Image

എനിക്കായ് തുറന്നിട്ട വാതില്‍ (സൗഹ്രുദം: ബൃന്ദ)

മീട്ടു റഹ്മത്ത് കലാം Published on 11 February, 2018
എനിക്കായ് തുറന്നിട്ട വാതില്‍ (സൗഹ്രുദം: ബൃന്ദ)
ബൃന്ദ: ഷിഫാ

നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ പരിഹൃതമായ ആവശ്യങ്ങളാണ്. നിങ്ങള്‍ സ്‌നേഹത്തോടെ വിതയ്ക്കുകയും നന്ദിയോടെ കൊയ്യുകയും ചെയ്യുന്ന പാടമാകുന്നു അവന്‍. ഇതെന്റെ വാക്കുകളല്ല.ഞാന്‍ ഏറെ ആരാധിക്കുന്ന ലെബനീസ് കവിയും എഴുത്തുകാരനുമായ ഖലീല്‍ ജിബ്രാന്‍ സൗഹൃദത്തെക്കുറിച്ച് കോറിയിട്ട ഈ വരികളുടെ ആഴം തിരിച്ചറിയാന്‍ ആത്മാര്‍ത്ഥ സുഹൃത്തിന്റെ സാന്നിധ്യം ജീവിതത്തില്‍ അനുഭവിച്ചറിയുക തന്നെ വേണം.

സൗഹൃദത്തിന് ഓരോ വ്യക്തിയ്ക്കും സ്വന്തമായ നിര്‍വ്വചനങ്ങള്‍ കാണും. എനിക്കത് മനസ്സിന്റെ ഇണയനക്കങ്ങളാണ്. നിനച്ചിരിക്കാത്ത പലതിനെയും അത് കൊണ്ടു വന്നു തരും. ഉള്ളം സന്തോഷ ഭരിതമാക്കും. സങ്കടങ്ങളെ ബലമായി തന്നെ പിടിച്ചു വാങ്ങും. കൂടെയുണ്ടെന്ന് പറയാതെ പറയും. അത് ചിലപ്പോള്‍ ആത്മസമര്‍പ്പണം കൂടിയാകാം.

സൗഹൃദം എന്താണെന്നതിനുള്ള ഉത്തരം സ്വയം കണ്ടെത്തേണ്ട ഒന്നാണ്. വെറുതെ ആലോചിച്ചിരിക്കുമ്പോള്‍ പോലും മനസ്സില്‍ നിറവ് പകരുന്ന പ്രതിഭാസമായി പലപ്പോഴും അതിനെ ഞാന്‍ അറിഞ്ഞിട്ടുണ്ട്. ആരുമല്ലാത്ത ഒരാള്‍ സ്‌നേഹവും കരുതലുംകൊണ്ട് മനസ്സിനെ കീഴ്പ്പെടുത്തി നമ്മുടേതായി തീരുന്നത് ഓര്‍ക്കാന്‍ തന്നെ സുഖമാണ്. പകുത്തെടുക്കാന്‍ അവിടെ സ്വാര്‍ത്ഥതയുടെ കണം പോലുമില്ല, നിറഞ്ഞു തുളുമ്പുന്ന സ്‌നേഹം മാത്രം. തെരഞ്ഞെടുക്കലോ അടിച്ചേല്പിക്കലോ സൗഹൃദങ്ങള്‍ രൂപപ്പെടുത്താറില്ല. സ്വയം വന്നുചേരുന്നവയാണ് അത്. ഏതു നേരവും കടന്നുചെല്ലാവുന്ന അദൃശ്യമായ പാലമാണ് സുഹൃത്ബന്ധം. എല്ലായ്‌പ്പോഴും തുറന്നിരിക്കുന്ന വാതിലുകളുണ്ടതിന്.

സൗഹൃദങ്ങള്‍ ഒഴുകുന്ന പുഴ പോലെയാണ്. ജീവിതത്തിന്റെ ഓരോരോ തിരിവുകളില്‍ വന്നു ചേരും. ചിലപ്പോള്‍ മനസ്സിലൊരു വസന്തം സൃഷ്ടിച്ച് മാറിനില്‍ക്കും. ഏതോ കാണായിടങ്ങളില്‍ നിന്ന് ഓര്‍ത്തു കൊണ്ടേയിരിക്കും. ഏറ്റവും അത്യാവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ഏതെങ്കിലും രൂപത്തില്‍ എത്തുകയും ചെയ്യും.

പുതുകാലത്തെ സൗഹൃദത്തിന്റെ അനന്ത സാധ്യതകളുടേതാണ്. അവിശ്വാസത്തിന്റെ വലകള്‍ ബന്ധങ്ങളെ വലയം ചെയ്തിരിക്കുന്നു. ഉപയോഗപ്പെടുത്താനോ ഇല്ലായ്മ ചെയ്യാനോ ഒക്കെയുള്ള ആയുധങ്ങളായി അവ മാറ്റിയെഴുതപ്പെട്ടിരിക്കുന്നു. ഇന്നത്തെ തലമുറയ്ക്ക് സൗഹൃദം എന്നതൊരു സ്വപ്നഭൂമിയാണ്. ലോകമെമ്പാടും ശാഖകളുള്ള സൈബര്‍ സുഹൃത്വലയങ്ങളില്‍ നിന്ന് ഭൂമിതൊടുന്ന ഏതെങ്കിലുമൊരു നേരത്താണ് മുഖം നോക്കാനൊരു കണ്ണാടി വേണമെന്ന് തോന്നിത്തുടങ്ങുന്നത്. സൗഹൃദങ്ങള്‍ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഒന്നാണെന്നതില്‍ തര്‍ക്കമില്ല. സ്‌നേഹമായും സഹായമായും കരുത്തായും ആശ്വാസമായും സൗഹൃദങ്ങള്‍ നിര്‍വ്വഹിക്കുന്ന ആന്തരിക-ഭൗതിക ഘടകങ്ങള്‍ ഒട്ടേറെയാണ്.

തീര്‍ത്തും അപ്രതീക്ഷിതമായാണ് ആ പെണ്‍കുട്ടി എന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്നത്. ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യം അവ ള്‍ക്കുണ്ടായിരുന്നു. നന്നേ വെളുത്ത്, നീണ്ട കണ്ണുകളും ബോബ് ചെയ്ത മുടിയും, തമിഴ് ചുവയുള്ള മലയാളത്തില്‍ വേഗത്തിലാണ് സംസാരം. ഞങ്ങള്‍ വളരെ പെട്ടെന്നു തന്നെ കൂട്ടായി. അവളുടെ സ്‌നേഹവും എന്റെമേല്‍ മറ്റാരും എടുക്കാതിരുന്ന സ്വാതന്ത്ര്യവും നിറഞ്ഞ മനസ്സോടെ ഞാന്‍ ആസ്വദിച്ചു. എന്നെ ഒരുക്കി സുന്ദരിയാക്കുന്നതിലായിരുന്നു അവള്‍ക്ക് കൂടുതല്‍ ശ്രദ്ധ. എന്റെ മുഖക്കുരുക്കളിലേയ്ക്കും ചിക്കന്‍ പോക്‌സിന്റെ ആഴക്കിടങ്ങുകളിലേയ്ക്കും ഉറ്റുനോക്കി ചര്‍മ്മ പ്രതലങ്ങളുടെ സൗന്ദര്യമില്ലായ്മയിലേയ്ക്ക് ഉപദേശങ്ങളും നിര്‍ദേശങ്ങളും നിറച്ചു. എന്റെ മുഖത്തൊരു ക്ഷീണമുണ്ടായാലോ ഉള്ളില്‍ സങ്കടത്തിരയുണ്ടായാലോ മറ്റാരില്‍ നിന്നും മറച്ചു പിടിച്ചാലും അവള്‍ക്കു മുന്നിലത് കഴിയില്ല. അവളുടെ കണ്ണുകളാകുന്ന മാന്ത്രിക കണ്ണടയിലൂടെ നോക്കുമ്പോള്‍ ഒളിവും മറവുമില്ലാത്ത എന്റെ സ്വത്വമാണ് ദൃശ്യമാവുക.

എന്റെ നിറംകെട്ട നെയില്‍ പോളിഷുകള്‍, അശ്രദ്ധമായി തെരഞ്ഞെടുക്കുന്ന വസ്ത്രങ്ങള്‍ ഇവയൊക്കെ അവളുടെ ശിക്ഷണത്തോടെ മനോഹരമായി മാറി. മുഷിഞ്ഞ വസ്ത്രത്തിലോ രൂപത്തിലോ അവള്‍ക്കു മുന്നില്‍ ചെന്നു പെടാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. എപ്പോഴും അതിമനോഹരമായി വസ്ത്രം ധരിച്ച് അതിലും ഭംഗിയുള്ള പുഞ്ചിരി മുഖത്തണിഞ്ഞ് എങ്ങും നിറവായി വര്‍ത്തിച്ചു എന്റെ കൂട്ടുകാരി. ജീവിതത്തെക്കുറിച്ചും ചിന്തകളെക്കുറിച്ചും ഉദാത്തമായ കാഴ്ചപ്പാടുകള്‍ നല്‍കി എന്റെ വീക്ഷണങ്ങള്‍ മാറ്റി മറിച്ചതില്‍ അവളുടെ പങ്ക് ചെറുതല്ല. ദേഷ്യപ്പെടുകയും ഗുണദോഷിക്കുകയും ചെയ്യുമ്പോള്‍ അവളില്‍ ഞാന്‍ തൊട്ടറിഞ്ഞത് സാഹോദര്യത്തിന്റെ അനിര്‍വചനീയമായ ഒരു തലമാണ്. എന്നിലൂടെ, എന്റെ ചലനങ്ങളിലൂടെ തനിക്ക് നഷ്ടപ്പെട്ട എന്തിനെയോ തിരികെ പിടിക്കാനുള്ള ശ്രമമായിരുന്നു അത്? അവളും ഞാനും ഒന്നാണെന്ന ചിന്തയാകാം എന്നിലൂടെ ഒരു പൂര്‍ണത അവള്‍ക്കും ലഭിക്കുമെന്ന തോന്നാന്‍ ഇടയാക്കിയത്.

ജീവിതത്തിന്റെയും ശരീരത്തിന്റെയും രണ്ട് അവസ്ഥകളിലായിരുന്നു ഞങ്ങള്‍. ഏതോ ഒരു തീപിടിച്ച നേരാത്തവളെന്നോട് ചോദിച്ചു : 'കടലിനടിയില്‍ തീ കത്തുന്നത് നീ കണ്ടിട്ടുണ്ടോ?

അപ്രതീക്ഷിതമായ ആ ചോദ്യത്തിന്റെ ആഘാതത്തില്‍ ഞാന്‍ സ്തബ്ധയായി. അവളുടെ കണ്ണുകള്‍ ചുവന്നു വന്നു.തീപ്പൊരികള്‍ ചിതറി. ഒരു ജന്മത്തിന്റെ ഒളിപ്പിച്ചു വച്ച വേകലുകള്‍ ആ ചോദ്യത്തില്‍ നിറഞ്ഞു. അതെന്നെ വല്ലാതെ പൊളിക്കാന്‍ തുടങ്ങി. ഉറക്കത്തില്‍ പോലും വിടാതെ പിന്‍തുടര്‍ന്നു. 'തീക്കുപ്പായം' എന്ന കവിത എഴുതിയത് അങ്ങനെയാണ്. പിന്നീട് അതേ പേരില്‍ കവിതാ സമാഹാരവും ചെയ്തു. വിശ്വ മലയാള സമ്മേളനത്തില്‍ പുസ്തക പുരസ്‌കാരം ലഭിച്ചപ്പോള്‍ അന്നത്തെ പൊള്ളലില്‍ നനുത്ത കാറ്റേറ്റതുപോലൊരു സുഖം അനുഭവപ്പെട്ടു.  'കറുപ്പംചെട്ടി' എന്ന കഥയിലെ തമിഴമൊഴികള്‍ക്ക് ചാരുത പകര്‍ന്നതും എന്റെ പ്രിയ സ്‌നേഹിതയാണ്. എന്നിട്ടും അവളുടെയുള്ളിലെ കടല്‍ത്തീയെക്കുറിച്ച് ഒരിക്കല്‍പ്പോലും ഞാന്‍ ചോദിച്ചില്ല. ധൈര്യമില്ലാഞ്ഞിട്ടല്ല, കുത്തിപ്പൊളിക്കാന്‍ മനസു വരാത്തതുകൊണ്ടാണ്. അവളെ ചിരിച്ചു കാണാനാണ് എനിക്കിഷ്ടം. ഉറ്റവരാല്‍ അനാഥാലയങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന എല്ലാ മനസ്സുകളിലും ആരും കാണാത്ത അഗ്‌നി കത്തിപ്പടരുന്നുണ്ടാകുമല്ലോ. ആ അഗ്‌നിക്കു മീതെ ചുണ്ടു ചേര്‍ക്കാനേ എനിക്ക് കഴിയൂ.

ജന്മനാ ഇരുകാലുകളും തളര്‍ന്ന് അനാഥാലയത്തിലെ
വീല്‍ചെയറില്‍ ജീവിതമുരുട്ടി 'ഷിഫാ' എന്ന എന്റെ ആത്മിത്രം ചിരിക്കുന്നുണ്ട്. സാരമില്ല എന്നെനിക്ക് മാത്രം കേള്‍ക്കാവുന്ന സ്വരത്തില്‍ പറയുന്നുമുണ്ട്. എന്റെയീ അക്ഷരപ്പൂക്കളല്ലാതെ മറ്റെന്താണ് ഞാന്‍ അവള്‍ക്ക് നല്‍കുക?
 
എനിക്കായ് തുറന്നിട്ട വാതില്‍ (സൗഹ്രുദം: ബൃന്ദ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക