Image

നേര്‍ക്കു നേരെ രണ്ട്‌ വിമാനങ്ങള്‍; ഒഴിവായത്‌ വന്‍ദുരന്തം

Published on 11 February, 2018
നേര്‍ക്കു നേരെ രണ്ട്‌ വിമാനങ്ങള്‍;  ഒഴിവായത്‌ വന്‍ദുരന്തം


ന്യൂദല്‍ഹി: വ്യോമപാതയില്‍ ഒരേദിശയില്‍ നേര്‍ക്കു നേരെ എത്തിയ എയര്‍ ഇന്ത്യയുടെയും വിസ്‌താരയുടെയും വിമാനങ്ങള്‍ ഭാഗ്യം കൊണ്ട്‌ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടു. ഈ മാസം 7ന്‌ മുംബൈ വ്യോമപാതയിലാണ്‌ ഏവരെയും ഭീതിയിലാഴ്‌ത്തുമായിരുന്ന ദുരന്തം തലനാരിഴയ്‌ക്ക്‌ ഒഴിവായത്‌.

ബുധനാഴ്‌ച രാത്രി എട്ടുമണിക്കുശേഷമാണു സംഭവം നടന്നത്‌. എയര്‍ ഇന്ത്യയുടെ എയര്‍ബസ്‌ എ 319 മുംബൈയില്‍നിന്നു ഭോപ്പാലിലേക്ക്‌ എഐ 631 എന്ന പേരില്‍ പറന്നപ്പോഴാണു സംഭവം. മറുഭാഗത്തു വിസ്‌താരയുടേത്‌ എ 320 നിയോ, യുകെ 997 എന്ന പേരില്‍ ദല്‍ഹിയില്‍നിന്നു പുനെക്കു പറക്കുകയായിരുന്നു. 152 യാത്രക്കാരാണു വിസ്‌താരയില്‍ ഉണ്ടായിരുന്നത്‌. 29,000 അടിയില്‍ പറക്കാനായിരുന്നു ഇവര്‍ക്കു നല്‍കിയിരുന്ന നിര്‍ദേശം.

എന്നാല്‍ പിന്നീട്‌ യുകെ 997, 27,100 അടിയിലേക്കു താഴുകയായിരുന്നു. കേവലം 100 അടിയുടെ വ്യത്യാസം മാത്രമേ 2.8 കിലോമീറ്റര്‍ ദൂരത്തില്‍ ഇരു വിമാനങ്ങള്‍ തമ്മിലും ഉണ്ടായിരുന്നുള്ളൂ. ഉടന്‍തന്നെ ട്രാഫിക്‌ കൊളിഷന്‍ അവോയ്‌ഡന്‍സ്‌ സിസ്റ്റത്തിലെ (ടിസിഎഎസ്‌) അലാം മുഴങ്ങാന്‍ തുടങ്ങി. ഇരു വിമാനങ്ങളിലെ കോക്‌പിറ്റിലും മുന്നറിയിപ്പെത്തി.

 ഇതേത്തുടര്‍ന്നു പൈലറ്റുമാര്‍ ഇടപെട്ടു കൂട്ടിയിടി ഒഴിവാക്കുകയായിരുന്നു. 2.8 കിലോമീറ്ററെന്നതു സെക്കന്‍ഡുകള്‍ക്കുള്ളില്‍ എത്തുന്ന ദൂരമാണ്‌. അതുകൊണ്ടുതന്നെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ദുരന്തമാണ്‌ ഒഴിവായത്‌.

എതിര്‍ദിശയില്‍ പോകുന്ന രണ്ടു വിമാനങ്ങള്‍ ഒരേസമയം ഇത്രയടുത്തു വന്ന അപകടസമാനമായ സാഹചര്യം അടുത്തെങ്ങും ഇന്ത്യന്‍ വ്യോമപാതയില്‍ ഉണ്ടായിട്ടില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക