Image

കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

Published on 22 February, 2018
കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: എറണാകുളം- അങ്കമാലി രൂപതയുടെ വിവാദ ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. ഭൂമി ഇടപാടിന് ട്രസ്റ്റ് രൂപീകരിച്ചത് രാജ്യത്തെ കബളിപ്പിക്കാനുള്ള ഉദ്ദേശത്തോടെയാണോയെന്ന് കോടതി ചോദിച്ചു.

കഴിഞ്ഞ തവണ കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ സഭയുടേത് പൊതുസ്വത്തല്ല അത് സ്വകാര്യ സ്വത്താണാണ്, ഇടപാടില്‍ നഷ്ടമുണ്ടായാല്‍ മൂന്നാമതൊരു കക്ഷിക്ക് ഇടപെടാന്‍ അധികാരമില്ല എന്ന നിലപാടാണ് മാര്‍ ആലഞ്ചേരിയുടെ അഭിഭാഷകന്‍ കോടതിയില്‍ നിലപാടെടുത്തിരുന്നത്. ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ആദായ നികുതി രേഖകള്‍ കോടതിയിലെത്തി.

ഈ പശ്ചാത്തലത്തിലാണ് എന്തിനാണ് പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രകാരം രജിസ്ട്രേഷന്‍ നേടിയതെന്ന് കോടതി ആരാഞ്ഞത്. നികുതി ഇളവിന് വേണ്ടിയാണ് ഇത്തരമൊരു രജിസ്ട്രേഷന്‍ എടുത്തതെന്നാണ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ അഭിഭാഷകന്‍ മറുപടി നല്‍കി. ഇതോടെയാണ് രാജ്യത്തെ കബളിപ്പിക്കാനാണോ ഇത്തരമൊരു രജിസ്ട്രേഷന്‍ എടുത്തതെന്ന് കോടതിയുടെ ഭാഗത്തുനിന്ന് ചോദ്യമുണ്ടായത്.

നികുതി ഇളവ് ലഭിക്കുന്നതിനായി ഭൂമി ഇടപാടിന് വേണ്ടി മാത്രമായി ട്രസ്റ്റ് രൂപീകരിച്ചത് രാജ്യത്തെ കബളിപ്പിച്ചതിന് തുല്യമാണെന്ന രീതിയിലേക്ക് മാറും. ഈ സാഹചര്യത്തിലാണ് സുപ്രധാനമായ ചോദ്യം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ അഭിഭാഷകന്റെ വാദമാണ് കോടതിയില്‍ നടക്കുന്നത്. ഭൂമി ഇടപാട് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെതിരെയാണ് കോടതിയില്‍ ഹര്‍ജിയെത്തിയത്.

ഇതേ സമയം ആര്‍ച്ച് ഡയോഷ്യന്‍ മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പെരന്‍സി (എ എം ടി) എന്ന സംഘടനയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ ബിഷപ്പ് ഹൗസിനു മുന്നില്‍ പ്രതിഷേധവുമായെത്തി.

ആലഞ്ചേരി സ്ഥാനം ഒഴിയണമെന്ന ആവശ്യമാണ് ഇവര്‍ ഉയര്‍ത്തിയത്. ഭൂമി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലിരിക്കുന്ന ഹര്‍ജികളില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം. വായ മൂടിക്കെട്ടി, ആവശ്യങ്ങള്‍ എഴുതിയ പ്ലക്കാഡുകളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. (Mathrubhumi)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക