Image

മൂന്നാറില്‍ തിരുവഞ്ചൂരിന്റെ പൂച്ചകളിറങ്ങുമ്പോള്‍

ജി.കെ. Published on 29 June, 2011
മൂന്നാറില്‍ തിരുവഞ്ചൂരിന്റെ പൂച്ചകളിറങ്ങുമ്പോള്‍
നാലു വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം വീണ്‌ടുമൊരു മൂന്നാര്‍ ഓപ്പറേഷന്‌ കേരളം കാതോര്‍ക്കുകയാണ്‌. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള യുഡിഎഫ്‌ സര്‍ക്കാരിന്റെ ആദ്യ ദൗത്യ സംഘം മൂന്നാറിലെത്തി കൈയേറ്റങ്ങള്‍ നേരിട്ട്‌ കണ്‌ടുബോധ്യപ്പെട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്‌തു. ഇനി സര്‍വകക്ഷി യോഗം ചേര്‍ന്ന്‌ പൂച്ചകളെയോ പുലികളെയോ മൂന്നാറിലേക്ക്‌ അയക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തെന്നുംവരാം. പിന്നെ കുറച്ചുനാള്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും ആഘോഷിക്കാന്‍ കൈയേറ്റമൊഴിപ്പിക്കുന്നതിന്റെ ചൂടന്‍ ദൃശ്യങ്ങളും ചിത്രങ്ങളും നല്‍കി ജനങ്ങളെ കോരിത്തരിപ്പിക്കാം. അതിനുശേഷം പതിവുപോലെ എല്ലാവരും മൂന്നാറിനെ മറക്കും. പിന്നെ പതിവുപോലെ റിസോര്‍ട്ട്‌ മാഫിയയും കൈയേറ്റ മാഫിയയുമെല്ലാം മൂന്നാറിനെ കാല്‍ക്കീഴിലാക്കുകയും ചെയ്യും. കഴിഞ്ഞ കുറച്ചു കാലങ്ങളായി തുടരുന്ന കാഴ്‌ചയാണിത്‌.

അധികാരമേറ്റെടുത്ത്‌ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ എടുത്തുപറയാന്‍ കാര്യമായ ഭരണനേട്ടങ്ങളൊന്നുമില്ലാതിരിക്കെയാണ്‌ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ മുഖ്യമന്ത്രിയായിരുന്ന വി.എസ്‌.അച്യുതാനന്ദന്‍ മൂന്നാറിലേക്ക്‌ മൂന്ന്‌ പൂച്ചകളെ അയച്ചത്‌. ടാറ്റ കൈയേറിയ 50,000 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കുമെന്നും മൂന്നാറിനെ പൊളിച്ചടുക്കുമെന്നുമുള്ള വി.എസിന്റെ പ്രഖ്യാപനങ്ങള്‍ കേട്ട്‌ ജനം എന്തിനെന്നില്ലാതെ കൈയടിച്ചു. പിന്നെ കുറച്ചുനാള്‍ ജെ.സി.ബി കൈകള്‍കൊണ്‌ട്‌ കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്ന കാഴ്‌ച കണ്‌ട്‌ കേരളം കോരിത്തരിച്ചു. മുഖ്യമന്ത്രി എന്ന നിലയില്‍ വി.എസിന്റെ ധീരതയെ എല്ലാവരും വാഴ്‌ത്തിപാടി. വി.എസിന്റെ ജനപ്രീതിയുടെ ഗ്രാഫ്‌ കുത്തനെ ഉയര്‍ന്നു.

എന്നാല്‍ ജെ.സി.ബി കൈകള്‍ സി.പി.ഐയുടെ പാര്‍ട്ടി ഓഫീസിനുനേര്‍ക്കും നീണ്‌ടതോടെ മൂന്നാറിലെ ജെ.സി.ബി മുരള്‍ച്ചയും നിന്നു. കാടിറങ്ങിയ പൂച്ചകളാകട്ടെ കേസും കൂട്ടവുമായി കോടതികള്‍ കയറിയിറങ്ങി വട്ടം തിരിഞ്ഞു. ടാറ്റ കൈയേറിയെന്ന്‌ പറയപ്പെടുന്ന ഭൂമിയില്‍ നിന്ന്‌ ഒരു പുല്ല്‌ പോലും പറിച്ചെടുക്കാനായില്ലെന്ന സത്യം മാത്രം ബാക്കിയായി. മൂന്നാറില്‍ ടാറ്റ കമ്പനി അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയെക്കെുറിച്ചു കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി കേരളം ഭരിച്ച എല്ലാ സര്‍ക്കാരുകള്‍ക്കും വിവരമുണ്ട്‌. പതിനായിരക്കണക്കിനു തൊഴിലാളികള്‍ക്ക്‌ ജീവിത സൗകര്യമൊരുക്കുന്ന ടാറ്റ തൊഴിലാളികളെ മുന്‍നിര്‍ത്തിയാണ്‌ ഈ ആരോപണത്തെ പ്രതിരോധിച്ചത്‌. ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ മിക്ക തൊഴിലാളി സംഘടനകളും ടാറ്റയുടെ കുരുക്കില്‍ കുടുങ്ങിയിട്ടുണ്‌ട്‌.

അതു മനസിലാക്കാതെ, ജെസിബിയും കരിമ്പൂച്ചകളുമായി മൂന്നാര്‍ ദൗത്യം ഏറ്റെടുത്തതാണു വി.എസിന്‌ പറ്റിയ അമളി. മൂന്നാറില്‍ മുന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഇടിച്ചു നിരത്തുകയും ചെയ്‌ത ഭൂമിക്കും റിസോര്‍ട്ടുകള്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ട അവസ്ഥയിലാണിന്നു സംസ്ഥാനം ഇപ്പോള്‍. കഴിഞ്ഞ സര്‍ക്കാര്‍ മൂന്നാറില്‍ നടത്തിയ നടപടികളെല്ലാം സംസ്ഥാന സര്‍ക്കാരിനു വലിയ ബാധ്യതകളാണു വരുത്തിയത്‌. സ്വന്തം പാര്‍ട്ടിക്കാരുടെ പോലും പിന്തുണയില്ലാതെ മൂന്നാര്‍ ദൗത്യത്തില്‍ വി.എസിന്‌ നാണം കെട്ടു പിന്മാറേണ്‌ടി വരികയും ചെയ്‌തു. ഒടുവില്‍ ദൗത്യത്തിന്‌ നേതൃത്വം നല്‍കിയ സുരേഷ്‌ കുമാര്‍ എന്ന വിശ്വസ്‌ത പൂച്ചയെ വി.എസ്‌. തള്ളിപ്പറയുന്നതും നമ്മള്‍ കാണേണ്‌ടി വന്നു.

ഇതിനെല്ലാം പുറമെ മൂന്നാറിലെ റവന്യൂ ഭൂമി കൈയേറ്റക്കാര്‍ക്ക്‌ പതിച്ചുനല്‍കാനും സിപിഎമ്മിലെ ഒരു വിഭാഗം ശ്രമിച്ചിരുന്നു. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പിന്തുണയ്‌ക്കുമെന്നും കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ വരുന്നവരുടെ കൈയാണോ കാലാണോ വെട്ടേണ്‌ടതെന്ന്‌ അപ്പോള്‍ തീരുമാനിക്കുമെന്നുമുള്ള സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ പ്രസ്‌താവനകൂടി ഇതിനോട്‌ കൂട്ടിവായിക്കണം. ഈ ഒരു പശ്ചാത്തലം മനസ്സില്‍ വെച്ചുകൊണ്‌ടാവണം മൂന്നാറിലെ കൈയേറ്റം തിരിച്ചുപിടിക്കാനുള്ള നടപടികളുമായി ഉമ്മന്‍ ചാണ്‌ടി സര്‍ക്കാര്‍ മുന്നോട്ടുപോകാന്‍.

ആദ്യഘട്ടത്തില്‍ ചിന്നക്കനാല്‍ മേഖലയിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. വി.എസ്‌ സര്‍ക്കാര്‍ നിയമിച്ച മൂന്നാര്‍ െ്രെടബ്യൂണല്‍ അടക്കമുള്ള സംവിധാനങ്ങളെ നോക്കുകുത്തിയാക്കിയാണ്‌ ചിന്നക്കനാല്‍ മേഖലയില്‍ പുതുതായി വ്യാപക കൈയേറ്റങ്ങള്‍ അരങ്ങേറിയിരിക്കുന്നത്‌. മലയാളത്തിലെ ഒരു പ്രമുഖ സിനിമാ നടന്റേതടക്കം 3,250 ഏക്കര്‍ സ്ഥലമാണ്‌ ഇവിടെ കൈയേറിയിരിക്കുന്നത്‌. ഇതില്‍ 3000 ഏക്കര്‍ കൈയേറിയിരിക്കുന്നത്‌ ഭരണതലത്തില്‍വരെ സ്വാധീനമുള്ള ഒരു വിദേശ മലയാളിയാണെന്നത്‌ ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്‌.

ഇതിന്‌ സമീപം പതിനഞ്ചോളം കോണ്‍ഗ്രസ്‌ നേതാക്കളും ഭൂമി കൈയേറിയിട്ടുണ്‌ടെങ്കിലും ആദ്യഘട്ടത്തില്‍ അവ കാണാതെ സിപിഎം പ്രവര്‍ത്തകന്‍ കൈയേറിയ ഭൂമി കാണാന്‍ തിരുവഞ്ചൂര്‍ അമിത താല്‍പര്യം പ്രകടിപ്പിച്ചത്‌ മൂന്നാര്‍ കുടിയൊഴിപ്പക്കലിനുള്ള സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ച്‌ ജനങ്ങളില്‍ സംശയം ഉണര്‍ത്തുന്നുമുണ്‌ട്‌.

എന്തായാലും ചിന്നക്കനാലിലെലെയും പാര്‍വതി മലയിലെയും ലക്ഷ്‌മിയിലെയും പുതിയ കൈയേറ്റങ്ങളൊഴിപ്പിക്കാന്‍ മൂന്നാര്‍ മല കയറിയ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, വി.എസിനെപ്പോലെ വില കുറഞ്ഞ പബ്ലിസിറ്റിയല്ല ലക്ഷ്യം വയ്‌ക്കുന്നതെന്നു തല്‍ക്കാലം നമുക്കെല്ലാം വിശ്വസിക്കാം. വന്‍കിടക്കാരുടെ പേരു പറഞ്ഞ്‌ തൊഴിലാളികളുടെയും ചെറുകിടക്കാരുടെയും നെഞ്ചിനു നേര്‍ക്കു ജെസിബി ഉരുട്ടിക്കയറ്റില്ലന്ന്‌ ആശിക്കുകയുമാവാം. ഒപ്പം എല്ലാ പഴുതുകളും അടച്ചുള്ള ദൗത്യത്തിലൂടെ സര്‍ക്കാരില്‍ നിക്ഷിപ്‌തമായ ഭൂമി ഏറ്റെടുത്ത്‌ തിരുവഞ്ചൂരിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിന്റെ ഊട്ടിയെ തിരിച്ചുപിടിക്കുമെന്ന്‌ പ്രതീക്ഷിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക