Image

ഇന്ധനനികുതി വര്‍ധിപ്പിച്ചേക്കും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 16 February, 2018
ഇന്ധനനികുതി വര്‍ധിപ്പിച്ചേക്കും (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: ഇന്ധന നികുതി വര്‍ധിപ്പിക്കുന്നതിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ട്. ആന്തരിക സംവിധാനം മെച്ചപ്പെടുത്തണമെന്ന തന്റെ നിര്‍ദേശം നടപ്പിലാക്കാന്‍ പെട്രോളി(ഗ്യാസി)നും ഡീസലിനും ഗ്യാലന് 25 സെന്റ് വീതം വര്‍ധിപ്പിക്കുവാന്‍ പ്രസിഡന്റ് തയ്യാറാകുന്നതായാണഅ സൂചന.

ഡെലവെയറില്‍ നിന്നുള്ള ഡെമോക്രാറ്റ് സെനറ്റര്‍ ടോം കാര്‍പറാണ് വിവരം അറിയിച്ചത്. നികുതി വര്‍ധിപ്പിക്കുവാനുള്ള തന്റെ നിര്‍ദേശം പ്രസിഡന്റ് അനുകൂലിക്കുമെന്ന് കരുതിയില്ല എന്നാല്‍ തന്നെ അമ്പരിപ്പിച്ചു പ്രസിഡന്റ് സമ്മതം മൂളി എന്ന് കാര്‍പര്‍ പറഞ്ഞു. സെനറ്റിലെയും പ്രതിനിധി സഭയിലെയും അംഗങ്ങളുമായി ട്രമ്പ് നടത്തിയ കൂടിക്കാഴ്ചയില്‍ പലതവണ താന്‍ 25 സെന്റ് നികുതി വര്‍ധിപ്പിക്കുവാന്‍ തയ്യാറാണെന്ന് ട്രമ്പ് പറഞ്ഞതായി കാര്‍പര്‍ വെളിപ്പെടുത്തി. ഇങ്ങനെ ശേഖരിക്കുന്ന തുക രാജ്യത്തെ റോഡുകള്‍, ഹൈവേകള്‍, പാലങ്ങള്‍ എന്നിവ സംരക്ഷിക്കുവാനും മെച്ചപ്പെടുത്തുവാനും വിനിയോഗിക്കണമെന്നും ട്രമ്പ് പറഞ്ഞതായി കാര്‍പര്‍ അറിയിച്ചു.

പ്രതിനിധി സഭയിലെയും സെനറ്റിലെയും അംഗങ്ങളുടെ യോഗത്തില്‍ രാജ്യത്തിന്റെ റോഡുകളും പാലങ്ങളും പോര്‍ട്ടുകളും പുനുര്‍നിര്‍മ്മിക്കുവാനും സംരക്ഷിക്കുവാനുമുള്ള പദ്ധതിയെക്കുറിച്ച് പ്രസിഡന്റ് സംസാരിച്ചതും ഇന്ധന നികുതി ഗ്യാലന് 25 സെന്റ്  വീതം വര്‍ധിപ്പിക്കുവാന്‍ നിര്‍ദേശിച്ചതും ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ആക്‌സിയോസ് ആയിരുന്നു. വൈറ്റ് ഹൗസ് പുറത്തിറക്കിയ പദ്ധതിപ്രകാരം 200 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ പൊതുജനങ്ങളില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഒരു ട്രില്യന്‍ ഡോളര്‍ സമാഹരിച്ച് ആന്തരിക സംവിധാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ നിലവിലുള്ള ഹൈവേ ട്രസ്റ്റ് ഫണ്ടിനെക്കുറിച്ച് ഇപ്പോള്‍ പുറത്തിറക്കിയ വൈറ്റ് ഹൗസ് വിജ്ഞാപനം ഒന്നും പറയുന്നില്ല. ഈ ട്രസ്റ്റ് ഫണ്ടാണ് നിലവില്‍ ഹൈവേയുടെയും മറ്റ് അനുബന്ധ പദ്ധതികളുടെയും ചെലവ് വഹിക്കുന്നതും മേല്‍നോട്ടം നടത്തുന്നതും. 2021 ഓടെ ഈ ട്രസ്റ്റിന്റെ ഫണ്ട് മുഴുവന്‍ തീരുമെന്നാഅ അനുമാനിക്കുന്നത്.

ചില നിയമസഭാംഗങ്ങളും യു.എസ്. ചേമ്പര്‍ ഓഫ് കോമേഴ്‌സ് പോലെയുള്ള സംഘടനകളും, 25 സെന്റ് വര്‍ധന ഒരു നിശ്ചിത കാലയളവിനുള്ളില്‍ നടത്തിയാല്‍ മതിയാകും എന്ന അഭിപ്രായക്കാരാണ്. ഒറ്റയടിക്ക് പൊതുജനങ്ങളുടെ മേല്‍ ഇങ്ങനെ ഒരു വര്‍ധന അടിച്ചേല്‍പിക്കരുത് എന്നിവര്‍ പറയുന്നു. പതുക്കെ പതുക്കെ വര്‍ധന നടത്തി ട്രസ്റ്റ് ഫണ്ടിന്റെ ബാക്കിയിരിപ്പ് വര്‍ധിപ്പിക്കാം എന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

തിരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷത്തില്‍ നികുതി ഭാരം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ചില കോണ്‍ഗ്രസംഗങ്ങള്‍ ആശങ്കാകുലരാണ്. കഷ്ടിച്ച് ഒരു മാസത്തിനുള്ളില്‍ രാജ്യത്ത് എല്ലായിടത്തും പ്രൈമറികള്‍ നടക്കും. രണ്ട് പാര്‍ട്ടികളും തങ്ങളുടെ സ്ഥാനര്‍ത്ഥികളെ നിശ്ചയിച്ചു കഴിഞ്ഞാല്‍ നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന്റെ പ്രചരണ യുദ്ധം ആരംഭിക്കുകയായി. ഇതിന് മുന്‍പ് ഗ്യാലന് 25 സെന്റ് വീതം ഗ്യാസിന്റെയും ഡീസലിന്റെയും നികുതി കൂട്ടിയാല്‍ വോട്ടു ചോദിച്ചു സമ്മിതിദായകരെ സമീപിക്കുക വിഷമകരമായിരിക്കുമെന്ന് ഇരു പാര്‍ട്ടികളിലെയും സ്ഥാനാര്‍ത്ഥികള്‍ക്ക് അറിയാം.

ഇന്ധനനികുതി വര്‍ധിപ്പിച്ചേക്കും (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക