Image

കുരുതിയരുതേ (കവിത: മഞ്ജുള ശിവദാസ്, റിയാദ്)

Published on 22 February, 2018
കുരുതിയരുതേ (കവിത: മഞ്ജുള ശിവദാസ്, റിയാദ്)
നിണമൊഴുക്കി പകപെരുപ്പിച്ചവര്‍
നേട്ടമെണ്ണുന്നു കുരുതിക്കളത്തിലും,
പുലരിയിരുളിലാഴ്ത്തിക്കൊണ്ടു പിന്നെയും
തെരുവുനരശ്വാനരിരകളെ തേടുന്നു.

പല കുടുംബത്തിനത്താണി പിഴുതെ
റിഞ്ഞാശ്രിതര്‍ക്കന്ധകാരം വിധിക്കുന്ന,
രുധിരതാണ്ഡവം തുടരുവാനാഹ്വാന
മേകിടും നേതൃപുംഗവര്‍ക്കറിയുമോ?

പുത്രനഷ്ടം വരുത്തുന്ന വ്യഥയി
ലുരുകിയസ്തമിച്ചീടുന്ന ജനനിയെ!
പതിവിയോഗഫലമാകുന്ന ശൂന്യത
യിലേകരാകുന്ന പെണ്‍ജീവിതങ്ങളെ!..

പുതിയ പുലരിപ്രതീക്ഷകളാകേണ്ട
ഇളമുറക്കാര്‍ക്കനാഥത്വമേകിയിട്ടിനി
യുമീ പോര്‍വിളിക്കായ് മുതിര്‍ന്നിടും
കെട്ടകാല കെടുതിസന്താനങ്ങള്‍.

ധരണിയില്‍ നരജാതരായ് പോയെന്ന
വിധിയിലിത്രമേല്‍ കഷ്ടം സഹിക്കുന്ന,
ഇഴഞ്ഞു ശിഷ്ടകാലം കഴിക്കേണ്ടവര്‍,
ഇരുളില്‍ തപ്പുന്ന ജീവിതബാക്കികള്‍.

രക്തസാക്ഷിയെന്നൂറ്റം പറഞ്ഞിടാന്‍
ഉറ്റവര്‍ക്കെങ്ങിനാവുമെന്‍ കൂട്ടരേ?
ഇനിയുമെത്രപേര്‍ വെട്ടേറ്റൊടുങ്ങണം
നിദ്ര ഭാവിക്കും നീതിയൊന്നുണരുവാന്‍!!
Join WhatsApp News
സഖാവ് 2018-02-22 22:15:47
തികച്ചും ആനുകാലിക പ്രസക്തി ഉള്ള കവിത.. ഇനിയും ഇതുപോലെ കൂടുതൽ നല്ല കവിതകൾ എഴുതുവാൻ ആശംസകൾ.. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക