Image

കന്നബിസ് ഓയില്‍ മിശ്രിതം ടെക്‌സസിലും ലഭ്യമായി (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 10 February, 2018
കന്നബിസ് ഓയില്‍ മിശ്രിതം ടെക്‌സസിലും ലഭ്യമായി (ഏബ്രഹാം തോമസ്)
മന്‍ചാക, ടെക്‌സസ്: മാരിവാനയുടെ ഉപയോഗവും വില്പനയും അമേരിക്കയിലെ രണ്ടു ഡസന്‍ സംസ്ഥാനങ്ങളിലും വാഷിംഗ്ടണ്‍ ഡിസിയിലും നിയമവിധേയമായപ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇത് പ്രേരണയായി മാറി, കന്നബിസ് ഓയില്‍ മരുന്നായി ഉപയോഗിക്കുവാനുള്ള ലൈസന്‍സിന് പലയിടത്ത് നിന്നും അപേക്ഷകരുണ്ടായി.
2015 ല്‍ ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ട് ടെക്‌സസ് കംപാക്ഷനേറ്റ് ആക്ടില്‍ ഒപ്പുവച്ചതിന് ശേഷം ലൈസന്‍സ് ലഭിച്ചത് മൂന്ന് കമ്പനികള്‍ക്കാണ്. ഇവയില്‍ കംപാഷനേറ്റ് കള്‍ട്ടിവേഷന്റെ ഉടമകള്‍ മാത്രമേ ടെക്‌സസ് ആസ്ഥാനമാക്കിയിട്ടുള്ളത്. കമ്പനിയുടെ ആസ്ഥാനവും ഡിസ്‌പെന്‍സറിയും ഓസ്റ്റിന് 12 മൈല്‍ അകലെയുള്ള ചെറിയ ടൗണ്‍ മന്‍ചാകയിലാണ്.

ഡിസ്‌പെന്‍സറിയിലേയ്ക്ക് കടന്നുചെല്ലുന്ന ഏതൊരാള്‍ക്കും ഒരു ഡോക്ടറുടെ ക്ലിനിക്കിലെത്തിയ അനുഭവമാണ് ഉണ്ടാവുക. രോഗികളും ആശ്രിതരും തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു. മിശ്രിതം ആവശ്യമുള്ളവര്‍ സംസ്ഥാനത്തിന്റെ കടുത്ത നിയമങ്ങള്‍ പാലിച്ചിരിക്കണം. ടെക്‌സസ് സംസ്ഥാനത്തിന്റെ കംപാഷനേറ്റ് യൂസ് പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ടു ഡോക്ടര്‍മാര്‍ ഈ മിശ്രിതത്തിനുള്ള പ്രിസ്‌ക്രിപ്ഷനില്‍ ഒപ്പ് വച്ചിട്ടുണ്ടാവണം. രോഗികള്‍ ഡിസ്‌പെന്‍സറിയില്‍ വിവരം നല്‍കി രജിസ്റ്റര്‍ ചെയ്യണം.

മിശ്രിതം തയ്യാറാക്കുന്നത് മാരിവാന ചെടിയില്‍ നിന്നെടുത്ത എണ്ണയില്‍ വെളിച്ചെണ്ണയും ചേര്‍ത്താണ്. ഒരല്പം രുചിക്ക് വേണ്ടി പെപ്പര്‍മിന്റോ ചെറിയോ കൂടി ചേര്‍ക്കാറുണ്ട്.
ഈ ടിംഗചറുകള്‍ വായില്‍ ഒഴിച്ചുകുടിക്കുകയാണ് ചെയ്യുന്നത്. 7.5 മില്ലി ലിറ്റര്‍(വില 105 ഡോളര്‍), 15 മില്ലിലിറ്റര്‍(വില 200 ഡോളര്‍) കുപ്പികളിലാണ് ലായനി ലഭിക്കുന്നത്.
ടെക്‌സസ് നിയമം അനുസരിച്ച് ചികിത്സയ്ക്കായി കമ്പനികള്‍ക്ക് കന്നബിസ് വളര്‍ത്താം, ഒരു ചെറിയ തോതില്‍ ടെട്രാ ഹൈഡ്രോ കന്നബിനോള്‍(ടിഎച്ച്‌സി) മിശ്രിതമോ കന്നബിഡിയോള്‍(സിബിഡി) മിശ്രിതമോ സന്നിക്കോ, അതിവേദന അനുഭവപ്പെടുന്ന അവസ്ഥകള്‍ക്കോ നല്‍കാം. കഞ്ചാവ് ചെടികള്‍ വളര്‍ത്താന്‍ പാടില്ല എന്ന നിയമത്തില്‍ പ്രത്യേക ഇളവ് ഈ നിയമത്തിലൂടെ ലൈസന്‍സ് നേടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നു.
സന്നി ബാധിക്കുന്ന കുട്ടികളെയും കൊണ്ട് മാതാപിതാക്കള്‍ ഈ മിശ്രിതം വാങ്ങുവാന്‍ ഡിസ്‌പെന്‍സറിയില്‍ എത്തുന്നു. വീല്‍ ചെയറില്‍ കഴിയുന്ന മസ്തിഷ്‌കത്തിന് കുഴപ്പം സംഭവിച്ച 34കാരി മകളുമായെത്തിയ ജീന്‍ സ്റ്റീല്‍സ്മ പറയുന്നത് അവര്‍ക്കറിയാം ഈ മിശ്രിതം ഒരു അത്ഭുതം സൃഷ്ടിക്കുകയില്ല എന്ന്. എങ്കിലും ചിലപ്പോള്‍ 10 മിനിട്ടോളം നീണ്ടു നില്‍ക്കുന്ന മകളുടെ സന്നിബാധയ്ക്ക് ഇത് ശമനം നല്‍കുന്നു എന്ന് കൂട്ടിച്ചേര്‍ത്തു.
കംപാഷനേറ്റ് കള്‍ട്ടിവേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മോറി സ്‌ഡെന്റല്‍ ആദ്യം വ്യവസായ സാധ്യതകള്‍ മനസ്സിലാക്കിയാണ് ഈ രംഗത്തെത്തിയത്. പക്ഷെ തുടര്‍ന്ന് ലഭിച്ച ഫോണ്‍ കാളുകളും ഇമെയിലുകളും ഈ മരുന്നിന് ചെയ്യുവാന്‍ കഴിയുന്ന സേവനത്തെ കുറിച്ച് അയാളെ ബോധവാനാക്കി. ഇപ്പോള്‍ ഇത് ഒരു ജീവിതോദ്ദേശം ആക്കി താന്‍ മാറ്റിയിരിക്കുകയാണെന്ന് ഡെന്റല്‍ പറയുന്നു.

വേദന സംഹാരികളായ ഓപി ഓയിഡിന്റെ ദുരുപയോഗം മൂലം ആ മരുന്നുകള്‍ പല ഡോക്ടര്‍മാരും കുറിച്ച് നല്‍കാറില്ല. ഫെഡറല്‍ ഗവണ്‍മെന്റും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കന്നബിസ് മിശ്രിതത്തിന് ഈ അനുഭവം ഉണ്ടാവുകയില്ല എന്നാശിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക