Image

തിരുസഭ എന്നും സ്ത്രീകളോട് കടപ്പെട്ടിരിക്കുന്നു: മാര്‍ തോമസ് തറയില്‍

Published on 12 February, 2018
തിരുസഭ എന്നും സ്ത്രീകളോട് കടപ്പെട്ടിരിക്കുന്നു: മാര്‍ തോമസ് തറയില്‍

ഡാര്‍ലിംഗ്ടണ്‍: തിരുസഭ ആരംഭം മുതല്‍ ഇന്നു വരെ സ്ത്രീകളോട് കടപ്പെട്ടിരിക്കുന്നുവെന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. ഡാര്‍ലിംഗ്ടണിലെ ഡിവൈന്‍ സെന്ററില്‍ നടന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ വുമണ്‍സ് ഫോറം ദ്വിദിന നേതൃത്വ പരിശീലന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

സ്വയാവബോധമുള്ള കുടുംബിനികളും, അമ്മമാരും ക്രൈസ്തവ കുടുംബങ്ങളില്‍ ഉണ്ടാകണം. അപ്പോള്‍ അവര്‍ക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുവാന്‍ സാധിക്കും. സാഹചര്യങ്ങളും, മറ്റുള്ളവരും ഒരു വ്യക്തിയുടെ ജീവിതത്തെ നിയന്ത്രിക്കുവാന്‍ ഇടയാകരുത്. എങ്കില്‍ മാത്രമേ ആത്മാഭിമാനത്തോടെയും കരുത്തോടെയും ജീവിക്കുവാന്‍ ഓരോരുത്തര്‍ക്കും സാധിക്കുകയുള്ളൂ എന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു. 

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത കുട്ടികളുടെ വര്‍ഷമായി പ്രഖ്യാപിച്ച ഈ വര്‍ഷത്തില്‍ അവരുടെ വിശുദ്ധീകരണത്തിലും വിശ്വാസപരിശീലനത്തിലും സ്വഭാവരൂപീകരണത്തിലും നിര്‍ണായകമായ സംഭാവനകള്‍ ചെയ്യാന്‍ വുമണ്‍സ് ഫോറത്തിന് സാധിക്കുമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ പറഞ്ഞു. റവ. ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ വി.സി, ഫാ. ജോര്‍ജ് കാരാമയില്‍ എസ്‌ജെ, ഫാ. ഫാന്‍സുവ പത്തില്‍, സി. ഷാരോണ്‍ സിഎംസി, സി. മഞ്ചുഷ തോണക്കര എസ്സിഎസ്സി, വുമണ്‍സ് ഫോറം പ്രസിഡന്റ് ജോളി മാത്യു, ഷൈനി സാബു, സോണിയ ജോണി, ഓമന ലെജോ, റ്റാന്‍സി പാലാട്ടി, വല്‍സാ ജോയി, ബെറ്റി ലാല്‍, സജി വിക്ട്ടര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഫാ. ബിജു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക