Image

പാറ്റൂര്‍, ബാര്‍ കോഴ കേസുകളില്‍ ജേക്കബ് തോമസിന് സ്ഥാപിത താല്പര്യങ്ങളുണ്ടായിരുന്നുവെന്ന് ആരോപണം

Published on 12 February, 2018
പാറ്റൂര്‍, ബാര്‍ കോഴ കേസുകളില്‍ ജേക്കബ് തോമസിന് സ്ഥാപിത താല്പര്യങ്ങളുണ്ടായിരുന്നുവെന്ന് ആരോപണം

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി വിവാദം, ബാര്‍ കോഴ തുടങ്ങിയ കേസുകളില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിന് സ്ഥാപിത താല്പര്യങ്ങളുണ്ടായിരുന്നുവെന്ന് വിജിലന്‍സ് മുന്‍ നിയമോപദേഷ്ടാവ് ജി. ശശീന്ദ്രന്റെ വെളിപ്പെടുത്തല്‍. വിജിലന്‍സ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനായിരുന്നു ജി. ശശീന്ദ്രന്‍. ഉദ്യോഗസ്ഥരെ ജേക്കബ് തോമസ് സമ്മര്‍ദ്ദത്തിലാക്കിയെന്നും അദ്ദേഹം ആരോപിച്ചു.  ആവശ്യമായ വിവരങ്ങള്‍ ഇല്ലാതെ കേസ്  രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു. പാറ്റൂര്‍ കേസിലടക്കം വിജിലന്‍സിന് വേണ്ടി ഹാജരായിരുന്ന ശശീന്ദ്രനെ തുടര്‍ച്ചയായി വീഴ്ചവരുത്തിയെന്ന് കാണിച്ച് ജേക്കബ് തോമസ് മാറ്റുകയായിരുന്നു. 

അതേസമയം ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി തുടരാന്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഓഖി ദുരന്തത്തിലെ ധനവിനിയോഗം സംബന്ധിച്ച് നടത്തിയ പ്രസ്താവനയാണ് അച്ചടക്ക നടപടിക്ക് കാരണമായത്. വസ്തുതകള്‍ കണക്കിലെടുത്താണ് താന്‍ പ്രസ്താവന നടത്തിയതെന്ന ജേക്കബ് തോമസിന്റെ വിശദീകരണം തള്ളിക്കളഞ്ഞതിന് ശേഷമാണ് നടപടിക്ക് ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ചീഫ് സെക്രട്ടറി പോള്‍ ആന്റണി ജനുവരി 18 ന് നല്‍കിയ കുറ്റാരോപണ മെമ്മോയ്ക്ക് ജനുവരി 31 നാണ് ജേക്കബ് തോമസ് മറുപടി നല്‍കിയത്. നിയമോപദേശം കൂടി പരിഗണിച്ചാണ് ചീഫ് സെക്രട്ടറി ജേക്കബ് തോമസിന്റെ വിശദീകരണം തള്ളി നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ജേക്കബ് തോമസിനെതിരെ ഉന്നത സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തുന്ന കാര്യമാകും പരിഗണിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക