Image

ശരീരം യുഎസിലും മനസ്സ് ഇന്ത്യയിലും ധനം സ്വിസ് ബാങ്കിലുമെന്ന രീതി ശരിയല്ല: ടി.പി.ശ്രീനിവാസന്‍

Published on 19 February, 2018
ശരീരം യുഎസിലും മനസ്സ് ഇന്ത്യയിലും ധനം സ്വിസ് ബാങ്കിലുമെന്ന രീതി ശരിയല്ല: ടി.പി.ശ്രീനിവാസന്‍
കുവൈത്ത് സിറ്റി: ശരീരം യുഎസിലും മനസ്സ് ഇന്ത്യയിലും ധനം സ്വിസ് ബാങ്കിലുമെന്ന യുഎസിലെ പ്രവാസിയുടെ ബോധം ശരിയല്ലെന്ന് പ്രമുഖ നയതന്ത്രജ്ഞന്‍ ടി.പി.ശ്രീനിവാസന്‍ പറഞ്ഞു.

പ്രവാസികളാണെന്ന കാരണത്താല്‍ ആവശ്യങ്ങള്‍ വര്‍ധിക്കുന്നത് ശരിയല്ല. പ്രവാസികളെന്ന നിലയില്‍ ചോദിക്കുന്നത് നമ്മുടെ നാട്ടില്‍ പ്രവാസികളായി എത്തിയവര്‍ തിരിച്ചുചോദിക്കുമെന്ന തിരിച്ചറിവും വേണമെന്ന് അദ്ദേഹം പറഞ്ഞു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ കുവൈത്ത് ചാപ്റ്റര്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദേശങ്ങളില്‍ നമ്മളോട് ഇടപെടുന്നതിലും മോശമായാണ് കേരളത്തില്‍ ഇതര സംസ്ഥാനക്കാരെ കൈകാര്യം ചെയ്യുന്നത്. ഏത് പ്രശ്‌നമുണ്ടായാലും ബംഗാളിയെ പിടികൂടുക എന്നത് രീതിയായി മാറി. പ്രവാസികള്‍ക്കിടയില്‍ കൂടുതല്‍ സംഘടനകള്‍ ഉണ്ടാകുന്നതില്‍ പ്രശ്‌നമില്ല. പരസ്പരം കലഹിക്കാതിരുന്നാല്‍ മതി. കൂട്ടായ്മകള്‍ സമൂഹത്തിന് ഗുണമേ ചെയ്യൂ. ലോക കേരള സഭയെയും ആ അര്‍ഥത്തിലാണ് കാണേണ്ടത്. പ്രവാസികള്‍ പലയിടത്തും പല തരത്തിലായിരിക്കും.

വിവിധ രാജ്യങ്ങളിലെ ജോലിക്കിടയില്‍ പ്രവാസികളും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിലെ വൈവിധ്യം മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന് ശ്രീനിവാസന്‍ പറഞ്ഞു. പ്രസിഡന്‍റ് ടോം ജേക്കബ് അധ്യക്ഷത വഹിച്ചു. എസ്.എസ്.സുനില്‍, ബിനില്‍ സ്കറിയ, വര്‍ഗീസ് പോള്‍, നയാഫ് സിറാജ്, എല്‍ദോസ് പി ജോയ്, രസ്‌ന രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. സംവാദത്തില്‍ ജെയ്‌സണ്‍ കാലിയാനില്‍ മോഡറേറ്റര്‍ ആയിരുന്നു. ലോക കേരള സഭാ അംഗങ്ങളായ സാം പൈനുംമൂട്, എം.ശ്രീംലാല്‍, ബാബു ഫ്രാന്‍സിസ്, തോമസ് മാത്യു കടവില്‍, ഷറഫുദ്ദീന്‍ കണ്ണേത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
ശരീരം യുഎസിലും മനസ്സ് ഇന്ത്യയിലും ധനം സ്വിസ് ബാങ്കിലുമെന്ന രീതി ശരിയല്ല: ടി.പി.ശ്രീനിവാസന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക