Image

ഈ ലോകം ഇത് എങ്ങോട്ട് ? (പകല്‍ക്കിനാവ്- 91: ജോര്‍ജ് തുമ്പയില്‍)

Published on 18 February, 2018
ഈ ലോകം ഇത് എങ്ങോട്ട് ? (പകല്‍ക്കിനാവ്- 91: ജോര്‍ജ് തുമ്പയില്‍)
അമേരിക്കയുടെ ഓഹരി വിപണി സൂചികയായ ഡൗ ജോണ്‍സ് ഇടിഞ്ഞതാണ് ഇപ്പോഴത്തെ വലിയ വാര്‍ത്ത. അതിന്റെ പ്രത്യാഘാതം ലോകത്തെ എല്ലാ ഓഹരിവിപണികളിലും പ്രതിഫലിച്ചു. പ്രത്യേകിച്ച്, ഏഷ്യന്‍ വിപണിയിലാണ് വലിയ തകര്‍ച്ച ഉണ്ടായത്. ഡൗണ്‍ ജോണ്‍സ് 1600 പോയിന്റ് ഇടിഞ്ഞതാണ് വിപണിയില്‍ ഇടിവുണ്ടാകാന്‍ കാരണമായത്. കൃത്യമായി പറഞ്ഞാല്‍, അമേരിക്കന്‍ ഓഹരി വിപണി പ്രവര്‍ത്തനമാരംഭിച്ചു നിമിഷങ്ങള്‍ക്കകം 5.4 കോടി ഡോളറിന്റെ നിക്ഷേപം പിന്‍വലിച്ചതാണ് വലിയ തോതിലുള്ള പ്രതിസന്ധിക്ക് കാരണമായത്. കഴിഞ്ഞ 20 മാസത്തിനുള്ളിലെ സൂചികയുടെ ഒറ്റദിവസത്തിലെ ഏറ്റവും മോശം പ്രകടനമാണിത്. തൊഴില്‍മേഖല നിയമങ്ങള്‍ കര്‍ശനമാക്കിയതും നാണ്യപ്പെരുപ്പ ഭീക്ഷണിയുമാണു ഡൗ ജോണ്‍സിനെ തളര്‍ത്തിയത്. എസ് ആന്‍ഡ് പി, ഡൗ ഡോണ്‍സ്, നസ്ഡാക്ക് സൂചികകള്‍ നിറംമങ്ങിയാണു വാരാന്ത്യം കളമൊഴിഞ്ഞത്. അമേരിക്കന്‍ സൂചികകളിലെ തളര്‍ച്ച മറ്റു സൂചികകളേയും കാര്യമായി ബാധിച്ചു. യുഎസ് ജോബ് ഡാറ്റ പുറത്തുവന്നതിനെതുടര്‍ന്ന് ആഗോള വ്യാപകമായുണ്ടായ കനത്ത വില്‍പന സമ്മര്‍ദമാണ് സൂചികകളെ ബാധിച്ചത്. ലോങ് ടേം ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സ് ഏര്‍പ്പെടുത്തിയതുമൂലം ഇന്ത്യന്‍ ഓഹരി വിപണിയും സമ്മര്‍ദത്തിലാണെന്ന് അവിടെ നിന്നുള്ള സാമ്പത്തിക റിപ്പോര്‍ട്ടുകളില്‍ കാണുന്നുണ്ട്. ആഗോളതലത്തിലുള്ള അനിശ്ചിതത്വം, ഉത്തരകൊറിയയില്‍നിന്ന് തുടര്‍ച്ചയായി ഉയര്‍ന്നുവരുന്ന ഭീഷണി, യുഎസ് ഫെഡ്‌റിസര്‍വിന്റെ മോണിറ്ററി പോളിസി തീരുമാനങ്ങള്‍ തുടങ്ങിയവ വിപണിയുടെ കരുത്ത് ചോര്‍ത്തിയെന്ന് സാമ്പത്തിക വിദഗ്ധരുടെ അവലോകനങ്ങളില്‍ കാണുന്നു.

വ്യവസായ സൂചിക താഴ്ന്നതിനെ തുടര്‍ന്ന് ഡൗ ജോണ്‍സ് സൂചിക ഫെബ്രുവരി രണ്ടാം തീയതി വെള്ളിയാഴ്ച നഷ്ടത്തിലായിരുന്നു ക്ലോസ് ചെയ്തത്. യുഎസ് വിപണിയെ പിന്തുടര്‍ന്ന് ഏഷ്യന്‍ മാര്‍ക്കറ്റുകളും നഷ്ടത്തിലായി. ലോകം വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോവുകയാണെന്ന സൂചനകളാണ് എല്ലായിടത്തും. 2008ലെ ആഗോളമാന്ദ്യമുണ്ടാക്കിയ തകര്‍ച്ചയില്‍നിന്ന് ലോകസാമ്പത്തികരംഗം പൂര്‍ണ്ണമായും കരകയറിയിട്ടില്ല, അതിനിടെ മറ്റൊരു ആഘാതം. ആഗോളമാന്ദ്യമുണ്ടാക്കിയ തകര്‍ച്ചയില്‍നിന്ന് കരകയറുംമുന്നെ, മറ്റൊരു ആഘാതം കൂടിവന്നാല്‍ എങ്ങനെ നേരിടുമെന്ന ആശങ്ക എല്ലായിടത്തുമുണ്ട്. 2011 ഓഗസ്റ്റിനുശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിത്. ഒരാഴ്ച മുമ്പാണ് ജനുവരി 26ന് ഡൗ ജോണ്‍സ് എക്കാലത്തെയും മികച്ച ഉയരത്തിലെത്തിയതെന്നു കൂടി ഓര്‍ക്കണം. അതിനു ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ ബ്ലൂമൂണിനെ പോലെ വിപണിയേയും ഗ്രഹണം ബാധിക്കുകയായിരുന്നു.

ലോകത്തെ ഏറ്റവും വലിയ 500 കോടീശ്വരന്‍മാര്‍ക്കു 114 ബില്യന്‍ ഡോളറാണ് വിപണി ചാഞ്ചാട്ടം മൂലം നഷ്ടമായതെന്ന് ബ്ലൂംബര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് പറയുന്നു. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കോടീശ്വരനായ ബെര്‍ക്‌ഷെയര്‍ ഹാത്ത്‌വെ ഇന്‍ക് ചെയര്‍മാന്‍ വാറന്‍ ബഫറ്റിനാണ് ഏറ്റവും വലിയ നഷ്ടക്കച്ചവടമുണ്ടായത്. 5.1 ബില്യണ്‍ ഡോളറാണ് ബഫറ്റിന്റെ മാത്രം നഷ്ടം. അമേരിക്കന്‍ ഓഹരിവിപണിയിലെ വന്‍തകര്‍ച്ചയില്‍ ബെര്‍ക്‌ഷെയറിന് ഏറ്റവും കൂടുതല്‍ ഓഹരി നിക്ഷേപമുള്ള വെല്‍സ് ഫാര്‍ഗോ ആന്‍ഡ് കമ്പനിയുടെ ഓഹരി 9.2 ശതമാനമാണ് ഇടിഞ്ഞത്. ഫേസ്ബുക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് നഷ്ടക്കണക്കില്‍ രണ്ടാം സ്ഥാനത്ത്. 3.6 ബില്യണ്‍ ഡോളറാണ് ഒറ്റദിവസം കൊണ്ട് ഫേസ്ബുക് ഓഹരികള്‍ ഇടിഞ്ഞതുമൂലമുണ്ടായ നഷ്ടം. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ആമസോണ്‍ സിഇഒ ജെഫ് ബെസൂസാണ് മൂന്നാമത്തെ വലിയ നഷ്ടക്കച്ചവടക്കാരന്‍. 3.3 ബില്യണ്‍ ഡോളറാണ് ബെസൂസിന് നഷ്ടമായത്.

2008 സെപ്റ്റംബറില്‍ സാമ്പത്തിക പ്രതിസന്ധിയുടെ മൂര്‍ധന്യാവസ്ഥയിലുണ്ടായ തകര്‍ച്ചയ്ക്കു ശേഷം ഒരു ദിവസം ഓഹരി സൂചികയില്‍ ഇത്രയധികം ഇടിവുണ്ടാകുന്നത് ഇതാദ്യമാണ്. വേതന വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍ പുറത്തു വന്നത് പലിശ വര്‍ധനയ്ക്കുള്ള സാധ്യതയിലേക്ക് വിരല്‍ചൂണ്ടിയിരുന്നു. ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യത്തിലും വന്‍ ഇടിവുണ്ടായി. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് നിക്ഷേപകര്‍ ഓഹരി വിറ്റഴിക്കാതിരുന്നത് വിപണിയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. മൂന്ന് പ്രധാന യുഎസ് സൂചികകളും 1 ശതമാനത്തിലും കുറഞ്ഞു. ഡൗ, എസ്.ആന്‍ഡ്.പി 500 എന്നിവ ശതമാനത്തിലും താഴെയായി. ഈ നിലയ്ക്ക് മുന്നോട്ടു പോയാല്‍ ലോകം എവിടെ പോയി നില്‍ക്കുമെന്ന കാര്യത്തില്‍ ഒരു തീരുമാനവുമില്ല. അതേസമയം അമേരിക്കന്‍ ഫെഡ് റിസര്‍വ് പുറത്തു വിട്ട പത്രക്കുറിപ്പ് പ്രകാരം അമേരിക്കന്‍ സാമ്പത്തിക രംഗം ഇപ്പോഴും ഭദ്രമാണ്. ഒരു തരത്തിലുമുള്ള സാമ്പത്തിക മാന്ദ്യവും അമേരിക്കയെ ബാധിച്ചിട്ടില്ലെന്നു കണക്കുകള്‍ നിരത്തി അവര്‍ വ്യക്തമാക്കുന്നു. തൊഴില്‍ ഭദ്രത, വിപണിയുടെ മുന്നേറ്റം, സാമ്പത്തിക അഭിവൃദ്ധി, കിട്ടാക്കട്ടം കുറച്ചത് ഒക്കെ നേട്ടങ്ങളുടെ പട്ടികയിലാക്കിയാണ് അവര്‍ വിജയഗാഥയുടെ തുടര്‍ച്ച വെളിപ്പെടുത്തുന്നത്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അമേരിക്കന്‍ ഓഹരി വിപണിയിലെ നഷ്ടങ്ങള്‍ പ്രതിഫലിക്കുന്നില്ലെങ്കിലും വൈകാതെ പലരുടെയും സമ്പത്തിനെ അതു ചോദ്യം ചെയ്തു തുടങ്ങുമെന്ന് ഉറപ്പായി.

അമേരിക്കന്‍ ഭരണക്കൂടത്തിന്റെ സാമ്പത്തിക സ്ഥിരതയില്ലായ്മയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നും ഇതിന് ഏതെങ്കിലും തരത്തില്‍ ഇടിവു സംഭവിച്ചാല്‍ ലോകമാകമാനം സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന മുന്നറിയിപ്പുകളാണ് ഇപ്പോള്‍ സത്യമായിരിക്കുന്നത്. നമുക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് എത്ര ഉച്ചത്തില്‍ ഫെഡ് റിസര്‍വ് പറഞ്ഞാലും എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്നു വ്യക്തം. അതാണല്ലോ, വിപണിയില്‍ കാണുന്നതും. ലോകത്തിന്റെ പോക്ക് ഓര്‍ത്തിട്ട് നടുക്കമുണ്ടെന്നത് മാത്രമാണ് വാസ്തവം.
Join WhatsApp News
Boby Varghese 2018-02-18 19:02:15
An equity named exchange traded notes or ETN. Some big investors in ETN also did bet on negative Volatility Index or VIX. Their investments went against them and they were forced to cover their loss. They unloaded billions of good stocks, which affected our market and the world market followed.
About 35 % of the loss was already recovered in the last one week. American economy is in excellent shape. Corrections like this gives great opportunities to buy good stocks at much better price.7825
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക