Image

ഗാന്ധിയില്ലാതെ കറിയില്ല (കവിതകള്‍: പി.ഹരികുമാര്‍)

Published on 16 February, 2018
ഗാന്ധിയില്ലാതെ കറിയില്ല (കവിതകള്‍: പി.ഹരികുമാര്‍)
ഗാന്ധിജി
ഉപ്പാണ്.
കോമണ്‍ സാള്‍ട്ടല്ല.
ഇന്തുപ്പുമല്ല.
നമ്മുടെ മണ്ണുപ്പ്,
നല്ലുപ്പ്.

ഉപ്പില്ലയെങ്കില്‍
കയ്ക്കില്ലയെങ്കിലും
രുചിക്കില്ല തീര്‍ച്ച;
വേദവും, മനുവും, ബുദ്ധനും,
ജൈനനും, ജീസസും, നബിയും,
ശങ്കരനും, സവര്‍ക്കറും ,ആനി ബസന്റും, ജിന്നയും,
അംബേദ്ക്കറും, മാര്‍ക്‌സും ,മാവോയും,
വ്യാസനും, വാത്മീകിയും, ടാഗോറും,
സി വി രാമനും, കലാമും.

ഉപ്പു പാകത്തിനില്ലെങ്കില്‍
വയറ്റില്‍ വിശക്കും കാലിത്തീറ്റകള്‍.
മുളക്കും തലയില്‍ ചെങ്കോലുകള്‍ .
കണ്ണില്‍ ഉറുത്തും കലിപ്പുകള്‍.
ചെവിയില്‍ മുഴങ്ങും
അതിര്‍ത്തി സൈറണുകള്‍.
ദാഹിക്കും നാവില്‍ ചോര രുചികള്‍.
തൊലിയില്‍ തിണര്‍ക്കും കൊലകള്‍.
ഒക്കെയും
മരുന്നേയില്ലാത്ത
വല്ലാത്ത മഹാമാരികള്‍.

പകര്‍ച്ച മാരണങ്ങളറിഞ്ഞെന്നാല്‍
തിരിച്ച് പാഞ്ഞെത്തീടും
നമ്മളോടിച്ചു വിട്ടവര്‍,
പിടിച്ചുകെട്ടുവാന്‍;
നമ്മടമ്മയെയും,
കുഞ്ഞുപെങ്ങമ്മാരെയും.

അതിനാല്‍ തോഴരേ
നമുക്കു ചേര്‍ക്കാനോര്‍ത്തേ തീരൂ,
നമ്മടെ കറിയിലോരോന്നിലും
നല്ലുപ്പു പാകത്തിന്!

******

കുഞ്ചനെ കൊന്നു, തുഞ്ചനെ വിട്ടയച്ചു

ഇന്നലെ
മഹാഭാരതത്തില്‍ സമാപിച്ച
അഞ്ചാം ലിറ്റ്‌ഫെസ്റ്റിലാണ് സംഭവം.

അറസ്റ്റിലായ
ഭീമസ്‌നേഹ സേനാംഗങ്ങള്‍ക്ക്
രാഷ്ട്രീയ പാര്‍ട്ടികളുമായി
ബന്ധമില്ലെന്ന്
അധികാരികള്‍ പറഞ്ഞു.

''ഒരു വൃദ്ധന്‍ മൂളിക്കുരങ്ങിന്റെ
നരച്ച വാലു പൊക്കാനാവാത്ത
വെറും ഫയല്‍വാനാണ്
നമ്മുടെ ധീരഭീമസേന ''നെന്ന്
വെറ്റിലക്കറ കാട്ടി
തൊള്ളതുറന്ന് ചിരിച്ച്
സദസ്സിനെയിളക്കിയതാണ്
കുഞ്ചന്റെ കുറ്റം.

തികഞ്ഞ ഭയഭക്തി
ബഹുമാനത്തോടെയും, മാന്യതയോടെയുമാണ്
പറഞ്ഞതെന്നതിനാല്‍,
തുഞ്ചനെ
ഒരു വര്‍ഷത്തേക്ക് ബ്ലോക്ക് ചെയ്ത്
വിട്ടയയ്ക്കുകയായിരുന്നു.

ആളിക്കത്തിക്കുന്ന
നര്‍മ്മവും, തൊള്ളയും, വ്യംഗ്യവും
രാഷ്ട്രീയ ഫെസ്റ്റുകളിലുണ്ടല്ലോയെന്ന് കാട്ടിയ
പട് വര്‍ദ്ധന്‍ എന്ന
സിനിമക്കാരനെ
വീണ്ടും താക്കീതു നല്‍കി
വിട്ടയയച്ചു.

നവ മാധ്യമങ്ങളില്‍
വര്‍ണ്ണ വെടിക്കെട്ടു നടക്കുന്നുണ്ട്!
Join WhatsApp News
അഞ്ചേരി 2018-02-16 14:24:33
ഹരികുമാറിൻറ്റെ  കവിതയ്ക്ക്  നല്ല ഉപ്പുരസം , എല്ലാ മഹാന്മാരുടെയും  പേരുകൾ  ഉപ്പിനോടുകൂടി ഉണ്ട് ... ഉപ്പില്ലെങ്കിൽ  കാലിത്തീറ്റ  എങ്ങനെ  വയറ്റിൽ  വിശക്കും  എന്ന്  എങ്ങനെ  വായിച്ചാലും  മനസിലാകുന്നില്ല . ഉപ്പ്  കൂടുതൽ  കവിതയിൽ  ഇട്ടാൽ  വായനക്കാരുടെ പ്രഷർ  ഇരട്ടി ആകും .. ഉപ്പ് വളരെ  കൂടിപ്പോയാലും  കുഴപ്പമുണ്ട്‌ , വായനക്കാരനും , വിദാൃയധരൻ  ചേട്ടനും  വെള്ളം  കുടിപ്പിക്കും .
വിദ്യാധരൻ 2018-02-16 23:52:03
വരുന്നിലൊന്നുംതന്നെ
കുറിക്കാൻ രണ്ടുവാക്ക്
ഉപ്പിന്റെ ആധിക്യത്താൽ
തലയും ചുറ്റിടുന്നു
രക്ത സമ്മർദ്ദത്താൽ
ധമനി പൊട്ടീടുമോ?
കർണ്ണനു ഭവിച്ചപോൽ
 ശാപത്തിൻ ഫലമാവാം
ലേഖനം എഴുതേണ്ടോൻ
കവിത കുറിയ്ക്കുന്നെ
ദണ്ഡന മാർഗ്ഗമൊക്കെ
വെടിഞ്ഞു ഗാന്ധിജി
ദണ്ഡിയാത്രയിലൂടെ
പുത്തൻ സരണി വെട്ടി.
നീതിക്ക് നിരക്കാത്ത
അധർമ്മ നിയമത്തെ
എതിർത്തു ഗാന്ധിജി,
ഉപ്പു സത്യാഗ്രഹത്താൽ.
ആത്മ ബലമൊന്നുണ്ടേൽ   
'ഹരി'  യും തിരിഞ്ഞോടു-
മെന്നവൻ കാട്ടിതന്നു
എന്തൊരു ദാഹമിത്
പതിവില്ലാത്ത പോലെ ?
ഉപ്പിട്ട,ഗാന്ധി ബ്രാൻഡ്,
മാങ്ങ ആയിടാം ഹേതു!

sunu 2018-02-16 21:04:51
ഉപ്പു കാരമില്ലാതെ പോയാൽ എന്തോന്ന് കൊണ്ട് രസം വരുത്താം? അത് നിലത്തിട്ടു ചവിട്ടിക്കളയും. അതുപോലെ കവിത കഥയില്ലാതെ വന്നാൽ ഒരു തരം'വഴുക്കൽ.'ചോര പോലെ അറപ്പും, വെറുപ്പും ഉണ്ടാക്കും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക