Image

മുടി സ്‌കൂളിലെ സിലബസ് (മുരളി തുമ്മാരുകുടി)

Published on 19 February, 2018
മുടി സ്‌കൂളിലെ സിലബസ് (മുരളി തുമ്മാരുകുടി)
എന്റെ ചെറുപ്പകാലത്ത് മുടി വെട്ടുക എന്നത് ചില ജാതിയില്‍ ഉള്ളവരും ചില കുടുംബങ്ങളില്‍ ഉള്ളവരും മാത്രം ചെയ്തുകൊണ്ടിരുന്ന ഒന്നായിരുന്നു. ഇപ്പോള്‍ അത് മാറി, പക്ഷെ പുതിയ തലമുറ മലയാളി ആണ്‍കുട്ടികളില്‍ മുടിവെട്ടാന്‍ പോകുന്നവര്‍ അപൂര്‍വ്വമാണ്. ഏതാണ്ട് മൊത്തമായി മറുനാട്ടുകാര്‍ ഏറ്റെടുത്തിരിക്കുന്ന തൊഴില്‍ ആണിത്.

ഗള്‍ഫ് രാജ്യങ്ങളില്‍ പക്ഷെ മുടിവെട്ടുന്ന മലയാളികള്‍ ഇപ്പോഴും ഉണ്ട്. ഇത് മുടിവെട്ടിന്റെ മാത്രം കാര്യമല്ല. കേരളത്തില്‍ കൃഷിസ്ഥലത്ത് ജോലി ചെയ്യാന്‍ മലയാളികളെ കിട്ടാറില്ലെങ്കിലും ഗള്‍ഫില്‍ ഏറെ കൃഷിസ്ഥലത്ത് പണിചെയ്യുന്നത് മലയാളികളാണ്.

എന്തുകൊണ്ടാണ് മറ്റു രാജ്യങ്ങളില്‍ പോയാല്‍ എന്തും ചെയ്യാന്‍ തയ്യാറാവുന്ന മലയാളി കേരളത്തില്‍ ഏറെ തൊഴിലുകളില്‍ നിന്നും അകന്നു പോകുന്നത് ?

പ്രധാനമായും പണം തന്നെ ആണ് കാരണം. കേരളത്തിലെ മുടി വെട്ടുകാരന്റെ ശമ്പളം അല്ല ഗള്‍ഫില്‍ കിട്ടുന്നത്. ജനീവയില്‍ ഒന്ന് മുടി വെട്ടാന്‍ മൂവായിരം രൂപയുടെ അടുത്ത് ചെലവാവുമെന്ന് ഒരിക്കല്‍ ഞാന്‍ പറഞ്ഞല്ലോ.

എന്തുകൊണ്ടാണ് സര്‍വ്വസാധാരണമായ മുടിവെട്ടലിന്റെ ചാര്‍ജില്‍ പോലും ലോകത്ത് ഇത്രമാത്രം വ്യത്യാസം ?. ഇത് മുടി വെട്ടുന്നതിന്റെ മാത്രം കാര്യവുമല്ല, പ്ലമ്പിങ്ങ് തൊട്ടു ഗാര്‍ഡനിങ്ങ് വരെ ഉള്ള ജോലികള്‍ളുടെ ശമ്പളത്തില്‍ ലോകത്ത് വ്യത്യസ്ഥ സ്ഥലങ്ങളില്‍ പത്തോ അമ്പതോ ഇരട്ടി മാറ്റം ഉണ്ട്.

ഏത് രാജ്യത്താണ് നിങ്ങള്‍ തൊഴില്‍ ചെയ്യുന്നത് എന്നതാണ് ഈ ശമ്പള വ്യത്യാസത്തിന്റെ ഒരു അടിസ്ഥാന കാരണം. പക്ഷെ അത് മാത്രം അല്ല. ഓരോ രാജ്യത്തേയും ജോലിക്കാരുടെ സംഘടനാ ബലം, ലൈസന്‌സിങ്ങ് നിയമങ്ങള്‍ ഇതൊക്ക ശമ്പളത്തില്‍ പ്രതിഫലിക്കും.ഡ്രൈവിംഗ് അറിയാവുന്ന ആര്‍ക്കും ഒരു ടാക്‌സി ഓടിക്കാവുന്ന രാജ്യങ്ങളിലെ ചാര്‍ജ്ജല്ല ഒരു നഗരത്തില്‍ ഉള്ള ടാക്‌സികളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍.

ഒരു തൊഴിലിന്റെ പരിശീലനത്തിന് എത്ര സമയം ചെലവാക്കുന്നു എന്നതും അതിന്റെ കൂലി തീരുമാനിക്കുന്നതില്‍ അടിസ്ഥാനമായ ഒരു ഘടകം ആണ്. പ്രത്യേകിച്ച് പരിശീലനം ഒന്നുമില്ലാതെ ആര്‍ക്കും ഒരു തൊഴിലിന് ഇറങ്ങാം എന്ന് വച്ചാല്‍ പിന്നെ ആ ജോലിക്ക് കുറഞ്ഞ കൂലിയായിരിക്കും.

യൂറോപ്പില്‍ മുടിവെട്ടുന്നതിന് വലിയ കൂലിയാണെന്ന് പറഞ്ഞല്ലോ. രാവിലെ എണീച്ചു ചെന്ന് ആര്‍ക്കും മുടിവെട്ടുന്ന കടയില്‍ ജോലി ചെയ്യാന്‍ പറ്റില്ല. വര്‍ഷങ്ങള്‍ നീണ്ട പരിശീലനം മുടിവെട്ടിനും വേണം.

കേരളത്തിലെ പുതിയ തലമുറക്ക് കേരളത്തില്‍ തന്നെ ജോലി കണ്ടെത്തണമെങ്കില്‍ ഇക്കാര്യം എല്ലാം നമ്മള്‍ ശ്രദ്ധിക്കണം. നിര്‍മ്മാണ ജോലികള്‍ ആണെങ്കിലും തിരുമ്മല്‍ ജോലി ആണെങ്കിലും അതിന് മിനിമം പരിശീലനം നിര്‍ബന്ധം ആക്കണം. അത്തരം പരിശീലനം ഉള്ളവര്‍ക്ക് സുതാര്യമായ ഒരു ലൈസന്‌സിങ്ങ് ഉണ്ടാക്കണം. ഓരോ തൊഴിലും ആയി ബന്ധപ്പെട്ട സുരക്ഷാബോധമൊക്കെ പരിശീലനത്തിന്റെ ഭാഗമാക്കണം. ഓരോ തൊഴിലും ചെയ്യുന്നവര്‍ക്ക് അതിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ അനുസരിച്ച് ഇന്‍ഷുറന്‍സ് ഉണ്ടാക്കണം.ഓരോ തൊഴിലുകൊണ്ടും അവര്‍ ഉണ്ടാക്കുന്ന സുരക്ഷാ ആരോഗ്യപ്രശ്‌നങ്ങളില്‍ നഷ്ടം പറ്റുന്നവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ ഉള്ള ഇന്‍ഷുറന്‍സ് ഉണ്ടാക്കണം. (https://en.wikipedia.org/wiki/Professional_liability_insurance).
ഇങ്ങനെ ഒക്കെ ചെയ്തു തുടങ്ങുമ്പോള്‍ ഓരോ തൊഴിലിന്റെയും പ്രൊഫഷണലിസം കൂടും,ശമ്പളം ഉയരും, സമൂഹത്തില്‍ മാന്യമാകും, കല്യാണം കഴിക്കാന്‍ ബുദ്ധിമുട്ടില്ലാതെ വരും.

(ആത്മഗതം: ഈ മുടി വെട്ടിനെ പറ്റി മൂന്നു വര്‍ഷം പഠിപ്പിക്കുന്ന സ്‌കൂളില്‍ തലയിലെ മുടി മാത്രമാണോ സിലബസ്സില്‍ ഉള്ളതെന്ന് എനിക്ക് എപ്പോഴും സംശയം ഉണ്ടാവാറുണ്ട്.പിന്നെ ഇവിടെ മുടിവെട്ടാന്‍ നില്‍ക്കുന്നവര്‍ എല്ലാം പെണ്‍കുട്ടികള്‍ ആയതിനാല്‍ ഇതുവരെ ചോദിച്ചിട്ടില്ല. ഉത്തരം അറിയാവുന്നവര്‍ ഉണ്ടെങ്കില്‍ പറയാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക