വായിച്ച് കിടന്നുനോക്ക്. താനേ ഉറക്കം വരും. സ്വന്തം മനസിന്റെ താളം നമുക്കേ  അറിയാൻ കഴിയൂ. പലരും അത് ശ്രദ്ധിക്കാത്തതാണ് പ്രശ്നം. താളം തെറ്റി തുടങ്ങുന്നു എന്ന് തോന്നുമ്പോൾ തന്നെ ഇപ്പോൾ ഹരി ചെയ്തതുപോലെ ഒരു കൺസൽറ്റേഷൻ നടത്തിയാൽ  മനസിനെ വേഗം തിരികെ കൊണ്ടുവരാം. റൂട്ട് തെറ്റി ഓടുന്ന വണ്ടിയുടെ കാര്യം പോലെയാണത്. വഴിതെറ്റിയെന്ന് എത്ര നേരത്തെ ഡ്രൈവർ മനസിലാക്കുന്നോ , അത്ര സ്പീഡിൽ ശരിയായ ദിശ തിരഞ്ഞെടുക്കാം

.  ഒരു സില്ലി പ്രേമത്തിന്റെ പേരിൽ കളയാനുള്ളതല്ല ലൈഫ് എന്ന് ഹരി തന്നെ പറഞ്ഞില്ലേ... അത് മനസ്സിനെ ഇടയ്ക്കിടെ ഓർമിപ്പിക്കണം. തനിക്കായി നിശ്ചയിക്കപ്പെട്ട ആളെ ദൈവം അതിന്റേതായ സമയത്ത് കാണിച്ചുതരും. കഷ്ടപ്പെട്ട് ഉയർത്തിക്കൊണ്ടുവന്ന കരിയർ ഗ്രാഫ് എങ്ങനെ തിരിച്ചുപിടിക്കാമെന്ന് മാത്രം ചിന്തിക്ക്. പ്രതികൂല സാഹചര്യങ്ങളെ ചങ്കൂറ്റത്തോടെ നേരിട്ട ഹരിക്ക് ഇനിയും പലതും ചെയ്യാനുണ്ട്.    "

ആ വാക്കുകൾക്കപ്പുറം ഒരുമരുന്നും ഞാൻ കുറിച്ചില്ല. രാത്രി പതിവുപോലെ ഉറക്കം വരുന്നില്ലെങ്കിൽ വീണ്ടും വന്ന് കാണാൻ മാത്രം പറഞ്ഞു. ഇതെന്തു ഡോക്ടർ എന്ന ഭാവമായിരുന്നു സുഹൃത്തിന്റെ മുഖത്ത്.

 പിറ്റേന്ന് കാലത്തു തന്നെ ഹരി എന്നെ വിളിച്ചു.

ഗുളിക കൂടാതെ സുഖമായി ഉറങ്ങിയെന്ന് പറയാൻ.

 കേരളത്തിൽ ഒരു ചാനലിൽ ജോലിക്കുകയറിയ ഹരി , തിരക്കുകൾക്കിടയിലും എന്നെ വിളിച്ചു സംസാരിക്കുന്ന തരത്തിൽ ഒരു സൗഹൃദം ഇപ്പോഴും  സൂക്ഷിക്കുന്നുണ്ട്.

ഡോ. സിജോ അലക്‌സ് (എം.ബി.ബി.എസ് ,എം.ഡി സൈക്യാട്രി)
കണ്‍സല്‍ടന്റ് സൈക്യാട്രിസ്റ്റ് ,ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍,തിരുവല്ല

തയാറാക്കിയത്: മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക