Image

നീരവ് മോദിയെ ആര്‍ബിഐ ഗവര്‍ണറാക്കാന്‍ ശിവസേനയുടെ പരിഹാസം

Published on 18 February, 2018
നീരവ് മോദിയെ ആര്‍ബിഐ ഗവര്‍ണറാക്കാന്‍ ശിവസേനയുടെ പരിഹാസം

മുംബൈ: രാജ്യത്തെ പെട്ടന്ന് അവസാനിപ്പിക്കാന്‍ നീരവ് മോദിയെ റിസര്‍വ് ബാങ്കിന്റെ ഗവര്‍ണറായി നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സഖ്യകക്ഷി കൂടിയായ ശിവസേനയുടെ പരിഹാസം.  പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത ശേഷം രത്‌ന വ്യാപാരി നീരവ് മോദിയും കുടുംബവും കഴിഞ്ഞ മാസം രാജ്യം വിട്ടതിനെ തുടര്‍ന്‌നാണ് ശിവസേനയുടെ പരിഹാസം.  കഴിഞ്ഞ മാസം ദാവോസില്‍ നടന്ന ഉച്ചക്കോടിയില്‍ പ്രധാനമന്ത്രിക്കൊപ്പം നീരവ് മോദി പോസ് ചെയ്ത ഫോട്ടോയുള്‍പ്പെടെ ശിവസേനയുടെ മുഖപത്രമായ സാംനയില്‍ നല്‍കിയ മുഖപ്രസംഗത്തിലാണ് പരിഹാസം. 

നീരവ് മോദി ബിജെപിയുമായി അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്. അതിന് പുറമെ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിക്ക് ഫണ്ട് പിരിക്കാന്‍ മുന്നിട്ടിറങ്ങിയതില്‍ പ്രധാനിയാണ് നീരവെന്നും ശിവസേന ആരോപിക്കുന്നു. ബിജെപി നേതാക്കളുടെ ഒത്താശയോടെയാണ് പിഎന്‍ബി കൊള്ള നടന്നതെന്ന് പറയുന്നില്ല. എന്നാല്‍, ഈ കൊള്ളയുടെ വിഹിതം ബിജെപിയില്‍ എത്തിയിട്ടുണ്ടെന്ന് ശിവസേന പറഞ്ഞു. ബിജെപിയുടെ സാമ്പത്തിക അഭിവൃദ്ധിക്കുവേണ്ടി ഏറ്റവും കൂടുതല്‍ അധ്വാനിച്ചിട്ടുള്ള വ്യക്തിയാണ് നീരവ് മോദിയെന്നും ശിവസേന കുറ്റപ്പെടുത്തി.

ദാവോസില്‍ നടന്ന ഉച്ചക്കോടിയില്‍ പ്രധാനമന്ത്രിക്കും മറ്റ് പ്രമുഖര്‍ക്കുമൊപ്പം നീരവ് മോദി എങ്ങനെ കയറിപ്പറ്റിയെന്ന് ബിജെപി വ്യക്തമാക്കണം. എല്ലാ വിവരങ്ങളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് പറയുന്ന ബിജെപി നീരവിന്റെ ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്നും വെളിപ്പെടുത്തണമെന്ന് ശിവസേന ആവശ്യപ്പെട്ടു.

സാധാരണ ആളുകള്‍ക്ക് ചികിത്സ കിട്ടണമെങ്കില്‍ പോലും ആധാര്‍ ആവശ്യപ്പെടുന്ന രാജ്യത്ത് നീരവ് മോദിയെ പോലെയുള്ളവര്‍ ആധാര്‍ പോലുമില്ലാതെ കോടികള്‍ തട്ടിക്കൊണ്ടുപോകുന്നത് വിരോധാഭാസമാണെന്നും എഡിറ്റോറിയലില്‍ പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക