Image

ആമി കണ്ടില്ല. കാണുന്നുമില്ല: ശാരദക്കുട്ടി

Published on 15 February, 2018
ആമി കണ്ടില്ല. കാണുന്നുമില്ല: ശാരദക്കുട്ടി
ആമിയെ കുറിച്ചു പറയൂ എന്ന് നിരന്തരം ആവശ്യപ്പെടുന്നവരോട്,

ആമി കണ്ടില്ല. കാണുന്നുമില്ല. അത് മറ്റൊന്നും കൊണ്ടല്ല, ഇപ്പോള്‍ ചെറുപ്പക്കാരുടെ സിനിമകള്‍ കാണാനേ താത്പര്യമുള്ളു. കലാകാരന്റെ/ കലാകാരിയുടെ പ്രായമല്ല, വിഷന്‍ ആണ് എന്റെ ഊന്നല്‍ എന്ന് എടുത്തു പറയട്ടെ. താരങ്ങളായാലും സംവിധായകരായാലും. പുതിയ സിനിമകള്‍ തരുന്ന പ്രതീക്ഷകളാണ് ആ തീരുമാനത്തിലെത്തിച്ചത്. നമുക്ക്, സ്വന്തം എഴുത്തിനെയും വായനയെയും കാഴ്ചകളെയും നമ്മളെത്തന്നെയും മടുത്തു തുടങ്ങുമ്പോള്‍ പുതിയതിലേക്കു നോക്കുകയല്ലാതെ മാര്‍ഗ്ഗമില്ല. അവര്‍ക്കു മാത്രമേ വേറിട്ടതെന്തെങ്കിലും ഇനി കലയില്‍ കൊണ്ടുവരാന്‍ കഴിയൂ എന്ന തോന്നല്‍ ശക്തമായിരിക്കുന്നു. മലയാളത്തെ സംബന്ധിച്ചെങ്കിലും സംവിധായകര്‍ മറ്റൊന്നു തെളിയിക്കുന്നതു വരെ അങ്ങനെയേ പറയാന്‍ കഴിയൂ.

കമലിന്റെ ചെറുപ്പകാല സിനിമകളൊക്കെ ആസ്വദിച്ച ആളാണ് ഞാന്‍ അന്നെനിക്കും ചെറുപ്പമാണല്ലോ . അടൂര്‍ ഗോപാലകൃഷ്ണന്റെയോ, ജീവിച്ചിരുന്നെങ്കില്‍ പത്മരാജന്റെയോ ഭരതന്റെയോ അവരെടുക്കാനിടയുണ്ടായിരുന്ന സിനിമകളെ പണ്ടു സ്വീകരിച്ചതു പോലെ സ്വീകരിക്കാന്‍ കഴിയുമെന്നും തോന്നുന്നില്ല. അവരുടെയൊക്കെ അവസാനകാല സിനിമകളുടെ സംവേദനശൂന്യത വല്ലാതെ മടുപ്പിക്കുന്നതായിരുന്നു.

അരവിന്ദന്‍ അതിനു കാത്തു നിന്നില്ല. ഇലവങ്കോടു ദേശത്തിലൂടെ മലയാളത്തിലെ ഏറ്റവും മികച്ച പൊളിടിക്കല്‍ കാഴ്ചപ്പാടുള്ള സംവിധായകന്‍ കെ.ജി ജോര്‍ജും ഏറെക്കുറെ തന്റെ സിനിമാക്കാലത്തിന്റെ അന്ത്യം പ്രവചിച്ചിരുന്നു. അപ്പോള്‍ അതൊക്കെയാണ് കാരണങ്ങള്‍. അല്ലാതെ കമല്‍. കമാലുദ്ദീന്‍ ആണെന്നതോ, മഞ്ജു, വാര്യത്തി ആണെന്നതോ അല്ല. അവര്‍ ഇനി ഇത്രക്കേ ചെയ്യൂ എന്ന് ഏറെക്കുറെ ഊഹിക്കാനാകും എന്നതു കൊണ്ടാണ്. പുതുതെന്തെങ്കിലും പറയാനായിട്ടല്ലാതെ ഇനി പുസ്തകമിറക്കില്ല എന്ന് സ്വയം തീരുമാനിച്ചതു പോലെയാണിതും. പണം കൊടുത്ത് വായിക്കേണ്ടി വരുന്ന ഘട്ടത്തില്‍ എന്റെ എഴുത്തിനും എന്നെ വായിക്കുന്നതിനും ഇത് ബാധകമാണ് എന്ന് പ്രത്യേകം വായിക്കുക.

എനിക്ക് കമലിനോടുള്ള എതിര്‍പ്പ് നടിയെ തെരഞ്ഞെടുത്തതിനെ സംബന്ധിച്ചു നടത്തിയ ഒരു പ്രസ്താവനയെ കുറിച്ചായിരുന്നു. അത് അന്നു തന്നെ രേഖപ്പെടുത്തിക്കഴിഞ്ഞു.

നിയന്ത്രണങ്ങളും പ്രതിബന്ധങ്ങളും ഇല്ലാതെ
ഏറ്റവും ശുദ്ധമായ കല സൃഷ്ടിക്കണമെങ്കില്‍ ഒരു രണ്ടാമത്തെ യൗവ്വനത്തിലേ സാധ്യമാകൂ. അതിന് ഉള്ളിലെ മുഴുവന്‍ ജഡാവസ്ഥകളും സഞ്ചിത ബോധ്യങ്ങളും കഴുകിക്കളഞ്ഞ് ഒരു പുതു ജന്മം തന്നെ ജനിക്കേണ്ടി വരും.
'എന്റെ യഥാര്‍ത്ഥമായ കല ഇനി തുടങ്ങാനിരിക്കുന്നതേയുള്ളൂ' എന്ന തോന്നല്‍ ഉള്ളില്‍ ശക്തമാകുകയാണ് ആ രണ്ടാം പിറവിക്ക് ആവശ്യം.
നല്ല കലയ്ക്കു വേണ്ടി, ആ രണ്ടാം ജന്മത്തിനു വേണ്ടി നമുക്ക് പരസ്പരം കൈകള്‍ കോര്‍ക്കാം.
Join WhatsApp News
രണ്ടാം ജന്മം 2018-02-15 16:45:31
ശാരദക്കുട്ടിയുടെ രണ്ടാം ജന്മമാണ് ശ്രദ്ധിക്കപ്പെടാൻ വേണ്ടി ഫേസ്ബുക്കിൽ വല്ലതും എഴുതുക എന്നത്. കഷ്ടം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക