Image

കുവൈറ്റില്‍ വിദേശികള്‍ക്ക്‌ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ വിതരണം തുടങ്ങി

Published on 16 March, 2012
കുവൈറ്റില്‍ വിദേശികള്‍ക്ക്‌ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ വിതരണം തുടങ്ങി
കുവൈത്ത്‌ സിറ്റി: സ്വദേശികള്‍ക്കുള്ള സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ വിതരണം പൂര്‍ത്തിയായതിന്‍െറ തുടര്‍ച്ചയായി രാജ്യത്തെ വിദേശികള്‍ക്കും സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ വിതരണം ചെയ്യുന്ന പദ്ധതിക്ക്‌ തുടക്കം കുറിച്ചതായി പബ്‌ളിക്‌ അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പി.എ.സി.ഐ) അറിയിച്ചു. ആദ്യ ഘട്ടമെന്ന നിലയില്‍ ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ്‌ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ വിതരണം ആരംഭിച്ചിരിക്കുന്നതെന്നും പടിപടിയായി മറ്റു രാജ്യക്കാര്‍ക്കും നല്‍കുമെന്നും പി.എ.സി.ഐ ഡയറക്ടര്‍ ജനറല്‍ മുസാഇദ്‌ അല്‍ അസൂസി വ്യക്തമാക്കി.

സിവില്‍ ഐഡി കാര്‍ഡ്‌ കാലാവധി കഴിഞ്ഞ്‌ പുതുക്കുന്നതിനുള്ള അപേക്ഷ ലഭിക്കുമ്പോള്‍ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ നല്‍കുന്ന രീതിയാണ്‌ പി.എ.സി.ഐ സ്വീകരിച്ചിരിക്കുന്നത്‌. സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ വിതരണം മുഴുവന്‍ വിദേശികള്‍ക്കും പൂര്‍ത്തിയാകുന്നതോടെ സിവില്‍ ഐഡിയുടെ സ്ഥാനത്ത്‌ അതാണ്‌ എതാവശ്യത്തിനും പരിഗണിക്കപ്പെടുകയെന്ന്‌ വ്യക്തമാക്കിയ അല്‍ അസൂസി അതുവരെ ഇരുകാര്‍ഡുകളും പരിഗണിക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്‌ കൂട്ടിച്ചേര്‍ത്തു.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും നല്‍കുന്ന സ്‌മാര്‍ട്ട്‌ കാര്‍ഡിന്‌ നിറത്തില്‍ മാത്രമേ വ്യത്യാസമുണ്ടാവൂ. വ്യക്തിപരവും സുരക്ഷാപരവും സാങ്കേതികവുമായ എല്ലാ കാര്യങ്ങളും സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ വഴി അറിയാനാവും. കാര്‍ഡില്‍ ഇലക്ട്രോണിക്‌ ചിപ്പ്‌ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ വ്യക്തിയുടെ ചിത്രം, വിരലടയാളം എന്നിവ ലഭിക്കും. സ്‌മാര്‍ട്ട്‌ കാര്‍ഡുപയോഗിച്ച്‌ ജി.സി.സി രാജ്യങ്ങളില്‍ യാത്ര ചെയ്യാനും സാധിക്കും. ഇലക്ട്രോണിക്‌ സിഗ്‌നേച്ചറിനും മറ്റും ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക