Image

വിവാഹം കലക്കി. കലക്കണോ? (ബാബു പാറക്കല്‍)

ബാബു പാറയ്ക്കല്‍ Published on 17 February, 2018
വിവാഹം കലക്കി. കലക്കണോ? (ബാബു പാറക്കല്‍)
അമേരിക്കയിലേക്കു കുടിയേറിയ മലയാളികള്‍ കാലാകാലങ്ങളില്‍ ജീവിത നിലവാരം മെച്ചപ്പെടുത്തിയിട്ടുള്ളവരാണ്. ആദ്യകാലങ്ങളില്‍ വന്നവര്‍ ചുമലിലേറ്റിയ പ്രാരാബ്ദങ്ങളുടെ ഭാണ്ഡക്കെട്ട് താഴെയിറക്കി വയ്ക്കാന്‍ വര്‍ഷങ്ങളെടുത്തു. സ്വന്തം കുടുംബത്തിന്റെ കാര്യങ്ങള്‍ തന്നെ ശരിയായി നോക്കുവാന്‍ ബുദ്ധിമുട്ടിയപ്പോഴും നാട്ടിലുള്ള മറ്റു സഹോദരങ്ങളെയും ഇവിടെയെത്തിക്കുവാന്‍ മിക്കവരും മറന്നില്ല. അവരൊക്കെയും ഇവിടെ വന്നു നല്ല നിലയിലായി. രണ്ടും മൂന്നും ജോലി ചെയ്ത് സാമ്പത്തിക നില മെച്ചപ്പെടുത്തി. വലിയ വീടുകളും വിലകൂടിയ കാറുകളും സ്വന്തമാക്കി. എഴുപതുകളില്‍ വന്നവരുടെയൊക്കെ മക്കളുടെ വിവാഹങ്ങളും എണ്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളിലുമൊക്കെയായി നടത്തപ്പെട്ടു.

എണ്‍പതുകളിലെ വിവാഹം നോക്കാം. ഏതെങ്കിലും പള്ളിയില്‍ വിവാഹം. തുടര്‍ന്ന് അടുത്തെവിടെയെങ്കിലുമുള്ള ഒരു ഓഡിറ്റോറിയത്തില്‍ വച്ച് അതിഥികള്‍ക്ക് വിരുന്നു സല്‍ക്കാരം. ചടങ്ങു കഴിഞ്ഞു!

തൊണ്ണൂറുകളുടെ ആദ്യവും വലിയ വ്യത്യാസമൊന്നും കാര്യമായി ഉണ്ടായില്ല. പിന്നീട്, വിരുന്നു സല്‍ക്കാരം ഏതെങ്കിലും ഹോട്ടലില്‍ വച്ചായി. അപ്പോഴും നല്ല രീതിയില്‍ ഭക്ഷണം കഴിച്ച് എല്ലാവരും പിരിയുന്നു.

പിന്നീടാണ് അതീവ ആഡംബരത്തിന്റെ കാറ്റു വീശാല്‍ തുടങ്ങിയത്. അമേരിക്കയിലെ മലയാളികളുടെ കൂട്ടായ്മ എന്നു പറയുന്നത് കൂടുതലും ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചാണല്ലോ. അവിടെ ആത്മീയ പരിപോഷണത്തിന്റെ നിറം പൂശി വയ്ക്കുമെങ്കിലും ആര്‍ക്കും പത്രാസ് കുറയ്ക്കാന്‍ പാടില്ലല്ലോ.

ഒരാളുടെ മകന്റെയോ മകളുടെയോ വിവാഹത്തിന് അന്‍പതിനായിരം ഡോളര്‍ ചെലവായെങ്കില്‍ എന്റെ മകന്റെയോ മകളുടെയോ വിവാഹത്തിന് എഴുപത്തയ്യായിരം ചെലവാക്കി കുറച്ചുകൂടി മോടിയാക്കാനാണ് പലരും ചിന്തിക്കുന്നത്. വര്‍ഷങ്ങള്‍ കടന്നു പോകുന്തോറും ഈ സംഖ്യകൂടി കൂടി വന്നു.ഒരു പ്ലേറ്റിന് നൂറും നൂറ്റിഇരുപ്തും ആയി.

കഴിഞ്ഞ ജൂലായ് മാസത്തില്‍ ആ വിവാഹചടങ്ങില്‍ സംബന്ധിച്ച ഞാന്‍ അന്തംവിട്ടുപോയി. ഭക്ഷണം ഓരോ അതിഥിയുടെയും ഇഷ്ടമനുസരിച്ച് എത്ര ഇനം ഉണ്ടായിരുന്നു എന്നു കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. 'അപ്പറ്റൈസര്‍' തന്നെ, ആട്, കോഴി, പന്നി, മീന്‍ എന്നിവയുടെ വിവധ ഇനങ്ങള്‍. പല രീതിയില്‍ പാചകം ചെയ്ത് പല സ്റ്റേഷനുകളിലായി കൊടുത്തുകൊണ്ടിരുന്നു.

പല ബ്രാന്‍ഡുകളിലുള്ള വിലകൂടിയ മദ്യശേഖരം നിറഞ്ഞ വണ്ടികള്‍ ആളുകളുടെ ഇടയില്‍ കൂടി നീങ്ങിക്കൊണ്ടിരുന്നു. കടല്‍തീരത്തുള്ള വമ്പന്‍ റിസോര്‍ട്ടില്‍ വെളിയില്‍ ധാരാളം ഇരിപ്പിടങ്ങള്‍ ഒരുക്കിയിരുന്നു. പല തരത്തിലുള്ള ഡാന്‍സും മറ്റു കലാപരിപാടികളും അരങ്ങേറി. വൈകീട്ട് 5 മണിക്കു തുടങ്ങിയ പാര്‍ട്ടി അര്‍ദ്ധരാത്രി കഴിഞ്ഞും തുടര്‍ന്നു കൊണ്ടിരുന്നു.

അതിഗംഭീരമായ 'അപ്പറ്റൈസര്‍' ആയിരുന്നതുകൊണ്ടാവാം 'മെയിന്‍ കോഴിസില്‍' ഓര്‍ഡര്‍ ചെയ്ത വിലകൂടിയ ഭക്ഷണം മിക്കവാറും അതിഥികളുടെ പ്ലേറ്റുകളില്‍ ബാക്കിയിരുന്നു. ഇരുനൂറു ഡോളറില്‍ കൂടുതല്‍ ഓരോ പ്ലേറ്റിനും ചെലവായ ഈ സത്ക്കാരത്തില്‍ ബാക്കിവന്ന ഭക്ഷണം എന്തുചെയ്യുമെന്നു റിസോര്‍ട്ടു മാനേജരോടു ഞാന്‍ തെരക്കി. റിസോര്‍ട്ടിനു പുറകില്‍ മാലിന്യം നിറയ്ക്കുന്ന കണ്ടെയ്‌നറുകളിലേക്കു മാറ്റും എന്നായിരുന്നു മറുപടി. എങ്കില്‍ പിന്നെ അതു വല്ല ഹോംലെസ് ഷെല്‍റ്ററുകളിലേക്കു കൊടുത്തുകൂടേ എന്ന എന്റെ ചോദ്യത്തിന്, 'പണം മുടക്കിയ ആള്‍ പറഞ്ഞാല്‍ ഞങ്ങള്‍ പായ്ക്കു ചെയ്തു കൊടുക്കാം. ഞങ്ങള്‍ നേരിട്ടുകൊടുത്താല്‍ അത് അതിഥികളെ അപമാനിക്കലാവും' എന്നായിരുന്നു മറുപടി. ഒടുവില്‍ അതു മുഴുവന്‍ മാലിന്യക്കൂമ്പാരത്തിലേക്കു മാറ്റപ്പെട്ടു.

എന്നാല്‍ ഡിസംബര്‍ ഒടുവില്‍ ഫിലാഡല്‍ഫിയായില്‍ മറ്റൊരു വിവാഹ ചടങ്ങില്‍ സംബന്ധിച്ചത് വേറിട്ടൊരു അനുഭവമായിരുന്നു. വലിയ ആഡംബരങ്ങളില്ലായിരുന്നു. മദ്യം വിളമ്പിയില്ല. എന്നാല്‍ അതിഥികളെ വളരെ മാന്യമായി സത്ക്കരിച്ചു. വധുവരന്മാര്‍ ഡോക്ടര്‍മാരാണ്. വിവാഹ ചടങ്ങിനെപ്പറ്റി ചര്‍ച്ചചെയ്തപ്പോള്‍ അവര്‍ രണ്ടും കൂടി ഒരു തീരുമാനമെടുത്തു. അവരുടെ വിവാഹസത്ക്കാരം നടക്കുന്ന സമയത്തുതന്നെ ന്യൂയോര്‍ക്കു സിറ്റിയിലുള്ള ഹോംലെസ് ഷെല്‍റ്ററില്‍ 650 പേര്‍ക്ക് അത്താഴം വിളമ്പി അവര്‍ മാതൃക കാണിച്ചു.

അടുത്തയിടെ ഒരു സുഹൃത്തു പറഞ്ഞ കാര്യം ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്. അദ്ദേഹം വീടിന്റെ 'ഇക്വിറ്റി' എടുത്താണ് മകന്റെ വിവാഹം നടത്തിയത്. എന്നാല്‍ 'ഗിഫ്റ്റ് കിട്ടിയ തുകയില്‍ ഒരു പൈസ പോലും അവന്‍ എനിക്കു തന്നില്ല.' എന്നു വിഷമം പുറത്തുകാണിക്കാതെയാണെങ്കിലും അദ്ദേഹം പറഞ്ഞത് ഹൃദയത്തില്‍ നിന്നായിരുന്നു.

പല അമേരിക്കക്കാരുടെയും വിവാഹചടങ്ങുകളില്‍ സംബന്ധിച്ചിട്ടുള്ള ഞാന്‍ വളരെ ലളിതമായ ചടങ്ങുകള്‍ക്കാണു സാക്ഷ്യം വഹിച്ചിട്ടുള്ളത്. നമ്മുടെ മക്കളുടെ വിവാഹചടങ്ങുകള്‍ക്ക് എന്തിനാണിത്ര ധൂര്‍ത്തടിക്കുന്നത്? അല്പം ചെലവു കുറച്ചിട്ട് ആ പണം പാവപ്പെട്ട ആരെയെങ്കിലും സഹായിക്കാനുതകുമെങ്കില്‍ അതല്ലേ അഭികാമ്യം? നാം കഷ്ടപ്പെട്ടുണ്ടാക്കിയ പണം അല്ലെങ്കില്‍ കടമെടുക്കുന്ന പണം നാലോ അഞ്ചോ മണിക്കൂറു കൊണ്ടു വെറുതെ കത്തിച്ചു കളയണോ? ആഡംബര പേക്കൂത്തിനു  
പോകുന്നതിനു പ്രേരിപ്പിക്കുന്ന ദുരഭിമാനം വേണ്ടെന്നു വച്ചു കൂടേ? 

Join WhatsApp News
keraleeyan 2018-02-17 10:12:59
വളരെ പ്രസക്തമായ കാര്യം. നാട്ടില്‍ നായര്‍ തറവാടുകള്‍ മുടിഞ്ഞത് ഇത്തരം ദുരഭിമാനം കൊണ്ടാണെന്നു ചരിത്രം പറയുന്നു.
ഇവിടെ രണ്ടാം തലമുറയാണു പ്രശ്‌നക്കാര്‍. അവരില്‍ പലര്‍ക്കും കൈ നിറയെ കാശു കിട്ടുന്നു. അത് അടിച്ചു പൊടിച്ചു തീര്‍ക്കുന്നു. മുന്തിയ ഹോട്ടല്‍, വലിയ വിവാഹ സല്‍ക്കാരങ്ങള്‍ എന്നു വേണ്ട അവരൊക്കെ സായിപ്പുമാര്‍ ആണെന്നാണു അവരുടെ പെരുമാറ്റം കണ്ടാല്‍ തോന്നുക.
ഈ ചിന്താഗതി മാറിയേ പറ്റൂ. ഭാരതീയ സംസ്‌ക്കാരത്തിലേക്ക് അവര്‍ മടങ്ങി വരണം 

texan2 2018-02-17 12:05:26
അല്ല കേരളീയ താങ്കൾ എപ്പോഴാണ് ഈ "ഭാരതീയ" സംസ്‍കാരം എന്നൊന്ന് ഉണ്ടെന്നു തിരിച്ചറിഞ്ഞത് ?  ഒന്ന് നിർവചിച്ചാല് കൊള്ളാമായിരുന്നു  .  ഈ ഭാരതീയ സംസ്കാരം പതിനായിരം വര്ഷങ്ങള്ക്കു മുൻപേ ഉണ്ടായിരുന്നോ?
keraleeyan 2018-02-17 16:31:36
സവര്‍ണ ഹിന്ദു മതം ഉണ്ടാകുന്നതിനു മുന്‍പ് ഇന്ത്യയില്‍ മനുഷ്യര്‍ ഉണ്ടായിരുന്നു. അവരുടെ സംസ്‌കാരമാണു ഭാരത സംസ്‌കാരം. അല്ലാതെ അതിന്റെ ഉടമാവകാശം ഇക്കാലത്തെ വര്‍ഗീയക്കാര്‍ക് തീറെഴുതി കൊടുത്തിട്ടൊന്നുമില്ല.
അമിതമായ ഭൗതികതയില്‍ പെടരുത് എന്നതാനു ഭാരതീയ സംസ്‌കാരം കൊണ്ട് ഉദ്ദേശിച്ചത്‌ 

നാരദന്‍ 2018-02-17 17:09:10

സവര്‍ണ്ണര്‍ കൊണ്ടുവന്ന സംസ്കാരം ആണ് വര്‍ണവിവേചനം, തീണ്ടല്‍, സതി, ജാതി, മുതലായ ഹീനമായ പരിപാടികള്‍. ഇപ്പോള്‍ അതിനെ സവര്‍ണ്ണര്‍, ഹിന്ദു സംസ്കാരം എന്ന് തെറ്റിദ്ധാരണ പരത്തുന്നു. എന്തിനാണ് താഴ്ന്നവര്‍ എന്ന് സവര്‍ണ്ണര്‍ കരുതിയവര്‍ അവരെ പൊക്കികൊണ്ട് നടക്കുന്നത്. ട്രുംപിനെ പൊക്കി ആരാദിക്കുന്ന മലയാളിയെ പോലെ?

 

josechertpuram 2018-02-17 19:20:57
Idon't know when we will start abandening our"Pogacham".This show off was in kerala where majority is poor,here who cares wheather you are millonaire or not.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക