Image

ആമി-മലയാള സിനിമയുടെ മുതല്‍ക്കൂട്ട്‌

Published on 14 February, 2018
ആമി-മലയാള സിനിമയുടെ മുതല്‍ക്കൂട്ട്‌


നായികയെ നിശ്ചയിക്കുന്ന സമയം മുതല്‍ ചിത്രീകരണത്തിന്റെ ഓരോ ഘട്ടത്തിലും പിന്നെ റിലീസിങ്ങിനു മുമ്പുമെല്ലാം വിവാദങ്ങള്‍ ഇത്രയേറെ അകമ്പടി സേവിച്ച ഒരു ചിത്രം ആമി പോലെ സമീപകാലത്തൊന്നും മലയാളത്തില്‍ ഉണ്ടായിട്ടില്ല. മലയാളിയുടെ മനസില്‍ അക്ഷരം കൊണ്ടും ആകാരം കൊണ്ടും വായനയുടെ ആഴത്തിലുള്ള അനുഭവങ്ങള്‍ കൊണ്ടും നിറഞ്ഞു നില്‍ക്കുന്ന മാധവിക്കുട്ടിയെ പോലെ ഒരെഴുത്തുകാരിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ആദ്യം സമ്മതിച്ചത്‌ വിദ്യാബാലന്‍. എന്നാല്‍ പിന്നീട്‌ അപ്രതീക്‌ഷിതമായി വിദ്യാ ബാലന്‍ പിന്‍മാറുകയും മഞ്‌ജു വാര്യര്‍ ആസ്ഥാനത്തേക്ക്‌ എത്തുകയും ചെയ്‌തപ്പോഴാണ്‌ നാലിടത്തു നിന്നും ചോദ്യങ്ങളും അഭിപ്രായങ്ങളും ഉയരാന്‍ തുടങ്ങിയത്‌. ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ അത്‌ കുറച്ചു കൂടി ശക്തമായി. മാധവിക്കുട്ടിയെന്ന ലബ്‌ധപ്രതിഷ്‌ഠ നേടിയ എവുത്തുകാരിയുടെ ജീവിതത്തിന്റെ കടലാഴങ്ങളും അതിന്റെ വികാരവിക്ഷോഭങ്ങളുടെ ഭാരവും മഞ്‌ജുവാര്യര്‍ക്കു താങ്ങാവുന്നതിനും അപ്പുറത്താണ്‌ എന്നായിരുന്നു പലരുടെയും കണക്കുകൂട്ടല്‍. എന്നാല്‍ ചിത്രം റിലീസായതോടെ അത്തരം വാദഗതികള്‍ തികച്ചും അസ്ഥാനത്താണ്‌ എന്ന്‌ മനസിലാവുകയാണ്‌ എല്ലാവര്‍ക്കും.

മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ ജീവിത്തിനു നേര്‍ക്കു പിടിച്ച കണ്ണാടിയാണ്‌ കമലിന്റെ ആമി എന്ന്‌ ഒറ്റവാചകത്തില്‍ പറയാം. മലയാളത്തിന്റെ സദാചാരബോധത്തെ പിടിച്ചുലച്ച എന്റെ കഥയോ ചന്ദനമരങ്ങളോ ഒന്നും ഈ സിനിമയുടെ ഉള്ളില്‍ നമുക്കു കാണാന്‍ കഴിയില്ല. പകരം തീവ്രമായ രാധാകൃഷ്‌ണ പ്രണയത്തിന്റെ, ആ പ്രണയാനുഭവങ്ങളുടെ ആഴങ്ങളെ, അതിജീവനങ്ങളെ, ഉള്ളടക്കങ്ങളെ ഏറ്റവും മനോഹരമായ രീതിയില്‍ ആഖ്യാനം ചെയ്യുകയാണ്‌ കമല്‍ എന്ന സംവിധായകന്‍ ഇവിടെ.

ആദ്യം നാലപ്പാട്ടെ ആമിയും പിന്നീട്‌ മാധവിക്കുട്ടിയും കമലാദാസും കമലസുരയ്യയുമൊക്കെയായി എഴുത്തിലെ കഥാപാത്രങ്ങളുടെ വേഷപ്പകര്‍ച്ച പോലെ തന്നെ ജീവിതത്തിലും ആ കഥാകാരി പല രൂപത്തില്‍ വായനക്കാരുടെ മനസിലുണ്ട്‌. അതെല്ലാം തന്നെ അങ്ങേയറ്റം സത്യസന്ധതയോടും സൂക്ഷ്‌മതയോ
ടും കൂടി കമല്‍ ചിത്രീകരിച്ചിട്ടുണ്ട്‌. മാധവിക്കുട്ടി എന്ന കഥാകാരിയുടെ തീവ്രവും അങ്ങേയറ്റം സത്യസന്ധവുമായ പ്രണയാനഭവങ്ങളുടെ ആവിഷ്‌കാരമാണ്‌ ഈ സിനിമ. രാധാകൃഷ്‌ണ പ്രണയത്തിന്റെ അതിതീവ്രവും അഗാധവുമായ പ്രണയതീക്ഷണതകളെയും അതിന്റെ നിരാസങ്ങളെയും നിശബ്‌ദതയില്‍ നിന്നും ഹുങ്കാരമുയര്‍ത്തി വീശിയടിക്കുന്ന അതിന്റെ പ്രകമ്പനങ്ങളെയും ഇത്ര സൂക്ഷ്‌മമായി അവതരിപ്പിക്കാന്‍ മഞ്‌ജു വാര്യര്‍ എന്ന നടി മാത്രമേ മലയാളത്തില്‍ ഇന്നുള്ളൂ എന്ന്‌ ചിത്രം കാണുമ്പോള്‍ നമുക്ക്‌ മനസിലാകും. കരിയറില്‍ തന്നെ ഇത്ര ശക്തമായ ഒരു കഥാപാത്രം. എന്നാല്‍ പ്രണയത്തിലെ ശാരീരികതൃഷ്‌ണകളെ സിനിമയില്‍ കഥാകാരിയില്‍ നിന്നകറ്റി നിര്‍ത്താനും കമല്‍ ശ്രദ്ധിച്ചുവെന്ന്‌ പറയാതെ വയ്യ.

നിഗൂഢവും വന്യവുമായ പ്രണയകാമനകളും അതില്‍ മറയില്ലാത്ത തുറന്നെഴുത്തുമാണ്‌ മാധവിക്കുട്ടിയുടെ കഥകളുടെ മുഖമുദ്ര. പ്രണയം വാക്കുകളിലൂടെ അത്രമേല്‍ അഗാധമായി അലയടിച്ചൊഴുകുമ്പോഴും സ്‌ത്രീപുരുഷ ബന്ധത്തില്‍ ശരീരത്തിന്റെ പ്രണയവും ഒന്നാകലും അതിന്റെ വൈകാരികതീവ്രതയും ഇന്നും തുറന്നെഴുതാന്‍ ധൈര്യമില്ലാത്തവര്‍ക്കുള്ള വഴികാട്ടിയാണ്‌ മാധവിക്കുട്ടി എന്ന കഥാകാരി. ഒരു പക്ഷേ കാമനകളുടെ സമന്വയത്തെ കുറിച്ച്‌ മാധവിക്കുട്ടിയുടെ അങ്ങേയറ്റം നിഷ്‌ക്കളങ്കമായ ഇത്തരം തുറന്നെഴുത്തുകള്‍ സ്വീകരിക്കാനുള്ള മാനസികവും ബൗദ്ധികവുമായ പക്വത അക്കാലത്തെ സമൂഹത്തിന്‌ ഉണ്ടായിരുന്നിരിക്കില്ല. അതുകൊണ്ടു തന്നെയാകണം പ്രണയവും രതിയും ഇത്ര പച്ചയായി തുറന്നെഴുതാന്‍ എത്രയോ പതിറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ ആ കഥാകാരിക്കു കഴിഞ്ഞുവെന്നത്‌ ഇന്നും ഒരത്ഭുതമായി നിലകൊള്ളുന്നത്‌.

മധു നീലകണ്‌ഠന്റെ ക്യാമറ നാലപ്പാട്ടെ തറവാടിന്റെയം മററും മനോഹാരിത ഒപ്പിയെടുത്തിട്ടണ്ട്‌. മുംബൈയും മാധവിക്കുട്ടി അവസാന നാളുകളില്‍ ജീവിച്ച കൊല്‍ക്കത്തയുമെല്ലാം മികച്ച രീതിയില്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ജീവിതത്തിന്റെ അവസാന നാളുകളില്‍ കമലാദാസ്‌ കമലാസുരയ്യയായി മാറിതിന്റെ കാരണവും യഥാര്‍ത്ഥമായി തന്നെ സംവിധായകന്‍ പറഞ്ഞിട്ടുണ്ട്‌. പക്ഷേ അതിന്റെ പേരില്‍ മതവിദ്വേഷം ആളിക്കത്തുന്ന രീതിയില്‍ ഒന്നും ചിത്രത്തില്‍ ഉള്‍പ്പെടാതിരിക്കാനും കമല്‍ അങ്ങേയറ്റം ശ്രമിച്ചു വിജയിച്ചിട്ടുണ്ട്‌. മതം മാറ്റത്തെ കുറിച്ച്‌ മാധവിക്കുട്ടി തന്നെ പറയുന്ന വാക്കുകള്‍ അങ്ങനെയുള്ള തീപ്പൊരികളെ ഇല്ലാതാക്കുവാന്‍ ശക്തിയുള്ളതാണ്‌.

ഗംഭീരമായ അഭിനയശൈലി കൊണ്ടും ശരീരഭാഷ കൊണ്ടും ആമിയെ മഞ്‌ജു വാര്യര്‍ അവിസ്‌മരണീയമാക്കിയപ്പോള്‍ കാമുകന്‍മാരായി എത്തിയവര്‍ അഭിനയമികവില്‍ മഞ്‌ജുവിനൊപ്പം എത്താന്‍ കഴിയാതെ പിന്നിലായി എന്നു കാണാം. മാധവിക്കുട്ടിയുടെ ഭര്‍ത്താവായ മാധവദാസിന്റെ വേഷത്തിലെത്തുന്ന മുരളീഗോപി, കബീറായി എത്തുന്ന അനൂപ്‌ മേനോന്‍, കൃഷ്‌ണന്റെ നിത്യ സാന്നിധ്യമായി എത്തുന്ന ടൊവീനോ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോടു പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ട്‌. മഞ്‌ജു വാര്യരെ മാധവിക്കുട്ടിയാക്കി മാറ്റാന്‍ പട്ടണം റഷീദിന്റെ വൈദഗ്‌ധ്യം നന്നായി തന്നെ ഉപയോഗിച്ചിട്ടുണ്ട്‌. ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിങ്ങും മികച്ചതായി. കമലിനും മഞ്‌ജുവിനും മാത്രമല്ല, മലയാളത്തിനു തന്നെ മികച്ച മുതല്‍ക്കൂട്ടാണ്‌ ആമി എന്ന ചലച്ചിത്ര കാവ്യം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക