Image

ദൈവം ഇല്ലെന്ന് മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു (ലേഖനം: ജയന്‍ വര്‍ഗീസ്)

Published on 12 February, 2018
ദൈവം ഇല്ലെന്ന് മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു (ലേഖനം: ജയന്‍ വര്‍ഗീസ്)
യഹൂദ കവിയും, ഗായകനും, രാജാവുമായിരുന്ന ദാവീദ് തന്റെ ആത്മാവിഷ്ക്കാരങ്ങളായി എഴുതപ്പെട്ട അനേകം കവിതകളില്‍ ഒന്നിലെ ഒരു വരിയാണ് ' ദൈവം ഇല്ലാ എന്ന് മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു ' എന്നത്.

ശാസ്ത്രീയ നിഗമനങ്ങള്‍ വളര്‍ച്ച പ്രാപിച്ച ഒരു കാലത്തിലായിരുന്നില്ല ദാവീദ് ജീവിച്ചിരുന്നത്. സാഹചര്യങ്ങളുടെ അതി സമ്മര്‍ദ്ദങ്ങളില്‍ പെട്ട് ഒളിച്ചോടി തന്റെ ആടുകള്‍ക്ക് ഇടയനായി കാട്ടില്‍ ജീവിക്കുകയുമായിരുന്നു. ബാഹ്യമായ യാതൊരു പ്രചോദനങ്ങളുമില്ലാതെ ഒരു കവിയുടെ ദാര്‍ശനിക മാനങ്ങളില്‍ കാലൂന്നി നിന്ന് കൊണ്ടാണ് ദാവീദ് ഇപ്രകാരം കോറിയിട്ടത്.

ശാസ്ത്ര വളര്‍ച്ചയുടെ ഉപരിതല സത്ഫലങ്ങള്‍ അനുഭവിച്ചുകൊണ്ട് നിലനില്‍ക്കുന്ന ആധുനിക ആവാസ വ്യവസ്ഥയില്‍, കണ്ടെത്തപ്പെടുകയും, തെളിയിക്കപ്പെടുകയും ചെയ്യുന്നത് മാത്രമാണ് സത്യം എന്ന പുത്തന്‍ നീതി ശാസ്ത്രം തലയിലേറ്റി, പരീക്ഷണ ശാലകള്‍ക്ക് വഴങ്ങാത്ത ദൈവം സത്യമോ, മിഥ്യയോ എന്നത് വലിയൊരു ജനവിഭാഗത്തിന്റെ വലിയ ചോദ്യമായി ഇന്നും അവശേഷിക്കുകയാണ്.

ആധുനിക ശാസ്ത്രം മനുഷ്യാവസ്ഥക്ക് സമ്മാനിച്ച വന്പിച്ച സംഭാവനകള്‍ ആസ്വദിച്ചു കൊണ്ടാണ് ഇന്ന് മനുഷ്യ ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സംഭാവനകളുടെ പ്രയോക്താക്കളായ ശാസ്ത്രത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ട ബാദ്ധ്യതയും മനുഷ്യനുണ്ട്. നമ്മുടെ കൈയെത്തുന്ന ദൂരത്തിലുള്ള സാഹചര്യങ്ങളെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ മനുഷ്യാവസ്ഥക്ക് അനുകൂലമാക്കി തീര്‍ക്കുന്നതില്‍ ശാസ്ത്രം വിജയിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ ഉണ്ടായിട്ടുള്ളതും ഉണ്ടാവാനിരിക്കുന്നതുമായ പാര്‍ശ്വ ഫലങ്ങളെ തല്‍ക്കാലം നമുക്ക് വിസ്മരിക്കാം.

ലോഗോ ബില്‍ഡിങ് ബ്ലോക്കുകള്‍ കൊണ്ട് കളിക്കാന്‍ അനുവദിക്കപ്പെട്ട ഒരു കുട്ടിയുടെ സൃഷ്ടികള്‍ പോലെയാണ് ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍. ഈ ബ്ലോക്കുകള്‍ സ്ഥാനത്തും അസ്ഥാനത്തും അടുക്കി പല രൂപങ്ങളും കുട്ടി സൃഷ്ടിക്കുന്നു. വീടുകള്‍, തീവണ്ടികള്‍, വിമാനങ്ങള്‍, കാറുകള്‍ എന്നിങ്ങനെ.

ശാസ്ത്ര വളര്‍ച്ച മനുഷ്യവര്‍ഗ്ഗത്തോളം പഴക്കമുള്ള ഒരു തുടര്‍ പ്രിക്രിയയാണ്. കിഴങ്ങുകള്‍ മാന്തി നടന്ന പ്രാകൃത മനുഷ്യന്റെ കൈയില്‍ ആ ജോലി കുറേക്കൂടി എളുപ്പമാക്കുന്ന ഒരു കൂര്‍ത്ത കല്ല് കൈവന്നപ്പോള്‍ അത് ആദ്യത്തെ കണ്ടെത്തല്‍. ആ കല്ല് തന്നെ പാറയില്‍ ഉരച്ചു മൂര്‍ച്ച വരുത്തിയപ്പോള്‍ ചിതറിത്തെറിച്ച തീപ്പൊരികള്‍ രണ്ടാമത്തെ മുന്നേറ്റം. അവിടുന്നാരംഭിക്കുകയാണ്, മനുഷ്യ വംശ ചരിത്രത്തിലെ മഹത്തായ മുന്നേറ്റങ്ങളുടെ മായിക പരമ്പരകള്‍. വെള്ളം ചേര്‍ത്തു കുഴച്ചെടുത്ത മണ്ണ് തീയില്‍ ചുട്ടെടുത്തപ്പോള്‍ അതിനു കൈവന്ന ബലവും, ഭാരമേറിയ വസ്തു വലിച്ചു മാറ്റാന്‍ അതിനടിയില്‍ ഒരു ഉരുണ്ട വസ്തു (ചക്രം) വയ്ക്കുന്നത് സഹായകമാവുമെന്നുള്ള കണ്ടെത്തലും, വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് വഴി വച്ചത്.

കാലങ്ങളിലൂടെയും, ദേശങ്ങളിലൂടെയും വളര്‍ന്നു വന്ന മനുഷ്യന്റെ ഈ മുന്നേറ്റ ചരിത്രം, ആധുനിക കാലഘട്ടത്തില്‍ അതി സങ്കീര്‍ണമായ മനുഷ്യ കോശങ്ങളിലെ ഡി.എന്‍.എ. യുടെ അളവുകളെ വരെ എണ്ണിത്തിട്ടപ്പെടുത്തിക്കൊണ്ട് നാളെ, ലബോറട്ടറിയുടെ ഗര്‍ഭാശയത്തില്‍ നിന്ന് ' സൂപ്പര്‍ ഹ്യൂമനെ ' പുറത്തു കൊണ്ട് വരുന്നതിനുള്ള തപസ്സിന്റെ അവസാന ഘട്ടങ്ങളിലെത്തി നില്‍ക്കുകയാണ് ഇന്ന്.

ശാസ്ത്ര വളര്‍ച്ചയുടെ അസംഖ്യങ്ങളായ കല്‍പ്പടവുകള്‍ ഓരോന്നായി ചവിട്ടിക്കയറുന്‌പോഴും, ' ദൈവം ഇല്ലാ ' എന്ന് ശാസ്ത്രം പറഞ്ഞതായി അറിവില്ലാ. ഉണ്ടെന്നും പറഞ്ഞിട്ടില്ലായിരിക്കാം. അവര്‍ തങ്ങള്‍ക്കു ലഭ്യമായ ഭൗതിക സാഹചര്യങ്ങളുടെ ലോഗോ ബ്ലോക്കുകള്‍ ഉപയോഗിച്ചിട്ടാണ് പുത്തന്‍ പാറ്റേണുകള്‍ നിര്‍മ്മിച്ചെടുക്കുന്നത് എന്നതിനാല്‍, കാണുന്ന ഭൗതിക സാഹചര്യങ്ങള്‍ക്കപ്പുറത്ത് ഉള്ളതോ, ഇല്ലാത്തതോ ആയ മറ്റൊന്നിനെയും അവര്‍ക്ക് അന്വേഷിക്കേണ്ടി വരുന്നുമില്ല.

തങ്ങള്‍ ചവിട്ടി നില്‍ക്കുന്നതും, അനുഭവിക്കുന്നതുമായ ഈ ഭൂമിയും അതിന്റെ ചമയങ്ങളും എങ്ങിനെ സംജാതമായി എന്ന വന്പന്‍ ചോദ്യം സാധാരണക്കാരെ എന്നപോലെ ശാസ്ത്രത്തെയും അലട്ടുന്നുണ്ടാവും. പോരെങ്കില്‍ ശാസ്ത്രീയ വിശകലനങ്ങളുടെ തണലില്‍ തങ്ങളുടെ ജീവിത ദര്‍ശനം രൂപപ്പെടുത്താന്‍ കാത്തു കാത്തിരിക്കുന്ന ഭൗതിക വാദികളായ ആരാധകരുടെ വലിയ കൂട്ടങ്ങളും ശാസ്ത്രത്തെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. അങ്ങിനെയാണ്, പ്രപഞ്ചോല്‍പ്പത്തിയുടെ കാര്യ കാരണങ്ങള്‍ തേടിയുള്ള ശാസ്ത്രത്തിന്റെ ഐതിഹാസികമായ അന്വേഷണ പ്രയാണങ്ങള്‍ ആരംഭിക്കുന്നതും, ആര്‍ക്കും അവഗണിക്കാനാവാത്ത അമൂല്യങ്ങളായ അറിവുകള്‍, പൊതു ബോധത്തിന് മുന്നില്‍ തുറന്നിട്ടതും !

മറ്റ് ശാസ്ത്ര ശാഖകളെ അപേക്ഷിച് വാനശാസ്ത്രം ലബോറട്ടറികളില്‍ ഒതുങ്ങുന്നില്ല. അത് കൂടുതലും നിഗമനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വളരുന്നത്. നിഗമനങ്ങളെ സാധൂകരിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ക്ക് വേണ്ടി ലബോറട്ടറി ഉപയോഗപ്പെടുത്താം എന്നേയുള്ളു. കംപ്യൂട്ടര്‍ ഉള്‍പ്പടെയുള്ള പുത്തന്‍ സംവിധാനങ്ങളുടെ വരവോടെ എന്തിനും, ഏതിനുമുള്ള ഉത്തരങ്ങള്‍ നമ്മുടെ വിരല്‍ത്തുന്പിലാണ് എന്നൊരു പൊതുബോധം പരിഷ്കൃത സമൂഹങ്ങളില്‍ ആഴത്തില്‍ വേരോടിക്കഴിഞ്ഞ വര്‍ത്തമാനാവസ്ഥയിലാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്

ഈ രംഗത്ത് നടന്ന ഏറ്റവും വലിയ പരീക്ഷണമായിരുന്നു സേണിലെ ഹാഡ്രോണ്‍ കൊളൈഡറില്‍ അരങ്ങേറിയ കണികാ പരീക്ഷണം. പ്രപഞ്ചമുണ്ടാവുന്നതിന് കാരണമായിത്തീര്‍ന്ന ' ഹിഗ്‌സ് ബോസോണ്‍ ' കണ്ടെത്തി എന്ന വാര്‍ത്ത ഹര്‍ഷ പുളകങ്ങളോടെയാണ് ലോകം ഏറ്റു വാങ്ങിയത്. പതിന്നാല് ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ബിഗ് ബാങ്കിന് ഹിഗ്‌സ് ബോസോണ്‍ കാരണമായിത്തീരുകയും, അങ്ങിനെ പ്രപഞ്ചം ഉരുത്തിരിയുകയും ചെയ്തു എന്ന കണ്ടെത്തലുകളോടെ കണികാ പരീക്ഷണ വേദിക്ക് തിരശീല വീണു.

ഈ ബിഗ് ബാങ് സംഭവിക്കണമെങ്കില്‍ അതിന് പര്യാപ്തമായ ഒരു ഇടം ആവശ്യമുണ്ടെന്നും, ആ ഇടം ബിഗ് ബാങിന് മുന്‍പേയുള്ള പ്രപഞ്ച ഭാഗം ആയിരുന്നിരിക്കണമെന്നും, അത് കൊണ്ട് തന്നെ ബിഗ് ബാങ്ങ് ആണ് പ്രപഞ്ചോല്പത്തിക്ക് കാരണമായത് എന്ന നിഗമനം ശരിയാവാനിടയില്ലാ എന്നും എന്റെ മുന്‍ ലേഖനങ്ങളില്‍ വിശദമായി പ്രതിപാദിച്ചിരുന്നത് കൊണ്ട് വീണ്ടും ഇവിടെ ആവര്‍ത്തിക്കുന്നില്ല.

2008 ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്മാര്‍ പുറത്തു വിട്ട വിവരങ്ങള്‍ അനുസരിച് പ്രപഞ്ചത്തിന്റെ പ്രായം പതിനഞ്ചില്‍ അധികം ബില്യണ്‍ വര്ഷങ്ങളാണ്. പുതിയ നിഗമനവുമായി ഒരൊന്നൊന്നര ബില്യണ്‍ വര്‍ഷങ്ങളുടെ അന്തരം? അത് സാരമില്ല, മാനുഷികം. പ്രപഞ്ചോല്പത്തിക്ക് കാരണം ബിഗ് ബാങ് ആണെന്ന് അവര്‍ പറയുന്നില്ല. അനവരതം തുടര്‍ന്ന് കൊണ്ടേയിരിക്കുന്ന പ്രപഞ്ച വികാസത്തിന്റെ ആരംഭം അന്നാണെന്നേ അവര്‍ പറയുന്നുള്ളു. അതിനു മുന്‍പ് ദ്രവ്യങ്ങളുടെ തിങ്ങി ഞെരുങ്ങിയ ഒരു സമാഹാരമായിട്ടായിരുന്നു അതിന്റെ അവസ്ഥ. ഇതിനെ അവര്‍ ' മുന്‍ പ്രപഞ്ചം' ' അല്ലെങ്കില്‍ 'പ്രീ യൂണിവേഴ്‌സ് ' എന്ന് വിളിക്കുകയും ചെയ്തു. ദ്രവ്യം, തമോ മുതലായ പേരുകള്‍ ചാര്‍ത്തി നവ ശാസ്ത്രജ്ഞരും ഇത് അംഗീകരിക്കുന്നുണ്ട്.

ഒരു തീക്കുടുക്കയുടെ രൂപത്തിലായിരുന്നു അന്ന് പ്രപഞ്ചം. അതിശക്തമായ ഒരു 'എനര്‍ജറ്റിക് ഫോഴ്‌സ് ' ഉള്‍ക്കൊണ്ടു കൊണ്ട് അതൊരു സ്‌പോടന വികാസത്തിന് വിധേയമാവുകയാണ്. നക്ഷത്രങ്ങളും, നക്ഷത്ര രാശികളുമായി, സൂപ്പര്‍ നോവാകളും, ബ്‌ളാക് ഹോളുകളുമായി, നാം കാണുന്നതും, കാണപ്പെടാത്തതുമായ സകലതുമായി, കഴിഞ്ഞ പതിനഞ്ചിലധികം ബില്യണ്‍ വര്ഷങ്ങളായി ഈ വികാസ പരിണാമം ഇന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു എന്ന് ശാസ്ത്രം. അനന്തമായ ഭാവികാലത്തിന്റെ നാളെകളിലെന്നോ ഈ വികാസം നിന്ന് പോയേക്കാമെന്നും സങ്കോചത്തിന്റെ പുത്തന്‍ പാതയിലേക്ക് തിരിച് ഒഴുകിയേക്കാമെന്നും, ഇങ്ങനെ ഒഴുകിയൊഴുകി ബിഗ് ബാങ്ങിനു മുന്‍പുണ്ടായിരുന്ന അവസ്ഥയിലേക്ക്, അതായത് പഴയ ഫയര്‍ ബോള്‍ ( തീക്കുടുക്ക ) എന്ന അവസ്ഥയിലേക്ക് തിരിച്ചെത്തിയേക്കാമെന്നും ഒക്കെ ശാസ്ത്രം പറയുന്നുണ്ട്.

പദാര്‍ത്ഥങ്ങള്‍ ഘടിച്ചും, വിഘടിച്ചും നിലനില്‍ക്കുന്ന അവസ്ഥയാണ് പ്രപഞ്ചത്തിനുള്ളത്. പ്രപഞ്ച ഭാഗമായ ഭൂമിയില്‍ ജീവിക്കുന്ന പ്രപഞ്ച ഭാഗമാണ് നമ്മള്‍. നമ്മുടെ ശരീരം എന്നത് പന്ത്രണ്ട് ഘനയടിയില്‍ ചേര്‍ത്തു വച്ച പ്രപഞ്ച ഭാഗങ്ങളാണ്. ആകാശം, അഗ്‌നി, വായു, ജലം, പൃഥ്വി എന്നീ പഞ്ച ഭൂതങ്ങളാണ് മനുഷ്യ ശരീരനിര്‍മ്മിതിക്കായിനിശ്ചിതഅളവുകളിഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഈ പഞ്ച ഭൂതങ്ങളെത്തന്നെ വേര്‍തിരിച്ചെടുത്ത്, അതിനായുള്ള ഒരു ലബോറട്ടറിയില്‍ വച്ച് പരിശോധിച്ചാല്‍ അതിനുള്ളില്‍ സംയോജിപ്പിക്കപ്പെട്ടിട്ടുള്ള ആറ്റങ്ങളെ അഥവാ, അണുമാത്രകളെ വേര്‍തിരിച്ചെടുക്കാം. നമുക്കറിയുന്ന പ്രപഞ്ചത്തിന്റെ ഏതൊരു ഭാഗത്തു നിന്നും ഒരു കഷണം എടുത്ത് സമാന പരിശോധനകള്‍ക്ക് വിധേയമാക്കിയാല്‍ ഇതേ വസ്തുക്കളെത്തന്നെയാവും കണ്ടെത്താനാവുക.

എന്താണ് ഇതിനര്‍ത്ഥം? നക്ഷത്ര രാശികളും, സൂര്യനും , ഗ്രഹങ്ങളും നമ്മളും, മരങ്ങളും, പൂക്കളും, പുഴുക്കളും എല്ലാം ഘടിപ്പിക്കപ്പെട്ടിട്ടുള്ളത് ഒരേ അടിസ്ഥാന പദാര്‍ത്ഥങ്ങള്‍ കൊണ്ടാകുന്നു എന്നല്ലേ മനസിലാക്കേണ്ടത്? ഇവയുടെ സംയോജന മാത്രകളില്‍ സ്വീകരിക്കപ്പെട്ടിട്ടുള്ള വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോന്നിനും ഓരോ വ്യത്യസ്ത രൂപങ്ങളും ആകൃതിയും കൈവന്നിട്ടുള്ളത് എന്നും നാം മനസിലാക്കേണ്ടതുണ്ട്.

എന്നാല്‍ ലബോറട്ടറി പരിശോധനകള്‍ക്കു വഴങ്ങാത്തതും. ആവശ്യമുള്ളവര്‍ക്ക് അനുഭവിച്ചറിയുവാന്‍ പെര്യാപ്തവുമായ മറ്റൊന്നുകൂടി പ്രപഞ്ചത്തിലുണ്ട്. അതാണ് സ്ഥൂല പ്രപഞ്ചത്തില്‍ നിന്ന് വേര്‍തിരിക്കാനാവാതെ, അതിനെ നിര്‍മ്മിക്കുകയും, സംരക്ഷിക്കുകയും, നില നിര്‍ത്തുകയും ചെയ്യുന്ന ശാക്തിക മഹാ സ്രോതസ്സ്. ഹൈന്ദവ ദാര്‍ശനികര്‍ ഇതിനെ സൂക്ഷ്മ പ്രപഞ്ചം ലിിൗ വിളിക്കുന്നു. ആദി ശങ്കര ദര്‍ശനത്തില്‍ ഭഗവാനും ഭക്തനും ( പ്രപഞ്ചവും മനുഷ്യനും ) രണ്ടല്ലാതെ ഒന്നായി നില്‍ക്കുന്ന അദൈതമാവുന്നു. സര്‍വ പ്രപഞ്ചത്തിനും ചൈതന്യ ദായകമായി സര്‍വ പ്രപഞ്ചത്തിലും നിറഞ്ഞു നില്‍ക്കുന്നതാണ് ഇതെന്നും ആചാര്യന്‍ വിശദീകരിക്കുന്നു. മാനവ സംസ്കാരങ്ങള്‍ ഉടലെടുത്ത മറ്റു ഭൂവിഭാഗങ്ങളിലെ ദാര്‍ശനികര്‍ അവരുടെ ഭാഷയിലെ ഏറ്റവും നല്ല മനോഹര പദങ്ങള്‍ കൊണ്ട് ഈ ശാക്തിക സ്രോതസ്സിനെ വിശേഷിപ്പിച്ചു; വിളിച്ചു, ഇന്നും വിളിച്ചു കൊണ്ടേയിരിക്കുന്നു

ഈ ശാക്തിക സ്രോതസ്സ് മനുഷ്യാവസ്ഥയില്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കാം. സ്ഥൂല പ്രപഞ്ചത്തിന്റെ ഒരു കഷണമാണ് മനുഷ്യ ശരീരം എന്ന് നാം കണ്ടു കഴിഞ്ഞു. ഈ സ്ഥൂലം നിലനില്‍ക്കുന്നത് സൂക്ഷ്മത്തിന്റെ നിയന്ത്രണത്തിലാണെന്നു ചിന്തിച്ചാല്‍ ആര്‍ക്കും മനസിലാക്കാവുന്നതാണ്. ഈ സൂക്ഷ്മത്തെ നമുക്ക് മനസ്സ്, ബോധം, ആത്മാവ് എന്നിങ്ങനെ അനേകം വാക്കുകളില്‍ നിര്‍വചിക്കാം. സൗകര്യത്തിനായി നമുക്ക് ആത്മാവ് എന്ന വാക്കു തന്നെ ഉപയോഗിക്കാം. എന്റെ സ്ഥൂല ശരീരത്തില്‍ നിന്ന് സൂഷ്മ ഭാവമായിരിക്കുന്ന ആത്മാവിനെ ഒരു പ്രത്യേക യന്ത്രം ഉപയോഗിച്ച് വലിച്ചെടുത്ത് മാറ്റുകയാണെന്നു സങ്കല്‍പ്പിക്കുക. ആത്മാവില്ലാത്ത ഈ ശരീരം പിന്നെ എന്താണ്? ഒരു നിര്‍ജീവ പിണ്ഡമായി ഞാന്‍ മാറുന്നു. ഞാന്‍ എന്താണെന്നോ, എവിടെയാണെന്നോ, എന്റെ പേര് , വീട്, കുടുംബം, കുട്ടികള്‍ ഒന്നും ഞാനറിയുന്നില്ല. ആകൃതിയില്‍ ഞാന്‍ നിങ്ങളെപ്പോലെ ഇരിക്കുന്നു എന്നേയുള്ളു. ഇത് പോലും ആത്മാവുള്ള നിങ്ങളുടെ നോട്ടത്തിലാണ്, ആത്മാവില്ലാത്ത എനിക്ക് ഒന്നുമേയില്ല.

പ്രപഞ്ച ഭാഗമായ എന്നില്‍ ഇതാണാവസ്ഥയെങ്കില്‍, ഞാന്‍ രൂപമെടുത്ത, എന്നെ രൂപപ്പെടുത്തിയ മഹാ പ്രപഞ്ചത്തിനും ഇത് തന്നെയാവണമല്ലോ അവസ്ഥ? അതല്ലേ ശാസ്ത്രം? ഞാന്‍ എന്ന ചെറിയ പ്രപഞ്ച ഖണ്ഡം പേറുന്ന ഈ ആത്മാവ്,
അപരിമേയമായ അതിന്റെ ശാക്തിക റിസോര്‍സുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്, ദൂരങ്ങളെ കീഴ്‌പ്പെടുത്തുകയും, രോഗങ്ങളെ നിയന്ത്രിക്കുകയും, ആകാശത്ത് നടക്കുകയും, അസാദ്ധ്യങ്ങളെ സാദ്ധ്യങ്ങളാക്കുകയും ഒക്കെ ചെയ്തുവെങ്കില്‍, സര്‍വ പ്രപഞ്ചത്തിന്റെയും സമൂര്‍ത്ത സംവിധായകനായ പ്രപഞ്ച മനസ്സ് എന്ന പ്രപഞ്ചാത്മാവിന് എന്തായിരിക്കും ശക്തി? ക്ഷമിക്കണം,' ശക്തി 'എന്ന ശുഷ്ക്കമായ മലയാള പദത്തിന് അതുല്യമായ ആ പ്രഭാവം ജ്യോതിപ്പിക്കാനാവുന്നില്ലാത്തത് കൊണ്ട് 'പവ്വര്‍ ' എന്ന ഇംഗ്ലീഷ് പദം തന്നെ ഇവിടെ ഉപയോഗിക്കേണ്ടി വരുന്നു: എന്തായിരിക്കും " പവ്വര്‍ " ? തങ്ങളുടെ ദാര്‍ശനിക തലത്തില്‍ ഇത് ഉള്‍ക്കൊള്ളാന്‍ സാധിച്ച ദാര്ശനികരും, പ്രവാചകന്‍മാരും അത് കൊണ്ടാവണം ഇതിനെ ' ആള്‍മൈറ്റി ' അഥവാ, 'സര്‍വശക്തന്‍ ' എന്ന് തന്നെ വിളിച്ചത്.

ഞാനെന്ന കൊച്ചു പ്രപഞ്ച ഖണ്ഡത്തില്‍ എന്നെ നില നിര്‍ത്തിയും, സംരക്ഷിച്ചും വ്യാപരിക്കുന്ന ഈ സൂക്ഷ്മം എന്റെ വലിയ ഖണ്ഡമായ പ്രപഞ്ചത്തിലും ഇതേ മാനറില്‍ ഉണ്ടാവണമല്ലോ? അതല്ലേ ശാസ്ത്രം? അപ്പോള്‍ എന്താണ് കാര്യം? കാണപ്പെടുന്ന എന്റെ ശരീരത്തില്‍ കാണപ്പെടാത്ത ആത്മാവായിരുന്ന് എന്നെ നയിക്കുന്നത് പോലെ, കാണപ്പെടുന്ന പ്രപഞ്ചത്തില്‍ കാണപ്പെടാത്ത ആത്മാവായിരുന്ന് അതിനെ നയിക്കുന്ന പരമമായ ആത്മാവുണ്ടല്ലോ? ആ ആത്മാവിനെയാണല്ലോ മനുഷ്യ വര്‍ഗ്ഗ സംസ്കാരങ്ങള്‍ വേര് പിടിച്ചു വളര്‍ന്ന ഇടങ്ങളിലെല്ലാം ദാര്‍ശനികര്‍ ഭഗവാന്‍ എന്നും, യഹോവാ എന്നും അള്ളാഹൂ എന്നുമൊക്കെ വിളിച്ചു നെഞ്ചിലേറ്റി വച്ചത് ? നൂറു വര്ഷങ്ങളുടെ ചുറ്റൂവട്ടങ്ങളില്‍ ഒതുങ്ങുന്ന ഈ ജീവിത സമസ്യയില്‍ അനുഗ്രഹത്തിന്റെ അരനാഴിക നേരമെങ്കിലും അനുഭവിക്കാനായതിന്റെ സംതൃപ്തിയോടെ, നന്ദിയുടെ നറും മലരുകള്‍ ആത്മാവില്‍ അര്‍പ്പിച്ചു കൊണ്ട് യഥാര്‍ത്ഥ മനുഷ്യന്‍ തല വണങ്ങി നില്‍ക്കുന്നതും ?

സാഹചര്യങ്ങളെ ആസ്വദിക്കലാണല്ലോ ജീവിതം. ഏതൊരു ജീവിക്കും അതിന്റെ ജീവിതം ഏറെ വിലപ്പെട്ടതാകുന്നുവല്ലോ? തന്നെ സന്തോഷിപ്പിക്കുകുയും, ആനന്ദിപ്പിക്കുകയും ചെയ്യുന്ന വിലപ്പെട്ട ഈ ജീവിതവും, അതിന് സഹായകമായി തന്നെ ചൂഴ്ന്നു നില്‍ക്കുന്ന സാഹചര്യങ്ങളും താന്‍ സ്വയം സൃഷ്ടിച്ചതല്ലന്നും,, ആരോ തനിക്കു വേണ്ടി ഒരുക്കി വച്ചതാണെന്നും ഉള്ള തിരിച്ചറിവ് ഏതൊരു ജീവിയേയും ആ അജ്ഞാത സംവിധായകന്റെ ആരാധകനാക്കി മാറ്റുന്നുണ്ട്. ഹൃദയത്തില്‍ വിടരുന്ന നന്ദിയുടെ ഈ പൂക്കളെ അവനെവിടെയെങ്കിലും സമര്‍പ്പിച്ചേതീരൂ. ദൈവാരാധനയുടെ ആദ്യ രൂപങ്ങള്‍ ആരംഭിക്കുന്നത് ഇങ്ങിനെയാണ്. സാമൂഹ്യ ജീവിതത്തിന്റെ ആദ്യ പതിപ്പുകളായ ഗോത്ര സംസ്ക്കാരത്തിന്റെ ആദ്യ വേദികളില്‍ ഇതിനായി പ്രത്യേക ഇടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. അവയാണ് ഇന്ന് നാം കാണുന്ന ക്ഷേത്രങ്ങളുടെയും, പള്ളികളുടെയും ഒക്കെ ആദ്യ രൂപങ്ങള്‍.

ശാസ്ത്രീയ കണ്ടെത്തലുകളുടെയും, നിഗമനങ്ങളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെട്ട പൊതു ബോധത്തിന്റെ ആരാധകരും, പ്രയോക്താക്കളുമായി ജീവിതം നയിക്കുന്ന വലിയൊരു കൂട്ടം ലോകത്താകമാനം വളര്‍ന്നു വരുന്നുണ്ട്. ഭൗതിക വാദ പരമായ ചിന്താധാരകള്‍ പിന്തുടരുന്ന ഇക്കൂട്ടര്‍ക്ക് അവരുടെ ശാസ്ത്രം തെളിയിച്ചു കൊടുക്കാത്ത ഒന്നാണ് ദൈവം. മാത്രമല്ല, ദൈവങ്ങളായി അവര്‍ വിലയിരുത്തപ്പെടുന്നത് ക്ഷേത്രങ്ങളിലെയും, പള്ളികളിലെയും പൊതു വിഗ്രഹങ്ങളെയാണ് താനും. ഈ വിഗ്രഹങ്ങള്‍ക്കും, പ്രതീകങ്ങള്‍ക്കും ഇവരുടെ ഉയര്‍ന്ന ചിന്തക്കൊപ്പമുള്ള ഒരു നിലവാരം പുലര്‍ത്താനാവുന്നുമില്ല. സാമൂഹികവും, സാമ്പത്തികവുമായ നേട്ടങ്ങളില്‍ കണ്ണ് വച്ച് പ്രവര്‍ത്തിക്കുന്ന പൂജാരികളും, പുരോഹിതന്മാരും പണ സന്പാദനത്തിനുള്ള ഉപാധികളാക്കി അവരുടെ ദൈവ പ്രതീകങ്ങളെ ദുരുപയോഗപ്പെടുത്തുക കൂടി ചെയ്യുന്‌പോള്‍, സത്യാന്വേഷണത്തിന്റെ പാതി വഴിയിലെത്തി നില്‍ക്കുന്ന ഇക്കൂട്ടര്‍ക്ക് അവരെ നിഷ്ക്കരുണം തള്ളിപ്പറയേണ്ടി വരുന്നത് തികച്ചും സ്വാഭാവികം മാത്രമാകുന്നു.

ജാതിയുടെയും, മതത്തിന്റെയും പ്രയോക്താക്കള്‍ തങ്ങളുടെ ദൈവപ്രതീകങ്ങളെ അമാനുഷിക കഴിവുകള്‍ ഉള്ളവരായി ചിത്രീകരിച്ചു പണം കൊയ്യുന്നുണ്ട്. കരയുന്ന കന്യാസ്ത്രീയും, ചോരയൊലിപ്പിച്ചു നില്‍ക്കുന്ന ദേവീ വിഗ്രഹവും, പാല് കുടിക്കുന്ന ഗണപതിയും, ആണിപ്പഴുതുകളില്‍ ചോര കിനിയിക്കുന്ന യേശു പ്രതിമയും ഒക്കെ ഇപ്രകാരമുള്ള കെട്ടിയെഴുന്നള്ളിപ്പുകളാണ്. പൊന്നന്പല മേട്ടില്‍ തെളിയുന്ന മകര വിളക്ക് പോലും സ്വയം ഉണ്ടാവുന്നതാണെന്ന് കരുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇത്തരം അവകാശ വാദങ്ങളെ തൊലിയുരിച്ചു കാണിക്കുന്നതിനും, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ഒക്കെ ഭൗതിക വാദികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്, അതിനുള്ള അഭിനന്ദനം അവര്‍ അര്‍ഹിക്കുന്നുമുണ്ട്.

പണപ്പിരിവിനും, സ്വത്തു സന്പാദനത്തിനുമായി കെട്ടിയെഴുന്നള്ളിക്കപ്പെടുന്ന ഇത്തരം മത ദൈവങ്ങളെപ്പറ്റിയല്ലാ ഇവിടെ പ്രതിപാദിക്കുന്നത്. അത്തരം ആരാധനകളെ ഒറ്റയടിക്ക് ഇല്ലാതാക്കാമെന്നും ആരും പ്രതീക്ഷിക്കേണ്ടതില്ല. അതിന് പകരം വയ്ക്കാന്‍ മറ്റൊന്ന് ഇല്ലാത്തതു തന്നെയാണ് അതിന് കാരണം. ഫോറസ്റ്റ് വകുപ്പിന്റെയും, ദേവസ്വം ബോര്‍ഡിന്റെയും ഉദ്യോഗസ്ഥന്മാര്‍ തെളിയിക്കുന്ന കര്‍പ്പൂര ദീപ പ്രഭ പൊന്നമ്പല മേട്ടില്‍ തെളിയുന്‌പോള്‍, അത് നോക്കി കരഞ്ഞു വിളിച് ശരണം വിളിക്കുന്ന ലക്ഷക്കണക്കായ മനുഷ്യര്‍ക്ക് അനുഭവേദ്യമാകുന്ന ആത്മസംതൃപ്തിയുടെ അനശ്വര സായൂജ്യം ഏതു ശാസ്ത്രത്തിനാണ്, സാഹിത്യത്തിനാണ്, സംസ്കാരത്തിനാണ് പകരം വയ്ക്കാന്‍ സാധിക്കുക?ഏതൊരു പ്രതീകങ്ങളെയും മുന്നില്‍ നിര്‍ത്തിക്കൊണ്ട് എല്ലാ ആരാധനകളും ചെന്ന് ചേരുന്നത് ഒരേ ഒരു ദൈവത്തില്‍ മാത്രമാണ് എന്നതല്ലേ സത്യീ? ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഒരാള്‍ ലണ്ടന്‍ വഴിയോ, ഗള്‍ഫ് വഴിയോ, ശ്രീലങ്ക വഴിയോ, സിങ്കപ്പൂര്‍ വഴിയോ ഒക്കെ വ്യത്യസ്ത റൂട്ടുകളിലൂടെ ആകുമല്ലോ പോകുന്നത്? എല്ലാവരും എത്തിച്ചേരുന്നത് ഒരേ ഇടമായ ഇന്ത്യയില്‍ ആണ് എന്നതുപോലെ സര്‍വ്വ പ്രപഞ്ചത്തിന്റെയും സത്യവും, സൗന്ദര്യവും, ചലനവുമായിരുന്ന് അതിനെ സൃഷ്ടിച്ചും സംരക്ഷിച്ചും നില നിര്‍ത്തുന്ന സര്‍വ ശക്തനായ, സര്‍വ വ്യാപിയായ, പ്രപഞ്ചാത്മാവായ, ശാസ്ത്രീയമായിത്തന്നെ തെളിയിക്കപ്പെടാവുന്ന സാക്ഷാല്‍ ഏക ദൈവത്തിങ്കലേക്കു?

പ്രാണഭീതിയാല്‍ ഒളിച്ചോടപ്പെട്ട്, കാട്ടിലെ കഠോര സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട്, തന്റെ ആടുമാടുകള്‍ക്ക് ഇടയനായി ജീവിക്കുന്ന ദാവീദ് ഒരാട്ടിടയന്റെ പരിമിത ജീവിതം മാത്രമാണ് സ്വപ്നം കണ്ടിരുന്നത്. യഹൂദ രാജാസനത്തിന്റെ ചെങ്കോലും, കിരീടവുമായി പ്രവാചകന്‍ കാട്ടിലേക്ക് ചെല്ലുകയാണ് ദാവീദിനെത്തേടി. തന്റെ ജീവിതത്തിന്റെ സജീവ സാന്നിധ്യമായി എന്നെന്നും നിലനിന്ന സര്‍വശക്തനെ തിരിച്ചറിയുന്‌പോള്‍ ദാവീദിന്റെ ആത്മഗതം കവിതയുടെ ശീലുകളായി രൂപം മാറുകയാണ്: " ദൈവം ഇല്ലാ എന്ന് മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു " എന്ന്.
Join WhatsApp News
നാരദന്‍ 2018-02-12 21:42:07
മൂഡന്‍ ഭയംമൂലം  ഹിര്‍ദയത്തില്‍ പറയുന്നു വിവരം ഉള്ളവര്‍ വിളിച്ചു പറയുന്നു.
heart is just a pump, the person who wrote that pslams had no clue about how brain and heart works.
so he himself was a മൂഡന്‍ 
വിദ്യാധരൻ 2018-02-12 23:54:08
ദൈവമെന്ന കാവ്യ സങ്കല്പം ( ദൈവം സത്യമോ മിഥ്യയോ ?  നിത്യ ചൈതന്യയതി )

ദൈവത്തിൽ വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും ദൈവമെന്ന വാക്കുകൊണ്ട് ഒരാൾ എന്തു മനസിലാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു .  ഒരിക്കൽ നടരാജഗുരുവിനോട് ദൈവത്തെ നിർവചിക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് നിങ്ങൾക്ക് തെറ്റു പറ്റുമ്പോഴും യാതൊന്നാണോ ശരിയായിരിക്കുനന്നത് അത് ദൈവമാകുന്നു എന്നാണ് .  ദൈവമെന്ന വിവക്ഷയുടെ പേരിൽ ക്രൂശു യുദ്ധങ്ങൾ നടത്തിയിട്ടില്ലേ ? മതങ്ങൾ പിണങ്ങി നിൽക്കുന്നില്ലേ ? പുരോഹിതർ അവരെ വിശ്വസിക്കുന്ന ജനങ്ങളെ ചൂഷണം ചെയ്യുന്നില്ലേ? ദിവ്യന്മാരായി നടിക്കുന്നവർ അത്ഭുതങ്ങൾ കാണിച്ച് ജനലക്ഷങ്ങളെ വിഡ്ഢികളാക്കുന്നില്ലേ ? അന്ധ വിശ്വാസങ്ങൾ നില നിർത്താൻ ദൈവത്തെ മാപ്പു സാക്ഷിയാക്കുന്നില്ലേ ? കള്ള പ്രവചനങ്ങൾ നടത്തി ജനങ്ങളെ വ്യാമോഹിപ്പിക്കുവാൻ ദൈവത്തിന്റെ പേര് ഉപയോഗിക്കുന്നില്ലേ ? ഇതൊക്കെ ചോദിച്ചാൽ ഞങ്ങൾ 'ഉവ്വ്' എന്ന് ഉത്തരം പറയും. എന്നാൽ അതിന്റെ എല്ലാം കാരണ സ്ഥാനത്ത് വച്ചിരിക്കുന്ന ദൈവത്തെ ഉപേക്ഷിച്ചുകൂടെ എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം 'പാടില്ല' എന്നാണ് . ആറ്റം ബോംബ് ഉണ്ടാക്കുന്ന ശാസ്ത്രത്തെ നാം ഉപക്ഷിക്കുന്നില്ലല്ലോ ?

ദൈവം എന്നതിനേക്കാൾ സമഗ്രവും സമ്പൂർണവുമായ ഒരാശയം മനുഷ്യൻ ആവിഷ്‌കരിച്ചിട്ടില്ല . മുകളിൽ പറഞ്ഞ തെറ്റുകൾക്ക് കാരണം ദൈവമല്ല . ദൈവമെന്ന ആശയത്തിന്റെ തെറ്റായ ആവിഷ്കാരമാണ്   അറിവില്ലായ്‍മ കൊണ്ടുള്ള കെടുത്തിയാണ് മനുഷ്യനെ മനുഷ്യന്റെ ശത്രുവാക്കുന്നത്.

മനുഷ്യ ശരീരം തൊണ്ണൂറു ശതമാനം ജലവും ബാക്കി ധാധുക്കളുമാണെന്ന് പറയുന്നതുപോലെ ; മനസ്സ് എൺപത് ശതമാനം അവബോധവും പത്തൊൻപത് ശതമാനം സ്മരണ കലർന്ന സങ്കല്പവും ഒരു ശതമാനം യാഥാർഥ്യ ബോധവും അതോടൊപ്പം വല്ലപ്പോഴും മിന്നി മറയുന്ന യുക്തി ബോധവുമാണ് .  നീ ഭര്ത്താവ് ഞാൻ ഭാര്യ എന്ന് പറയുന്നത് ഒരു ഭാവനയാണ് . ഇതെന്റെ കുടുംബം ഇതിനോട് എനിക്ക് വിധേയത്വമുണ്ട് എന്ന് പറയുന്നത് ഭാവനയാണ് .  ഇതെന്റെ സർക്കാർ ഇതിന്റെ നിയമാവലി ഞാൻ അനുസരിക്കണം എന്ന് പറയുന്നത് ഒരു ഭാവനയാണ് . എട്ടുകാലി സ്വയം നെയ്തുണ്ടാക്കുന്ന വലയിൽ വിശ്രമിക്കുകയോ കുടുങ്ങി പോവുകയോ ചെയ്യുന്നതുപോലെ നാം നമ്മുടെ ഭാവന ലോകത്ത് നിവസിക്കുകയോ അതിനാൽ വഞ്ചിതരായി തീരുകയോ ചെയ്യുന്നു .  ഭയം, അതിശയം , നീതിബോധം പാരസ്പര്യം, പ്രേമം , ത്യാഗം, ശാന്തി , യാദൃച്‌ഛികത, ഗതീയത, പ്രതീക്ഷ, മോഹം, നിസ്സഹായത, അർത്ഥന, പ്രാമാണികത, എന്നിങ്ങനെ വൈവിദ്ധ്യമുള്ള ഒട്ടേറെ  നൂലിഴകൊണ്ട് നൂറ്റാണ്ടുകളായി കളിയായിട്ടും ശാസ്ത്രബുദ്ധിയോടുകൂടിയും കവിത നിറഞ്ഞ സ്വാരസ്യത്തോടുകൂടിയും മനുഷ്യൻ നെയ്തെടുത്ത അത്ഭുത പ്രതിഭാസമാണ് ദൈവം .  അതിന്റെ രചനയിൽ അവനു പങ്കുണ്ടെങ്കിലും അതിനെ ശിഥിലമാക്കുവാൻ അവൻ ശക്തനായി ഭവിക്കുന്നില്ല . സ്വന്തം കൈകൊണ്ടു നിർമ്മിച്ച ഗ്രഹത്തിൽ ഒരുവൻ അഭയം കണ്ടെത്തുന്നതുപോലെ ഒരുവൻ അവന്റെ ഹൃദയത്തിൽ കണ്ടെത്തിയ ദൈവത്തിൽ ശാന്തിയും സൗന്ദര്യവും പ്രേമവും സത്യവും എല്ലാം അന്വേഷിക്കുന്നു , കണ്ടെത്തുന്നു .  അതൊരു ശാസ്ത്രഞ്ജന്റെ കണ്ടെത്തലല്ല, ഒരു കവിയുടെ കണ്ടെത്തലാണ്. സത്ത്യത്തിന്റ മുഴുവൻ രഹസ്യവും ശാസ്ത്രത്തിന്റെ രഹസ്യമല്ല. അനുപ്രസ്ഥമായ സത്യം ശാസ്ത്രത്തിന് വഴങ്ങി കൊടുക്കുന്നു . അദൃഷ്ടമായ സത്യം കവികൾ കണ്ടെത്തുന്നു. ജീവിതത്തിൽ നിന്ന് കവിതയെ ഒഴിവാക്കിയാൽ അത് ദരിദ്രമായി പോവും . വ്യാസനും, വാല്മീകിയും, കാളിദാസനും, ദാന്തേയും ഷേക്സ്പിയറും, ഗേയ്‌ഥേയും, യൂഗോയും, ടാഗോറും നമ്മുടെ ഭാവനയെ സമ്പുഷ്ടമാക്കുന്നത് കവിതയും കല്പനയും പകർന്നു തന്നെയാണ് .  അവരുടെ വാചോ വിലാസത്തിൽ നിറഞ്ഞു നിൽക്കുന്ന അദൃഷ്ട സത്യം നിരീക്ഷണശാലയിൽ എന്നാലും നമുക്ക് അതുകൂടാതെ വയ്യ "

അങ്ങെനെ ദാവീദിന്റെ ദൈവം നമ്മളുടെ ദൈവമായി  നബിയുടെ അള്ളാ നമ്മുടെ അള്ളായായി , വാത്മീകിയുടെ രാമൻ നമ്മളുടെ രാമനായി . അവരുടെ ഗീതങ്ങൾ നമ്മളുടെ ചുണ്ടിലെ ദിവ്യമന്ത്രമായി . കവികളെ നിങ്ങൾ നീണാൾ വാഴുക . നിങ്ങളാണ് ഞങ്ങളുടെ ദൈവങ്ങളുടെ പിതാക്കന്മാർ. 

നമ്മളുടെ ജീവിതം ശുഷ്ക്കമാകാതിരിക്കാൻ നമ്മൾക്ക് ഒരുമിച്ചാലപിക്കാം
ചന്തമേറിയ പൂവിലും ശബളാഭമാം ശലഭവത്തിലും
സന്തതം കാരത്താരിയിന്നൊരു ചിത്രചാതുരി കാട്ടിയും
ഹന്ത ! ചാരുകടാക്ഷമാലകൾ അർക്കരശ്മിയിൽ നീട്ടിയും
ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങുമീശ്വനെ വാഴ്ത്തുവിൻ  (ആശാൻ )
spirit 2018-02-12 22:18:40
Spirit in the heart makes നാരദൻ talk in tongues
വിദ്വാൻ 2018-02-13 00:03:22
ദൈവം ഇല്ല എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു കാരണം ഉറക്കെ പറഞ്ഞാൽ മാത്തുള്ളയും ജയനും അവരെ എടുത്തിട്ടിടിക്കും . എന്നാൽ ദൈവമുണ്ടെന്ന് പമ്പര വിഡ്ഢികൾ ഉറക്കെ വിളിച്ചു പറയുന്നു  അവരെ ആൻഡ്‌റൂസും, അന്തപ്പനും നിരീശ്വരനും എടിത്തിട്ട് ചാമ്പും .  എങ്ങനെപോയാലും രണ്ടുകൂട്ടർക്കും അടി തീർച്ച -  അടി വരുന്ന ഓരോ വഴിയേ !
മൗനം വിദ്വാനു ഭൂഷണം

Annamma Philipose 2018-02-13 01:11:32
when time comes,even the fool will say OMG
Philip 2018-02-13 08:41:32
ഗർഭം ഉണ്ട് എന്ന് ഒരു വ്യക്തി പറഞ്ഞാൽ അത് വിശ്വസിക്കണം എന്നില്ല , എന്നാൽ ഒരു സ്ത്രീ തന്റെ ഉദരത്തിൽ ചലിക്കുന്ന കുഞ്ഞിനെ കുറിച്ച് എനിക്ക് ഗർഭം ഉണ്ട് ഞാൻ അത് അനുഭവിക്കുന്നു എന്ന് പറഞ്ഞാൽ അത് വിശ്വസിക്കണ്ടേ ? എന്നാൽ നിന്നെ കണ്ടാൽ ഗർഭം ഉള്ളതായി തോന്നുന്നില്ല, അത് നിന്റെ തോന്നൽ ആണ് എന്ന് വിഡ്ഢികൾ പറയും.  
truth and justice 2018-02-13 08:53:49
When God or Almighty created man what He did, He took a lump of clay and designed as a human being like you and me today and He breathed into the nostrils of that fashioned clay the spirit of God and the man became a living soul and that is what exactly the Bible says. The whole being has body soul and spirit and the body is a shell and that is it and when God calls off that spirit the man is dead and the intellectuals and scientists could not do anything on that dead body.The sole authority belong to the almighty God and the bigman  "I" cannot do anything and the human being becomes Zero.
നാരദന്‍ 2018-02-13 14:12:25

അന്നമ്മക്ക് ഒരു ആമ്മേന്‍= അങ്ങനെ തന്നെ സത്യം. അയ്യോ എന്‍റെ .....

നാം അര്‍ത്ഥം അറിയാതെ ആവര്‍ത്തിക്കുന്ന ഒരു സബ്ദം മാത്രമായി ദൈവം. അയ്യോ, എന്‍റെ ദൈവമേ, നാരായണ, ഈശര എന്നൊക്കെവെറും Reflexive response പോലെ പലരും ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നു. അയ്യോ എന്നത് ഒരു പ്രാകിര്‍ത ദൈവത്തിന്‍ പേര്‍ എന്ന് അറിയുമോ?. രതി മൂര്‍ച്ചയുടെ ഉന്നതിയില്‍ ‘Oh! My god’ എന്ന്  വിളിച്ചു കൂവുമല്ലോ. കോഴി കുഞ്ഞ്ങ്ങള്‍ ഒന്നിനെയും കാക്കയും, പരുന്തും ഒക്കെ കൊണ്ട് പോകാതെ ഇരിക്കാന്‍ ഒരു കോഴിയെ പുന്ന്ളനു നേരും, എന്നാല്‍ പരുന്തു ഒരു കോഴി കുഞ്ഞിനെ ഏറ്റി എടുത്താല്‍ കൂഴ, കൂഴ എന്നു കൂവി കുറെ ഓടും പിന്നെ ആണ്ട് പുണ്ണ്യളച്ചന്റ്തു പരുന്തു കൊണ്ട് പോയി എന്ന് പറഞ്ഞു തിരികെ പോരും. അതുപോലെ ഒക്കെ ഒള്ളു എന്‍റെ അയ്യോ, എന്‍റെ ദൈവമേ എന്നൊക്കെ ഉള്ള വിളികളും. The story below may be interesting to you. Dad came back home from a vacation and asked his little son how were things at home. To the long list of things that happened the boy added, ‘ I think mom is very religious now’. Father was curious and asked for more information. The boy said ‘I could Mom  praying in the bedroom- oh my god, oh my god’

ഗുണപാഠം :-

When you are healthy physically & mentally; the decisions you reach and words you say is important. When you are sick and old; the brain is not functioning properly, so what ever you say and do may not be rational at all. So do not judge a person at their old age.

 

 

നാരദന്‍ 2018-02-13 15:04:15
മൂഡനു പോലും അറിയാം ദൈവം ഇല്ല,  അപ്പോള്‍ ദൈവം ഉണ്ട് എന്ന് പറയുന്നവന്‍ പൂര്‍ണ്ണ മന്ദ ബുദ്ടിയോ അതോ പേരും കള്ളനോ?
ദൈവം 2018-02-14 19:39:20
ഈ മനോഹര സിംഹാസനത്തിൽ ഇരുത്തി
നിങ്ങളെന്നെ കരുതുന്നതിൽ സന്തോഷം
ചിലപ്പോൾ നിങ്ങളുടെ മൂഢത്തരം കണ്ടും
കേട്ടും ഞാൻ കുമ്പ കുലുക്കി ചിരിക്കാറുണ്ട് .
ഓർമ്മയില്ല എനിക്ക് ശരിക്ക് എന്നാണ് ഞാൻ
കൈ നനയാതെ മീൻ പിടിക്കാൻ തുടങ്ങിയെതെന്നും
വിയർക്കാതെ അപ്പം കഴിക്കാൻ തുടങ്ങിയെതെന്നും
യാഗമായി അർപ്പിക്കുന്ന കോഴി ആട് മാട് തുടങ്ങിയവ
ഹവിസ്സിൽ പൊരിച്ച് തിന്ന് ചേർത്തതുകൊണ്ടായിരിക്കും
ചിരിക്കുമ്പോൾ കുമ്പ വല്ലാതെ കുലുങ്ങുന്നത്
മാണിമന്ദിരങ്ങൾ, ഗോപുരങ്ങൾ , സ്വർണ്ണ ക്ഷേത്രങ്ങൾ
ക്ഷേത്രങ്ങളുടെ അടിയിൽ ഒരു ജനതയ്ക്ക്, വിറ്റഴിച്ചാൽ
സുഖമായി ജീവിക്കാനുള്ള തനി തങ്കം
കോടി കണക്കിന് രൂപയുടെ വരുമാനമുള്ള ശബരി ഗിരി
ഹാ ,  ഇതിൽ കൂടുതൽ സൗകര്യം ഞാൻ നിങ്ങളിൽ നിന്ന്
പ്രതീക്ഷിക്കുന്നില്ല എന്റെ ഭോഷന്മാരായ ഭക്തന്മാരെ
എന്നെ നിങ്ങൾ സർവജ്ഞാനാക്കി നിറുത്തിയിരിക്കുന്നു
സത്ത്യത്തിൽ സ്‌കൂളിന്റെ പടിവാതിൽ ഞാൻ കണ്ടിട്ടില്ല
ഈ അണ്ഡകടാഹം എന്റെ രചനാ വൈഭവം എന്ന് നിങ്ങൾ
പറയുമ്പോൾ ചിരിക്കാതിരിക്കാൻ കഴിയുന്നില്ല .
അണുക്കൾ പരമാണുക്കൾ തുടങ്ങി ദൈവകണികയിൽ വരെ
ഞാൻ ഉണ്ടെന്ന് പറയുമ്പോൾ എനിക്ക് ഭയം തോന്നുന്നു.
എന്നെ  പിടികൂടാൻ അന്തപ്പൻമാരും ആന്ദ്രയോസുംമാരും
നിരീശ്വരന്മാരും ചൂട്ടും കത്തിച്ചലയുകയാണ്
എന്റെ ഭക്ത ജനങ്ങൾ വളരെ ശക്തമായി പോരാടണം
അല്ലങ്കിൽ എനിക്ക് നിലനിൽപ്പ് കാണില്ല അതുപോലെ നിങ്ങൾക്കും
കന്യകമാരെ കാട്ടി ഇവന്മാരെ കറക്കാൻ നോക്കിയിട്ടു
ഇവർ കറങ്ങുന്നില്ല . ഷണ്ഡന്മാരായിരിക്കും.
എന്റെ അരുമ കിടാങ്ങളായ ജയനും മാത്തുള്ളയും
ആയുധങ്ങളുടെ മൂർച്ച കൂട്ടുകയും
അടവുകൾ മാറ്റുകയും ചെയ്യണം .
എനിക്ക് മരണമില്ല നിങ്ങൾ ഉള്ളിടത്തോളം കാലം
ഒരു മൂഢൻ ഒരു ബലിയാടുമായി വരുന്നുണ്ട്
ഇന്ന് ഡിന്നർ അതി ഗംഭീരം .

benoy 2018-02-14 17:22:32

The comments about this article make more sense than the article itself.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക