Image

മുന്‍ ഡി.ജി.പി ജോസഫ് തോമസ് (76) നിര്യാതനായി

Published on 10 February, 2018
മുന്‍ ഡി.ജി.പി  ജോസഫ് തോമസ് (76) നിര്യാതനായി
കൊച്ചി: കേരള പൊലീസ് മുന്‍ ഡി.ജി.പി കലൂര്‍ ആസാദ് റോഡ് വട്ടവയലില്‍ വീട്ടില്‍ വി. ജോസഫ് തോമസ് (76) നിര്യാതനായി. വിജിലന്‍സ് മേധാവി, െപാലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഐ.ജി, ജി.സി.ഡി.എ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ശില്‍പികൂടിയാണ്.

തിരുവനന്തപുരം ലോ കോളജില്‍ ബിരുദ പഠനത്തിനുശേഷം അഞ്ചുവര്‍ഷം കരസേനയില്‍ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ച ജോസഫ് തോമസിന് 1964-ല്‍ ഐ.പി.എസ് സെലക്ഷന്‍ ലഭിച്ചു. പാലക്കാട് അസി.എസ്.പിയായാണ് സേവനം ആരംഭിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ എസ്.പി, തിരുവനന്തപുരം, കൊച്ചി കമീഷണര്‍, കൊച്ചി റേഞ്ച് ഐ.ജി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി, കേരള ബുക്‌സ് ആന്‍ഡ് പബ്ലീഷിങ് സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടറായിരുന്നു. കെ.ബി.പി.എസ് ആധുനികവത്കരിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.

 ജി.സി.ഡി.എ ചെയര്‍മാനായിരിക്കെ കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ സ്‌റ്റേഡിയം പണികഴിപ്പിക്കുകയും പേരണ്ടൂര്‍ കനാല്‍ നവീകരണം, മറൈന്‍ ഡ്രൈവ് സൗന്ദര്യവത്കരണം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു. 2001-ല്‍ വിജിലന്‍സ് ഡയറക്ടറായി സര്‍വിസില്‍നിന്ന് വിരമിച്ചു.

ഭാര്യ: കാഞ്ഞിരപ്പള്ളി കുരിശുമൂട്ടില്‍ മുക്കാടന്‍ കുടുംബാംഗം മറിയമ്മ തോമസ്. മകള്‍: ട്വിങ്കിള്‍ തോമസ്. മരുമകന്‍: വി.ജെ. തോമസ് ജോസഫ് വയലാട്ട് (വി.ടി.ജെ ഗ്രൂപ്). 

കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ സഹോദരനാണ്. മറ്റുസഹോദരങ്ങള്‍: പരേതനായ ജോസഫ്, മാത്യു, ആന്റണി, ഫ്രാന്‍സിസ്, മറിയാമ്മ മാത്യു, ഡെയ്സ സെബാസ്റ്റിയന്‍, പരേതയായ ജെസി സാലി.
മൃതദേഹം കലൂര്‍ ആസാദ് റോഡിലെ വസതിയില്‍. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് 3.30ന് തൃക്കാക്കര ഭാരതമാതാ കോളജിന് സമീപം വിജോ ഭവന്‍ സെമിത്തേരിയില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക