Image

ഗാനവീചികള്‍ (കവിത: ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 12 February, 2018
ഗാനവീചികള്‍ (കവിത: ജോണ്‍ വേറ്റം)
നാദ ബ്രഹ്മമെ വരൂ വരൂ
രാഗമധുരിമ തരൂ.
-നാദബ്രഹ്മമെ....
കുളിരിന്‍ കിളിക്കൊഞ്ചലായ് വരൂ,
മലരിന്‍ മണിക്കൊഞ്ചലായ് വരൂ,
കണ്ണിന്‍ കനകസ്വപ്‌നമായ് വരൂ.
കരളില്‍ പുതുപുളകമായ് വരൂ,
-നാദബ്രഹ്മമെ....
വസന്ത വാസന നിറഞ്ഞു നില്‍ക്കും
സുഗന്ധവനികയില്‍ വാ.്...
വിശുദ്ധഭാവന വിരിഞ്ഞുനില്‍ക്കും
നിശബ്ദ രജനിയില്‍ വാ....
വിശുദ്ധഭാവന വിരിഞ്ഞുനില്‍ക്കും
നിശബ്ദ രജനിയില്‍ വാ....
-നാദബ്രഹ്മമെ....
സരസ്സും സാഗരസദസ്സും നമ്മുടെ
മണിയറ ഉയര്‍ത്തട്ടെ!
മാദക ലഹരിയില്‍ ഇന്നു നമ്മുടെ
മാനസം ഉണരട്ടെ!
-നാദബ്രഹ്മമെ....
2
വെളുത്തവാവിന് വിരുന്നു വന്നൊരു
വെള്ളാമ്പല്‍ പൂവേ!
മനസ്സിലെന്തിനു മോഹവുമായ്
മറഞ്ഞു നില്‍ക്കുന്നൂ?
-വെളുത്തവാവിന്
വിവാഹരാത്രിയില്‍ വിരിഞ്ഞുനില്‍ക്കുമോ
വികാര മലരായ് നീ?
വിലാസഗംഗയില്‍ നിറഞ്ഞു നില്‍ക്കുമോ
വിശാഖമലരായ് നീ?
വിഭാസ മധുവായ് നീ?
-വെളുത്തവാവിന്....
വിശുദ്ധരാഗം കേട്ടുമയങ്ങും
വിലോല സുമമാണു നീ!
വിഭാത രശ്മികള്‍ വിളിച്ചുണര്‍ത്തിയ
വിഷാദസുമമാണു നീ!
വിചാര മിഴിയാണു നീ!
വെളുത്തവാവിന്....
3
കുറ്റം ചെയ്യുന്ന  കയ്യുമായ് ഇന്നും
കുരിശു വരയ്ക്കുന്നൂ ഞാന്‍!
തെറ്റു നിറഞ്ഞ മനസ്സുമായ് ഇന്നും
കുമ്പസാരിക്കുന്നു ഞാന്‍!
-കുറ്റം ചെയ്യുന്ന....
ഇന്നു ഞാന്‍ മിന്നുന്ന താരം,
നാളെ ഞാന്‍ മങ്ങുന്ന ദീപം.
ഇന്നു ഞാന്‍ പാടുന്ന വീണ,
നാളെ ഞാന്‍ മായുന്നൊരോര്‍മ്മ.
എന്നുമെന്‍ മാനസത്രോണോസ്സില്‍ ഈശോ
വന്നു വസിക്കേണമേ
-കുറ്റം ചെയ്യുന്ന.....
ഇന്നെനിക്കാനന്ദം നീ!
എന്നുമെന്‍ മാനസത്രോണോസ്സില്‍ ഈശോ
വന്നു വസിക്കേണമേ
-കുറ്റം ചെയ്യുന്ന....
ഇന്നെനിക്കാനന്ദം നീ!
എന്നുമെന്‍ ആശ്രയം നീ!
തന്നീടും ആഹാരം നീ!
വന്നീടും ആശ്വാസം നീ!
എന്നുമെന്‍ ജീവിതപ്പാതയില്‍ ഈശോ
വന്നു വസിക്കേണമെ.
-കുറ്റം ചെയ്യുന്ന....
4
കരളിനുള്ളില്‍ വിതുമ്പിനില്‍ക്കും
വേദന ആരറിവൂ!!!
മനസ്സിലെന്നും മിന്നിമായും
മോഹങ്ങള്‍ ആരറിവൂ!!
-കരളിനുള്ളില്‍
മുന്തിരിച്ചാറിന്‍ തങ്കക്കുടം കണ്ടു
കൈക്കുമ്പിള്‍ നീട്ടി എന്‍ ദാഹം
മനസ്സിലുള്ളൊരു മഴവില്‍ മഞ്ചലില്‍
മലരുകള്‍ ചാര്‍ത്തി എന്‍ മോഹം!
മലരുകള്‍ ചാര്‍ത്തി എന്‍ മോഹം....
-കരളിനുള്ളില്‍....
പൊന്നിന്‍ കിനാവില്‍ പുഷ്പവിമാനത്തില്‍
പൊങ്ങിപ്പറന്നെന്റെ സ്‌നേഹം
വിധിയുടെ കൈകള്‍ മെനഞ്ഞു ന്ല്‍കിയ
മുള്‍മുടി ചൂടി എന്‍ സ്‌നേഹം!
മുള്‍മുടി ചൂടി എന്‍ സ്‌നേഹം....
-കരളിനുള്ളില്‍....


ഗാനവീചികള്‍ (കവിത: ജോണ്‍ വേറ്റം)
Join WhatsApp News
Sudhir Panikkaveetil 2018-02-12 19:17:45
നാദബ്രഹ്മമേ വരൂ .. കവിയുടെ പ്രാർത്ഥനയാണ് ..     ശബ്ദം ഈശ്വരനാകുമ്പോൾ ദൈവീകമായ ആ നാദം കവിയുടെ എല്ലാ ചിന്തകളിലും വികാരങ്ങളിലും ഉണ്ടാകണമെന്ന അപേക്ഷ.അപ്പോൾ ശബ്ദങ്ങൾക്ക് സൗന്ദര്യം വരുന്നു. അത് വെളുത്ത വാവിന് വിരുന്നു വരുന്നൊരു വെള്ളാമ്പൽ ആകുന്നു. വികാരങ്ങൾ പകരാൻ ശബ്ദം ആവശ്യമാണ്.  നല്ല വികാരങ്ങൾ  ആകുമ്പോൾ നല്ല ശബ്ദമുണ്ടാകുന്നു. അപ്പോൾ ദൈവം കൂടെ വരുന്നു. വളരെ നല്ല ഒരു കവി സങ്കല്പം. കവിക്ക് ശബ്ദസൗകുമാര്യങ്ങൾ നൽകി ദൈവം ഇനിയും അനുഗ്രഹിച്ച്കൊണ്ടിരിക്കട്ടെ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക