Image

നീരവ്‌ മോദിയും കുടുംബവും നാടുവിട്ടു

Published on 16 February, 2018
നീരവ്‌ മോദിയും കുടുംബവും നാടുവിട്ടു

ന്യൂഡല്‍ഹി: പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍നിന്ന്‌ 11,400 കോടി രൂപയോളം വെട്ടിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ നീരവ്‌ മോദിയും കുടുംബവും നാടുവിട്ടു. തട്ടിപ്പിനെക്കുറിച്ച്‌ ബാങ്ക്‌ പരാതികൊടുക്കുകയും സി.ബി.ഐ.കേസെടുക്കുകയും ചെയ്യുന്നതിന്‌ മുന്‍പെ തന്നെ കേസിലെ പ്രധാനപ്രതികളെല്ലാം ഇന്ത്യ വിട്ടെന്നാണ്‌ സി.ബി.ഐ. കണ്ടെത്തിയത്‌.

ജനുവരി 29നാണ്‌ 280 കോടിയുടെ വെട്ടിപ്പിനെക്കുറിച്ച്‌ ബാങ്ക്‌ പരാതി നല്‍കിയത്‌. അതനുസരിച്ച്‌ നീരവ്‌ മോദി, ഭാര്യ അമി, സഹോദരന്‍ നിഷാല്‍!, ബിസിനസ്‌ പങ്കാളി ചോക്‌സി എന്നിവര്‍ക്കെതിരേ ജനുവരി 31ന്‌ കേസെടുത്തു. ജനുവരി ഒന്നിനാണ്‌ നീരവും ബെല്‍ജിയന്‍ പൗരനായ സഹോദരന്‍ നിഷാലും രാജ്യംവിട്ടത്‌.

 യു.എസ്‌. പൗരത്വമുള്ള ഭാര്യ അമിയും ഗീതാഞ്‌ജലി ജൂവലറി ശൃംഖലയുടെ ഇന്ത്യയിലെ പ്രൊമോട്ടറും നീരവിന്റെ ബിസിനസ്‌ പങ്കാളിയുമായ മെഹുല്‍ ചോക്‌സിയും ജനുവരി ആറിന്‌ ഇന്ത്യവിട്ടു. കേസെടുത്തതിനുപിന്നാലെ നാലുപേര്‍ക്കുമെതിരേ സി.ബി.ഐ. ലുക്കൗട്ട്‌ നോട്ടീസും ഇറക്കിയിരുന്നു. തന്റെ ആസ്‌തികള്‍ വിറ്റ്‌ 6000 കോടി രൂപ ബാങ്കിന്‌ തിരിച്ചടയ്‌ക്കാമെന്ന്‌ നീരവ്‌ മോദി ബാങ്കിനെ അറിയിച്ചതായി വാര്‍ത്തയുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.

അതിനിടെ, മുഖ്യപ്രതി രത്‌നവ്യാപാരി നീരവ്‌ മോദിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സമെന്റ്‌ ഡയറക്ടറേറ്റും സി.ബി.ഐ.യും നടത്തിയ റെയ്‌ഡില്‍ 5,100 കോടി രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു. 3.9 കോടി രൂപയുടെ ബാങ്ക്‌ അക്കൗണ്ട്‌ മരവിപ്പിച്ചു. നീരവിന്റെ മുംബൈ കാലഘോഡയിലുള്ള ഷോറൂം, ഓഫീസ്‌, കുര്‍ളയിലെ വസതി, ബാന്ദ്ര, ലോവര്‍ പരേല്‍ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍, ഡല്‍ഹി ചാണക്യപുരിയിലെയും ഡിഫന്‍സ്‌ കോളനിയിലെയും ഷോറൂമുകള്‍, സൂറത്തിലെ ഓഫീസ്‌ എന്നിവിടങ്ങളിലാണ്‌ റെയ്‌ഡ്‌ നടന്നത്‌.

പന്ത്രണ്ടിടങ്ങളിലായി രാവിലെ തുടങ്ങിയ തിരച്ചിലില്‍ വജ്രവും സ്വര്‍ണവും അടക്കമുള്ള വന്‍ ആഭരണസ്വത്ത്‌ ശേഖരം കണ്ടെത്തി. 95 രേഖകളും രസീതുകളും ബില്ലുകളും പിടിച്ചെടുത്തു. ഇതില്‍ ഒന്‍പത്‌ രേഖകള്‍ നീരവ്‌ മോദിയുടെ സ്വത്തു സംബന്ധിച്ചുള്ളതാണ്‌. അഞ്ചിടങ്ങളിലെ സ്വത്ത്‌ താത്‌കാലികമായി ഇ.ഡി. ഏറ്റെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക