Image

ലോകസഭ തെരഞ്ഞെടുപ്പ് 2018 അവസാനത്തിലേക്ക് മാറ്റുമോ?(ഡല്‍ഹികത്ത്: പി.വി.തോമസ്)

Published on 12 February, 2018
ലോകസഭ തെരഞ്ഞെടുപ്പ് 2018 അവസാനത്തിലേക്ക് മാറ്റുമോ?(ഡല്‍ഹികത്ത്: പി.വി.തോമസ്)
2019 മെയ് മാസത്തിനു മുമ്പ് നടക്കേണ്ട ലോകസഭ തെരഞ്ഞെടുപ്പ് 2018 അവസാനത്തിലേക്ക് മാറ്റുമോ എന്ന ചോദ്യം ദല്‍ഹിയിലെ അധികാരത്തിന്റെ ഇടനാഴികളില്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

ഇതിന് പല കാരണങ്ങളും ഉണ്ട്. ഇതില്‍ ഒന്ന്, പ്രധാനമന്ത്രി നരേന്ദ്രമോഡി ഫെബ്രുവരി ഏഴാം തീയതി പാര്‍ലിമെന്റിന്റെ ഇരുസഭകളിലും നടത്തിയ പ്രസംഗങ്ങള്‍ ആണ്. പ്രധാനമന്ത്രി കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് ഭരണത്തെയും നിശിതമായി വിമര്‍ശിച്ചു. ഇതില്‍ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി വരെ ഉള്‍പ്പെട്ടു. സന്ദര്‍ഭം പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ പ്രസംഗത്തിനുള്ള നന്ദിപ്രകാശന ചര്‍ച്ചക്കുള്ള മറുപടി ആയിരുന്നു. സാധാരണഗതിയില്‍ ഇതുപോലുള്ള ഒരു സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിന് തുല്ല്യമായ ഒരു രാഷ്ട്രീയ പ്രസംഗം നടത്താറില്ല. മോഡി രാജ്യത്തെ ലോകസഭ തെരഞ്ഞെടുപ്പ് അവസ്ഥയിലേക്ക് മാറ്റുകയാണെന്ന് നിരീക്ഷണം ഉണ്ടായി. 

മോഡിയുടെ കോണ്‍ഗ്രസ് വിമര്‍ശനം അതിരൂക്ഷം ആയിരുന്നു. അതില്‍ പലതും മതധ്രുവീകരണത്തിന് വേണ്ടിയുള്ളതും ചരിത്ര വിരുദ്ധവും ആയിരുന്നു. ഉദാഹരണമായി കാശ്മ്മീര്‍ പ്രശനം. മോഡി പറഞ്ഞു. സര്‍ദാര്‍ പട്ടേല്‍ ആയിരുന്നു ഇന്‍ഡ്യയുടെ ആദ്യത്തെ പ്രധാനമന്ത്രി എങ്കില്‍ കാശ്മീരിന്റെ ഒരു ഭാഗം പാക്കിസ്ഥാന്റെ നിയന്ത്രണത്തില്‍ ആവുക ഇല്ലായിരുന്നു. ഇത് ചരിത്ര വസ്തുതയ്ക്ക് വിരുദ്ധമായ ആര്‍.എസ്.എസ്. രാഷ്ട്രീയം ആണ്. ഒരു പ്രധാനമന്ത്രിയും ഇതിനു മുമ്പ് ഇങ്ങനെ ഒരു ചരിത്ര സംഭവത്തെ തെരഞ്ഞെടുപ്പ് ലാഭത്തിനായി പാര്‍ലിമെന്റിലൂടെ ദുരുപയോഗിച്ചിട്ടില്ല. മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയിരുന്ന പി.വി. നരസിംഹറാവു പാര്‍ലിമെന്റിന്റെ രാജ്യസഭയില്‍ പ്രസ്താവിച്ച ഒരു യാഥാര്‍ത്ഥ്യത്തിന് ഞാന്‍ സാക്ഷിയാണ്. ഇന്‍ഡ്യക്ക് ചെയ്തു തീര്‍ക്കാത്ത ഒരു കടമ ഉണ്ട് പാക് അധീന കാശ്മീരില്‍, അതിനെ മോചിപ്പിക്കുക. ഇതാണ് പ്രധാനമന്ത്രിമാരുടെ നിലപാടും വാക്കും.

ജവഹര്‍ലാല്‍ നെഹ്‌റുവിനെ അധിക്ഷേപിക്കുക എന്നത് മോഡിയുടെ ആരംഭകാല വിനോദം ആണ്. അതുപോലെ തന്നെ സര്‍ദാര്‍ പട്ടേലിനെ അതിരു കടന്ന് പ്രകീര്‍ത്തിക്കുക എന്നതും. ഇവര്‍ രണ്ടുപേരും ഇന്‍ഡ്യുടെ രണ്ട് അതികായന്മാരായ നേതാക്കന്മാരും ചരിത്രത്തെ രൂപപ്പെടുത്തിയവരും ആണ്. ആര്‍ക്കാണഅ അതില്‍ സംശയം? പക്ഷേ നെഹ്‌റുവിനെ ഇകഴ്ത്തുകയും പട്ടേലിനെ പുകഴ്ത്തുകയും വഴി മോഡി അദ്ദേഹത്തിന്റെ ആര്‍.എസ്.എസ്. രാഷ്ട്രീയം ആണ് കൊട്ടിഘോഷിക്കുന്നത്. അത് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തോടും ചരിത്രത്തോടും ചെയ്യുന്ന അവഹേളനം ആണ്. 
നെഹ്‌റു സ്വാതന്ത്ര്യ സമരത്തിലെ ഒരു നെടുനായകന്‍ ആയിരുന്നു. സര്‍ദാര്‍ പട്ടേലും. സ്വാതന്ത്ര്യാനന്തര ഇന്‍ഡ്യയില്‍ പ്രധാനമന്ത്രി എന്ന നിലയിലും ആഭ്യന്തരമന്ത്രി എന്ന നിലയിലും നെഹ്‌റുവും പട്ടേലും സ്തുത്യര്‍ഹമായ സേവനം ചെയ്തിട്ടുണ്ട്. പക്ഷേ, എന്തിന് മോഡിയുടെ ഈ നെഹ്‌റു നിന്ദ? നെഹ്‌റു 1950 കളിലും 1960 കളുടെ മദ്ധ്യം വരെയും ഇന്‍ഡ്യയുടെ രാഷ്ട്രീയ സാമ്പത്തീക സാംസ്‌കാരിക മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചു. ഒരു ദിശാബോധനം നല്‍കി. അന്നത്തെ ഇന്‍ഡ്യ അല്ല ഇന്നത്തെ ഇന്‍ഡ്യ. പട്ടിണിയും, തൊഴിലില്ലായ്മയും, നിരക്ഷരതയും, ആരോഗ്യപ്രശ്‌നങ്ങളും മുഖമുദ്ര ആയിട്ടുള്ള ഒരു സ്വതന്ത്രാനന്തര ഇന്‍ഡ്യ ആയിരുന്നു അത്്. അതായിരുന്നു നെഹ്‌റുവിന്റെ പ്രധാന വെല്ലുവിളികള്‍. 1962-ലെ  ചൈന യുദ്ധത്തില്‍ അദ്ദേഹത്തിന് തിരിച്ചടി ഉണ്ടായി. അത് സത്യം തന്നെ. പക്ഷേ, അതൊക്കെ ചോദിക്കുവാന്‍ മോഡിക്ക് എന്ത് കാര്യം?
ഇന്‍്ഡ്യയുടെ വിഭജനം ഇന്നും ഒരു വൃണം ആണ് രാജ്യത്തിന്റെ മനസില്‍. പക്ഷേ, മോഡി അദ്ദേഹത്തിന്റെ പാര്‍ലിമെന്റ് പ്രസംഗത്തിലൂടെ അതിനെ വീണ്ടും രാഷ്ട്രീയവല്‍ക്കരിച്ച് ഒരു മതധ്രൂവവീകരണത്തിനായി ശ്രമിക്കുകയായിരുന്നു. ശരിയാണ് പാക്കിസ്ഥാന്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട ഒരു മുസ്ലീം രാജ്യം ആണ്. ഇന്‍ഡ്യ മതേതരത്വത്തിന്റെ പേരില്‍ രൂപം കൊണ്ട ഒരു രാജ്യവും. അത് ഒരു പരീക്ഷണം ആയിരുന്നു. നെഹ്‌റുവിന്റെയും അംബേദ്ക്കറുടെ സര്‍ദാര്‍ പട്ടേലിന്റെയും സര്‍വ്വോപരി കോണ്‍ഗ്രസിന്റെയും. ആ പരീക്ഷണത്തെ, മതേതര ഇന്‍ഡ്യ എന്ന സങ്കല്പത്തെ ആണ് ഇന്ന് തീവ്രഹിന്ദുത്വവാദികള്‍ ചോദ്യം ചെയ്യുന്നത്. അതിനെ ന്യായീകരിക്കുന്ന ഒരു തെരഞ്ഞെടുപ്പു കാലോജിത മുദ്രാവാക്യം ആണ് മോഡി പാര്‍ലിമെന്റില്‍ മുഴക്കിയത്: രാജ്യവിഭവജനം കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങളുടെ ഫലം ആയിരുന്നു. ഇതിലൂടെ കോണ്‍ഗ്രസ് വിമത വിഷയത്തിന്റെ ഫലമായുള്ള യാതനകളിലൂടെ രാഷ്ട്രം കടന്നു പോകാത്ത ഒരു ദിവസം പോലും ഇല്ല. എന്താണ് പ്രധാനമന്ത്രി ഇവിടെ ഇതുകൊണ്ട് ഉദ്ദേശിച്ചത്? വീണ്ടും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഒരു മതധ്രുവീകരണം അല്ലേ?
കോണ്‍ഗ്രസിന്റെ ജനാധിപത്യ ധ്വംസനവും, അടിയന്തിരാവസ്ഥയും, സിക്ക് കലാപവും മോഡിരാഷ്ട്രീയമായി ശരിക്കും ഉപയോഗിച്ചു. പക്ഷേ, ഗുജറാത്ത് വംശഹത്യയും അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കേണ്ടിയിരിക്കുന്നു. അടിയന്തിരാവസ്ഥയേയും സിക്ക് വംശഹത്യയെയും ആരും ഒരിക്കലും അനുകൂലിക്കുകയില്ല. അതുപോലെ തന്നെ ഗുജറാത്ത് കൂട്ടക്കൊലയെയും.

കോണ്‍ഗ്രസിന്റെ ജനാധിപത്യ ധ്വംസക്ക് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം രാഹുലിന്റെ സ്ഥാനാരോഹണം മാത്രം അല്ല 90 പ്രാവശ്യം ആര്‍ട്ടിക്കിള്‍ 356 ദുരുപയോഗിച്ച് സംസ്ഥാനങ്ങളിലെ ഗവണ്‍മെന്റുകളെ പിരിച്ചു വിട്ടതാണ്. ഇതും കണക്കനുസരിച്ച് ശരിയല്ല. അതിലേറെ പ്രവാശ്യം ഈ ജനാധിപത്യ നിന്ദ രാഷ്ട്രീയ ലാഭത്തിനായി കോണ്‍ഗ്രസ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിക്ക് വസ്തുതകള്‍, കണക്കുകള്‍ തെറ്റുന്നു എന്നതിന്റെ ഉദാഹരണം ആണ് അദ്ദേഹം സിംല ഉടമ്പടി ഇന്ദിരാഗാന്ധ്യും, ബേനസീര്‍ ഭൂട്ടോയും കൂടെയാണ് ഒപ്പിട്ടത് എന്ന് പറഞ്ഞത് സുള്‍ഫിക്കര്‍ അലി ഭൂട്ടോ എന്നത് ശരി. അതും പോകട്ടെ ആരാണ് ആര്‍ട്ടിക്കിള്‍ 356 ഉപയോഗിച്ചത് അടുത്തകാലത്ത് ഉത്തരാഖണ്ഡിലെയും അരുണാചല്‍ പ്രദേശിലെയും കോണ്‍ഗ്രസ് ഗവണ്‍മെന്റുകളെ പിരിട്ടുവിട്ടതും പിന്നീട് സുപ്രീം കോടതി അതിനെ പുനഃപ്രതിഷ്ഠ ചെയ്യുവാന്‍ ഉത്തരവ് ഇറക്കുവാന്‍ ഇടയാക്കിയതും. മോഡിയുടെ ഗവണ്‍മെന്റ് അല്ലേ? ആര്‍ട്ടിക്കിള്‍ 356-ന്റെ ദുരുപയോഗം കോണ്‍ഗ്രസിന്റെ മാത്രം കുത്തക ആയിരുന്നില്ല. മനസിലാക്കണം. കോണ്‍ഗ്രസും, യുണൈറ്റഡ് ഫ്രണ്ടും, നാഷ്ണല്‍ ഫ്രണ്ടും, ബി.ജെ.പി.യും അതിനു മുമ്പ് ജനതപാര്‍ട്ടിയും തുല്യ കുറ്റവാളികള്‍ ആയിരുന്നു.

2018 ല്‍ ലോകസഭ തെരഞ്ഞെടുപ്പ് മണക്കുന്നു എന്ന് രാഷ്ട്രീയവൃത്തങ്ങള്‍ പറയുവാന്‍ മറ്റൊരു കാരണം രാഷ്ട്രപതിയുടെ സെന്‍ട്രല്‍ ഹാള്‍ പ്രഭാഷണം ആണ്. സന്ദ്ര#ഭം, ബജറ്റ് സെഷന്റെ ആരംഭമായി ലോകസഭയിലെയും രാജ്യസഭയിലെയും അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗം.

മോഡിയുടെ ഒരു മുന്‍പ്രസംഗത്തെ അനുകരിച്ചുകൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു ലോകസഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഉള്ള തെരഞ്ഞെടുപ്പുകള്‍ ഒരേ സമയത്ത് നടത്തിയാല്‍ അത് സാമ്പത്തീക നേട്ടത്തിനും വികസനത്തിനും ഗുണകരം ആകുമെന്ന്. ഇത് വലിയ ഒരു വിഷയം ആണ്. ഇവിടെ ചര്‍ച്ച ചെയ്യുന്നേയില്ല. ഇതിന്റെ പശ്ചാത്തലം ഒന്ന് പരിശോധിക്കാം.

2018-ല്‍ മൂന്ന് സംസ്ഥാനങ്ങള്‍ ആണ് മാര്‍ച്ചില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അത് മേഖാലയ, നാഗലാന്റ്, ത്രിപുര എന്നിവ ആണ്. 2018 മദ്ധ്യത്തില്‍(മെയ്) കര്‍ണ്ണാടകയും മിസോറാമും(ഡിസംബര്‍) തെരഞ്ഞെടുപ്പില്‍ ആണ്.

ഇതുകൂടാതെ ലോകസഭ തെരഞ്ഞെടുപ്പ് വര്‍ഷം ആയ 2019- ല്‍ 10 സംസ്ഥാനങ്ങള്‍ ആണ് തെരഞ്ഞെടുപ്പിന്റെ കളത്തില്‍. ഈ സംസ്ഥാനങ്ങല്‍ ഛാത്തീസ് ഘട്ട്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍(എല്ലാം ജനുവരി), സിക്കിം(മെയ്), അരുണാചല്‍ പ്രദേശ് തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡീഷ(എല്ലാം ജൂണ്‍), ഹരിയാന, മഹാരാഷ്ട്ര (രണ്ടും നവംബര്‍). 2020-ല്‍ ഝാര്‍ഖണ്ഡും(ജനുവരി), ദല്‍ഹി(ഫെബ്രുവരി), ബീഹാര്‍ (നവംബര്‍) തെരഞ്ഞെടുപ്പില്‍ ആണ്. ഈ സംസ്ഥാനങ്ങള്‍ ഒറ്റയടിക്ക് തെരഞ്ഞെടുപ്പില്‍ പോയാല്‍ അത് ലോകസഭ തെരഞ്ഞെടുപ്പില്‍ പോയാല്‍ അത് ലോകസഭ തെരഞ്ഞെടുപ്പും ആയി ഒത്തുചേര്‍ക്കാം. അതുപോലെ ഒരു പൊതു നിയമത്തിലൂടെ മറ്റ് സംസ്ഥാനങ്ങളും. ഇതാണ് പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും കണക്ക് കൂട്ടല്‍. പക്ഷേ ഇതിന് ഭരണഘടനപരമായും രാഷ്ട്രീയം ആയുള്ള തടസങ്ങള്‍ ഉണ്ട്. ഏതായാലും രാഷ്ട്രപതിയും  പ്രധാനമന്ത്രിയും ഇക്കാര്യത്തില്‍ ഒരേ തട്ടില്‍ ആണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാനബി ആസാദിന്റെ കണക്കുകൂട്ടല്‍ പ്രകാരം അടുത്ത  ലോകസഭ തെരഞ്ഞെടുപ്പ് 90 ശതമാനവും. 2018 നവംബറില്‍ നടക്കുവാന്‍ ആണ് സാധ്യത. അദ്ദേഹം ഇതിനുള്ള ന്യായീകരണങ്ങള്‍ ഒന്നും നല്‍കിയില്ലെങ്കില്‍ കോണ്‍ഗ്രസുകാരോട് കരുതി ഇരിക്കുവാന്‍ പറഞ്ഞു.

ബി.ജെ.പി.യുടെ ഗുജറാത്തിലെ ജയിച്ചു കൊണ്ടുള്ള തോല്‍വിയും രാജസ്ഥാനിലെ മൂന്നു ഉപതെരഞ്ഞെടുപ്പുകളിലെ  പരാജയവും മോഡിയെയും അമിത് ഷായെയും തന്ത്രപരമായ സമീപനങ്ങള്‍ക്ക് നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ മോഡിയെയും ഷായെയും പുതിയ തന്ത്രങ്ങള്‍ മെനയുവാന്‍ പ്രേരിപ്പിച്ചാല്‍ സംശയിക്കേണ്ടതില്ല. 2014-ല്‍ അല്‍വാര്‍, അജ്മീര്‍ എന്നീ ലോകസഭ മണ്ഡലങ്ങള്‍ ബി.ജെ.പി. വിജയിച്ചത് 2.8 ലക്ഷം, 1.7 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ആണ്. പക്ഷേ, ഇപ്പോള്‍ ഈ രണ്ട് സീറ്റുകളും കോണ്‍ഗ്രസ് തിരിച്ചു പിടിച്ചത്് 1.96 ലക്ഷം, 84,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ആണ്. അതു പോലെ തന്നെ മണ്ഡല്‍ഗഡ് എന്ന നിയമസീറ്റും കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തോടെ ആണ് ബി.ജെ.പി.യില്‍ നിന്നും പിടിച്ചുപറ്റിയത്.

കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കുമ്പോള്‍ 2019 വീണ്ടും വഷളായ സാഹചര്യത്തിലേയ്ക്കു നയിക്കുമെന്നും ബി.ജെ.പി.യില്‍ ഭയം ഉണ്ട്. അതുകൊണ്ട് ശീഘ്രസ്യ ശുഭം. മാത്രവും അല്ല എന്‍.ഡി.എ.യിലെ ഘടകകക്ഷികളും പൊട്ടിത്തെറിയില്‍ ആണ്. ശിവസേന സഖ്യം വിട്ടുകഴിഞ്ഞു. തെലുങ്കുദേശം പാര്‍ട്ടിയും ശിരോമണി അകാലി ദളും സഖ്യം വിട്ടും എന്ന ഭീഷണിയില്‍ ആണ്. നവാഗതരായ  നിതീഷ്‌കുമാറും ജെ.ഡി.യുവും ഒരേ സമയത്തെ തെരഞ്ഞെടുപ്പിനെ തള്ളി 2020-ല്‍ മാത്രമെ സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള എന്ന നിലപാടില്‍ ആണ്. 

എന്‍.ഡി.യെ.ക്ക് ഇപ്പോള്‍ ഉള്ള ആശ്വാസം പ്രതിപക്ഷം ഇപ്പോഴും വിഘടിച്ചു നില്‍ക്കുന്നു എന്നതാണ്. അധികം സമയം നല്‍കിയാല്‍ അവര്‍ ഒത്തുചേര്‍ന്നേക്കാം. അത് വിപത്താണ്. ഇപ്പോള്‍ 21 സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ബി.ജെ.പി.ക്കും സഖ്യകക്ഷികള്‍ക്കും താമസിക്കാതെയുള്ള ലോകസഭ തെരഞ്ഞെടുപ്പ് ആണ്  നല്ലതെന്നാണ് കണക്ക്കൂട്ടല്‍.


ലോകസഭ തെരഞ്ഞെടുപ്പ് 2018 അവസാനത്തിലേക്ക് മാറ്റുമോ?(ഡല്‍ഹികത്ത്: പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക