ന്യുഡല്‍ഹി: ബിജെപിയില്‍ ചേക്കേറിയ മുന്‍ ഡല്‍ഹി കോണ്‍ഗ്രസ്
അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗവ്ലി കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ഒന്‍പത് മാസം
മുന്‍പ് കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് ബി.ജെ.പിയില്‍ എത്തിയ ലൗവി ശനിയാഴ്ചയാണ്
മാതൃസംഘടനയിലേക്ക് മടങ്ങിയത്.
ഡല്‍ഹിയില്‍ 20 നിയമസഭാ സീറ്റുകളില്‍
ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ലൗവ്ലിയുടെ മടക്കം. ബിജെപിയുമായി
പൊരുത്തപ്പെട്ട് പോകാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞാണ് ലൗവ്ലി
തിരിച്ചുവന്നത്.
'ബിജെപിയില്‍ ചേരുന്ന സമയത്ത്, താന്‍ സന്തോഷത്തോടെയല്ല ആ
തീരുമാനമെടുത്തതെന്ന് പറഞ്ഞിരുന്നു. ഒരു ദുര്‍ബല നിമിഷത്തില്‍ സംഭവിച്ചുപോയതാണ്.
അതിനു ശേഷം അജയ് മാക്കനുമായി നിരന്തരം സംസാരിക്കുകയും പാര്‍ട്ടിയുമായുള്ള ഭിന്നത
പരിഹരിക്കുകയും ചെയ്തു. ആശയപരമായി, ബിജെപിയുമായി തനിക്ക് യോജിച്ചുപോകാന്‍
കഴിയുമായിരുന്നില്ലെന്നും എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍
ലൗവ്ലി പറഞ്ഞു.
ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പിലെ ടിക്കറ്റ്
വിതണവുമായി ബന്ധപ്പെട്ട അതൃപ്തിയാണ് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പാര്‍ട്ടി വിടാന്‍
ലൗവ്ലിയെ പ്രേരിപ്പിച്ചത്.