Image

800 കോടിയുടെ ബാങ്ക്‌ തട്ടിപ്പ്‌: റോട്ടോമാക്‌ പേനാ കമ്പനി ഉടമ വിക്രം കോത്താരി അറസ്റ്റില്‍

Published on 19 February, 2018
800 കോടിയുടെ ബാങ്ക്‌ തട്ടിപ്പ്‌: റോട്ടോമാക്‌ പേനാ കമ്പനി ഉടമ വിക്രം കോത്താരി അറസ്റ്റില്‍
ന്യൂദല്‍ഹി: വിവിധ പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 800 കോടിയോളം രൂപ വായ്‌പ എടുത്ത ശേഷം തിരിച്ചടയ്‌ക്കാത്ത സംഭവത്തില്‍ റോട്ടോമാക്‌ പേന കമ്പനി ഉടമ വിക്രം കോത്താരിയെ സി.ബി.ഐ അറസ്റ്റ്‌ ചെയ്‌തു. കോത്താരിയുടെ കാണ്‍പുരിലെ വീട്ടിലും ഓഫീസുകളിലും റെയ്‌ഡ്‌ നടത്തിയതിനു ശേഷമായിരുന്നു അറസ്റ്റ്‌.

കോത്താരിയെയും ഭാര്യയെയും മകനെയും സി.ബി.ഐ ചോദ്യം ചെയ്‌തിട്ടുമുണ്ട്‌. പുലര്‍ച്ചെ നാലുമണിയോടെ ആയിരുന്നു റെയ്‌ഡ്‌ ആരംഭിച്ചത്‌.

ബാങ്ക്‌ ഓഫ്‌ ബറോഡയുടെ പരാതിയിന്മേലാണ്‌ സി.ബി.ഐ അന്വേഷണം ആരംഭിച്ചിരിക്കുന്നത്‌. അതിനിടെ കോത്താരി രാജ്യം വിട്ടതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇന്നലെ ജാഗരണ്‍ ഗ്രൂപ്പ്‌ ഉടമ സഞ്‌ജീവ്‌ ഗുപ്‌തയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോത്താരി എത്തുകയായിരുന്നു.

അലഹബാദ്‌ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ബാങ്ക്‌ ഓഫ്‌ ബറോഡ, യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്ക്‌ എന്നീ അഞ്ചു ബാങ്കുകളില്‍നിന്നാണ്‌ കോത്താരി വായ്‌പകള്‍ തരപ്പെടുത്തിയത്‌. യൂണിയന്‍ ബാങ്കില്‍നിന്ന്‌ 485 കോടി രൂപയും അലഹബാദ്‌ ബാങ്കില്‍നിന്ന്‌ 352 കോടി രൂപയും കോത്താരി വായ്‌പയെടുത്തു. എന്നാല്‍, പലിശയിനത്തിലോ മുതലിനത്തിലോ ഒരു പൈസപോലും തിരിച്ചടച്ചിട്ടില്ല.

നീരവ്‌ മോദിയും കുടുംബാംഗങ്ങളും 11,300 കോടി രൂപ തട്ടിപ്പ്‌ നടത്തിയത്‌ പുറത്തുവന്നതിന്‌ പിന്നാലെയാണ്‌ മറ്റ്‌ കമ്പനികളുടെയും തട്ടിപ്പുകള്‍ പുറത്തുവരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക